

തീരുവ ആക്രമണത്തിൻ്റെ ആഘാതത്തിൽ കഴിഞ്ഞ ആഴ്ചയും താഴ്ന്ന ഇന്ത്യൻ വിപണി ഇന്നു ചെറിയ പ്രതീക്ഷയോടെ പുതിയ ആഴ്ചയ്ക്കു തുടക്കം കുറിക്കാനാണു ശ്രമിക്കുന്നത്. വെള്ളിയാഴ്ച അലാസ്കയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും നടത്തുന്ന ചർച്ചയിൽ യുക്രെയ്ൻ യുദ്ധത്തിനു വിരാമം ഉണ്ടാകും എന്ന പ്രതീക്ഷ പല കേന്ദ്രങ്ങളിലും ഉണ്ട്. അങ്ങനെ വന്നാൽ ഇന്ത്യക്കു റഷ്യൻ എണ്ണയുടെ പേരിലുള്ള പിഴച്ചുങ്കം ഒഴിവായി കിട്ടും എന്നാണു കണക്കുകൂട്ടൽ. അതു വിപണിക്കും ഇന്ത്യൻ കയറ്റുമതിക്കാർക്കും വലിയ ആശ്വാസമാകും.
നാളെ ഇന്ത്യയിലും അമേരിക്കയിലും ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തുവിടും. ഇന്ത്യയിൽ വിലക്കയറ്റം അൽപം കുറഞ്ഞേക്കാം. ജൂണിലെ വിലക്കയറ്റം 2.10 ശതമാനമായിരുന്നു. അമേരിക്കയിൽ വിലക്കയറ്റം 2.8 ശതമാനത്തിലേക്കു വർധിക്കും എന്നാണു നിഗമനം. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം മൂന്നു ശതമാനമായി കൂടും എന്നാണു വിദഗ്ധർ കണക്കാക്കുന്നത്. വിലക്കയറ്റം കൂടുന്നതു സെപ്റ്റംബറിലെ പലിശ കുറയ്ക്കലിനു സാധ്യത കുറയ്ക്കും.
കയറ്റുമതി - ഇറക്കുമതി കണക്കുകളും ഈയാഴ്ച വരും. കയറ്റുമതി നാമമാത്രമായി കുറയാൻ സാധ്യത ഉണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,393.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,472 വരെ കയറിയിട്ട് കുറേ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഫ്ലാറ്റ് ആയി വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഭിന്നദിലുകളിലായി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് - പുടിൻ ചർച്ച വഴി തുറക്കും എന്ന ധാരണയിൽ പ്രതിരോധ ഓഹരികൾ താഴ്ന്നു. റീ ഇൻഷ്വറൻസ് കമ്പനി മ്യൂണിക് റീ വരുമാന പ്രതീക്ഷ താഴ്ത്തിയതോടെ 7.3 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി വെള്ളിയാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ആഴ്ചയിൽ ഡൗ 1.4 ഉം എസ് ആൻഡ് പി 2.4 ഉം നാസ്ഡാക് 3.9ഉം ശതമാനം കയറി. ആപ്പിൾ ഓഹരിക്ക് ആഴ്ചയിലെ നേട്ടം 13 ശതമാനമാണ്.
ഒരു കിലോഗ്രാം, 100 ഔൺസ് സ്വർണക്കട്ടികളുടെ ഇറക്കുമതിക്കു 39 ശതമാനം തീരുവ ചുമത്തും എന്ന പ്രഖ്യാപനം സ്വർണ അവധിവിലയെ ഔൺസിനു 3534.10 ഡോളർ എന്ന റെക്കോർഡിൽ എത്തിച്ചു. നികുതി കാര്യത്തിൽ വിപണി മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. മാറ്റമില്ലെങ്കിൽ സ്വർണവ്യാപാരം വലിയ കോളിളക്കം നേരിടും.
ചെെനയിലേക്ക് എൻവിഡിയയുടെ എച്ച് 20, എഎംഡി യുടെ എംഐ 308 ചിപ്പുകൾ കയറ്റി അയയ്ക്കുന്നതിനു വരുമാനത്തിൻ്റെ 15 ശതമാനം അമേരിക്കയിൽ ചുങ്കമായി നൽകാൻ കമ്പനികൾ സമ്മതിച്ചെന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ കമ്പനികൾ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നതിനു 100 ശതമാനം ചുങ്കം നൽകാതിരിക്കാനാണ് ഇതു സമ്മതിച്ചത്.
ഇൻ്റൽ മേധാവി ലിപ് ബു ടാൻ രാജിവയ്ക്കണമെന്ന് പ്രസിഡൻ്റ് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടത് ഇൻ്റൽ ഓഹരിയെ താഴ്ത്തിയെങ്കിലും പിന്നീട് 0.91 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 206.97 പോയിൻ്റ് (0.47%) ഉയർന്ന് . 44,175.61 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 49.45 പോയിൻ്റ് (0.78%) നേട്ടത്തോടെ 6389.45 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 207.32 പോയിൻ്റ് (0.98%) കുതിച്ച് 21,450.02 ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് വിപണി ഇന്നു നല്ല നേട്ടത്തിലാണ്. ഡൗ 0.25 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തിലാണ്. ഓസ്ട്രേലിയൻ, ദക്ഷിണ കൊറിയൻ വിപണികൾ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ഹോങ് കോങ്, ചെെനീസ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.
തീരുവ ആക്രമണവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ ഒരു ശതമാനം ഇടിവിലേക്കു നയിച്ചു ഇതാേടെ തുടർച്ചയായ ആറാമത്തെ ആഴ്ചയും ഇന്ത്യൻ വിപണിയുടെ മുഖ്യ സൂചികകൾ താഴ്ന്നു. അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും ദീർഘമായ ഇടിവാണിത്. കഴിഞ്ഞ സെപ്റ്റംബറിലെ റെക്കോർഡിൽ നിന്ന് നിഫ്റ്റി 7.3 ശതമാനം താഴെയായി; സെൻസെക്സ് 7.12 ശതമാനവും.
വിദേശനിക്ഷേപകർ ഓഗസ്റ്റിൽ ഇതുവരെ 18,000 കോടിയോളം രൂപ ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചു. നാലാഴ്ച കൊണ്ട് 450 കോടി ഡോളർ (ഏകദേശം 39,000 കോടി രൂപ) അവർ പിൻവലിച്ചിട്ടുണ്ട്. 2025 ൽ മൊത്തം 1.1 ലക്ഷം കോടി രൂപയാണ് അവർ ഇന്ത്യയിൽ നിന്നു മടക്കിക്കൊണ്ടു പോയത്. തീരുവ വിഷയം രൂക്ഷമായ ശേഷം ചെെന അടക്കം എല്ലാ വികസ്വര രാജ്യങ്ങളിലും നിന്നു വിദേശികൾ പിന്മാറുകയാണ്.
എല്ലാ മേഖലകളും വെള്ളിയാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. റിയൽറ്റി, മെറ്റൽ, ഓട്ടോ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ഐടി, ബാങ്ക്, ധനകാര്യ മേഖലകൾ വലിയ നഷ്ടത്തിലായി. റിലയൻസ് 1.67 ശതമാനം ഇടിഞ്ഞു. ഒരു മാസം കൊണ്ട് റിലയൻസ് 8.63 ശതമാനം താഴ്ചയിലായി.
നിഫ്റ്റി 232.85 പോയിൻ്റ് (0.95%) ഇടിഞ്ഞ് 24,363.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 765.47 പോയിൻ്റ് (0.95%) താഴ്ന്ന് 79,857.79 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 516.25 പോയിൻ്റ് (0.93%) നഷ്ടത്തിൽ 55,004.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 936.10 പോയിൻ്റ് (1.64%) ഇടിഞ്ഞ് 56,002.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 264.45 പോയിൻ്റ് (1.49%) താഴ്ചയോടെ 17,428.20 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1503 ഓഹരികൾ ഉയർന്നപ്പോൾ 2548 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 983 എണ്ണം. താഴ്ന്നത് 1966 ഓഹരികൾ.
എൻഎസ്ഇയിൽ 69 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 91 എണ്ണമാണ്. 75 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 61 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1932 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 7723.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിയുടെ മൊമൻ്റം സൂചകങ്ങൾ ബെയറിഷ് സൂചനകൾ തുടർന്നു. 200 ദിന ഇഎംഎ (എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജ്) ആയ 24,200 നു താഴെ നിഫ്റ്റി എത്തിയാൽ 24,000 ആണു പ്രതീക്ഷിക്കാവുന്ന പിന്തുണനില. അതു നഷ്ടമായാൽ 23,750 ലേക്കു താഴാം. ഇന്നു നിഫ്റ്റിക്ക് 24,330 ഉം 24,275 ഉം പിന്തുണയാകും. 24,525 ലും 24,675 ലും തടസം ഉണ്ടാകാം.
സ്വർണം വാരാന്ത്യത്തിൽ അൽപം ഉയർന്നു നിന്നെങ്കിലും ഇന്നു താഴ്ന്നു. വെള്ളിയാഴ്ച ഔൺസിന് 3399.60 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3406 ഡോളർ വരെ ആദ്യം കയറി. പിന്നീട് 3370 വരെ ഇടിഞ്ഞു. സ്വർണക്കട്ടിക്കു യുഎസ് പ്രഖ്യാപിച്ച ചുങ്കം സംബന്ധിച്ചു കിട്ടുന്ന വിശദീകരണം അനുസരിച്ചാകും സ്വർണവിലയുടെ മാറ്റം. അമേരിക്കൻ ഫെഡറൽ റിസർവ് അടുത്ത മാസം പലിശനിരക്ക് കുറയ്ക്കും എന്ന ഊഹം ശക്തമായത് ഡോളർ വിലയെ താഴ്ത്തിയാൽ സ്വർണം ഉയരാം. നാളെ വരുന്ന അമേരിക്കൻ ചില്ലറ വിലക്കയറ്റ കണക്ക് പലിശ തീരുമാനത്തിൽ നിർണായകമാകും.
കേരളത്തിൽ വെള്ളിയാഴ്ച പവൻ വില 560 രൂപ വർധിച്ച് 75,760 രൂപ എന്ന പുതിയ റെക്കോർഡ് വിലയിൽ എത്തി. ശനിയാഴ്ച വില 200 രൂപ കുറഞ്ഞ് 75,560 രൂപയായി.
വെള്ളിവില ഔൺസിന് 38.05 ഡോളറിലാണ്.
പ്രധാന വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചെമ്പ് 0.11 ശതമാനം താഴ്ന്നു ടണ്ണിന് 9626.25 ഡോളറിൽ എത്തി. അലൂമിനിയം 0.42 ശതമാനം കുറഞ്ഞ് 2614.09 ഡോളർ ആയി. നിക്കലും ലെഡും താഴ്ന്നപ്പോൾ സിങ്കും ടിന്നും ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.30 ശതമാനം കയറി 167.70 സെൻ്റിൽ എത്തി. കൊക്കോ 1.37 ശതമാനം താഴ്ന്നു ടണ്ണിന് 8526.00 ഡോളർ ആയി. കാപ്പി 3.88 ശതമാനം ഉയർന്നു. തേയില 1.49 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.31 ശതമാനം കുറഞ്ഞു.
ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്നു 98.18 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.23 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.165 ഡോളറിലേക്കും പൗണ്ട് 1.3442 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.69 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.285 ശതമാനമായി.
ഡോളർ ദുർബലമായതും റിസർവ് ബാങ്കിൻ്റെ സജീവ സാന്നിധ്യവും രൂപയെ വെള്ളിയാഴ്ചയും ഉയർത്തി. ഡോളർ നാലു പെെസ കുറഞ്ഞ് 87.66 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വെള്ളിയാഴ്ച താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 66.39 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് ബ്രെൻ്റ് 66.11 ഡോളറിലും ഡബ്ല്യുടിഐ 63.32 ഡോളറിലും മർബൻ ക്രൂഡ് 68.35 ഡോളറിലും ആയി. പ്രകൃതിവാതക വില 2.5 ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. അമേരിക്കയിലെ 401(കെ) അടക്കം പെൻഷൻ പദ്ധതികൾക്കു ക്രിപ്റ്റോയിലും നിക്ഷേപം അനുവദിച്ച സാഹചര്യത്തിലാണിത്. ബിറ്റ് കോയിൻ 1,19,250 ഡോളറിനു മുകളിലായി. വാരാന്ത്യത്തിൽ പത്തു ശതമാനം കുതിച്ച ഈഥർ 4300 ഡോളറിനു മുകളിൽ എത്തി.
(2025 ഓഗസ്റ്റ് 08, വെള്ളി)
സെൻസെക്സ്30 79,857.79 -0.95%
നിഫ്റ്റി50 24,363. 30 -0.95%
ബാങ്ക് നിഫ്റ്റി 55,004.90 -0.93%
മിഡ് ക്യാപ്100 56,002.20 -1.64%
സ്മോൾക്യാപ്100 17,428.20 -1.49%
ഡൗജോൺസ് 44,175.61 +0.47%
എസ്ആൻഡ്പി 6389.45 +0.78%
നാസ്ഡാക് 21,450.02 +0.98%
ഡോളർ($) ₹87.66 -₹0.04
സ്വർണം(ഔൺസ്) $3399.60 +$02.70
സ്വർണം(പവൻ) ₹75,760 +₹560
ശനി ₹75,560 -₹200
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.59 +$0.16
Read DhanamOnline in English
Subscribe to Dhanam Magazine