വിപണികളിൽ ആവേശം കുറയുന്നു; വ്യാപാര ചർച്ചകളിൽ ധാരണ അകലെ; ചില്ലറവിലക്കയറ്റം കാത്ത് വിപണി; വളർച്ച കുറയുമെന്നു ലോകബാങ്ക്

വെള്ളി ഉയരത്തിൽ തന്നെ; സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; ഡോളര്‍ സൂചിക ഉയര്‍ന്നു
Morning business news
Morning business newsCamva
Published on

വിപണികൾ പ്രതീക്ഷിച്ച ആവേശം തുടരാൻ തക്ക കാര്യങ്ങൾ ഉണ്ടാകുന്നില്ല. വ്യാപാര ചർച്ചകൾ കാര്യമായ ഫലം പുറപ്പെടുവിച്ചില്ല. ഇന്നും നാളെയും വരുന്ന ചില്ലറ വിലക്കയറ്റ കണക്കുകളിലാണ് വിപണിയുടെ ശ്രദ്ധ. വ്യാപാര പ്രശ്നങ്ങൾ യുഎസ് വളർച്ച  ഗണ്യമായി കുറയ്ക്കും എന്നു ലോകബാങ്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 6.3 ശതമാനമായി ബാങ്ക് കുറച്ചു. ഐഎംഎഫ് നേരത്തേ കണക്കാക്കിയതും ഈ വളർച്ച നിരക്കാണ്.

അമേരിക്കയുമായി ഇന്ത്യ നടത്തിവന്ന വ്യാപാര ചർച്ച വ്യക്തമായ ധാരണകളിൽ എത്താതെ അവസാനിച്ചു. ചർച്ച വരും ആഴ്ചകളിൽ തുടരും. വിപണിയുടെ പ്രതീക്ഷയ്ക്കു വിപരീതമാണിത്.

അമേരിക്ക - ചൈന വ്യാപാരചർച്ച  ജനീവയിൽ മുൻപ് ഉണ്ടാക്കിയ ചട്ടക്കൂട് പ്രകാരം മുന്നാേട്ടു നീങ്ങാൻ തീരുമാനിച്ചു. ഇരു പ്രസിഡൻ്റുമാരും ഈ ചട്ടക്കൂട് അംഗീകരിച്ച ശേഷമേ ചർച്ച തുടരൂ എന്നു ലണ്ടനിലെ ചർച്ചയിൽ വ്യക്തമാക്കി. ചൈനയിലേക്ക് അതി നൂതന സാങ്കേതിക വിദ്യയും കംപ്യൂട്ടർ ചിപ്പുകളും നൽകുന്നതിനുള്ള നിയന്ത്രണം നീക്കിയാൽ അപൂർവ ധാതുക്കളുടെ കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കാം എന്ന നിലപാടിൽ ചെെന ഉറച്ചു നിന്നു. ലണ്ടൻ ചർച്ച നിരുപാധിക വിജയമായില്ല എന്നു വ്യക്തമായതോടെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു.

ഇന്ന് അമേരിക്കയിലും നാളെ ഇന്ത്യയിലും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവിടും. യുഎസ് വിലക്കയറ്റം നാമമാത്രമായി വർധിക്കും എന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ വിലക്കയറ്റം മൂന്നു ശതമാനത്തിനടുത്തായിരിക്കും എന്നു നിരീക്ഷകർ പ്രതീക്ഷിക്കുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 25,198.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,166 ലേക്കു താഴ്ന്നു. വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഭിന്ന ദിശകളിലായി. യുഎസ് - ചൈന ചർച്ചയുടെ ഫലം കാത്തുനിൽക്കുകയായിരുന്നു വിപണി. പലിശ കുറയൽ പ്രതീക്ഷയിൽ യുകെ ഓഹരികൾ റെക്കോർഡ് നിലയുടെ തൊട്ടടുത്ത് എത്തി. ചൈന അപൂർവധാതുക്കൾ നൽകാത്തത് യൂറോപ്യൻ പ്രതിരോധ ഓഹരികളെ താഴ്ത്തി.

യുഎസ് വിപണിയും ചൊവ്വാഴ്ച യുഎസ്- ചൈന വ്യാപാരചർച്ചയുടെ ഫലം കാത്തുനിന്നു. ചർച്ചയിൽ പുരോഗതി ഉണ്ടെന്ന പ്രതികരണം പ്രധാന സൂചികകളെ മൂന്നാം ദിവസവും ഉയർത്തി.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ടെസ്‌ല മേധാവി ഇലോൺ മസ്കുമായി തെറ്റിപ്പിരിഞ്ഞ ശേഷം കുത്തനേ ഇടിഞ്ഞ ടെസ്‌ല ഓഹരി ഇന്നലെ 5.67 ശതമാനം ഉയർന്നു. വിപണിമൂല്യം വീണ്ടും ഒരു ലക്ഷം കോടി ഡോളറിനു മുകളിലായി. കമ്പനിയുടെ റോബോ ടാക്സിക്കു സർക്കാർ പിന്തുണ കിട്ടുമെന്ന സൂചനയാണു കാരണം. ട്രംപും മസ്‌കും വഴക്ക് കൂട്ടുന്ന പ്രതികരണങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതും  തൻ്റെ ടെസ്‌ല കാർ ഒഴിവാക്കുന്നില്ല എന്നു ട്രംപ് പറഞ്ഞതും മസ്കിൻ്റെ കമ്പനിയെ സഹായിച്ചു. അതേസമയം ടെസ്‌ല കാറുകളുടെ വിൽപന ചൈനയിലും യൂറോപ്പിലും കുത്തനേ ഇടിയുകയാണ്. നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും  ഓഹരിയുടെ ലക്ഷ്യവില താഴ്ത്തുകയും വിൽക്കാൻ ശിപാർശ നൽകുകയും ചെയ്തു.

ഡൗ ജോൺസ് സൂചിക ഇന്നലെ 105.11 പോയിൻ്റ് (0.25%) ഉയർന്ന് 42,866.87 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 32.93 പോയിൻ്റ് (0.55%) നേട്ടത്തോടെ 6038.81 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 123.75 പോയിൻ്റ് (0.63%) കയറി 19,714.99 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.2 ഉം  എസ് ആൻഡ് പി 0.28 ഉം  നാസ്ഡാക് 0.32 ഉം ശതമാനം താഴ്ചയിലാണ്. 

ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിലെ നേട്ടത്തിൽ നിന്നു പിന്മാറി. എന്നാൽ ചൈനീസ് വിപണി മുന്നേറി.

ഇന്ത്യൻ വിപണി ചാഞ്ചാടി

ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായി. ഉയർന്ന വിലയിൽ വിറ്റു മാറാൻ പലരും ഉത്സാഹിച്ചു. രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷമാണു വിപണി താഴ്ന്നു ചാഞ്ചാട്ടത്തിലേക്കു മാറിയത്.

ഇപ്പോഴത്തെ കുതിപ്പിന് കാര്യമായ ആയുസ് ഉണ്ടോ എന്ന സംശയവും പലർക്കും ഉണ്ട്. റിയൽ എസ്റ്റേറ്റും ബാങ്കുകളും ധനകാര്യ കമ്പനികളും ഇന്നലെ താഴ്ചയിലായി ഐടിയും മീഡിയയും നല്ല മുന്നേറ്റം കാഴ്ചവച്ചു.

ചൊവ്വാഴ്ച നിഫ്റ്റി നാമമാത്രമായ 1.05 പോയിൻ്റ് (0.00%) ഉയർന്ന് 25,104.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 53.49 പോയിൻ്റ് (0.06%) താഴ്ന്ന് 82,391.72 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 210.50 പോയിൻ്റ് (0.37%) താഴ്ന്ന് 56,629.10 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 6.45 പോയിൻ്റ് (0.01 ശതമാനം) കയറി 59,681.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 26.40 പോയിൻ്റ് (0.14 ശതമാനം) ഉയർന്ന് 18,899.80 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായിരുന്നു. ബിഎസ്ഇയിൽ 2177 ഓഹരികൾ ഉയർന്നപ്പോൾ 1876

ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1607 എണ്ണം. താഴ്ന്നത് 1301 ഓഹരികൾ.

എൻഎസ്ഇയിൽ 105 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 14 എണ്ണമാണ്. 116 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 49 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 2301.87 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1113.34 കോടി രൂപയുടെ ഓഹരികളും വാങ്ങി. 

25,100 നു  മുകളിൽ നിലനിന്ന നിഫ്റ്റിക്ക് 25,200-25,300 മേഖലയിൽ ഇനിയും കടുത്ത പ്രതിരോധം നേരിടാം. ഇന്നു  നിഫ്റ്റിക്ക് 25,065 ഉം 25,000 ഉം പിന്തുണയാകും. 25,180 ലും 25,260 ലും തടസം ഉണ്ടാകാം.

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ഇന്നലെ നേട്ടമായിരുന്നു. റിലയൻസ് പവർ 11.25 ശ്രതമാനം കുതിച്ച് 71.89 രൂപയിൽ എത്തി കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് 19-ഉം ഒരു മാസം കൊണ്ട് 68 ഉം ശതമാനം ഉയർന്നതാണ് ഓഹരി. 2020 മാർച്ചിൽ 1.10 രൂപ മാത്രം വില ഉണ്ടായിരുന്ന ഓഹരിയാണ് ഇപ്പോൾ 7000 ശതമാനത്തിലധികം കയറിയത്. കമ്പനിയുടെ കടബാധ്യത കുറച്ചും പുതിയ മൂലധനം ഇറക്കിയും റിലയൻസ് പവറിനെ അനിൽ അംബാനി ലാഭത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. ചില കോടതി വിധികളും കമ്പനിക്കു സഹായമായി. സോളർ പവർ, ബാറ്ററി സ്റ്റോറേജ് ബിസിനസിലേക്കു കമ്പനി കടന്നിട്ടുണ്ട്.

അനിലിൻ്റെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുകൂലമായ ഒരു ആർബിട്രൽ തീരുമാനം വന്നത് ഓഹരിയെ നാലു ശതമാനം ഉയർത്തി.

അപൂർവധാതുകളുടെ ദൗർലഭ്യം മൂലം മാരുതി ഇ വിടാരയുടെ സെപ്റ്റംബർ വരെയുള്ള ഉൽപാദനം നിർത്തിവച്ചു. മറ്റു കമ്പനികളുടെയും ഇലക്ട്രിക് വാഹന നിർമാണം തടസപ്പെടുന്ന നിലയാണുള്ളത്. ഹ്യുണ്ടായി മാത്രം ഒരു വർഷത്തേക്കു വേണ്ട അപൂർവധാതു കാന്തങ്ങൾ ഉണ്ടെന്ന് അറിയിച്ചു. ടാറ്റാ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കാന്തങ്ങളുടെ ദൗർലഭ്യം നേരിടുന്നു. കഴിഞ്ഞ വർഷം 460 ടൺ അപർവധാതു കാന്തങ്ങൾ ഇറക്കുമതി ചെയ്ത ഇന്ത്യ ഈ വർഷം 700 ടൺ ഇറക്കുമതി ഉദ്ദേശിച്ചിരുന്നു. പക്ഷേ ആഗാേള കാന്ത ഉൽപാദനത്തിൻ്റെ 90 ശതമാനവും കൈയടക്കിയിട്ടുള്ള ചൈന കയറ്റുമതി നിയന്ത്രിച്ചതോടെ കണക്കുകൂട്ടലുകൾ പിഴച്ചു.

സ്വർണം താണു, കയറി

യുഎസ് - ചെെന വാണിജ്യ ചർച്ചയെ ഉറ്റു നോക്കിയ സ്വർണവില ഇന്നലെ വലിയ ചാഞ്ചാട്ടം നടത്തി. ഔൺസിന് 3304 ഡോളർ വരെ താഴുകയും 3346 ഡോളർ വരെ കയറുകയും ചെയ്തിട്ട് 3323.79 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3334 ഡോളറിലേക്കു കയറിയിട്ടു താഴ്ന്ന് 3330 ഡോളറായി. യുഎസ് - ചെെന ചർച്ചയിൽ നല്ല പുരോഗതി ഉണ്ടായാൽ ഇന്നു വില താഴും. മറിച്ചാണെങ്കിൽ വില കൂടും.

കേരളത്തിൽ സ്വർണം ഇന്നലെ പവന് 80 രൂപ താഴ്ന്ന്  71,560 രൂപയിൽ എത്തി. 

വെള്ളി ഉയരത്തിൽ തന്നെ

റെക്കോർഡ് കുറിച്ച വെള്ളിവില അൽപം താഴ്ന്നെങ്കിലും ഔൺസിന് 36.50 ഡോളറിന് മുകളിൽ തുടർന്നു. ഇന്നലെ 36.88 ഡോളർ വരെ കയറിയിട്ട് 36.55 ഡോളറിൽ ക്ലോസ് ചെയ്തു. 'സോളർ അടക്കം പല മേഖലകളിലും ആവശ്യം വർധിച്ചതാണ് വെള്ളിവിലയെ ഉയർത്തിയത്. 2030 വരെ വെള്ളിയുടെ കമ്മി തുടരും എന്നാണു വിലയിരുത്തൽ. ഔൺസിന് 40 ഡോളറിലേക്കാണു വെള്ളി നീങ്ങുന്നതെന്നു വിപണി കണക്കാക്കുന്നു.

ചൊവ്വാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും താഴ്ന്നു. ചെമ്പ് 0.05 ശതമാനം കയറി ടണ്ണിന് 9853.85 ഡോളറിൽ എത്തി. അലൂമിനിയം 0.43 ശതമാനം ഉയർന്ന് 2489.55 ഡോളർ ആയി. ലെഡും സിങ്കും നിക്കലും  താഴ്ന്നപ്പാേൾ ടിൻ ഉയർന്നു.

  റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1.18 ശതമാനം ഉയർന്ന് 163.40 സെൻ്റ് ആയി. കൊക്കോ 6.25 ശതമാനം ഇടിഞ്ഞു ടണ്ണിന് 9570.15 ഡോളർ ആയി. കാപ്പി 1.88 ശതമാനം താഴ്ന്നപ്പോൾ തേയില 0.88 ശതമാനം കയറി.

ഡോളർ സൂചികയിൽ നേട്ടം

 യുഎസ് ഡോളർ അൽപം കയറി. ഡോളർ സൂചിക നാമമാത്രമായി ഉയർന്ന് 99.10 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.06 ലാണ്.

കറൻസി വിപണിയിൽ ഡോളർ കാര്യമായ മാറ്റമില്ലാതെ തുടർന്നു. യൂറോ 1.142 ഡോളറിലേക്കു കയറി. പൗണ്ട് 1.349 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 144.91 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി. ചൊവ്വാഴ്ച അവയിലെ നിക്ഷേപനേട്ടം 4.468 ശതമാനത്തിലേക്കു താഴ്ന്നു. 

ചൊവ്വാഴ്ച രൂപ തുടക്കത്തിലെ ക്ഷീണത്തിനു ശേഷം പിടിച്ചു നിന്നു. ഡോളർ മൂന്നു പൈസ കുറഞ്ഞ് 85.60 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.18 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ്  ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില താഴ്ചയിലായി. യുഎസ് - ചൈന ചർച്ചയിൽ വലിയ  പുരോഗതി ഇല്ലെന്ന വിലയിരുത്തലിലാണിത്. ബ്രെൻ്റ് ഇനം  ഇന്നു രാവിലെ ബാരലിന് 66.57 ഉം ഡബ്ല്യുടിഐ ഇനം 64.72 ഉം മർബൻ ക്രൂഡ് 66.80 ഉം  ഡോളറിലാണ്.  

ക്രിപ്റ്റോകൾ ഉയർന്നു തന്നെ

ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. യുഎസ്- ചെെന ചർച്ചയിലെ തീരുമാനങ്ങൾ അനുസരിച്ച് അവ മാറാം. ബിറ്റ് കോയിൻ 1,09,800 ഡോളറിനടുത്താണ്. ഈഥർ 2800 ഡോളറിലേക്ക് ഉയർന്നു. മറ്റു ക്രിപ്റ്റോകളും കയറ്റത്തിലാണ്.

വിപണിസൂചനകൾ

(2025 ജൂൺ 10, ചൊവ്വ)

സെൻസെക്സ്30   82,391.72     -0.06%

നിഫ്റ്റി50       25,104.25          +0.00%

ബാങ്ക് നിഫ്റ്റി   56,629.10       -0.37%

മിഡ് ക്യാപ്100   59,681.40     +0.01%

സ്മോൾക്യാപ്100  18,899.80     +0.14%

ഡൗജോൺസ്   42,866.87      +0.25%

എസ്ആൻഡ്പി   6038.81      +0.55%

നാസ്ഡാക്      19,714.99        +0.63%

ഡോളർ($)     ₹85.60          -₹0.03

സ്വർണം(ഔൺസ്) $3323.79   -$02.39

സ്വർണം(പവൻ)    ₹71,560      -₹80

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.87    -$0.17

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com