

ഇന്ത്യയിലും അമേരിക്കയിലും ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തുവരുന്ന ഇന്ന് അതേച്ചൊല്ലിയുള്ള ആശങ്കകൾ വിപണിയെ ചാഞ്ചാട്ടത്തിലാക്കാം. വെള്ളിയാഴ്ച നടക്കുന്ന യുഎസ് - റഷ്യ ഉച്ചകോടി യുക്രെയ്നിൽ സമാധാനത്തിനും ഉപരോധങ്ങൾ അവസാനിപ്പിക്കാനും വഴി തുറക്കുമെന്ന പ്രതീക്ഷയും വിപണിയിൽ ഉണ്ട്.
തീരുവക്കാര്യത്തിൽ യുഎസ്- ചെെന വെടി നിർത്തൽ 90 ദിവസം കൂടി നീട്ടിയത് ഇന്നു രാവിലെ ഏഷ്യൻ വിപണികളെ ഉയർത്തി. ഇന്നലെ അമേരിക്കൻ, യൂറോപ്യൻ വിപണികൾ താഴ്ന്നാണ് അവസാനിച്ചത്. ഇന്നു രാത്രി വരുന്ന യുഎസ് ചില്ലറ വിലക്കയറ്റ കണക്കിനെയാണു പാശ്ചാത്യ വിപണികൾ ഉറ്റുനോക്കുന്നത്.
ചൈനയുമായുള്ള തീരുവ വെടി നിർത്തലിൽ പഴയ ഉത്തരവിൻ്റെ കാലാവധി തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പുതിയ ഉത്തരവ്. ചൈനീസ് സാധനങ്ങൾക്ക് അമേരിക്ക 30 ശതമാനവും അമേരിക്കൻ സാധനങ്ങൾക്കു ചൈന 10 ശതമാനവും ചുങ്കം ചുമത്തുന്നതാണു കരാർ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,552.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,601.50 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യുകെ ഒഴികെയുള്ള യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ചയിലായി. കാറ്റാടി വൈദ്യുതി പദ്ധതികൾ തുടങ്ങാനാേ വികസിപ്പിക്കാനാേ സമ്മതിക്കില്ല എന്ന ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട് ഡെന്മാർക്കിലെ വലിയ കാറ്റാടി കമ്പനി ഓർസ്റ്റെഡിനു പ്രതിസന്ധി സൃഷ്ടിച്ചു. അമേരിക്കയിലെ കാറ്റാടി യന്ത്രങ്ങൾ വിൽക്കാൻ പറ്റാതായി. അതിനാൽ അവകാശ ഇഷ്യു നടത്താൻ കമ്പനി തീരുമാനിച്ചു. ഇതോടെ ഓഹരി 30 ശതമാനം ഇടിഞ്ഞു.
അമേരിക്കൻ വിപണികൾ ഇന്നലെ ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ട് നഷ്ടത്തിൽ അവസാനിച്ചു. ഇന്നു വരുന്ന ചില്ലറവിലക്കയറ്റ കണക്ക് സംബന്ധിച്ച ആശങ്ക വിപണിയിൽ പ്രകടമാണ്. ചൈനയ്ക്കുള്ള തീരുവ സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ താഴ്ത്തി. വ്യാപാരസമയം കഴിഞ്ഞിട്ടാണു വെടി നിർത്തൽ നീട്ടിയത്. സ്വർണത്തിൻ്റെ തീരുവ കാര്യവും വിപണി അടച്ച ശേഷമാണു പ്രഖ്യാപിച്ചത്.
തൊഴിൽ കണക്കിലെ തിരുത്തലിൻ്റെ പേരിൽ പുറത്താക്കിയ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറുടെ പദവിയിലേക്കു അവരെ പുറത്താക്കാൻ പ്രചാരണം തുടങ്ങിയ ഇ.ജെ. ആൻ്റണി എന്ന ധനശാസ്ത്രജ്ഞനെ ട്രംപ് നിയോഗിച്ചു. വലതുപക്ഷ ചിന്താ കേന്ദ്രമായ ഹെരിറ്റേജ് ഫൗണ്ടേഷനിലാണ് ആൻ്റണി പ്രവർത്തിച്ചിരുന്നത്.
ഇൻ്റൽ മേധാവി ലിപ് ബു ടാൻ ഇന്നലെ ട്രംപിനെ സന്ദർശിച്ചു. പിന്നീട് ടാനെ പ്രശംസിച്ചു ട്രംപ് സന്ദേശം ഇട്ടു. ടാൻ രാജിവയ്ക്കണമെന്ന് ട്രംപ് രണ്ടു ദിവസം മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇൻ്റൽ ഓഹരി നാലു ശതമാനത്തോളം ഉയർന്നു.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 200.52 പോയിൻ്റ് (0.45%) താഴ്ന്ന് 43,975.09 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 16.00 പോയിൻ്റ് (0.25%) നഷ്ടത്തോടെ 6373.45 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 64.62 പോയിൻ്റ് (0.30%) താഴ്ന്ന് 21,385.40 ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. യുഎസ് - ചെെന ധാരണ വിപണികളെ ഉയർത്തി. ജപ്പാനിലെ നിക്കെെ സൂചിക രണ്ടു ശതമാനത്തിലധികം ഉയർന്നു റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ സൂചികയും റെക്കോർഡ് തകർത്തു.
യുക്രെയ്നിൽ യുദ്ധവിരാമം ഉണ്ടാകാം എന്നും അതു റഷ്യൻ എണ്ണ വാങ്ങുന്നതിലെ എതിർപ്പ് അവസാനിപ്പിക്കാം എന്നുമുള്ള പ്രത്യാശ ഇന്നലെ ഇന്ത്യൻ വിപണിയെ ഉയർത്തി. വെള്ളിയാഴ്ചത്തെ നഷ്ടം നികത്തുന്ന കയറ്റമാണ് വിപണിയിൽ ഉണ്ടായത്. വിദേശ നിക്ഷേപകർ വിൽപന തുടർന്നെങ്കിലും ആഭ്യന്തര ഫണ്ടുകൾ വലിയ വാങ്ങലുകാരായി. ജൂലൈയിൽ മ്യൂച്വൽ ഫണ്ടുകളിലേക്കു നിക്ഷേപം വർധിച്ചത് ഫണ്ടുകളുടെ വാങ്ങൽ ശേഷി വർധിപ്പിച്ചു. ഏഴ് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്.
കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. മൺസൂൺ നേരത്തേ തുടങ്ങിയതും താപനില താഴ്ന്നതും എയർ കണ്ടീഷണർ വിൽപനയെ താഴ്ത്തി. കഴിഞ്ഞ വർഷം വേനൽകാലത്തു റെക്കോർഡ് വിൽപനക്കുതിപ്പ് ഉണ്ടായതാണ്. ചൈനയിൽ നിന്ന് കംപ്രസറുകൾ കിട്ടുന്നതിനു തടസം വന്നത് എസി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ ഉൽപാദനം കുറയ്ക്കാൻ കമ്പനികളെ നിർബന്ധിതമാക്കി. വോൾട്ടാസും പിജി ഇലക്ട്രോപ്ലാസ്റ്റും മോശം ബിസിനസ് ഭാവിയെപ്പറ്റി സൂചിപ്പിച്ചതും കൺസ്യൂമർ ഡുറബിൾസ് കമ്പനികളെ താഴ്ത്തി.
എസ്ബിഐയുടെ മികച്ച റിസൽട്ടും നല്ല ഭാവി പ്രതീക്ഷയും പൊതുമേഖലാ ബാങ്കുകളെ മൊത്തത്തിൽ ഉയർത്തി.
റിയൽറ്റി, ഹെൽത്ത് കെയർ, ഫാർമ,ഓട്ടോ, എഫ്എംസിജി, ബാങ്ക്, ധനകാര്യ മേഖലകൾ നല്ല നേട്ടം ഉണ്ടാക്കി. റിലയൻസ് 1.23 ശതമാനം ഉയർന്നു. എൽപിജി വിൽപനയിലെ നഷ്ടം സർക്കാർ നികത്തുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ ഉയർത്തി.
നിഫ്റ്റി 221.75 പോയിൻ്റ് (0.91%) ഉയർന്ന് 24,585.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 746.29 പോയിൻ്റ് (0.93%) കയറി 80,604.08 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 505.85 പോയിൻ്റ് (0.92%) നേട്ടത്തോടെ 55,510.75 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 476.80 പോയിൻ്റ് (0.85%) ഉയർന്ന് 56,479.00 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 63.50 പോയിൻ്റ് (0.36%) കയറി 17,491.70 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തിരിഞ്ഞു. ബിഎസ്ഇയിൽ 2181 ഓഹരികൾ ഉയർന്നപ്പോൾ 1983 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1604 എണ്ണം. താഴ്ന്നത് 1413 ഓഹരികൾ.
എൻഎസ്ഇയിൽ 66 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 132 എണ്ണമാണ്. 83 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 94 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1202.65 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5972.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിയുടെ മൊമൻ്റം സൂചകങ്ങൾ ബുള്ളിഷ് ആയി മാറി. നിഫ്റ്റി 24,800 - 24,850 ലെ തടസമേഖലയിൽ കയറി നിലനിന്നാൽ 25,000 കടന്നു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. താഴ്ചയിൽ 24,330 - 24,200 മേഖല പിന്തുണയാകും.
ഇന്നു നിഫ്റ്റിക്ക് 24,410 ഉം 24,350 ഉം പിന്തുണയാകും. 24,665 ലും 24,765 ലും തടസം ഉണ്ടാകാം.
ട്രംപ് ഭരണകൂടം സ്വർണക്കട്ടികൾക്കു 39 ശതമാനം ചുങ്കം ചുമത്തുന്നു എന്ന റിപ്പോർട്ടിനെ തുടർന്നു കോളിളക്കത്തിലായിരുന്നു വാരാന്ത്യത്തിലും ഇന്നലെയും സ്വർണവിപണി. ഇന്നലെ യുഎസ് വ്യാപാരം കഴിഞ്ഞ ശേഷം തീരുവ ഇല്ലെന്നു ട്രംപ് പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ യുഎസ് ഫെഡ് പലിശ കുറച്ചു തുടങ്ങും എന്ന റിപ്പോർട്ടും വിപണിയെ താഴ്ത്തി. സ്വർണം ഒന്നര ശതമാനം ഇടിഞ്ഞ്ൺ ഔൺസിന് 3343.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 3357 ഡോളറിൽ എത്തി.
കേരളത്തിൽ തിങ്കളാഴ്ച പവൻ വില 560 രൂപ ഇടിഞ്ഞ് 75,000 രൂപയായി.
വെള്ളിവില ഔൺസിന് 37.75 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.18 ശതമാനം ഉയർന്ന് ടണ്ണിന് 9643.65 ഡോളറിൽ എത്തി. അലൂമിനിയം 1.02 ശതമാനം ഇടിഞ് 2587.39 ഡോളർ ആയി. സിങ്കം ലെഡും താഴ്ന്നപ്പോൾ നിക്കലും ടിന്നും ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.54 ശതമാനം കയറി 168.60 സെൻ്റിൽ എത്തി. കൊക്കോ 2.41 ശതമാനം ഉയർന്നു ടണ്ണിന് 8731.73 ഡോളർ ആയി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ വരൾച്ച ഇക്കൊല്ലം കൊക്കോ ഉൽപാദനം ഗണ്യമായി കുറയ്ക്കും എന്നാണു റിപ്പോർട്ടുകൾ. കൊക്കോ അവധി വ്യാപാരത്തിൽ വില ദിവസേന കയറുകയാണ്.
കാപ്പി ഇന്നലെ 3.38 ശതമാനം ഉയർന്നു. തേയില 2.06 ശതമാനം താഴ്ന്നു. പാം ഓയിൽ വില 3.06 ശതമാനം കയറി.
ഡോളർ സൂചിക തിങ്കളാഴ്ച അൽപം കയറി 98.52 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.49 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.1613 8 ഡോളറിലേക്കും പൗണ്ട് 1.343 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 148.30 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.283 ശതമാനമായി ഉയർന്നു.
ഡോളർ കയറിയതു മൂലം രൂപ തിങ്കളാഴ്ച രാവിലത്തെ നേട്ടം നഷ്ടപ്പെടുത്തി. രാവിലെ 87.50 രൂപയിലേക്കു താഴ്ന്ന ഡോളർ ഒടുവിൽ ഉയർന്നു തലേന്നത്തെ 87.66 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 87.75 രൂപവരെ ഡോളർ കയറിയിരുന്നു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.19 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ തിങ്കളാഴ്ച നാമമാത്ര മാറ്റവുമായി പിടിച്ചു നിന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 66.63 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 66.66 ഡോളറിലും ഡബ്ല്യുടിഐ 63.96 ഡോളറിലും മർബൻ ക്രൂഡ് 68.97 ഡോളറിലും ആയി. പ്രകൃതിവാതക വില 2.75 ശതമാനം കയറി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ 1.22 ലക്ഷം കടന്ന ശേഷം തിരികെയിറങ്ങി 1,18,850 ഡോളറിനു താഴെയായി. വാരാന്ത്യത്തിൽ കുതിച്ച ഈഥർ താഴ്ന്ന് 4230 ഡോളറിനു താഴെ എത്തി.
(2025 ഓഗസ്റ്റ് 11, തിങ്കൾ)
സെൻസെക്സ്30 80,604.08 +0.93%
നിഫ്റ്റി50 24,585.05 +0.91%
ബാങ്ക് നിഫ്റ്റി 55,510.75 +0.92%
മിഡ് ക്യാപ്100 56,479.00 +0.85%
സ്മോൾക്യാപ്100 17,491.70 +0.36%
ഡൗജോൺസ് 43,975.09 -0.45%
എസ്ആൻഡ്പി 6373.45 -0.25%
നാസ്ഡാക് 21,385.40 -0.30%
ഡോളർ($) ₹87.66 ₹0.00
സ്വർണം(ഔൺസ്) $3343.90 -$55.70
സ്വർണം(പവൻ) ₹75,000 -₹560
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.63 +$0.04
Read DhanamOnline in English
Subscribe to Dhanam Magazine