

ഇറാൻ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വീഴ്ത്തി. പകരം അമേരിക്ക ഇറാനിൽ വ്യോമ-മിസൈൽ ആക്രമണങ്ങൾ നടത്തി. തിരികെ ഇറാനും മിസൈലുകൾ അയച്ചു. പ്രത്യാക്രമണങ്ങൾ ഇവിടം കൊണ്ടു നിൽക്കുമോ വ്യാപിക്കുമോ എന്നു വ്യക്തമല്ല. പക്ഷേ വിപണികളിൽ പരിഭ്രാന്തി ഇല്ല. ആദ്യത്തെ പ്രതികരണത്തിനു ശേഷം കരുതലോടെയാണു വിപണികൾ നീങ്ങുന്നത്. ക്രൂഡ് ഓയിൽ 93 ഡോളർ വരെ ഉയർന്ന ശേഷം താഴ്ന്നു. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ആദ്യം 0.30 ശതമാനം താഴ്ന്നതിൽ നിന്നു പിന്നീടു കയറി. ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,175.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,310 ലേക്കു കയറി. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണി ചൊവ്വാഴ്ച വലിയ കയറ്റിറക്കങ്ങൾ നടത്തിയിട്ട് ഭിന്നദിശകളിൽ ക്ലോസ് ചെയ്തു. ചിപ് ഓഹരികളുടെ തിരിച്ചു കയറ്റം വിജയകരമായില്ല. തിങ്കളാഴ്ച കുതിച്ചുയർന്ന ടെക് ഓഹരികൾ പലതും ചെറിയ താഴ്ചയിലായി. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതു ഡൗ സൂചികയെ നേട്ടത്തിൽ അവസാനിപ്പിച്ചു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 86.10 പോയിൻ്റ് (0.17%) ഉയർന്ന് 50,872.11 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 19.08 പോയിൻ്റ് (0.26%) താഴ്ന്ന് 7386.65 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 250.84 പോയിൻ്റ് (0.97%) ഇടിഞ്ഞ് 25,678.82 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ന്നു. ഡൗ ജോൺസ് 38 പോയിൻ്റും (0.07%) എസ് ആൻഡ് പി 12 പോയിൻ്റും (0.16%) നാസ്ഡാക് 65 പോയിൻ്റും (0.22%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 1.22 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.04 ശതമാനം കയറി 23.30 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണിസമയത്തു 2.30 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.14 ശതമാനം താഴ്ന്ന് 26.25 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.33 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.49 ശതമാനം ഉയർന്ന് 12.30 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 0.92 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.45 ശതമാനം ഉയർന്നു 2.1698 ഡോളറിൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ചയും താഴ്ന്നു. എന്നാൽ ഫ്രഞ്ച് സൂചികകൾ നാമമാത്രമായി ഉയർന്നു ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി 2.5 ശതമാനം ഇടിഞ്ഞു. ചിപ് കമ്പനികൾ നഷ്ടത്തിലായി. സാംസംഗ് 4.5 ഉം എസ്കെ ഹൈനിക്സ് നാലും ശതമാനം ഇടിഞ്ഞു. ഹോങ് കോങ് താഴ്‌ന്നും ഷാങ്ഹായ് ഉയർന്നും വ്യാപാരം തുടങ്ങി. ചൈനയിൽ മേയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായെങ്കിലും മൊത്ത വിലക്കയറ്റം നാലു വർഷത്തിനിടയിലെ ഉയർന്ന നിലയിലായി.
ഏഷ്യൻ വിപണികളിലെ നെഗറ്റീവ് മനോഭാവത്തിൽ നിന്നു വിട്ടുമാറി ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിലായി. ഇടയ്ക്കു നഷ്ടത്തിലേക്ക് മാറിയെങ്കിലും ദിവസത്തിലെ ഉയർന്ന നിലവാരത്തിൽ സൂചികകൾ ക്ലോസ് ചെയ്തു. മുഖ്യ സൂചികകൾ അര ശതമാനം ഉയർന്ന സ്ഥാനത്ത് വിശാലവിപണി വലിയ കുതിപ്പ് നടത്തി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനം കയറി.
ബാങ്ക്, ധനകാര്യ, റിയൽറ്റി, ഓട്ടോ കമ്പനികൾ വലിയ മുന്നേറ്റം നടത്തി. ടൂറിസ, പ്രതിരോധ, കാപ്പിറ്റൽ മാർക്കറ്റ് മേഖലകൾ കുതിച്ചു. ഐടിയും മീഡിയയും താഴ്ന്നു.
ചൊവ്വാഴ്ച സെൻസെക്‌സ് 394.50 പോയിൻ്റ് (0.54%) കയറി 73,918.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 119.10 പോയിൻ്റ് (0.52%) ഉയർന്ന് 23,242.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1130.75 പോയിൻ്റ് (2.09%) കുതിപ്പോടെ 55,194.50 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 809.80 പോയിൻ്റ് (1.35%) ഉയർന്ന് 60,715.45 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 300.15 പോയിൻ്റ് (1.69%) കയറി 18,063.60 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ 60 ശതമാനത്തിലധികം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2725 ഓഹരികൾ കയറി, 1489 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2373 എണ്ണം ഉയർന്നപ്പോൾ 889 എണ്ണം താഴ്ന്നു.
വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങിയ രാജേഷ് എക്സ്പോർട്സ് നാലാം ദിവസവും അഞ്ചു ശതമാനം താഴ്ന്നു ലോവർ സർകീട്ടിൽ എത്തി. കമ്പനിയിൽ 10 ശതമാനത്തിലധികം ഓഹരിയുള്ള എൽഐസിക്ക് നാലു ദിവസം കൊണ്ടു 80 കോടിയിലധികം രൂപ നഷ്‌ടമായി. ഏതാനും വർഷം മുമ്പ് 2000 കോടി രൂപ വിലയുണ്ടായിരുന്ന നിക്ഷേപത്തിന് ഇപ്പോൾ 300 കോടിയിൽ താഴെയാണു മൂല്യം.
രൂപയെ പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ വാണിജ്യ ബാങ്കുകൾക്കു നേട്ടമാകും. നടപടികളുടെ തുടർ ഉത്തരവുകൾ ഇന്നലെ ഇറങ്ങി. ഇവ വഴി പ്രവാസികളുടെ വിദേശ കറൻസി നിക്ഷേപം കൂടുതൽ ആകർഷകമായി. അവരുടെ നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകാൻ ബാങ്കുകൾക്ക് കഴിയും. കൂടുതൽ വിദേശകറൻസി ബോണ്ടുകൾ ഇറക്കാം. ഇന്ത്യൻ ബാങ്കുകളിലേക്ക് 5000 -6000 കോടി ഡോളർ മൂന്നു മാസം കൊണ്ട് എത്തുമെന്നാണു പ്രതീക്ഷ. അതാണ് ഇന്നലെ ബാങ്ക് ഓഹരികൾ കുതിക്കാൻ കാരണം.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 315.90 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് 3.64 ശതമാനം നേട്ടത്തോടെ 315.70 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 4.57 ശതമാനം ഉയർന്ന് 45.79 രൂപയിലും ധനലക്ഷ്മി ബാങ്ക് 4.93 ശതമാനം കയറി 33 രൂപയിലും അവസാനിച്ചു.
പുതുതലമുറ പ്രതിരോധ കമ്പനികൾ വലിയ കുതിപ്പ് നടത്തി. ഏറോ സ്പേസ്, ഇലക്ടോണിക്സ്, ഡ്രോൺ മേഖലകളിലായിരുന്നു മുന്നേറ്റം. ഡാറ്റാ പാറ്റേൺസ് 10.82 ഉം പരസ് ടെക്നോളജീസ് 7.7 ഉം എം ടാർ 6.8 ഉം ശതമാനം കയറി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ചയും വലിയ വിൽപന തുടർന്നു. അവർ ക്യാഷ് വിപണിയിൽ 4566.03 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6159.48 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. 2026 ൽ വിദേശികളുടെ ഓഹരിവിൽപന ഇതുവരെ 2.76 ലക്ഷം കോടി രൂപ കവിഞ്ഞു.
2026 ലെ നേട്ടം മുഴുവൻ നഷ്ടപ്പെടുത്തി സ്വർണം ഇന്നു രാവിലെ ഔൺസിന് 4200 ഡോളറിനു താഴെ എത്തി. ഇറാനിൽ യുഎസ് ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇന്നത്തെ വീഴ്ച. ഇന്നലെ ഔൺസിന് 70.70 ഡോളർ നഷ്‌ടപ്പെടുത്തി 4260.60 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഒന്നര ശതമാനം ഇടിഞ്ഞ് 4183.00 വരെ താഴ്ന്ന ശേഷം 4195 ഡോളറിലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 1080 രൂപ കൂടി 1,12,320 രൂപ ആയി. ഇന്നു വില ഗണ്യമായി കുറയും.
വെള്ളിവില താഴ്ന്ന് ഔൺസിന് 64.75 ഡോളർ ആയി.
പ്ലാറ്റിനം 1684 ഡോളർ, പല്ലാഡിയം 1184 ഡോളർ, റോഡിയം 7550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു
യുദ്ധവും ക്രൂഡ് ഓയിൽ വിലയും യുഎസ് പലിശ തീരുമാനവും ആകും വരും ദിവസങ്ങളിൽ സ്വർണവിലയെ നിയന്ത്രിക്കുക. സ്വർണം മൂന്നു മാസത്തിനകം ഔൺസിനു 4000 ഡോളറിൽ എത്താൻ സാധ്യത ഉണ്ടെന്ന് സിറ്റിഗ്രൂപ്പ് വിലയിരുത്തി നേരത്തേ 4300 ഡോളറായിരുന്നു ലക്ഷ്യം. 2027 ആദ്യ പകുതിയിൽ വില 4500 ഡോളറിലേക്കു കയറും എന്നും അവർ കണക്കാക്കുന്നു. സ്വർണം 200 ദിവസ മൂവിംഗ് ശരാശരിക്കു താഴെ പോയെന്നും വില 4000 ഡോളർ വരെ താഴ്ന്നിട്ടേ തിച്ചെ കയറൂ എന്നും സാങ്കേതിക വിശകലന വിദഗ്ധർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.40 ശതമാനം കയറി ടണ്ണിനു 13,715.85 ഡോളർ ആയി. ചൈനീസ് കയറ്റുമതി കഴിഞ്ഞ മാസം 19 ശതമാനം വർധിച്ചു. അലൂമിനിയം 1.53 ശതമാനം ഇടിഞ്ഞ് 3542.65 ൽ ക്ലോസ് ചെയ്തു. അലൂമിനിയം ടണ്ണിനു 2800-3000 ഡോളറിലേക്കു താഴും എന്നാണു വിപണിയുടെ വിലയിരുത്തൽ. സിങ്കും ടിന്നും ഉയർന്നു. നിക്കലും ലെഡും താഴ്ന്നു.
പശ്ചിമേഷ്യൻ സംഘർഷവും എൽ നിനോയും റബർ വിലയെ പല വഴിക്കു നയിക്കുന്നു. റബർ വില രാജ്യാന്തര വിപണിയിൽ താഴ്ന്നു.
ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് ക്വിൻ്റലിന് 307.10 ഡോളറിലും ആർഎസ്എസ് ഒന്ന് 310.55 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 26,800 രൂപ എന്ന റെക്കോർഡിലേക്കു കയറി. കൃത്രിമ റബർ വില രണ്ടു ശതമാനം താഴ്ന്നു.
യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച 100 നു താഴോട്ടു നീങ്ങി 99.91 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.98 ലാണ്.
യൂറോ 1.154 ഡോളറിലേക്കും പൗണ്ട് 1.3377 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.33 യെൻ എന്ന നിലയിലാണ്. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാൻ എന്ന നിരക്കിലേക്കു കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.534 ശതമാനമായി താഴ്ന്നു.
ഡോളർ ലഭ്യത കൂട്ടുന്ന പണനയം പ്രഖ്യാപിച്ചെങ്കിലും ചൊവ്വാഴ്ച രൂപ സമ്മർദത്തിലാണു വ്യാപാരം തുടങ്ങിയത്. റിസർവ് ബാങ്കും കയറ്റുമതിക്കാരും വിപണിയിൽ ഡോളർ ഇറക്കി. ഡോളർ 36 പൈസ കുറഞ്ഞ് 95.35 രൂപയിൽ അവസാനിച്ചു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.40 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 14.08 രൂപയായി. യൂറോ 110.06 രൂപയിലേക്കു താഴ്ന്നു.
തിങ്കളാഴ്ച കുതിച്ചുകയറിയ ക്രൂഡ് ഓയിൽ ഇന്നലെ കൂടുതൽ താഴ്ന്നു ക്ലോസ് ചെയ്തു. ബ്രെൻ്റ് ഇനം 91.45 ഡോളറിൽ അവസാനിച്ചു. എന്നാൽ ഇന്നു രാവിലെ യുഎസ് ആക്രമണത്തെ തുടർന്നു 93 ഡോളറിനടുത്ത് എത്തിയ ശേഷം താഴ്ന്ന് 91.73 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 88.43 ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലായി. ബിറ്റ് കോയിൻ 61,750 ഡോളറിനു താഴെ എത്തി. ഈഥർ 1640 ഡോളറിനും സൊലാന 65 ഡോളറിനും താഴെയാണ്.
(2026 ജൂൺ 09, ചൊവ്വ)
സെൻസെക്സ് 73,918.76 +0.54%
നിഫ്റ്റി50 23,242.10 +0.52%
ബാങ്ക് നിഫ്റ്റി 55,194.50 +2.09%
മിഡ്ക്യാപ്100 60,715.45 +1.35%
സ്മോൾക്യാപ്100 18,063.60 +1.69%
ഡൗജോൺസ് 50,872.11 +0.17%
എസ്ആൻഡ്പി 7386.65 -0.26%
നാസ്ഡാക് 25,678.82 -0.97%
ഡോളർ ₹95.35 -₹0.36
സ്വർണം(ഔൺസ്)$4260.70 -$70.70
സ്വർണം(പവൻ) ₹1,12,320 +₹1080
ക്രൂഡ്ഓയിൽബ്രെൻ്റ്$91.45 -$2.80
Read DhanamOnline in English
Subscribe to Dhanam Magazine