
യുദ്ധവിരാമത്തിൻ്റെയും വ്യാപാരയുദ്ധം തീരുന്നതിൻ്റെയും ആവേശം കഴിഞ്ഞു. ഇനി യാഥാർഥ്യത്തിലേക്കു തിരിച്ചു വരും. ഒപ്പം ലാഭമെടുക്കലും ഉണ്ടാകും. ഇന്നു വിപണി താഴ്ന്നു തുടങ്ങി സമാഹരണത്തിലേക്കു നീങ്ങാം.
അമേരിക്ക - ചൈന വ്യാപാരസന്ധി ഇന്ത്യക്കു ഗുണവും ദോഷവും ഉണ്ടാക്കും. അമേരിക്കൻ വിപണി നഷ്ടപ്പെടുന്ന ചെെന തങ്ങളുടെ ഉൽപന്നങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു തള്ളിവിടുന്ന വിഷയം ഒഴിവാകും. അതു നല്ല കാര്യം. അമേരിക്ക -ചൈന ഭായി ഭായി ആകുന്ന ഒരു കരാർ ഉണ്ടായാൽ ചൈനയിലേക്കു വീണ്ടും യുഎസ് മൂലധനം ഒഴുകും. ഇന്ത്യയിൽ ശേഷി വർധിപ്പിക്കും എന്നു പറഞ്ഞവർ വീണ്ടും നയം മാറ്റും. ലോകത്തിൻ്റെ രണ്ടാം ഫാക്ടറി ആകാം എന്ന ഇന്ത്യൻ സ്വപ്നത്തിന് ഇതു ഭീഷണിയാണ്.
അമേരിക്ക സ്റ്റീലിനും അലൂമിനിയത്തിനും ചുമത്തിയ ചുങ്കത്തിനു പകരം ചുങ്കം ചുമത്താൻ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്. ഇതിനോടു യുഎസ് പ്രതികരണം അറിവായിട്ടില്ല.
വ്യാപാരയുദ്ധം ഒഴിവാകുമ്പോൾ നാമ്പത്തികമാന്ദ്യ ഭീഷണിയും ഒഴിവാകുകയാണ്. ഇതു ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,952 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,959 ൽ ഓപ്പൺ ചെയ്തിട്ട് 24,912 വരെ താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്നു വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെയും ഉയർന്നു. ജർമൻ സൂചിക ഡാക്സ് റെക്കോർഡ് തിരുത്തി.
യുഎസ്- ചെെന ഒത്തുതീർപ്പ് യുഎസ് വിപണികളെ കുത്തനേ ഉയർത്തി. തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 1160.72 പോയിൻ്റ് (2.81%) കയറി 42,410.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 184.25 പോയിൻ്റ് (3.26%) കുതിച്ച് 5844.19 ൽ അവസാനിച്ചു. നാസ്ഡാക് 779.43 പോയിൻ്റ് (4.35%) ഉയർന്ന് 18,708.30 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.20 ഉം എസ് ആൻഡ് പി 0.26 ഉം നാസ്ഡാക് 0.34 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഇന്നലെ നേട്ടത്തിലായിരുന്ന ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ 2.2 ശതമാനം ഉയർന്നു. ഹോങ് കോങ്, ഷാങ് ഹായ് സൂചികകൾ കയറി.
അതിർത്തി സംഘർഷം അവസാനിച്ചതും യുഎസ്- ചൈന വ്യാപാര യുദ്ധം തീരുന്നതും ഇന്നലെ ഇന്ത്യൻ വിപണിയെ നാലു വർഷത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന നേട്ടത്തിലേക്ക് നയിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഔഷധവില 30 മുതൽ 80 വരെ ശതമാനം കുറയ്ക്കാൻ നടപടി പ്രഖ്യാപിച്ചത് ഫാർമ കമ്പനികളുടെ ലാഭം ചോർത്തും എന്നതു വിപണിക്കു തിരിച്ചടിയായി. സൺ, ഗ്ലെൻമാർക്ക്, സിപ്ല, അരവിന്ദോ തുടങ്ങിയവ താഴ്ന്നു. ഫാർമ സൂചിക രാവിലെ വലിയ ഇടിവിലായിട്ടു വൈകുന്നേരം നാമമാത്ര നേട്ടത്തിൽ അവസാനിച്ചു.
മിഡ് ക്യാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ നാലു ശതമാനത്തിലധികം നേട്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചികയാണ് ഇന്നലെ ഏറ്റവുമധികം (6.7%) കുതിച്ചത്. ഓറക്കിൾ ഫിനാൻഷ്യൽ 8.90 ഉം ഇൻഫോസിസ് 7.69 ഉം കോഫോർജ് 7.37 ഉം പെഴ്സിസ്റ്റൻ്റ് 7.31 ഉം ശതമാനം ഉയർന്നു.
തിങ്കളാഴ്ച നിഫ്റ്റി 916.70 പോയിൻ്റ് (3.82%) കുതിച്ച് 24,924.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 2975.43 പോയിൻ്റ് (3.74%) നേട്ടത്തോടെ 82,429.90 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1787.60 പോയിൻ്റ് (3.34%) കയറി 55,382.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 2192.70 പോയിൻ്റ് (4.12 ശതമാനം) ഉയർന്ന് 55,416.05 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 681.65 പോയിൻ്റ് (4.24 ശതമാനം) കയറി 16,767.30 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 3541 ഓഹരികൾ ഉയർന്നപ്പോൾ 582 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2614 എണ്ണം. താഴ്ന്നത് 329 ഓഹരികൾ മാത്രം.
എൻഎസ്ഇയിൽ 47 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 24 എണ്ണമാണ്. 322 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 35 എണ്ണം ലോവർ സർകീട്ടിൽ എത്തി.
ബിഎസ്ഇയിലെ ഓഹരികളുടെ മൊത്തം വിപണിമൂല്യം ഇന്നലെ 16 ലക്ഷം കോടി രൂപ കണ്ടു വർധിച്ച് 432.56 ട്രില്യൺ (ലക്ഷം കോടി) രൂപ ആയി. ഡോളറിൽ 5.05 ട്രില്യൺ ഉണ്ട്.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1246.48 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1448.37 കോടി രൂപയുടെ ഓഹരികളും വാങ്ങി.
കുതിപ്പ് തുടർന്നാൽ നിഫ്റ്റി 25,200 ലക്ഷ്യമിട്ടു നീങ്ങും എന്നാണു പ്രതീക്ഷ. അതിനിടെ ലാഭമെടുക്കലിനുള്ള വിൽപനസമ്മർദവും ഉണ്ടാകും. ഇന്നു നിഫ്റ്റിക്ക് 24,530 ഉം 24,400 ഉം പിന്തുണയാകും. 24,970 ലും 25,100 ലും തടസം ഉണ്ടാകാം.
യുഎസ് - ചൈന വ്യാപാര ധാരണയെ തുടർന്നു സ്വർണം താഴ്ന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ഇപ്പോൾ ആവശ്യമില്ലാതായി എന്നതാണു കാരണം. ഡോളറിൻ്റെ കരുത്തു കൂടുന്നതും വിലയെ താഴ്ത്തുന്നു.
സ്വർണം അടുത്ത വർഷം രണ്ടാം പാദത്തിൽ ഔൺസിനു 4000 ഡോളറിലും 2029 ൽ 6000 ഡോളറിലും എത്തുമെന്നു ജെപി മോർഗൻ വിശകലനക്കാർ റിപ്പോർട്ട് ചെയ്തു. ഈ വർഷാവസാനം അവർ കാണുന്ന വില 3675 ഡോളർ ആണ്. ഈ വർഷം ഇതുവരെ 20 ശതമാനം ഉയർന്ന സ്വർണം 20 ശതമാനം കൂടി ഉയരും എന്നാണ് അവരുടെ നിഗമനം. യുഎസ് -ചെെന വ്യാപാര ധാരണയ്ക്കു തൊട്ടുമുൻപായിരുന്നു ഈ വിശകലനം.
ഇന്നലെ സ്വർണം ഔൺസിന് 41.30 ഡോളർ താഴ്ന്ന് 3238.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3226 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ടു പവന് 2360 രൂപ കുറഞ്ഞ് 70,000 രൂപയായി. രൂപയുടെ വിനിമയ നിരക്ക് അനുസരിച്ച് ഇന്നു വിലയിൽ മാറ്റം വരാം.
വെള്ളിവില ഔൺസിന് 32.54 ഡോളർ ആയി.
തിങ്കളാഴ്ച ചെമ്പുവില 1.10 ശതമാനം കയറി ടണ്ണിന് 9590.00 ഡോളറിൽ എത്തി. അലൂമിനിയം വില 2.75 ശതമാനം കുതിച്ച് ടണ്ണിന് 2472.49 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങളും ഉയർന്നു. ടിൻ 2.70 ഉം ലെഡ് 0.38 ഉം സിങ്ക് 2.48 ഉം നിക്കൽ 1.47 ഉം ശതമാനം കയറി.
രാജ്യാന്തര വിപണിയിൽ കൊക്കോ 1.39 ശതമാനം ഉയർന്ന് 9311.92 ഡോളറിൽ എത്തി. കാപ്പി 3.33 ശതമാനം താഴ്ന്നു. പാമോയിൽ വില 1.10 ശതമാനം കൂടി.
ഡോളർ സൂചിക തിങ്കളാഴ്ച നല്ല മുന്നേറ്റം നടത്തി. 100.34 ൽ വ്യാപാരം തുടങ്ങിയ സൂചിക 101.98 വരെ എത്തിയിട്ട് 1.44 ശതമാനം നേട്ടത്തോടെ 101.79 ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 101.65 ലാണ്.
യൂറോ ഇന്ന് 1.110 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.318 ഡോളറിലേക്ക് താഴ്ന്നപ്പോൾ ജാപ്പനീസ് യെൻ ഡോളറിന് 147.86 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് കടപ്പത്രവില വീണ്ടും താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.47 ശതമാനത്തിലേക്ക് കയറി. പിന്നീട് അൽപം താഴ്ന്നു. മാന്ദ്യഭീഷണി ഒഴിവായി എന്ന ആശ്വാസമാണു വിപണികളിൽ.
ഒരു ദിവസത്തെ അവധിക്കു ശേഷം വിദേശ വിനിമയ വിപണി ഇന്നു തുറക്കുമ്പോൾ രൂപ ഉയരും എന്ന പ്രതീക്ഷ ഉണ്ട്. അതിർത്തി സംഘർഷം ഒഴിവായതാണു രൂപയ്ക്കു കരുത്താകുന്നത്. സമാന്തരമായി ഡോളറും കരുത്തു നേടിയിട്ടുണ്ട്.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിലേക്ക് ഇന്നലെ കയറി.
യുഎസ്-ചൈന ധാരണ ക്രൂഡ് ഓയിൽ വിപണിയെ വീണ്ടും ഉയർത്തി. ബ്രെൻ്റ് ഇനം ഇന്നലെ ഒരു ശതമാനത്തിലധികം കയറി ബാരലിന് 64.99 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 61.98 ഡോളറും ആയി. ഇന്നു രാവിലെ ബ്രെൻ്റ് 64.85 ഉം ഡബ്ല്യുടിഐ 61.86 ഉം മർബൻ ക്രൂഡ് 65.22 ഉം ഡോളറിൽ എത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചു കയറിയ ക്രിപ്റ്റോ കറൻസികൾ ലാഭമെടുക്കലിനെ തുടർന്ന് അൽപം താഴ്ന്നു. ബിറ്റ് കോയിൻ 1,02,800 ഡോളറിനു മുകളിലായി. ഈഥർ 2500 ഡോളറിനു താഴേക്കു നീങ്ങി.
(2025 മേയ് 12, തിങ്കൾ)
സെൻസെക്സ്30 82,429.90 +3.74%
നിഫ്റ്റി50 24,924.70 +3.82%
ബാങ്ക് നിഫ്റ്റി 55,382.85 +3.34%
മിഡ് ക്യാപ്100 55,416.05 +4.12%
സ്മോൾക്യാപ്100 16,767.30 +4.24%
ഡൗജോൺസ് 42,410.10 +2.81%
എസ്ആൻഡ്പി 5844.19 +3.26%
നാസ്ഡാക് 18,708.30 +4.35%
ഡോളർ($) ₹85.37 ₹0.00
സ്വർണം(ഔൺസ്) $3238.10 -$41.30
സ്വർണം(പവൻ) ₹70,000 -₹2360.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.99 +$0.76
Read DhanamOnline in English
Subscribe to Dhanam Magazine