യുഎസില്‍ സാമ്പത്തികമാന്ദ്യം വരുമെന്ന് ആശങ്ക; വിപണികൾ ഇടിയുന്നു; ഇന്ത്യയിലും ദൗർബല്യം; ക്രൂഡ് ഓയിൽ 69 ഡോളറിനു താഴെ

സ്വര്‍ണം ഇടിയുന്നു; രൂപ വീണ്ടും താഴ്ചയില്‍; ക്രിപ്‌റ്റോ തകര്‍ച്ച തുടരുന്നു
TCM, Morning Business News
Morning business newscanva
Published on

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികൾ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്കാണു  നയിക്കുന്നത് എന്ന നിഗമനത്തിൽ വിപണികൾ എത്തി. ഇന്നലെ യുഎസ് വിപണികളിൽ ചോരപ്പുഴ ഒഴുകിയത് ഇതിൻ്റെ ഫലമാണ്. ഇന്ന് ഏഷ്യൻ വിപണികൾ വലിയ തകർച്ചയിലാണു വ്യാപാരം തുടങ്ങിയത്. ഇന്ത്യൻ വിപണിയും ആ വഴിക്കാണു നീങ്ങുന്നത്.  

യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഗണ്യമായ താഴ്ചയിലാണ്. അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾക്കു ഡിമാൻഡ് കൂടി. വിവിധ കറൻസികളുമായുള്ള വിനിമയത്തിൽ ഡോളർ താഴോട്ടു പോയി. മാന്ദ്യഭീതി ക്രൂഡ് ഓയിൽ വിലയെ 69 ഡോളറിനു താഴെയാക്കി. ക്രിപ്റ്റോ കറൻസികളും കുത്തനേ ഇടിഞ്ഞു.

ഇന്നു വെെകുന്നേരം ഫെബ്രുവരിയിലെ ചില്ലറവിലക്കയറ്റത്തിൻ്റെ കണക്കും ജനുവരിയിലെ വ്യവസായ ഉൽപാദന സൂചികയും വരും. യുഎസ് ചില്ലറ വിലക്കയററ കണക്ക് രാത്രി പ്രസിദ്ധീകരിക്കും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച 22,425 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,315-ലേക്കു താഴ്ന്നിട്ട് അൽപം തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച വലിയ നഷ്ടത്തിൽ അവസാനിച്ചു. ടെക്നോളജി ഓഹരികളാണു വീഴ്ചയ്ക്കു മുന്നിൽ നിന്നത്. ഇന്നു സൗദി അറേബ്യയിൽ നടക്കുന്ന യുഎസ് - യുക്രെയ്ൻ ചർച്ചയിൽ ആണു വിപണിയുടെ ശ്രദ്ധ.

യുഎസ് വിപണി തിങ്കളാഴ്ച സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലായി. ടെക്നോളജി ഓഹരികൾക്കു മുൻതൂക്കം ഉള്ള നാസ്ഡാക് കോംപസിറ്റ് സൂചിക നാലു ശതമാനം വീണു. ഇതോടെ സൂചിക റെക്കോർഡിൽ നിന്ന് 13.5 ശതമാനം താഴ്ചയിലായി. കഴിഞ്ഞ വർഷം മുഴുവൻ മുന്നേറ്റം കാണിച്ച മാഗ്നിഫിസൻ്റ് സെവൻ (ആപ്പിൾ, എൻവിഡിയ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആമസോൺ, മെറ്റ, ടെസ്‌ല) ഓഹരികൾ ഇടിവിനു മുന്നിൽ നിന്നു. റെക്കോർഡിൽ നിന്ന് 29 ശതമാനം താഴെയായ എൻവിഡിയ 5.4 ശതമാനം വീണു. 

പ്രസിഡൻ്റ് ട്രംപിൻ്റെ ഉപദേഷ്ടാവായ ഇലോൺ മസ്കിൻ്റെ ടെസ്‌ല ഇന്നലെ 15.43 ശതമാനം ഇടിഞ്ഞു. വ്യാപാരസമയത്തിനു ശേഷം രണ്ടു ശതമാനം കൂടി താഴ്ന്നു. ടെസ്‌ലയുടെ കാർ വിൽപന കുറയുന്നതാണു പ്രധാന കാരണം. ചെെനയിൽ 49 ഉം യൂറോപ്പിൽ 30 ഉം അമേരിക്കയിൽ 26ഉം ശതമാനം ഇടിവുണ്ട് വിൽപനയിൽ.

ബുധനാഴ്ച വരുന്ന ഫെബ്രുവരിയിലെ ചില്ലറവിലക്കയറ്റ കണക്കും ഇന്നു സൗദിയിൽ നടക്കുന്ന യുഎസ് യുക്രെയ്ൻ ചർച്ചയും വിപണിയുടെ ഗതി നിയന്ത്രിക്കും. 

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 890 01 പോയിൻ്റ് (2.08%) താഴ്ന്നു 41,911.71 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 155.63 പോയിൻ്റ് (2.69%) നഷ്ടത്തോടെ 5614.56 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 727.90 പോയിൻ്റ് (4.00%) ഇടിഞ്ഞ് 17,468.32 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഇടിവിലാണ്. ഡൗ 0.53 എസ് ആൻഡ് പി 0.93 ഉം നാസ്ഡാക് 1.33 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു  വലിയ ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ 2.75 ഉം ദക്ഷിണ കൊറിയയിൽ കോസ്പി 2.2 ഉം ശതമാനം ഇടിഞ്ഞു. ജപ്പാനിൽ നാലാംപാദ ജിഡിപി വളർച്ച നേരത്തേ കണക്കാക്കിയ 2.8ൽ നിന്നു 2.2 ശതമാനത്തിലേക്കു താഴ്ത്തി. ഹോങ് കോങ്,  ചൈനീസ് സൂചികകളും താഴ്ന്നു. ചില്ലറവിലക്കയറ്റം നെഗറ്റീവ് ആയി മാറിയ ചൈന 4100 കോടി ഡോളറിൻ്റെ ഉത്തേജക പരിപാടി പ്രഖ്യാപിച്ച് ജനങ്ങളുടെ ഉപഭോഗം കൂട്ടാൻ ശ്രമിക്കുകയാണ്.

ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിൽ

ട്രംപിൻ്റെ തീരുവഭീഷണി ഇന്ത്യയെ കാര്യമായി ബാധിക്കുകയില്ല എന്ന പ്രതീക്ഷയിൽ ഇന്നലെ ഉയരാൻ ശ്രമിച്ച വിപണി പിന്നീടു തിരിച്ചിറങ്ങി നഷ്ടത്തിൽ അവസാനിച്ചു. മുഖ്യ സൂചികകൾ ഒരു ശതമാനത്തോളം ചാഞ്ചാടി. നിഫ്റ്റി 22,676.75 വരെ കയറുകയും 22,429 വരെ താഴുകയും ചെയ്തിട്ട് 22,500 ൻ്റെ പിന്തുണനില തകർത്തു ക്ലോസ് ചെയ്തു. സെൻസെക്സ് 74,741 വരെ ഉയർന്നിട്ട് 74,022 വരെ താഴ്ന്നു. അതേ സമയം മിഡ് ക്യാപ് സൂചിക ഒന്നരയും സ്മോൾ ക്യാപ് സൂചിക രണ്ടും ശതമാനം നഷ്ടത്തിലായി.

നാമമാത്രമായി ഉയർന്ന എഫ്എംസിജി സൂചിക ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിലായി. റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, പി എസ് യു ബാങ്ക്, വാഹന, മെറ്റൽ, ഫാർമ, ഐടി, ഹെൽത്ത് കെയർ, സ്വകാര്യ ബാങ്ക് മേഖലകൾ താഴ്ന്നു.

തിങ്കളാഴ്ച നിഫ്റ്റി 92.20 പോയിൻ്റ് (0.41%) താഴ്ന്ന് 22,460.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 217.41 പോയിൻ്റ് (0.29%) താഴ്ന്ന് 74,115.17 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി  280.70 പോയിൻ്റ് (0.58%) താഴ്ന്നു 48,216.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.53 ശതമാനം (750.50 പോയിൻ്റ്) നഷ്ടത്തോടെ 48,448.10 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.97 ശതമാനം ഇടിഞ്ഞ് 15,198.15 ൽ ക്ലോസ് ചെയ്തു.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 485.41 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 263.51 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം വീണ്ടും ഇറക്കത്തിന്  അനുകൂലമായി.  ബിഎസ്ഇയിൽ 1127 ഓഹരികൾ ഉയർന്നപ്പോൾ 2963 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 607 എണ്ണം ഉയർന്നു, താഴ്ന്നത് 2308 എണ്ണം. 

വിപണി മനോഭാവം ബെയറിഷ് ആയി മാറി. നിഫ്റ്റി 22,400 നു താഴെ ക്ലാേസ് ചെയ്തത് ബുള്ളുകളുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി. 22,400- 22,250 മേഖലയിൽ ഇന്നു നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ 22,000-21,900 ആകും പിന്തുണ നിലവാരം. ഇന്നു നിഫ്റ്റിക്ക് 22,370 ലും 22,275 ലും പിന്തുണ പ്രതീക്ഷിക്കാം. 22,615 ലും 22,680 ലും തടസം ഉണ്ടാകാം.

സ്വർണം ഇടിയുന്നു

സ്വർണവിപണിയും മാന്ദ്യ ഭീതിയിലേക്കു മാറി. വില ഇടിഞ്ഞു. നിക്ഷേപകർ സുരക്ഷിത നിക്ഷേപം തേടി സ്വർണത്തിലേക്കു മടങ്ങാൻ സമയം എടുക്കും എന്നാണു വിപണി ഇപ്പോൾ കരുതുന്നത്. അടുത്ത ആഴ്ച യുഎസ് ഫെഡ് പലിശ നേരത്തേ കുറയ്ക്കും എന്നു പറയുന്നതു പോലുള്ള നാടകീയ മാറ്റങ്ങളിലാണു സ്വർണം ഇനി പ്രതീക്ഷ വയ്ക്കുന്നത്. ഔൺസിന് 2889.10 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2888 ഡോളറിലേക്കു നീങ്ങി. 

കേരളത്തിൽ വെള്ളിയാഴ്ച  ആഭരണ സ്വർണം പവന് 80 രൂപ വർധിച്ച് 64,400 രൂപയായി.

വെള്ളിവില ഔൺസിന് 32.06 ഡോളറിലേക്കു താഴ്ന്നു.

ഡോളർ സൂചിക താഴ്ന്ന നിലയിൽ നിന്ന് അൽപം ഉയർന്നു. ഡോളർ സൂചിക 103.84 ൽ നിന്നു 103.90 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.79 ലാണ് സൂചിക.

രൂപ ഇന്നലെ വലിയ താഴ്ചയിലായി. ഡോളർ 46 പൈസ ഉയർന്ന് 87.33 രൂപയിൽ ക്ലോസ് ചെയ്തു. ചെെനയുടെ യുവാൻ ഇന്നലെ ഡോളറിന് 7.23 യുവാൻ എന്ന നിലയിൽ നിന്ന് 7.26 യുവാനിലേക്കു താഴ്ന്നു. യൂറോയും പൗണ്ടും യെനും ഒക്കെ ഈ ദിവസങ്ങളിൽ ഡോളറിനെ അപേക്ഷിച്ചു കൂടുതൽ കരുത്തു കാണിക്കുന്നുണ്ട്. ട്രംപിൻ്റെ നയങ്ങൾ ഡോളറിനെ കൂടുതൽ ദുർബലമാക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ.

മാന്ദ്യഭീതി യുഎസ് കടപ്പത്രങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചു. അവയുടെ വില കൂടി , അവയിലെ നിക്ഷേപനേട്ടം താഴ്ന്നു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.186 ശതമാനമായി. രണ്ടു ദിവസം മുൻപു 4.31 ശതമാനം ഉണ്ടായിരുന്നു. മാന്ദ്യം വരുമ്പോൾ പലിശ നിരക്ക് താഴും എന്നാണു വിപണി കണക്കാക്കുന്നത്.  

ക്രൂഡ് ഓയിൽ താഴോട്ട് 

മാന്ദ്യഭീതിയിൽ ക്രൂഡ് ഓയിൽ ഇടിയാൻ തുടങ്ങി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 70 ഡോളറിനു മുകളിൽ നിന്ന് ഒരു ശതമാനം ഇടിഞ്ഞ 69.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ക്രൂഡ്  68.84 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 65.51 ഉം  യുഎഇയുടെ മർബൻ ക്രൂഡ് 69.65ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ താഴോട്ടു തന്നെ

ക്രിപ്റ്റോകൾ വീണ്ടും ഇടിഞ്ഞു. മാന്ദ്യഭീതി വന്നതോടെ ക്രിപ്റ്റോകളിലേക്കു വരാൻ നിക്ഷേപകർ മടിക്കും എന്നാണ് ആശങ്ക. ബിറ്റ്കോയിൻ 77,396 ഡോളറിൽ എത്തി. ഇന്നു രാവിലെ 79,000 വരെ കയറി.  ഈഥർ എട്ടു ശതമാനം താഴ്ന്ന് 1880 ഡോളറിനു സമീപമായി. ഇടിവ് തുടരും എന്നാണു സൂചന.

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ തുടർന്നു. ചെമ്പ് 1.21 ശതമാനം ഇടിഞ്ഞു ടണ്ണിന് 9546.65 ഡോളറിലെത്തി. അലൂമിനിയം 0.23 ശതമാനം താഴ്ന്ന് 2694.30 ഡോളർ ആയി. ടിൻ 0.77 ഉം നിക്കൽ 2.3 2 ഉം ലെഡ് 1.55 ഉം ശതമാനം ഉയർന്നു. സിങ്ക് 0.82 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2025 മാർച്ച് 10, തിങ്കൾ)

സെൻസെക്സ് 30       74,115.17      -0.29%
നിഫ്റ്റി50      22,460.30        -0.41%
ബാങ്ക് നിഫ്റ്റി    48,216.80    -0.58%

മിഡ് ക്യാപ്100   48,448.10   -1.53%
സ്മോൾ ക്യാപ് 100    15,198.15   -1.97%

ഡൗ ജോൺസ്  41,911.71   -2.08%

എസ് ആൻഡ് പി  5614.56   -2.69%

നാസ്ഡാക്     17,468.32     -4.00%

ഡോളർ($)         ₹87.33       +₹0.46
ഡോളർ സൂചിക   103.90     +0.07
സ്വർണം (ഔൺസ്)   $2889.10   -$22.40

സ്വർണം(പവൻ) ₹64,400      +₹80    

 ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $69.28 -$00.84 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com