വിപണി മനോഭാവം മാറുന്നു; വിലക്കയറ്റത്തിൽ ആശ്വാസം; വ്യവസായ വളർച്ചയിൽ ഇടിവ്; യുഎസ് വിലക്കയറ്റം കൂടി; ഏഷ്യൻ വിപണികൾ കയറി

സ്വര്‍ണ വില കയറിയ ശേഷം താഴ്ന്നു; തിരിച്ചു കയറാന്‍ ശ്രമിച്ച് രൂപ; ക്രിപ്‌റ്റോകള്‍ക്ക് നേട്ടം ക്രൂഡ് വില ഇടിഞ്ഞു
TCM, Morning Business News
Morning business newscanva
Published on

ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസം, വ്യവസായ  ഉൽപാദനത്തിൽ നിരാശ. ഇന്നലെ പുറത്തുവന്ന സാമ്പത്തിക സൂചകങ്ങൾ ഭിന്ന ദിശകളിലായി. അമേരിക്കയിൽ ചില്ലറ വിലക്കയറ്റം കൂടിയത് അവിടെ വിപണിയെ താഴ്ത്തിയെങ്കിലും ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പിലായി. ഇതെല്ലാം ഇന്ന് ഇന്ത്യൻ വിപണിയുടെ മനോഭാവം മാറ്റി നേട്ടത്തിനു വഴി തെളിക്കും എന്നു പ്രതീക്ഷയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വാഷിംഗ്ടണിൽ നടത്തുന്ന ചർച്ച നിർണായകമാണ്. യുഎസ് ഉൽപന്നങ്ങൾക്കു ചുങ്കം കുറയ്ക്കുന്നവരോടു യുഎസും സൗജന്യം കാണിക്കുമെന്ന ട്രംപിൻ്റെ സൂചനയിൽ ഇന്ത്യ വലിയ പ്രതീക്ഷ വച്ചിട്ടുണ്ട്.

ഭക്ഷ്യവിലകൾ കുറഞ്ഞതിനെ തുടർന്ന് ജനുവരിയിലെ ചില്ലറ വിലക്കയറ്റം അഞ്ചു മാസത്തെ താഴ്ന്ന നിലയായ 4.3 ശതമാനത്തിൽ എത്തി. അതേസമയം ഡിസംബറിലെ വ്യവസായ ഉൽപാദന സൂചിക 3.2 ശതമാനം മാത്രം വളർന്നു. നവംബറിൽ അഞ്ചു ശതമാനം വളർന്നതാണ്.  

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,072 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,140 ആയി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച നേട്ടത്തോടെ അവസാനിച്ചു. ജർമൻ ബിയർ കമ്പനി ഹൈനകെൻ പ്രതീക്ഷയിലും മികച്ച ലാഭവർധന കാണിക്കുകയും 150 കോടി യൂറോയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിക്കുകയും ചെയ്തത് ഓഹരിയെ 14 ശതമാനം ഉയർത്തി.

യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയേക്കാൾ കൂടിയതിനെ തുടർന്ന് തുടക്കത്തിൽ ഒരു ശതമാനം ഇടിഞ്ഞ വിപണി സൂചികകൾ അര ശതമാനം നഷ്ടത്തിൽ അവസാനിച്ചു. ജനുവരിയിലെ ചില്ലറ വിലക്കയറ്റം മൂന്നു ശതമാനമായി ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.3 ശതമാനമായി. പലിശ കുറയ്ക്കൽ വെെകും എന്ന് ഉറപ്പായതോടെ ആമസാേൺ, ആൽഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാർ താണു. യുഎസ് സാധനങ്ങൾക്കു ചുങ്കം കുറയ്ക്കുന്ന രാജ്യങ്ങളിൽ നിന്ന് ഔഷധങ്ങളും വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിനു ചുങ്കം കുറയ്ക്കാൻ പ്രസിഡൻ്റ് ട്രംപ് ഉദ്ദേശിക്കുന്നതായ റിപ്പോർട്ട് വാഹന, ഔഷധ ഓഹരികളെ ഉയർത്തി. ഇന്നു തൊഴിലില്ലായ്മാ അപേക്ഷകളുടെയും മൊത്തവിലകളുടെയും കണക്ക് പുറത്തു വിടും.

ഡൗ ജോൺസ് സൂചിക 225.09 പോയിൻ്റ് (0.50%) താഴ്ന്ന് 44,368.56 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 16.53 പോയിൻ്റ് (0.27%) നഷ്ടത്തോടെ 6051.97 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 6.09 പോയിൻ്റ് (0.03%) കയറി 19,649.95 ൽ ക്ലാേസ് ചെയ്തു. 

ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.17 ഉം  എസ് ആൻഡ് പി 500 സൂചിക 0.19 ഉം നാസ്ഡാക്  0.41 ഉം ശതമാനം കയറി. 

മിക്ക ഏഷ്യൻ വിപണികളും രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കൈ ഒരു ശതമാനത്തിലധികം കയറി. ഇന്നലെ മികച്ച കുതിപ്പ് നടത്തിയ ചൈനീസ് ഓഹരികൾ ഇന്നു നേട്ടം തുടർന്നു.

ഇന്ത്യൻ വിപണി ഇടിഞ്ഞിട്ടു കയറി

ട്രംപിൻ്റെ ചുങ്കം ഭീഷണിയിൽ ഉലയുന്ന ഇന്ത്യൻ വിപണി തുടർച്ചയായ ആറാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ ഇന്നലെ വിപണി രാവിലെ വലിയ താഴ്ചയിലേക്കു പോയിട്ടു പിന്നീടു തിരികെ നേട്ടത്തിലായ ശേഷമാണു നാമമാത്ര നഷ്ടത്തിൽ അവസാനിച്ചത്. സെൻസെക്സ് 75,388 വരെ താഴുകയും 76,460 വരെ കയറുകയും ചെയ്തു. നിഫ്റ്റി 22,798 മുതൽ 23,144 വരെ ഇറങ്ങിക്കയറി.

 മുഖ്യ സൂചികകൾ ഇന്നലെ നാമമാത്രമായി താഴ്ന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കാൽ ശതമാനം ഇടിവിലായി. ബാങ്ക് നിഫ്റ്റി ഉയർന്നു.

റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, മീഡിയ, ഐടി മേഖലകൾ ഇന്നലെ താഴ്ന്നു. മെറ്റൽ, ധനകാര്യ മേഖലകൾ ഉയർന്നു.

ബുധനാഴ്ച നിഫ്റ്റി 26.55 പോയിൻ്റ് (0.12%) താഴ്ന്ന് 23,045.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 122.52 പോയിൻ്റ് (0.16%) കുറഞ്ഞ് 76,171.08 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 76.05 പോയിൻ്റ് (0.15%) കയറി 49,479.45 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.26 ശതമാനം താഴ്ന്ന് 50,756.40 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.26 ശതമാനം നഷ്ടത്തോടെ 16,033.00 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 4969.30 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 5929.24 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ജനുവരിയിലും രാജ്യത്തു മൂച്വൽ ഫണ്ടുകളിലേക്കു നിക്ഷേപം നല്ല തോതിൽ ഒഴുകിയെത്തി. 39,688 കോടി രൂപ വിവിധ ഫണ്ടുകളിൽ എത്തിയെന്ന് ആംഫിയുടെ കണക്ക് കാണിക്കുന്നു. ഡിസംബറിനെ അപേക്ഷിച്ചു 3.56 ശതമാനം കുറവാണിത്.

കൊട്ടക് മഹീന്ദ്ര ബാങ്കിന് ക്രെഡിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ് കാര്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചു

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 1477 ഓഹരികൾ ഉയർന്നപ്പോൾ 2504 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1154 എണ്ണം ഉയർന്നു, താഴ്ന്നത് 1685 എണ്ണം. നിഫ്റ്റി ദുർബലമായാൽ 22,800- 22,700 മേഖലയിലാണ് പിന്തുണ ലഭിക്കുക എന്ന സാഹചര്യം നിലനിൽക്കുന്നു. ഉയരുന്ന പക്ഷം 23,300 ൽ തടസം നേരിടാം. നിഫ്റ്റിക്ക് ഇന്ന് 22,870 ലും 22,780ലും പിന്തുണ കിട്ടാം. 23,130 ഉം 23,210 ഉം തടസങ്ങളാകാം

റിസൽട്ടുകൾ

മണപ്പുറം ഫിനാൻസ്, ഹിൻഡാൽകോ, ഇപ്കാ ലബോറട്ടറീസ്, ഗോഡ്ഫ്രേ ഫിലിപ്സ്, ദീപക് നെെട്രൈറ്റ്, അഫ്കോൺസ് ഇൻഫ്രാ, ആൻസൽ ഹൗസിംഗ്, എസ്ജെവിഎൻ, യുനൈറ്റഡ് ബ്രൂവറീസ് തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിക്കും.

മുത്തൂറ്റ് ഫിനാൽസിന് അറ്റ പലിശ വരുമാനം 42.8 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 32.7 ശതമാനം ഉയർന്നു.

ഹോനസ കൺസ്യൂമർ വരുമാനം ആറു ശതമാനം കൂടിയപ്പോൾ ലാഭം അര ശതമാനം മാത്രം വർധിച്ചു.

ഭാരത് ഫോർജിൻ്റെ വരുമാനം 7.4 ഉം ലാഭം 8.4 ഉം ശതമാനം താഴ്ന്നു. ഡ്രോണുകളും മറ്റും നിർമിക്കാൻ വേദ ഏറനാേട്ടിക്സുമായി ഭാരത് ഫോർജ് സഹകരിക്കും.

പി എൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ് വരുമാനം 23.5 ശതമാനം കൂടിയപ്പോൾ അറ്റദായം 49.4 ശതമാനം കുതിച്ചു. 

ലാൻഡ് മാർക്ക് കാർസിൻ്റെ വരുമാനം 24.6 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 37.7 ശതമാനം ഇടിഞ്ഞു.

ബാലാജി അമൈൻസ് വരുമാനം 18.4 ശതമാനവും അറ്റാദായം 32.8  ശതമാനവും ഇടിവിലായി.

സ്വർണം കയറി, താഴ്ന്നു

സ്വർണവില ഇന്നലെയും ചാഞ്ചാടി. ഏപ്രിൽ അവധിവില ഓൺസിന് 2968.50 ഡോളർ വരെ കയറിയിട്ട് 2907 വരെ ഇടിഞ്ഞു. ഒടുവിൽ 2926.50 ൽ ക്ലോസ് ചെയ്തു. സ്പോട്ട് വില ചാഞ്ചാട്ടങ്ങൾക്കു ശേഷം 2904.60 ഡോളറിൽ അവസാനിച്ചു.

സ്വർണം വാങ്ങിക്കൂട്ടാൻ നിക്ഷേപ ട്രസ്റ്റുകളും രംഗത്തുണ്ട്. ചൈനയുടെയും റഷ്യയുടെയും കേന്ദ്ര ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലും സ്വർണബാറുകൾക്കു ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുണ്ട്. അതിസമ്പന്നർ ഗണ്യമായ സമ്പാദ്യം സ്വർണത്തിലേക്കു മാറ്റുന്നു എന്നാണു നിഗമനം. രാജ്യാന്തര സാഹചര്യം കലുഷമായതാണു കാരണം. 

കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 560 രൂപ കുറഞ്ഞ് 63,520 രൂപയായി. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞാൽ  ഇന്നു വില കയറാം   

വെള്ളിവില ഔൺസിന് 32.18 ഡോളർ ആയി.

രൂപ വീണ്ടും താഴ്ന്നു

ചൊവ്വാഴ്ച ശക്തമായ തിരിച്ചു കയറ്റം നടത്തിയ രൂപ ഇന്നലെ വീണ്ടും താഴ്ചയിലായി. റിസർവ് ബാങ്ക് ഉദ്ദേശിച്ചതുപോലെ കയറ്റുമതിക്കാർ ഡോളർ ഇറക്കുകയോ ഊഹക്കച്ചവടക്കാർ ഷോർട്ട് പൊസിഷനുകൾ കുറയ്ക്കുകയോ ചെയ്തില്ല.

രാവിലെ 87.50 രൂപ വരെ താഴ്ന്ന ഡോളർ പിന്നീട് 86.89 രൂപ വരെ കയറി ക്ലോസ് ചെയ്തു. നേട്ടം ആറു പൈസ.

ഇന്നലെയും ചാഞ്ചാടിയ ഡോളർ  സൂചിക 107.94 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.96 വരെ കയറി.

യുഎസ് കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം കൂടി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.54 ൽ നിന്ന് 4.63 ശതമാനത്തിലേക്കു കയറി. യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതലായതാണു കാരണം. ഇതോടെ സെപ്റ്റംബറിനു മുൻപു പലിശനിരക്ക് കുറയില്ലെന്ന നിഗമനത്തിലേക്കു വിപണി മാറി. യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ പലിശ കുറയ്ക്കൽ നീണ്ടു പോകും എന്നു യുഎസ് സെനറ്റിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

ക്രൂഡ് ഓയിൽ ഇടിഞ്ഞു

ക്രൂഡ് ഓയിൽ കയറ്റം അവസാനിപ്പിച്ച് ഇറക്കത്തിലായി. യുഎസിൽ സ്റ്റോക്ക് നില അപ്രതീക്ഷിതമായി വർധിച്ചതാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 77 ഡോളറിൽ നിന്നു രണ്ടരശതമാനം ഇടിഞ്ഞ് 74.97 ഡോളറിൽ എത്തി. ഇന്നു രാവിലെ 74.82 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 71.05 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.29 ഡോളറിലേക്കു കയറി. 

ക്രിപ്റ്റോകൾ ഉയർന്നു

ക്രിപ്റ്റോ കറൻസികൾ  വീണ്ടും കയറ്റത്തിലായി. ബിറ്റ് കോയിൻ ഇന്നലെ 97,700 ഡോളറിനു മുകളിലായി. ഈഥർ വില 2750 ഡോളറിലേക്കു കയറി. വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 1.14 ശതമാനം ഉയർന്ന് ടണ്ണിന് 9344.29 ഡോളറിലെത്തി. അലൂമിനിയം 0.52 ശതമാനം കുറഞ്ഞ് 2623.90 ഡോളർ ആയി. ലെഡ് 0.89 ശതമാനം താഴ്ന്നു. ടിൻ 2.23 ഉം നിക്കൽ 0.17 ഉം സിങ്ക് 1.87 ഉം ശതമാനം ഉയർന്നു.

വിപണി സൂചനകൾ

(2024 ഫെബ്രുവരി 12, ബുധൻ)
സെൻസെക്സ് 30       76,171.08      -0.16%

നിഫ്റ്റി50      23,045.25          -0.12%

ബാങ്ക് നിഫ്റ്റി    49,479.45     +015%

മിഡ് ക്യാപ് 100    50,756.40   -0.26%

സ്മോൾ ക്യാപ് 100    16,033.00   -0.26%

ഡൗ ജോൺസ്    44,368.60      -0.50%

എസ് ആൻഡ് പി    6051.97     -0.27%

നാസ്ഡാക്     19,649.90      +0.03%

ഡോളർ($)         ₹86.89       +₹0.06

ഡോളർ സൂചിക   107.94     -0.02
സ്വർണം (ഔൺസ്)   $2904.60   +$07.00

സ്വർണം(പവൻ)  ₹63,520                  -₹560.00 

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ     $74.97   -$02.03

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com