ആവേശക്കുതിപ്പിൽ വിപണി, ഒരു ശതമാനത്തോളം ഉയർന്ന് മുഖ്യസൂചികകൾ; രൂപയ്ക്കും നേട്ടം

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 21 പൈസ കുറഞ്ഞ് 93.72 രൂപയിൽ ഓപ്പൺ ചെയ്തു
Stock market
Image courtesy: Canva
Published on: 

ഇന്ത്യൻ ഓഹരി വിപണി കുതിച്ചു കയറുകയാണ്. യുദ്ധങ്ങൾ അവസാനിക്കുകയും ക്രൂഡ് ഓയിൽ ഇടിയുകയും വിദേശ നിക്ഷേപകർ ആവേശപൂർവം ഇന്ത്യയിലേക്കു വരികയും ചെയ്യുമെന്ന പ്രതീക്ഷയാണു വിപണിയെ ഉയർത്തുന്നത്.

ഒരു ശതമാനത്തോളം ഉയർന്നു വ്യാപാരം തുടങ്ങിയ മുഖ്യസൂചികകൾ പിന്നീടു നേട്ടം വർധിപ്പിച്ചു. നി‌ഫ്റ്റി 25,425 ഉം സെൻസെക്സ് 82,521 ഉം വരെ ഉയർന്നിട്ട് അല്പം താഴ്ന്നു. നിഫ്റ്റി സർവകാല റെക്കോർഡ് ആയ 26,373 ൽ നിന്ന് 1000 പോയിൻ്റിൽ താഴെ എത്തി.

ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളും മുന്നേറുന്നു.

വരുമാനം ഗണ്യമായി കൂടിയപ്പോഴും അറ്റാദായത്തിൽ വലിയ ഇടിവു വന്ന എംആർഎഫ് ഓഹരിക്കു സിഎൽഎസ്എ വാങ്ങല്‍ ശിപാർശ നൽകി. ലക്ഷ്യവില 1.65 ലക്ഷം രൂപയായി ഉയർത്തി. ഓഹരി രാവിലെ താഴ്ചയിലാണ്.

അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പ് ഐഐഎഫ്എൽ ഫിനാൻസിൽ 5000 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചു. അവർക്കു 16 ശതമാനം ഓഹരി നൽകും. പ്രൊമോട്ടർമാർ 1400 കോടിയും നിക്ഷേപിക്കും. കമ്പനിയുടെ സ്വർണപ്പണയ വായ്പാ ബിസിനസ് വികസിപ്പിക്കാനാണ് നിക്ഷേപം. കമ്പനിയിൽ ഗണ്യമായി നിക്ഷേപമുള്ള കാനഡയിലെ ഫെയർഫാക്സ് ഗ്രൂപ്പിൻ്റെ ഓഹരി 10 ശതമാനത്തിലേക്കു കുറയും. ഐഡിബിഐ ബാങ്കിനെ വാങ്ങുന്ന ഫെയർഫാക്സ് രണ്ടു വർഷത്തിനകം ഐഐഎഫ്എൽ ഫിനാൻസിൽ നിന്നു പിന്മാറണം.

ഐഐഎഫ്എൽ ഫിനാൻസ് ഓഹരിക്കു ഡാം കാപ്പിറ്റൽ 880 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി. ഓഹരി 12 ശതമാനത്തോളം കുതിച്ചു.

വരുമാനം കൂടിയിട്ടും ലാഭവും ലാഭമാർജിനും കുറഞ്ഞ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി രാവിലെ എട്ടു ശതമാനം ഇടിഞ്ഞു.

വിറ്റുവരവും ലാഭവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ച കല്യാൺ ജ്വല്ലേഴ്സ് ഓഹരി രാവിലെ 12 ശതമാനം കുതിച്ചു. ആറു മാസം കൊണ്ട് 75 ശതമാനം ഉയർന്ന ഓഹരി അഞ്ചു ദിവസം കൊണ്ട് 20 ശതമാനം കയറി.

866 കോടി രൂപയുടെ എക്‌സ്പ്രസ് വേ നിർമാണ കരാർ ലഭിച്ച അശോക ബിൽഡ് കോൺ ഓഹരി 13 ശതമാനം വരെ കുതിച്ചു.

വരുമാനം ഒൻപതു ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭം 60 ശതമാനവും അറ്റാദായം 55 ശതമാനവും ഇടിഞ്ഞ അവന്തി ഫീഡ്സ് അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില ഗണ്യമായി താണത് ഇൻഡിഗോ വിമാനസർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് എവിയേഷൻ്റെ വില അഞ്ചു ശതമാനം ഉയർത്തി.

ഹിൻഡാൽകോയ്ക്ക് നൊമുറ 1100 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ഡാബറിനു വാങ്ങൽ ശിപാർശ നൽകിയ നൊമുറ ലക്ഷ്യവില 535 രൂപയിലേക്ക് ഉയർത്തി.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 21 പൈസ കുറഞ്ഞ് 93.72 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 93.87 രൂപ വരെ ഉയർന്ന ശേഷം 93.73 ലേക്കു തിരിച്ചിറങ്ങി.

ലോക വിപണിയിൽ സ്വർണം കയറുകയാണ്. രാവിലെ സ്വർണം 4046 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ് 1,04,120 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില കയറുന്നു. ബ്രെൻ്റ് ഇനം 92.53 ഡോളറും ഡബ്ള്യുടിഐ ഇനം ഉയർന്ന് 86.68 ഡോളറും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```