ഇറാനിൽ ഇസ്രയേൽ ആക്രമണം; വിപണികൾ ഇടിയുന്നു; ക്രൂഡ് ഓയിൽ 75 ഡോളറിലേക്ക്; സ്വർണം കുതിച്ചു

ഏഷ്യൻ ഓഹരി സൂചികകളും യുഎസ് ഫ്യൂച്ചേഴ്സും ഇടിഞ്ഞു. ഇന്ത്യൻ വിപണിയും ഇന്നു താഴ്ന്ന തുടക്കുമാണു പ്രതീക്ഷിക്കുന്നത്
Morning business news
Morning business newsCamva
Published on

ഇസ്രയേൽ ഇറാനെ ആക്രമിച്ച സാഹചര്യത്തിൽ വിപണികൾ വലിയ ആശങ്കയിലായി. ക്രൂഡ് ഓയിൽ വില പത്തു ശതമാനത്തോളം ഉയർന്നു. സ്വർണം പുതിയ റെക്കോർഡ് കുറിക്കാൻ ഒരുങ്ങുന്നു. ഏഷ്യൻ ഓഹരി സൂചികകളും യുഎസ് ഫ്യൂച്ചേഴ്സും ഇടിഞ്ഞു. ഇന്ത്യൻ വിപണിയും ഇന്നു താഴ്ന്ന തുടക്കുമാണു പ്രതീക്ഷിക്കുന്നത്.

ഇന്നു പുലർച്ചെ (ഇന്ത്യൻ സമയം) ഇസ്രയേൽ ഇറാൻ്റെ തലസ്ഥാനമായ ടെഹറാനിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആണവകേന്ദ്രങ്ങളിലും ചില സൈനിക താവളങ്ങളിലും ആക്രമണം നടത്തി. നാശനഷ്ടങ്ങളുടെ കണക്കോ ഏതെങ്കിലും പ്രമുഖർ വധിക്കപ്പെട്ടോ എന്നും അറിവായിട്ടില്ല. ഇറാൻ്റെ പ്രതികരണമോ പ്രത്യാക്രമണമോ ആദ്യത്തെ മൂന്നു മണിക്കൂറിനുള്ളിൽ ഉണ്ടായില്ല. ഇറാനിലെ നേതാക്കളെ വധിക്കാൻ ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നു. ആക്രമണ ശേഷം ഇസ്രേലി മന്ത്രിമാരും സേനാമേധാവികളും സുരക്ഷിത താവളങ്ങളിലേക്കു മാറി. ആക്രമണത്തിൽ തങ്ങൾ ബന്ധപ്പെട്ടിട്ടില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,997.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,670 ലേക്കു താഴ്ന്നു. പിന്നീട് അൽപം തിരിച്ചു കയറി. വിപണി ഇന്നു കനത്ത നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും താഴ്ന്നു ക്ലോസ് ചെയ്തു. യുകെയിൽ ഏപ്രിൽ മാസത്തെ ജിഡിപി 0.3 ശതമാനം ചുരുങ്ങി. 0.1 ശതമാനമാണു പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഗവണ്മെൻ്റ് പ്രഖ്യാപിച്ച വമ്പൻ ചെലവ് വർധനയെ കണക്കാക്കി യുകെ ഓഹരികൾ ഉയർന്നു. 

യുഎസ് വിപണി വ്യാഴാഴ്ച മികച്ച നേട്ടത്തിൽ അവസാനിച്ചു. ഓറക്കിൾ നിരീക്ഷകരുടെ കണക്കുകൂട്ടൽ മറികടന്ന വരുമാന -ലാഭ വർധന കാണിച്ചത് വിപണിയെ ഉയർത്തി. ഓറക്കിൾ ഓഹരി 13.3 ശതമാനം കുതിച്ചു. വിമാന ദുരന്തത്തെ തുടർന്നു ബോയിംഗ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

യുഎസിലെ മൊത്തവിലക്കയറ്റം മേയിൽ 0.1 ശതമാനമേ വർധിച്ചുള്ളു. 0.2 ശതമാനം വർധന പ്രതീക്ഷിച്ചതാണ്.

ഇതിനിടെ മറ്റു രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയാലും ഇല്ലെങ്കിലും ചുമത്താൻ പോകുന്ന ചുങ്കം നിരക്ക് അറിയിച്ചു കൊണ്ടു രണ്ടാഴ്ചയ്ക്കകം താൻ കത്തുകൾ അയയ്ക്കും എന്നു പ്രസിഡൻ്റ് ട്രംപ് അറിയിച്ചു. കരാറിലെത്താനായി കൂടുതൽ സമയം നൽകുമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞത് ഇതോടെ അപ്രസക്തമായി.

ചൈനയുമായുള്ള ധാരണയിൽ അമേരിക്ക വലിയ വിട്ടുവീഴ്ച നടത്തി എന്നാണു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. പുതിയ വിമാനങ്ങൾക്കു വേണ്ട സാങ്കേതികവിദ്യയും നൂതന ചിപ് ഡിസൈൻ സങ്കേതങ്ങളും മിസൈൽ നിർമാണവുമായി ബന്ധപ്പെട്ട പദാർഥങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം മാറ്റാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. യുഎസ് സർവകലാശാലകളിൽ 

ചൈനീസ് വിദ്യാർഥികളുടെ പ്രവേശനമടക്കമുള്ള കാര്യങ്ങളിലെ വിലക്കും മാറ്റും. ചൈന അപൂർവധാതുക്കളും അവയുടെ കാന്തങ്ങളും നൽകാൻ ആറുമാസ കരാറേ നൽകൂ എന്നതിൽ ഉറച്ചുനിൽക്കുന്നു. ആറു മാസം കഴിഞ്ഞു വീണ്ടും പ്രശ്നം ഉണ്ടാകാം എന്നു വ്യക്തം.

ഇതെല്ലാം യുഎസ് ഓഹരികളുടെ കയറ്റം ഇന്നലെ പരിമിതപ്പെടുത്തി. ഡൗ ജോൺസ് സൂചിക ഇന്നലെ വെറും 101.85 പോയിൻ്റ് (0.24%) കയറി 42,967.62 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 23.02 പോയിൻ്റ് (0.38%) നേട്ടത്തോടെ 6045.26 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 46.61 പോയിൻ്റ് (0.24%) ഉയർന്ന് 19,662.48 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 1.50 ഉം  എസ് ആൻഡ് പി 1.62 ഉം  നാസ്ഡാക് 1.71 ഉം ശതമാനം താഴ്ചയിലാണ്. 

ഇറാനിലെ ഇസ്രേലി ആക്രമണത്തെ തുടർന്ന് ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ ഒന്നര ശതമാനം താഴ്ന്നു. ചൈനീസ് സൂചികകളും നഷ്ടത്തിലാണ്.

ഇന്ത്യൻ വിപണി ഇടിവിൽ

ഇറാൻ - ഇസ്രയേൽ-യുഎസ് സംഘർഷഭീഷണി അടക്കമുള്ള വിഷയങ്ങൾ ഇന്നലെ ഇന്ത്യൻ വിപണിയെ താഴ്ത്തി. വ്യാപാരകരാർ ചർച്ചകൾ തീർന്നാലും ഇല്ലെങ്കിലും രണ്ടാഴ്ചയ്ക്കകം താൻ എല്ലാ രാജ്യങ്ങൾക്കുമുള്ള ചുങ്കം ഏകപക്ഷീയമായി പ്രഖ്യാപിക്കും എന്ന യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവനയും എയർ ഇന്ത്യ വിമാനദുരന്തവും വിപണി മനോഭാവത്തെ താഴോട്ടു നയിച്ചു.

നാമമാത്രമായി കയറിയ ഹെൽത്ത് കെയർ മേഖലയും നാമമാത്രമായി താഴ്ന്ന ഫാർമസ്യൂട്ടിക്കൽ മേഖലയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ താഴ്ന്നു. റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ - ഗ്യാസ്, ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകൾ കൂടുതൽ ഇടിഞ്ഞു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ വലിയ ഇടിവിലായി.

വ്യാഴാഴ്ച നിഫ്റ്റി 253.20  പോയിൻ്റ് (1.01%) താഴ്ന്ന് 24,888.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 823.16 പോയിൻ്റ് (1.00%) ഇടിഞ്ഞ് 81,691.98 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 377.20 പോയിൻ്റ് (0.67%) താഴ്ന്ന് 56,082.55 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 947.30 പോയിൻ്റ് (1.60 ശതമാനം) നഷ്ടത്തോടെ 58,440.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 333.70 പോയിൻ്റ് (1.78 ശതമാനം) ഇടിഞ്ഞ് 18,465.05 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1226 ഓഹരികൾ ഉയർന്നപ്പോൾ 2780

ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 782 എണ്ണം. താഴ്ന്നത് 2111 ഓഹരികൾ.

എൻഎസ്ഇയിൽ 56 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 18 എണ്ണമാണ്. 91 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 41 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 3831.42 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 9393.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റി കഴിഞ്ഞ ദിവസങ്ങളിലെ നേട്ടങ്ങൾ നഷ്ടപ്പെടുത്തി. ഒരാഴ്ച മുൻപ് എത്തിയ 24,670 നു താഴേക്കു വീണ്ടും പോകുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്. 24,800 നിഫ്റ്റിക്കു പിന്തുണയായി നിൽക്കുന്നുണ്ട്. 25,000 വലിയ പ്രതിരോധം ചമയ്ക്കുന്നു. ഇന്നു  നിഫ്റ്റിക്ക് 24,825 ഉം 24,740 ഉം പിന്തുണയാകും. 25,100 ലും 25,200 ലും തടസം ഉണ്ടാകാം.

സ്വർണം കുതിച്ചു

ഇസ്രയേൽ- ഇറാൻ സംഘർഷവും ഡോളർ ദൗർബല്യവും സ്വർണവിലയെ കുത്തനേ കയറ്റി. അവധിവില ഔൺസിന് 3451 ഡോളർ വരെ എത്തി. സ്പോട്ട് വില 3435 ഡോളർ വരെ എത്തിയ ശേഷം താഴ്ന്ന് 3430 ലായി. ഇന്നലെ 3386.12 ഡോളറിൽ ക്ലോസ് ചെയ്തിരുന്നതാണ്. 

കേരളത്തിൽ സ്വർണം ഇന്നലെ പവന് 640 രൂപ വർധിച്ച്  72,800 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കൂടും.

കഴിഞ്ഞ ദിവസം റെക്കോർഡ് കുറിച്ച വെള്ളിവില ഇന്ന് ഔൺസിന് 36.28 ഡോളറിലാണ്.

വ്യാഴാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും താഴ്ന്നു. ചെമ്പ് 0.50 ശതമാനം കയറി ടണ്ണിന് 9778.65 ഡോളറിൽ എത്തി. അലൂമിനിയം 0.33 ശതമാനം താഴ്ന്ന് 2509.60 ഡോളർ ആയി. ലെഡ് ഉയർന്നപ്പോൾ നിക്കൽ, സിങ്ക്, ടിൻ എന്നിവ താഴ്ന്നു.

  റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 2.14 ശതമാനം താഴ്ന് 160 സെൻ്റ് ആയി. കൊക്കോ 2.30 ശതമാനം കയറി ടണ്ണിന് 9800.86 ഡോളറിൽ എത്തി. കാപ്പി 0.96 ശതമാനം താഴ്ന്നപ്പോൾ തേയില 0.88 ശതമാനം കയറി.

ഡോളർ ഇടിഞ്ഞു

യുഎസ് ഡോളർ വീണ്ടും താഴ്ചയിലായി. ഡോളർ സൂചിക താഴ്ന്ന് 97.92 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.14 ലാണ്.

കറൻസി വിപണിയിൽ ഡോളർ മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. യൂറോ 1.16 ഡോളറിലേക്കു കയറി. പൗണ്ട് 1.367 ഡോളറിൽ എത്തി. ജാപ്പനീസ് യെൻ ഡോളറിന് 142.89 യെൻ എന്ന നിരക്കിലേക്ക് കയറി. ഇന്നു രാവിലെ ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഡോളർ അൽപം കയറി.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി. വ്യാഴാഴ്ച അവയിലെ നിക്ഷേപനേട്ടം 4.328 ശതമാനത്തിലേക്കു താഴ്ന്നു. 

വ്യാഴാഴ്ച രൂപ അൽപം താഴ്ന്നു. ഡോളർ ഒൻപതു പൈസ കയറി 85.60 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.19 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കുതിപ്പിൽ

യുഎസ് - ഇറാൻ സംഘർഷ സാധ്യത ക്രൂഡ് ഓയിലിനെ പത്തു ശതമാനത്താേളം ഉയർത്തി. ബാരലിന് 76 ഡോളർ കടന്ന ബ്രെൻ്റ് വില പിന്നീട് അല്പം താഴ്ന്നു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ ബാരലിന് 75.85 ഉം ഡബ്ല്യുടിഐ ഇനം 74.16 ഉം മർബൻ ക്രൂഡ് 75.73 ഉം ഡോളറിലാണ്.  

ക്രിപ്റ്റോ കറൻസികൾ  താഴ്ന്നു. ബിറ്റ് കോയിൻ 1,03,400 ഡോളറിനടുത്താണ്. ഈഥർ 2500 ഡോളറിലേക്ക് ഇറങ്ങി. 

വിപണിസൂചനകൾ

(2025 ജൂൺ 12, വ്യാഴം)

സെൻസെക്സ്30   81,691.9     -1.00%

നിഫ്റ്റി50       24,888.20          -1.01%

ബാങ്ക് നിഫ്റ്റി   56,082.55       -0.67%

മിഡ് ക്യാപ്100   58,440.85     -1.60%

സ്മോൾക്യാപ്100  18,465.05     -1.78%

ഡൗജോൺസ്   42,967.60      +0.24%

എസ്ആൻഡ്പി   6045.26      +0.38%

നാസ്ഡാക്      19,662.50        +0.24%

ഡോളർ($)     ₹85.60          +₹0.09

സ്വർണം(ഔൺസ്) $3386.12   +$17.92

സ്വർണം(പവൻ)    ₹72,800      +₹640

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.36    -$0.15

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com