വിപണി കുതിക്കാൻ സാധ്യത; ഇന്ത്യ- പാക് സംഘർഷം നീങ്ങിയതിൽ ആശ്വാസം; യുഎസ് - ചൈന ധാരണ വ്യാപാരയുദ്ധത്തിന് അന്ത്യം കുറിക്കും; സ്വർണം ഇടിയുന്നു

ക്രൂഡ് ഓയിൽ കയറുന്നു; നിഫ്റ്റിക്ക് ഇന്ന് 23,890 വരെ പിന്തുണ, 24,180 ൽ പ്രതിരോധം
TCM, Morning Business News
Morning business newscanva
Published on

ഇന്ത്യ- പാക്കിസ്ഥാൻ വെടിനിർത്തലും വ്യാപാര കാര്യത്തിൽ യുഎസ് - ചൈന ധാരണയും ഇന്നു വിപണിയെ വലിയ കുതിപ്പിലേക്കു നയിക്കും. യുഎസ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം കയറി. സ്വർണവില ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നു.

ഇന്ത്യ -പാക് യുദ്ധവിരാമ സന്ധി ഉണ്ടായിട്ടില്ല. ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് ഇന്ത്യൻ സേന പറഞ്ഞിട്ടുമുണ്ട്. എങ്കിലും ഞായർ മുഴുവൻ സംഭവരഹിതമായി കടന്നുപോയതു വെടി നിർത്തൽ ഫലപ്രദമായി എന്നു കാണിക്കുന്നു. ഇന്ന് ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ പരസ്പരം സംസാരിക്കുന്നുണ്ട്. അടുത്ത നീക്കം എന്താകുമെന്ന് അതിനു ശേഷം അറിയാം.

ചൈനയുമായുള്ള ധാരണയുടെ വിശദാംശങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. യുഎസിനുള്ള വ്യാപാര കമ്മി കുറയ്ക്കാൻ ധാരണ ഉണ്ടായി എന്നാണു ചർച്ച നയിച്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞത്. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,087 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,406 ൽ ഓപ്പൺ ചെയ്തിട്ട് 24,610 വരെ ഉയർന്നു. പിന്നീട് അൽപം താഴ്ന്നു. ഇന്നു വിപണി വലിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഉയർന്നു. ജർമൻ സൂചിക ഡാക്സ് 23,499.3 എന്ന റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തു. യുഎസ് - ചൈന ചർച്ചയെ പറ്റിയുള്ള പ്രതീക്ഷ ഓഹരികളെ ഉയർത്തി.യുഎസ്- ചെെന ചർച്ചയെപ്പറ്റിയുള്ള  പ്രതീക്ഷയോടെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വെള്ളിയാഴ്ച യുഎസ് വിപണികൾ അൽപം താഴ്ചയിലേക്കു മാറി. 

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 119.07 പോയിൻ്റ് (0.29%) താഴ്ന്നു 41,249.38 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 4.03 പോയിൻ്റ് (0.07%) കുറഞ്ഞ് 5659.91 ൽ അവസാനിച്ചു. നാസ്ഡാക് 0.78 പോയിൻ്റ് (0.00%) കയറി 17,928.92 ൽ എത്തി.യുഎസ്- ചൈന ധാരണ എന്ന വാർത്തയെ തുടർന്നു യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ മികച്ച കുതിപ്പിലാണ്. ഡൗ 1.11 ഉം  എസ് ആൻഡ് പി 1.44 ഉം നാസ്ഡാക് 1.96 ഉം ശതമാനം ഉയർന്നു  നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്.  ജപ്പാനിൽ നിക്കൈ സൂചിക 0.35 ശതമാനം ഉയർന്നു.  ഹോങ് കോങ്,  ഷാങ് ഹായ് സൂചികകൾ കയറി.

ഇന്ത്യൻ വിപണി ഇടിവിൽ

അതിർത്തി സംഘർഷം രൂക്ഷമായി നിന്ന വെള്ളിയാഴ്ച ഇന്ത്യൻ വിപണി ഗണ്യമായ നഷ്ടത്തിൽ അവസാനിച്ചു. വിദേശ നിക്ഷപകരും വിൽപനക്കാരായതു വിപണിയിൽ സംഭ്രാന്തി ഉണ്ടാക്കി. നിഫ്റ്റി 23,935 വരെ താഴുകയും 24,164 വരെ ഉയരുകയും ചെയ്തു. മിഡ് ക്യാപ് 100 സൂചിക ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നഷ്ടത്തിൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക കുറേക്കൂടി നഷ്ടത്തിലായി.

വെള്ളിയാഴ്ച നിഫ്റ്റി 265.80 പോയിൻ്റ് (1.10%) താഴ്ന്ന് 24,008.00 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 880.34 പോയിൻ്റ് (1.10%) നഷ്ടത്തിൽ 79,454.47 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 24

770.40 പോയിൻ്റ് (1.42%) ഇടിഞ്ഞ് 53,595.25 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 5.95 പോയിൻ്റ് (0.01 ശതമാനം) കുറഞ്ഞ് 53,223.35 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 98.10 പോയിൻ്റ് (0.61 ശതമാനം) താഴ്ന്ന് 16,085.65 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1222 ഓഹരികൾ ഉയർന്നപ്പോൾ 2656 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1065 എണ്ണം. താഴ്ന്നത് 1738 ഓഹരികൾ.

എൻഎസ്ഇയിൽ 16 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 113 എണ്ണമാണ്. 28 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 110 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച  ക്യാഷ് വിപണിയിൽ 3798.71 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 7277.74 കോടി രൂപയുടെ ഓഹരികൾ വാങ്ങി.. 

നിഫ്റ്റി 24,200 ലെ പിന്തുണ തകർത്തു താഴോട്ടു പോയിട്ട് തിരിച്ചുകയറിയാണു വെള്ളിയാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു നിഫ്റ്റിക്ക് 23,950 ഉം 23,890 ഉം പിന്തുണയാകും. 24,120 ലും 24,180 ലും തടസം ഉണ്ടാകാം.

സ്വർണം താഴ്ചയിൽ

യുഎസ് - ചൈന വ്യാപാര ധാരണയ്ക്കു സാധ്യത തെളിയുന്നതായ റിപ്പോർട്ടുകൾ വാരാന്ത്യത്തിൽ സ്വർണത്തെ താഴ്ത്തി. ഔൺസിനു 3326 ൽ വാരാന്ത്യത്തിലേക്കു കടന്ന സ്വർണം ഞായറാഴ്ച വെെകുന്നേരം ഒന്നര ശതമാനം ഇടിഞ്ഞ് 3280 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ 3270 ഡോളറിലേക്കു നീങ്ങി. ഇനിയും താഴാം.

കേരളത്തിൽ രണ്ടു ദിവസം കൊണ്ട്  പവന് 680 രൂപ കുറഞ്ഞ് 72,360 രൂപയായി. ഇന്നും വില കുറയാം. വെള്ളിവില ഔൺസിന് 32.56  ഡോളർ ആയി താഴ്ന്നു. 

 വെള്ളിയാഴ്ച ചെമ്പുവില 0.78 ശതമാനം കയറി ടണ്ണിന് 9485.0 5 ഡോളറിൽ എത്തി.  അലൂമിനിയം വില 0.27 ശതമാനം താഴ്ന്നു ടണ്ണിന് 2406.32 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ടിൻ 0.08 ഉം ലെഡ് 3.48 ഉം നിക്കൽ 0.52 ഉം സിങ്ക് 2.30 ഉം ശതമാനം കയറി.

രാജ്യാന്തര വിപണിയിൽ റബർ വില 0.58 ശതമാനം കുറഞ്ഞു കിലോഗ്രാമിന് 171.30 സെൻ്റിൽ എത്തി. കൊക്കോ 0.60 ശതമാനം ഉയർന്ന് 9184.50 ഡോളറിൽ എത്തി. കാപ്പി 0.88 ശതമാനം താഴ്ന്നു. പാമോയിൽ വില 0.37 ശതമാനം കൂടി.

ഡോളർ ഉയരുന്നു; രൂപ ഇടിയുന്നു

 ഡോളർ സൂചിക വെള്ളിയാഴ്ചയും  100 നു മുകളിൽ നിന്നു.  സൂചിക 100.34 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.65 ൽ ആണ്.

യൂറോ ഇന്ന് 1.123 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.328 ഡോളറിലേക്ക് താഴ്ന്നപ്പോൾ ജാപ്പനീസ് യെൻ ഡോളറിന് 146.12 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് കടപ്പത്രവില വീണ്ടും താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.41 ശതമാനത്തിലേക്ക് കയറി. 

രൂപ വെള്ളിയാഴ്ച നേട്ടം ഉണ്ടാക്കി. . ഡോളർ 34 പൈസ താഴ്ന്ന് 85.37 രൂപയിൽ ക്ലോസ് ചെയ്തു.  ഇന്ത്യ പാക് സംഘർഷം അയഞ്ഞതും യുഎസ്- ചൈന ധാരണയും ഇന്നു  രൂപയെ ഉയർത്തും എന്നാണു സൂചന.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.24 യുവാൻ എന്ന നിലയിലേക്കു  താഴ്ന്നു.

ക്രൂഡ്  ഓയിൽ കയറുന്നു

യുഎസ്-ചൈന ചർച്ച വ്യാപാര യുദ്ധത്തിൻ്റെ അവസാനത്തിനു വഴി തെളിക്കും എന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വിപണി വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം വാരാന്ത്യത്തിൽ രണ്ടര ശതമാനം കയറി ബാരലിന് 64.23 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 61.35 ഡോളറും ആയി.  ഇന്നു രാവിലെ ബ്രെൻ്റ് 64.03 ഉം ഡബ്ല്യുടിഐ 61.15 ഉം മർബൻ ക്രൂഡ് 64.56 ഉം ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ കുതിച്ചു കയറി

ക്രിപ്റ്റോ കറൻസികൾ കുതിച്ചുകയറ്റം തുടരുകയാണ്. വ്യാപാര യുദ്ധം ഒത്തുതീരും എന്ന പ്രതീക്ഷ തന്നെ കാരണം.  ബിറ്റ് കോയിൻ ഇന്ന് 1,04,000 ഡോളറിനു മുകളിൽ എത്തി. ഈഥർ വാരാന്ത്യത്തിൽ 26 ശതമാനം ഉയർന്ന് 2500 ഡോളറിനു മുകളിലായി. 

വിപണിസൂചനകൾ

(2025 മേയ് 09, വെള്ളി)

സെൻസെക്സ്30   79,454.47   -1.10%

നിഫ്റ്റി50       24,008.00         -1.10%

ബാങ്ക് നിഫ്റ്റി   53,595.25     -1.42%

മിഡ് ക്യാപ്100   53,223.35     -0.01%

സ്മോൾക്യാപ്100  16,085.65    -0.61%

ഡൗജോൺസ്   41,249.38     -0.29%

എസ്ആൻഡ്പി   5659.91      -0.07%

നാസ്ഡാക്      17,928.92     +0.00%

ഡോളർ($)     ₹85.37        -₹0.34

സ്വർണം(ഔൺസ്) $3280.00   -$46.00

സ്വർണം(പവൻ) ₹72,360        -₹680.00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.23   +$2.39 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com