

ആഗോള വാണിജ്യത്തിനും സാമ്പത്തിക വളർച്ചയ്ക്കും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുവയുദ്ധം വരുത്തിയ ആഘാതം ഭാഗിക പിന്മാറ്റം കൊണ്ട് കുറയുന്നില്ല. വിപണികൾ അതാണു പറയുന്നത്. യുഎസ് ഓഹരികൾ ബുധനാഴ്ച വലിയ തിരിച്ചു കയറ്റം നടത്തിയെങ്കിലും ഇന്നലെ ഇടിഞ്ഞു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും നഷ്ടത്തിലാണ്. ഇന്നലെ കുതിച്ചു കയറിയ ഏഷ്യൻ വിപണികൾ ഇന്നു വലിയ ഇടിവിലാണു വ്യാപാരം നടത്തുന്നത്. എന്നാൽ ഇന്ത്യൻ വിപണി ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങാം എന്ന പ്രതീക്ഷയിലാണ്.
ചൈനയുമായുള്ള വ്യാപാരയുദ്ധം ട്രംപ് ഇന്നലെ രൂക്ഷമാക്കി. ചൈനീസ് സാധനങ്ങൾക്കു 125 ഉം ചെറിയ പാഴ്സലുകൾക്കു 120 ഉം ശതമാനമാക്കി ചുങ്കം വർധിപ്പിച്ചു.
ഈ സാഹചര്യത്തിൽ വിപണികൾ കൂടുതൽ ആശങ്കയിലാണ്. വ്യക്തമായ പ്ലാൻ ഇല്ലാതെ നടത്തുന്ന തീരുവയുദ്ധം ഇനി ഏതു വഴി തിരിയും എന്ന് ആർക്കും അറിയില്ല. ട്രംപ് എന്തും ചെയ്യാം എന്ന ഭീതി വിപണിയിൽ തുടരുന്നു. അതാണ് ഇന്നും താഴ്ചയിലേക്കു നയിക്കുന്നത്.
നിക്ഷേപകർ അമേരിക്കൻ ആസ്തികളും അമേരിക്കൻ കടപ്പത്രങ്ങളും ഉപേക്ഷിച്ചു സ്വർണത്തിലേക്കു മാറുകയാണ്. സ്വർണവില രണ്ടു ദിവസം കൊണ്ട് ഏഴു ശതമാനം കുതിച്ചു കയറിയതും ഡോളർ സൂചിക മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 100 നു താഴെ ആയതും അതു കൊണ്ടാണ്. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.5 ശതമാനത്തിലേക്ക് അടുത്തു. സ്വർണം ഔൺസിന് 3200 ഡോളറിനു മുകളിൽ കയറി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,390 ൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച രാത്രി 23,033 ആയി. ഇന്നു രാവിലെ 22,862 വരെ താഴ്ന്നിട്ട് 22,950 നു മുകളിൽ കയറി. നിഫ്റ്റി ഇന്ന് 450 ലേറെ പോയിൻ്റ് നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 1.13 ഉം എസ് ആൻഡ് പി 1.26 ഉം നാസ്ഡാക് 1.51 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യൂറോപ്യൻ വിപണികൾ ബുധനാഴ്ച താഴ്ന്നെങ്കിലും വ്യാഴാഴ്ച അഞ്ചു ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. യുഎസ് വിപണി ബുധനാഴ്ച താഴ്ന്നു തുടങ്ങിയ ശേഷം വമ്പൻ തിരിച്ചു കയറ്റത്തോടെ അവസാനിച്ചു. ടെക്നോളജി ഓഹരികൾ നിറഞ്ഞ നാസ്ഡാക് സൂചികയാണു കൂടുതൽ ഉയർന്നത്. ടെസ്‌ല 20 ഉം എൻവിഡിയ 18 ഉം ആപ്പിൾ 12 ഉം ശതമാനം ഉയർന്നു.
എസ് ആൻഡ് പി 500 സൂചിക രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള മൂന്നാമത്തെ വലിയ കുതിപ്പ് (9.52%) നടത്തി. 2008 ഒക്ടോബർ 13 ലെ 11.58 ഉം ആ ഒക്ടോബർ 28 ലെ 10.79 ഉം ശതമാനം കയറ്റങ്ങളാണ് മുന്നിൽ. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും വലുതും രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ആറാമത്തെ വലുതുമായ നേട്ടം (7.87%) കാഴ്ചവച്ചു. 2020 മാർച്ച് 24 ലെ 11.37 ശതമാനം കയറ്റമാണ് ഏറ്റവും വലുത്. 2001 ജനുവരി ഒന്നിലെ 14.17ശതമാനം കുതിപ്പിനു ശേഷമുള്ള ഏറ്റവും വലിയ (12.16%) ഉയർച്ചയാണു നാസ്ഡാക് നടത്തിയത്.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 2962.86 പോയിൻ്റ് (7.87%) ഉയർന്ന് 40,608.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 474.13 പോയിൻ്റ് (9.52%) കുതിച്ച് 5456.90 ൽ അവസാനിച്ചു. നാസ്ഡാക് 1857.06 പോയിൻ്റ് (12.16%) നേട്ടത്തോടെ 17,125.00 ൽ എത്തി.
എന്നാൽ വ്യാഴാഴ്ച വിപണി കുത്തനേ ഇടിഞ്ഞു. തലേന്നത്തെ നേട്ടത്തിൻ്റെ മൂന്നിലൊന്നിലധികം നഷ്ടപ്പെടുത്തി. ടെക്നോളജി ഓഹരികൾ തന്നെയാണു നഷ്ടത്തിനു മുന്നിൽ നിന്നത്. ടെസ്‌ല 7.27ഉം എൻവിഡിയ 5.91 ഉം ശതമാനം ഇടിഞ്ഞു. ചില്ലറവിലക്കയറ്റം മാർച്ചിൽ കുറഞ്ഞു 2.4 ശതമാനം ആയതു പോലും വിപണി പരിഗണിച്ചില്ല.
ഡൗ ജോൺസ് സൂചിക 1014.79 പോയിൻ്റ് (2.50%) താഴ്ന്ന് 39,593.66 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 188.85 പോയിൻ്റ് (3.46%) നഷ്ടത്തോടെ 5268.05 ൽ അവസാനിച്ചു. നാസ്ഡാക് 737.66 പോയിൻ്റ് (4.31%) ഇടിഞ്ഞ് 16,387.31 ൽ എത്തി.
ഏഷ്യൻ വിപണികൾ വ്യാഴാഴ്ച കുതിച്ചു. ജപ്പാനിൽ നിക്കെെ ഒൻപതു ശതമാനം കയറി. എന്നാൽ വെള്ളിയാഴ്ച ഏഷ്യൻ സൂചികകൾ ഇടിഞ്ഞു. ജപ്പാനിൽ നിക്കൈ 5.4 ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ദക്ഷിണ കൊറിയൻ സൂചികയും താഴോട്ടു നീങ്ങി.
അമേരിക്കയുമായി ധാരണ ഉണ്ടാകുമെന്ന ഉറപ്പ് ഇല്ലാതിരുന്നത് ബുധനാഴ്ച ഇന്ത്യൻ വിപണിയെ നഷ്ടത്തിലാക്കി. പ്രതീക്ഷ പോലെ വന്ന റിസർവ് ബാങ്കിൻ്റെ പണനയവും വിപണിയെ സഹായിച്ചില്ല. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി ചാഞ്ചാട്ടത്തിനു ശേഷം നഷ്ടത്തോടെ അവസാനിച്ചു.
ബുധനാഴ്ച നിഫ്റ്റി 136.70 പോയിൻ്റ് (0.61%) താഴ്ന്ന് 22,399.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 379.93 പോയിൻ്റ് (0.57%) കുറഞ്ഞ് 73,847.15 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 270.85 പോയിൻ്റ് (0.54%) താഴ്ന്ന് 50,240.15 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.51 ശതമാനം (255.95 പോയിൻ്റ്) നഷ്ടത്തോടെ 49,582.05 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.86 ശതമാനം താഴ്ന്ന് 15,256.75 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1445 ഓഹരികൾ ഉയർന്നപ്പോൾ 2442 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1083 എണ്ണം. താഴ്ന്നത് 1747 എണ്ണം.
എൻഎസ്ഇയിൽ 19 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 45 എണ്ണമാണ്. 80 ഓഹരികൾ അപ്പർ സര്‍ക്യൂട്ടില്‍ എത്തിയപ്പോൾ 52 എണ്ണം ലോവർ സര്‍ക്യൂട്ടില്‍ എത്തി.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 4358.02 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2976.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബുധനാഴ്ച രാത്രി ഗിഫ്റ്റ് സിറ്റിയിൽ നിഫ്റ്റി ഡെറിവേറ്റീവ് കയറിയത് വ്യാഴാഴ്ച നിഫ്റ്റിയിൽ 900 -ലധികം പോയിൻ്റ് കുതിപ്പ് ഉറപ്പാക്കുന്ന തരത്തിലാണ്. എന്നാൽ വ്യാഴാഴ്ച രാത്രി യുഎസ് വിപണി ഇടിഞ്ഞതോടെ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 400 പോയിൻ്റ് നേട്ടം മാത്രം കാണിക്കുന്ന വിധം താഴ്ന്നു.
ഇന്നലെ ടിസിഎസ് പ്രസിദ്ധീകരിച്ച നാലാം പാദ റിസൽട്ട് ലാഭം 1.6 ശതമാനം കുറഞ്ഞതായി കാണിച്ചു.
കഴിഞ്ഞ ദിവസത്തെ പണനയം സ്വകാര്യ ബാങ്കുകളുടെ പലിശ മാർജിൻ കുറയ്ക്കുമെന്നു വിപണി വിലയിരുത്തുന്നു.
സ്വർണപ്പണയ വായ്പകൾക്ക് സമഗ്ര മാർഗരേഖ ഉണ്ടാക്കും എന്ന റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനം സ്വർണപ്പണയ കമ്പനികളെ താഴ്ത്തി. മുത്തൂറ്റ് ഫിനാൻസ് 6.7 ശതമാനം ഇടിഞ്ഞു.
തീരുവയുദ്ധം മാന്ദ്യത്തിലേക്കു നയിക്കും എന്ന ഭീതിയിൽ സ്വർണ വില ബുധനാഴ്ച കുതിച്ചു കയറി. മൂന്നു ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 3084 ഡോളറിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച വില വീണ്ടും മൂന്നു ശതമാനത്തിലധികം കുതിച്ചു. അവധിവില 3235 ഡോളർ വരെ എത്തി. ന്യൂയോർക്കിൽ സ്പോട്ട് വില 3178.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒരു ശതമാനം കൂടി ഉയർന്ന് 3210 ഡോളറിൽ എത്തി.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനു ഡിമാൻഡ് വർധിച്ചു എന്നാണ് വ്യാപാരികൾ പറയുന്നത്. രണ്ടു ദിവസം കൊണ്ട് ഔൺസിന് 215 ഡോളർ അഥവാ 6.5 ശതമാനം കയറ്റം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ട്രംപിൻ്റെ തീരുവ പ്രഖ്യാപനങ്ങളും പിന്മാറ്റങ്ങളും യുഎസ് സർക്കാരിലും യുഎസ് കടപ്പത്രങ്ങളിലും ഉണ്ടായിരുന്ന സമ്പൂർണ വിശ്വാസത്തിനു കോട്ടം വരുത്തി. അതോടെ കടപ്പത്രങ്ങൾ വിറ്റു സ്വർണത്തിലേക്ക് പല ഹെഡ്ജ്
ഫണ്ടുകളും അതിസമ്പന്നരും മാറ്റം തുടങ്ങി. ചെെനയുടെ പക്കലുള്ള യുഎസ് കടപ്പത്രങ്ങൾ വിൽക്കുമോ എന്ന ആശങ്കയും പ്രബലമാണ്.
കേരളത്തിൽ ബുധനാഴ്ച പവന് 520 രൂപ ഉയർന്ന് 66,320 രൂപ ആയി. വ്യാഴാഴ്ച 2160 രൂപ എന്ന റെക്കോർഡ് ഏകദിന കുതിപ്പ് ഉണ്ടായി. പവൻ വില 68,480 രൂപ എന്ന റെക്കോർഡ് നിലയിൽ വീണ്ടും എത്തി. വില ഇന്നു വീണ്ടും കുതിച്ചുകയറും.
രാജ്യാന്തര വിപണിയിൽ വെള്ളിവില 31.25 ഡോളറിലേക്ക് കയറി.
തീരുവയുദ്ധത്തിൽ ഇടവേള വരുന്നത് ചെമ്പുവിലയെ ബുധനാഴ്ച 8.6 ശതമാനം ഉയർത്തി പൗണ്ടിന് 4.4 ഡോളറിൽ എത്തിച്ചു. വ്യാഴാഴ്ച അൽപം താണ് 4.36 ഡോളർ ആയി. അലൂമിനിയം1.13 ഉം സിങ്ക് 2.5 ഉം നിക്കൽ 2.01 ഉം ശതമാനം ഉയർന്നപ്പോൾ ടിൻ 8.53 ശതമാനം ഇടിഞ്ഞു.
രാജ്യാന്തര അവധിവിപണിയിൽ റബർ വ്യാഴാഴ്ച 4.88 ശതമാനം ഉയർന്നു. ബുധനാഴ്ച 7.89 ശതമാനം കുതിച്ച കൊക്കോ വ്യാഴാഴ്ച 2.9 ശതമാനം താഴ്ന്നു. പാമോയിൽ, സോയാബീൻ വിലകൾ ഒരു ശതമാനത്തിലധികം ഉയർന്നു.
ഡോളർ സൂചിക ബുധനാഴ്ച ചാഞ്ചാടിയ ശേഷം 102.90 ൽ ക്ലോസ് ചെയ്തു. ഇന്നലെ സൂചിക രണ്ടു ശതമാനം ഇടിഞ്ഞ് 100.87 ലേക്ക് എത്തി. ഇന്നു രാവിലെ 99.97 ലേക്ക് ഇടിഞ്ഞിട്ട് അൽപം തിരിച്ചു കയറി. യൂറോ 1.131 ഡോളറിലും പൗണ്ട് 1.30 ഡോളറിലും എത്തി.
യുഎസ് കടപ്പത്രവില ബുധനാഴ്ച കുത്തനേ ഇടിഞ്ഞ് നിക്ഷേപനേട്ടം 4.5 ശതമാനത്തിനു മുകളിൽ എത്തിയിരുന്നു. ചൈനയാണു വിൽപനയ്ക്കു പിന്നിൽ എന്നു പലരും അഭ്യൂഹം പരത്തിയെങ്കിലും ചില ഹെഡ്ജ് ഫണ്ടുകൾ ആണു വിൽപനക്കാർ എന്നു പിന്നീടു മനസിലായി. പിന്നീടു വിപണി ശാന്തമായി. നിക്ഷേപ നേട്ടം 4.28 ശതമാനമായി കുറഞ്ഞു. പക്ഷേ വ്യാഴാഴ്ച വീണ്ടും കടപ്പത്ര വിലകൾ ഇടിഞ്ഞു, അവയിലെ നിക്ഷേപനേട്ടം 4.482 ശതമാനം വരെ കയറി.
രൂപ ബുധനാഴ്ചയും താഴോട്ടു പോയി. ഡോളർ 43 പൈസ കയറി 86.69 രൂപയിൽ എത്തി.
ചൈനയുടെ കറൻസി യുവാൻ ഒരു ഡോളറിന് 7.35 എന്ന നിലയിൽ നിന്ന് 7.31 ലേക്കു കയറി.
തീരുവയുദ്ധം രൂക്ഷമാകും എന്ന ഭീതിയിൽ ബുധനാഴ്ച്ച ക്രൂഡ് ഓയിൽ ഇടിഞ്ഞെങ്കിലും ട്രംപ് തീരുമാനം മാറ്റിയതോടെ വ്യാഴാഴ്ച വില തിരിച്ചു കയറി. ബ്രെൻ്റ് ഇനം 60 ഡോളറിനും ഡബ്ള്യുടിഐ ഇനം 56 ഡോളറിനും താഴെ വന്ന ശേഷമാണു കയറിയത്. ബ്രെൻ്റ് ഏഴര ശതമാനം തിരിച്ചു കയറി 65.78 ഡോളറിൽ എത്തി. ഇന്നു രാവിലെ വില താഴ്ന്ന് 62.92 ഡോളറിലേക്ക് എത്തി. ഡബ്ല്യുടിഐ ഇനം 59.60 ഉം യുഎഇയുടെ മർബൻ ക്രൂഡ് 64.72 ഉം ഡോളറിലേക്കു താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും നഷ്ടത്തിലായി. ബിറ്റ്കോയിൻ 79,500 ഡോളറിനു താഴെ വന്നു. ഈഥർ 1520 ഡോളറിലായി.
(2025 ഏപ്രിൽ 09, ബുധൻ)
സെൻസെക്സ്30 73,847.15 -0.57%
നിഫ്റ്റി50 22,399.15 -0.61%
ബാങ്ക് നിഫ്റ്റി 50,240.15 -0.54%
മിഡ് ക്യാപ്100 49,582.05 -0.51%
സ്മോൾക്യാപ്100 15,256.75 -0.86%
ഡൗജോൺസ് 40,608.40 +7.87%
എസ് ആൻഡ് പി 5456.90 +9.52%
നാസ്ഡാക് 17,125.00 +12.16%
ഡോളർ($) ₹86.69 +₹0.43
സ്വർണം(ഔൺസ്) $3084.00 +₹101.30
സ്വർണം(പവൻ) ₹66,320 +₹520
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.48 +$2.66
Read DhanamOnline in English
Subscribe to Dhanam Magazine