

ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായത് ഇന്നു വിപണിയെ സഹായിക്കും. യുഎസ് വിലക്കയറ്റം വർധിക്കാതിരുന്നതു പലിശ കുറയ്ക്കൽ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. ഇന്നലെ അമേരിക്കൻ വിപണി കുതിച്ചത് പ്രമുഖ ഏഷ്യൻ വിപണികളെ ഉയർത്തിയത് ഇന്ത്യയിലും അനുകൂല ചലനം ഉണ്ടാക്കാം. തീരുവ വിഷയത്തിലെ നയം മാറ്റങ്ങളും യുക്രെയ്ൻ സമാധാന ചർച്ചകളും വിപണിയുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റു വിഷയങ്ങളാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,619.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,647.50 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ജൂലൈയിലെ ചില്ലറവിലക്കയറ്റം എട്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ജൂണിൽ 2.10 ശതമാനമായിരുന്ന ഇന്ത്യൻ വിലക്കയറ്റം 1.55 ശതമാനമായി. ഇതോടെ ഏപ്രിൽ - ജൂലൈയിലെ ശരാശരി വിലക്കയറ്റം മൂന്നു ശതമാനമായി കുറഞ്ഞു.
ഭക്ഷ്യവില കുറയുകയാണ്. ജൂലൈയിൽ 1.8 ശതമാനം കുറഞ്ഞു ജൂണിൽ 1.1 ശതമാനം ആയിരുന്നു കുറവ്. പച്ചക്കറിവില 20.7 ഉം പയറുവർഗ വില 14 ഉം ശതമാനം ഇടിഞ്ഞു. പഴങ്ങൾക്കു 14.4 ഉം എണ്ണ - നെയ് ഇനങ്ങൾക്ക് 19.2ഉം ശതമാനം വിലവർധന ഉണ്ട്.
ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ജൂലൈയിൽ 4.4 ശതമാനമായി കൂടി. ജൂണിൽ 4.1 ശതമാനമായിരുന്നു. ഫാക്ടറി ഉൽപന്നങ്ങളുടെ വിലയും സേവന മേഖലയുടെ നിരക്കുകളും വർധിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്.
ഓഗസ്റ്റ് 11 വരെയുള്ള പ്രത്യക്ഷനികുതി പിരിവിൽ അപ്രതീക്ഷിത കുറവ്. 3.95 ശതമാനം കുറഞ്ഞ് 6.64 ലക്ഷം കോടി രൂപയാണു ലഭിച്ചത്. നികുതി റീഫണ്ടുകൾ വർധിച്ചതാണു കാരണമെന്നു സർക്കാർ പറയുന്നു. റീഫണ്ടിനു മുൻപുള്ള മൊത്തം നികുതി പിരിവിലും 1.87 ശതമാനം കുറവുണ്ട്.
ഈ ധനകാര്യ വർഷം പ്രത്യക്ഷനികുതിപിരിവ് 12.7 ശതമാനം വർധിച്ച് 25.20 ലക്ഷം കോടി രൂപ ആകുമെന്നാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. വർഷത്തിൻ്റെ മൂന്നിലൊന്നിൽ കൂടുതൽ പിന്നിട്ടപ്പോൾ കിട്ടുന്ന സൂചന ഈ ലക്ഷ്യത്തിൽ നിന്നു ഗണ്യമായി കുറവാകും വരുമാനം എന്നാണ്.
കമ്പനികളുടെയും വ്യക്തികളുടെയും ആദായനികുതിയും ഓഹരി കൈമാറ്റ നികുതിയുമാണു പ്രത്യക്ഷ നികുതികളിൽ വരുന്നത്. കമ്പനികളുടെ ലാഭം കുറഞ്ഞതുമൂലം അവയുടെ മുൻകൂർ നികുതി അടവ് പ്രതീക്ഷ പോലെ വളർന്നില്ല. വ്യക്തിഗത നികുതിയിൽ ഇടിവുണ്ട്. രാജ്യത്തു ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകുന്നതാണ് ഈ സാഹചര്യത്തിലേക്കു നയിച്ചത്.
ജർമനി ഒഴികെയുള്ള യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു. ഗാസാ വിഷയത്തിൻ്റെ പേരിൽ നോർവേയുടെ വെൽത്ത് ഫണ്ട് ഇസ്രേലി കമ്പനികളിലെ ഓഹരികളിൽ നിന്നു പിന്മാറും എന്ന റിപ്പോർട്ട് നിഷേധിക്കപ്പെട്ടു. യുകെയിൽ തൊഴിൽ വർധന പ്രതീക്ഷയിലും കൂടിയെങ്കിലും തൊഴിലില്ലായ്മ നാലു വർഷത്തെ ഉയർന്ന നിലയിൽ എത്തി.
കുറഞ്ഞ ചില്ലറ വിലക്കയറ്റത്തിൻ്റെ ബലത്തിൽ അമേരിക്കൻ വിപണികൾ ഇന്നലെ മികച്ച നേട്ടത്തിൽ അവസാനിച്ചു. എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോപസിറ്റും റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു.
യുഎസ് ചില്ലറവിലക്കയറ്റം ജൂലൈയിൽ 2.7 ശതമാനം വാർഷിക വളർച്ച കാണിച്ചു. പ്രതീക്ഷിച്ചതു 2.8 ശതമാനം ആയിരുന്നു. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.1 ശതമാനമായി. പ്രതീക്ഷ മൂന്നു ശതമാനമായിരുന്നു. സർവേകൾ കാണിക്കുന്നത് സെപ്റ്റംബറിൽ പലിശ കുറയ്ക്കാനുള്ള സാധ്യത 94 ശതമാനമായി കയറി എന്നാണ്. ഒക്ടോബറിലും ഡിസംബറിലും കൂടി നിരക്കു കുറയ്ക്കാൻ 67 ശതമാനം സാധ്യത കാണുന്നു.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 483.52 പോയിൻ്റ് (1.10%) ഉയർന്ന് 44,458.61 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 72.31 പോയിൻ്റ് (1.13%) നേട്ടത്തോടെ 6445.76 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 296.50
പോയിൻ്റ് (1.39%) കുതിച്ച് 21,681.90 ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് വിപണി ഇന്നു നേട്ടത്തിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.51 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെെ സൂചിക 1.35 ശതമാനം ഉയർന്നു റെക്കോർഡ് കുറിച്ചു. ദക്ഷിണ കൊറിയൻ സൂചിക ഒരു ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക ഇടിഞ്ഞു. ഹോങ് കോങ്, ചൈനീസ് വിപണികളും കയറ്റത്തിലാണ്.
യുക്രെയ്ൻ യുദ്ധവിരാമ സാധ്യതയും ചില്ലറവിലക്കയറ്റം കുറയുമെന്ന സൂചനയും ഇന്നലെ രാവിലെ ഇന്ത്യൻ വിപണിയെ ഉയർത്തി. എന്നാൽ പിന്നീടു വിപണി നഷ്ടത്തിലേക്കു മാറി. രാവിലത്തെ ഉയർച്ചയിൽ നിന്ന് നിഫ്റ്റി 237 ഉം സെൻസെക്സ് 830 ഉം പോയിൻ്റ് താഴെ വരെ എത്തി. സ്വകാര്യ ബാങ്കുകളും ധനകാര്യ കമ്പനികളും റിയൽറ്റിയും കൺസ്യൂമർ ഡ്യൂറബിൾസുമാണു താഴ്ചയ്ക്കു മുന്നിൽ നിന്നത്. ഓട്ടോയും ഐടിയും ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ഉയർന്നു.
നിഫ്റ്റി 97.65 പോയിൻ്റ് (0.40%) താഴ്ന്ന് 24,487.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 368.49 പോയിൻ്റ് (0.41%) കുറഞ്ഞ് 80,235.59 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 467.05 പോയിൻ്റ് (0.84%) നഷ്ടത്തോടെ 55,043.70 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 154.15 പോയിൻ്റ് (0.27%) താഴ്ന്ന് 56,324.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 6.40 പോയിൻ്റ് (0.04%) കയറി 17,498.10 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഒപ്പത്തിനൊപ്പം നിന്നു. ബിഎസ്ഇയിൽ 2022 ഓഹരികൾ ഉയർന്നപ്പോൾ 2033 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1421 എണ്ണം. താഴ്ന്നത് 1542 ഓഹരികൾ.
എൻഎസ്ഇയിൽ 49 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 77 എണ്ണമാണ്. 97 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 45 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 3398.80 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3507.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിയുടെ മൊമൻ്റം സൂചകങ്ങൾ ദുർബലമായി മാറി. നിഫ്റ്റി 24,700 ലെ തടസം മറികടക്കുന്നതിൽ പരാജയപ്പെട്ടു പിന്മാറി. 24,700 - 24,850 മേഖല മറികടന്നാലേ മുന്നേറ്റം സാധ്യമാകൂ. ഇന്നു നിഫ്റ്റിക്ക് 24,460 ഉം 24,400 ഉം പിന്തുണയാകും. 24,635 ലും 24,700 ലും തടസം ഉണ്ടാകാം.
കൊച്ചിൻ ഷിപ്പ് യാർഡ് വരുമാനം 38.5 ശതമാനം കൂടിയപ്പോൾ പ്രവർത്തനലാഭം 35.7 ശതമാനം ഉയർന്നു. എന്നാൽ അറ്റാദായം 7.9 ശതമാനമേ കൂടിയുള്ളൂ.
ഹിൻഡാൽകോ ഒന്നാം പാദത്തിൽ വരുമാനം 13 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 30 ശതമാനം കുതിച്ച് 4004 കോടി രൂപയായി.
അപ്പോളോ ഹോസ്പിറ്റൽസ് ഒന്നാം പാദത്തിൽ വിറ്റുവരവ് 14.9 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 41.8 ശതമാനം കുതിച്ചു.
നൈക (എഫ്എസ്എൻഇ കൊമേഴ്സ് വെഞ്ചേഴ്‌സ്) വിറ്റുവരവ് 23.4 ശതമാനം കൂടിയപ്പോൾ അറ്റാദായം 79.4 ശതമാനം കുതിച്ചുയർന്നു. ഹോനസ കൺസ്യൂമർ ഒന്നാം പാദ വരുമാനം 7.4 ശതമാനം വർധിച്ചപ്പോൾ അറ്റാദായ വർധന 2.6 ശതമാനം മാത്രമായി.
സുസ്‌ലോൺ എനർജിയുടെ വിറ്റുവരവ് 55 ശതമാനം കൂടി 3132 കോടി രൂപ എത്തിയപ്പോൾ അറ്റാദായം 7.3 ശതമാനം മാത്രം വർധിച്ച് 324.3 കോടി രൂപയായി. 134.9 കോടി രൂപയുടെ നികുതി വന്നതാണു നഷ്ടം കുറയാൻ കാരണമായി കമ്പനി പറയുന്നത്. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹിമാംശു മോദി രാജിവച്ചു.
ജിൻഡൽ സ്‌റ്റീൽ ആൻഡ് പവറിൻ്റെ വരുമാനം 9.7 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 11.8 ശതമാനം വർധിച്ചു.
ഓയിൽ ഇന്ത്യയുടെ വരുമാനം 2.4 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 0.56 ശതമാനം കൂടി.
കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത എൻഎസ്ഡിഎൽ ഒന്നാം പാദത്തിൽ വരുമാനം 7.5 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 15.2 ശതമാനം വർധിപ്പിച്ചു.
യുഎസ് ചില്ലറ വിലക്കയറ്റം താഴ്ന്നതു പലിശ കുറയ്ക്കലിനു സഹായകമാണ്. എങ്കിലും സ്വർണവില കുതിപ്പിനില്ല. പകരം ഇഴഞ്ഞ കയറ്റമാണ് ഇന്നലെ കണ്ടത്. സ്വർണം ഏഴു ഡോളർ കൂടി ഔൺസിന് 3350.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 3354.60 ഡോളറിൽ എത്തിയെങ്കിലും 3347.10 ലേക്കു താഴ്ന്നു. പിന്നീടു കയറി.
കേരളത്തിൽ ചൊവ്വാഴ്ച പവൻവില 640 രൂപ ഇടിഞ്ഞ് 74,360 രൂപയായി.
വെള്ളിവില ഔൺസിന് 37.95 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ മിക്കതും ചൊവ്വാഴ്ച ഉയർന്നു. ചെമ്പ് 0.18 ശതമാനം കയറി ടണ്ണിന് 9661.40 ഡോളറിൽ എത്തി. അലൂമിനിയം 1.58 ശതമാനം കുതിച്ച് 2628.35 ഡോളർ ആയി. സിങ്കും ലെഡും ടിന്നും ഉയർന്നപ്പോൾ നിക്കൽ താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 1.13 ശതമാനം കയറി 170.50 സെൻ്റിൽ എത്തി.
കൊക്കോ 0.60 ശതമാനം താഴ്ന്നു ടണ്ണിന് 8725.55 ഡോളർ ആയി.
കാപ്പി ഇന്നലെ 1.56 ശതമാനം താഴ്ന്നു. തേയില വില 2.06 ശതമാനം കുറഞ്ഞു. പാം ഓയിൽ വില 0.37 ശതമാനം കയറി.
ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 98.10 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.05 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.1677 ഡോളറിലേക്കും പൗണ്ട് 1.3499 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.77 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.29 ശതമാനമായി.
ഡോളർ വ്യാപാരത്തിനിടെ കയറിയതു രൂപയെ വീണ്ടും ദുർബലമാക്കി ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിരക്കിൽ എത്തിച്ചു. ഇന്നലെ രാവിലെ രൂപ നഷ്ടത്തിൽ ആണു വ്യാപാരം തുടങ്ങിയത്. ചാഞ്ചാട്ടത്തിനു ശേഷം ഡോളർ അഞ്ചു പൈസ നേട്ടത്തോടെ 87.71 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു കയറി.
ക്രൂഡ് ഓയിൽ ചൊവ്വാഴ്ച നാമമാത്രമായി താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 66.12 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 66.14 ഡോളറിലും ഡബ്ള്യുടിഐ 63.13 ഡോളറിലും മർബൻ ക്രൂഡ് 68.32 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.50 ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ തിരിച്ചു കയറുകയാണ്. ബിറ്റ് കോയിൻ 1.20 ലക്ഷം ഡോളർ കടന്നു നിൽക്കുന്നു. ഈഥർ എട്ടു ശതമാനം കുതിച്ച് 4600 ഡോളറിനു തൊട്ടുതാഴെ എത്തി.
(2025 ഓഗസ്റ്റ് 12, ചൊവ്വ)
സെൻസെക്സ്30 80,235.59 -0.46%
നിഫ്റ്റി50 24,487.40 -0.40%
ബാങ്ക് നിഫ്റ്റി 55,043.70 -0.84%
മിഡ് ക്യാപ്100 56,324.85 -0.27%
സ്മോൾക്യാപ്100 17,498.10 +0.04%
ഡൗജോൺസ് 44,458.61 +1.10%
എസ്ആൻഡ്പി 6445.76 +1.13%
നാസ്ഡാക് 21,681.90 +1.39%
ഡോളർ($) ₹87.71 +₹0.05
സ്വർണം(ഔൺസ്) $3350.90 +$07.00
സ്വർണം(പവൻ) ₹74,360 -₹640
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.12 -$0.51
Read DhanamOnline in English
Subscribe to Dhanam Magazine