

ഇറാൻ, യുക്രെയിൻ യുദ്ധങ്ങൾ അവസാനിപ്പിക്കാനുളള ശ്രമങ്ങൾ വിജയിച്ചില്ല. ക്രൂഡ് ഓയിൽ വില 96 ഡോളറിനു സമീപം വരെ കയറി. ചില്ലറവിലക്കയറ്റം സഹനപരിധി കടന്നു കൂടിയതു പലിശനിരക്കിൽ ഇനി തുടർച്ചയായ വർധനകൾ ഉണ്ടാക്കും എന്ന് ഉറപ്പായി. എൻവിഡിയ വിഷയത്തിൻ്റെ ഒന്നാം ഭാഗം അവസാനിച്ചെങ്കിലും കമ്പനിക്കു സ്ഥിരനേതൃത്വം എപ്പോൾ വരും എന്നാണു വിപണി ഉറ്റു നോക്കുന്നത്.
ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്ത യു.എസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ചൈന ഒഴികെ ഏഷ്യൻ വിപണികളും കയറുകയാണ്. എന്നാൽ ഇന്ത്യൻ വിപണി താഴ്ന്ന തുടക്കത്തിനാണ് ഒരുങ്ങുന്നത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,279.00-ൽ ക്ലോസ് ചെയ്തു. ഇന്നു (നവംബർ 13) രാവിലെ 25,347 വരെ കയറിയിട്ട് 25,240 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം (സിപിഐ) 6.09 ശതമാനമായി. സെപ്റ്റംബറിൽ 5.54 ശതമാനമായിരുന്നു. പുതിയ വിലക്കയറ്റ സീരീസ് വന്ന ശേഷം ആദ്യമാണു റിസർവ് ബാങ്കിൻ്റെ സഹന പരിധിയായ ആറു ശതമാനം കടക്കുന്നത്. ഭക്ഷവിലക്കയറ്റം 7.74-ൽ നിന്ന് 8.94% ആയി കുതിച്ചു. വിലക്കയറ്റ നിരക്ക് ഇനിയും കൂടുമെന്നാണു നിരീക്ഷകർ പറയുന്നത്. ഡിസംബർ 2-4 തീയതികളിലെ റിസർവ് ബാങ്ക് പണനയ കമ്മിറ്റി റീപോ നിരക്ക് 0.25 ശതമാനം കൂട്ടും എന്നു കണക്കാക്കപ്പെടുന്നു. ഫെബ്രുവരിയിലും നിരക്കു കൂട്ടും എന്നാണു നിഗമനം.
ചാരക്കുരുക്കിലായ എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെ രാജിവയ്ക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അനുവദിച്ചു. കമ്പനി സിഎഫ്ഒ കോളെറ്റ് ക്രെസിനെ ഇടക്കാല സിഇഒ ആയി നിയമിച്ചു. 17-നു കമ്പനിയുടെ മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.
ഇന്നലെ തുടക്കത്തിൽ 13 ശതമാനം ഇടിഞ്ഞു വ്യാപാരം തുടങ്ങിയ എൻവിഡിയ ഓഹരി 4.34% നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. തുടർവ്യാപാരത്തിൽ ഒരു ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ഹുവാംഗിൻ്റെ രാജി ഓഹരിയെ 20% താഴ്ത്തുമെന്ന് അനാലിസ്റ്റുകൾ കണക്കാക്കിയെങ്കിലും അങ്ങനെ സംഭവിച്ചില്ല.
മറ്റ് എഐ, ചിപ്പ് കമ്പനികൾ ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഒക്ടോബർ ആദ്യം 243.37 ഡോളർ വരെ എത്തിയ എൻവിഡിയ ഓഹരിവില ഇന്നലെ 166.19 ഡോളറിൽ നിന്നു. കമ്പനിയുടെ വിപണിമൂല്യം 5.88 ട്രില്യൺ (ലക്ഷം കോടി) ഡോളറിൽ നിന്ന് ഇന്നലെ 4.01 ട്രില്യൺ ഡോളർ ആയി ഇടിഞ്ഞു. 31.8 ശതമാനം നഷ്ടം.
സ്ഥിര സി.ഇ.ഒ ആയി ആരെ നിയമിക്കും എന്നാണ് വിപണി ഉററുനോക്കുന്നത്. സ്റ്റീവ് ജോബ്സിനു ശേഷം ആപ്പിളിനെ ഈ സെപ്റ്റംബർ വരെ നയിച്ച ടിം കുക്കിനെ നിയമിക്കാൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചെങ്കിലും അതു നടക്കാൻ സാധ്യത കുറവാണ്. സി.ഇ.ഒയെ കണ്ടെത്താൻ കമ്പനി ഒരു എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനത്തെ നിയോഗിച്ചതായി സൂചനയുണ്ട്.
താനും ചൈനാക്കാരി ആലീസ് ഹുവാംഗുമായുള്ള ബന്ധത്തെപ്പറ്റി യു.എസ് കോൺഗ്രസ് കമ്മിറ്റിയിൽ ഹാജരായി മൊഴിനൽകുമെന്നു ജെൻസൻ ഹുവാംഗ് അറിയിച്ചു. ആലീസിൻ്റെ ചാരബന്ധം ജെൻസന് അറിയാമായിരുന്നോ എന്ന അന്വേഷണം എഫ്ബിഐ തുടരുകയാണ്.
എൻവിഡിയ സംഭവവികാസങ്ങൾ വിപണിയെ ഉലച്ച ഇന്നലെ യു.എസ് വിപണികൾ ഇടയ്ക്കു നല്ല നേട്ടത്തിലായെങ്കിലും നഷ്ടത്തിലാണ് അവസാനിച്ചത്. ഇറാനുമായി കരാറിന് ഇനി ശ്രമിക്കില്ലെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രഖ്യാപനം ക്രൂഡ് ഓയിൽ വില മൂന്നു ശതമാനത്തിലധികം ഉയർത്തി. യുക്രെയ്ൻ സമാധാന ചർച്ചകളും പരാജയപ്പെട്ടു. രണ്ടു യുദ്ധങ്ങളും നീണ്ടു നിൽക്കും എന്നാണു വിലയിരുത്തൽ.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 189.40 പോയിൻ്റ് (0.36 ശതമാനം) താഴ്ന്ന് 52,297.09ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 26.98 പോയിൻ്റ് (0.35%) നഷ്ടത്തോടെ 7592.40ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 100.10 പോയിൻ്റ് (0.39%) താഴ്ന്ന് 25,366.09ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 115 പോയിൻ്റും (0.22%) എസ് ആൻഡ് പി 30 പോയിൻ്റും (0.39%) നാസ്ഡാക് 100 സൂചിക 176 പോയിൻ്റും (0.62%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.19 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.78% കുറഞ്ഞ് 25.51 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.01% താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.10% ഉയർന്ന് 34.77 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 0.08% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.61% കുറഞ്ഞ് 12.22 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.39 ശതമാനം ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.13 ഡോളറിൽ അവസാനിച്ചു.
മികച്ച കമ്പനി റിസൽട്ടുകളും പ്രതീക്ഷയിലും മെച്ചപ്പെട്ട യുകെ ജിഡിപി കണക്കും വ്യാഴാഴ്ച യൂറോപ്യൻ ഓഹരി സൂചികകളെ ചെറിയ നേട്ടത്തിലാക്കി. മൂന്നാം പാദത്തിലെ ജിഡിപി വളർച്ച 1.9 ശതമാനം ഉണ്ട്. രണ്ടാം പാദത്തിൽ 1.4 ശതമാനം ആയിരുന്നു വളർച്ച.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 2.2 ശതമാനം ഉയർന്നു. ജപ്പാനിലെ നിക്കൈ സൂചിക 1.65 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 0.80 ശതമാനം നഷ്ടത്തിലാണ്. തായ്വാൻ സൂചിക മൂന്നു ശതമാനം കുതിച്ചു. ഷാങ്ഹായ് സൂചിക നാമമാത്ര നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് 0.60 ശതമാനം താഴ്ന്നു.
തുടക്കത്തിലെ ആവേശം നഷ്ടപ്പെടുത്തിയാണ് ഇന്നലെയും ഇന്ത്യൻ വിപണി അവസാനിച്ചത്. രണ്ടു ദിവസമായി നിഫ്റ്റിയും സെൻസെക്സും മുന്നേറ്റത്തിൻ്റെ ആക്കം കുറഞ്ഞതായി കാണിക്കുമ്പോൾ ബാങ്ക് നിഫ്റ്റി വർധിത ആവേശത്തോടെ കയറി. മിഡ്, സ്മോൾ ക്യാപ് ഓഹരികളും ഉയർന്ന നേട്ടത്തിലാണ്.
ബിഎസ്ഇയുടെ വിപണിമൂല്യം ഇന്നലെ 512.27 ലക്ഷം കോടി (ട്രില്യൺ) രൂപ (5.46 ട്രില്യൺ ഡോളർ) ആയി ഉയർന്നു. എൻഎസ്ഇയുടെ വിപണിമൂല്യം 508.27 ട്രില്യൺ രൂപ (5.42 ട്രില്യൺ ഡോളർ) ആണ്. ഇതോടെ വിപണിമൂല്യത്തിൽ ഇന്ത്യ തായ്വാനെ പിന്തള്ളി അഞ്ചാം സ്ഥാനത്ത് എത്തി. യു.എസ്, ചൈന, ജപ്പാൻ, ഹോങ് കോങ് എന്നിവയാണ് ഇന്ത്യക്കു മുകളിൽ ഉള്ളത്.
വിശാലവിപണിയിൽ ഇന്നലെയും ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായി. ബിഎസ്ഇയിൽ 2442 ഓഹരികൾ ഉയർന്നു, 2011 ഓഹരികൾ നഷ്ടത്തിലായി. എൻഎസ്ഇയിൽ 2072 ഓഹരികൾ കയറിയപ്പോൾ 1526 എണ്ണം ഇടിഞ്ഞു. വ്യാഴാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 7830.60 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6331.17 കോടി രൂപയുടെ അറ്റവിൽപന നടത്തി.
വ്യാഴാഴ്ച സെൻസെക്സ് 31.61 പോയിൻ്റ് (0.04%) ഉയർന്ന് 81,911.01ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 44.30 പോയിൻ്റ് (0.18%) കയറി 25,299.35ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 726.10 പോയിൻ്റ് (1.19%) കുതിപ്പോടെ 61,518.50ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 519.90 പോയിൻ്റ് (0.85%) മുന്നേറി 62,039.00-ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 217.40 പോയിൻ്റ് (1.26%) കയറി 19,706.75-ൽ ക്ലോസ് ചെയ്തു.
ഓയിൽ ഇന്ത്യ രണ്ടാം പദത്തിൽ വരുമാനം 1.4 ശതമാനം വർധിപ്പിച്ചപ്പോൾ പ്രവർത്തന ലാഭ 26.5% ഇടിഞ്ഞു. അറ്റാദായം 21.3% കുറഞ്ഞു. ലാഭമാർജിൻ 51.3 ൽ നിന്ന് 37.2% ആയി. ഒല ഇലക്ട്രിക്കിൻ്റെ രണ്ടാം പാദ വരുമാനം 39 ശതമാനം ഇടിഞ്ഞെങ്കിലും അറ്റനഷ്ടം നേരിയ തോതിൽ കുറഞ്ഞു. വരുമാനം 63.6% കുതിച്ചപ്പോൾ ഹിറ്റാച്ചി എനർജിയുടെ അറ്റാദായ വർധന 20.8% മാത്രം. പ്രവർത്തനലാഭം ഗണ്യമായി കൂടിയെങ്കിലും മാർജിൻ കുറഞ്ഞു.
പിടിച്ചുവച്ചിരിക്കുന്ന ഓഹരികളുടെ വിലയിൽ ഇടിവുണ്ടായതു വോഡഫോൺ ഐഡിയയുടെ രണ്ടാംപാദ നഷ്ടം വർധിപ്പിച്ചു. ഒന്നാം പാദത്തിൽ ഓഹരിവില കൂടിയതുവഴി നഷ്ടം കുറഞ്ഞതാണ്. വരുമാനം 1.7 ശതമാനം വർധിച്ചപ്പോൾ അറ്റനഷ്ടം 5975 കോടി രൂപയായി. ദിലീപ് ബിൽഡ്കോണിന് രണ്ടാം പാദ വരുമാനം 16.8% വർധിച്ചപ്പോൾ അറ്റാദായം 52.8% ഇടിഞ്ഞു.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് 0.50 ശതമാനം വരെ വർധിപ്പിക്കാം എന്ന നിഗമനം സ്വർണത്തെ വീണ്ടും താഴ്ത്തി. ഇറാനുമായി കരാറിനില്ല എന്ന ട്രംപിൻ്റെ പ്രഖ്യാപനം ക്രൂഡ് ഓയിൽ വിലയെ ഉയർത്തി. അതു വിലക്കയറ്റം കൂടാനും പലിശ വർധിക്കാനും വഴിയൊരുക്കും. അമേരിക്കൻ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 5.1 ശതമാനത്തിനു മുകളിലുമായി. എല്ലാം സ്വർണത്തെ താഴോട്ടു നയിച്ചു. എങ്കിലും ഇന്നു രാവിലെ സ്വർണം കയറി.
വ്യാഴാഴ്ച 110.60 ഡോളർ (2.77%) ഇടിഞ്ഞ് ഔൺസിന് 3878.40 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ ഒരു ശതമാനം ഉയർന്നു 3916 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 1600 രൂപ കുറഞ്ഞ് 1,02,520 രൂപയിൽ വന്നു.
വെള്ളി വില ബുധനാഴ്ച 3.10 ശതമാനം ഇടിഞ്ഞ് ഔൺസിന് 50.19 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 50.79 ഡോളർ ആയി. പ്ലാറ്റിനം 1515 ഡോളർ, പല്ലാഡിയം 983 ഡോളർ, റോഡിയം 8575 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടരുകയാണ്. യുദ്ധഭീതിയും പലിശപ്പേടിയും ആണു കാരണം. ചെമ്പ് 1.18 ശതമാനം ഇടിഞ്ഞു ടണ്ണിന് 13,711.65 ഡോളർ ആയി. അലൂമിനിയം 1.06 ശതമാനം താഴ്ന്നു 3030.30 ഡോളറിൽ എത്തി. സിങ്കും ടിന്നും ലെഡും താഴ്ന്നു. നിക്കൽ ഉയർന്നു.
റബർ വില വിദേശത്തും കേരളത്തിലും താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 277.00 ഡോളറും ആർഎസ്എസ് മൂന്ന് 273.55 ഡോളറും ആയി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 29,100 രൂപ ആയി.
കൊക്കോ വില 2.79 ശതമാനം കൂടി കയറി ടണ്ണിന് 5187 ഡോളറിൽ ക്ലോസ് ചെയ്തു. ഒരു മാസം കൊണ്ട് വില 9.52 ശതമാനം താഴ്ന്നിട്ടുണ്ട്. 2026-27 സീസണിൽ ഐവറി കോസ്റ്റിലെ വിളവ് 25% കുറയുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. എൽ നിനോ പ്രതിഭാസം മൂലം മഴയിൽ 27 ശതമാനം വരെ കുറവുണ്ടാകുന്നതാണു കാരണം. വരണ്ട കാലാവസ്ഥ മൂലം ഘാനയിലും നൈജീരിയയിലും വിളവ് കുറവാണ്.
അറബിക്ക കാപ്പി പൗണ്ടിന് 3.95 ശതമാനം ഉയർന്നു 2.75 ഡോളറിൽ എത്തി. പാം ഓയിൽ 0.68 ശതമാനം ഉയർന്നു ടണ്ണിന് 4440 മലേഷ്യൻ റിംഗിറ്റ് ആയി.
പലിശ കൂടുമെന്ന ധാരണ യു.എസ് ഡോളർ സൂചികയെ വ്യാഴാഴ്ച 103നു മുകളിൽ എത്തിച്ചു. സൂചിക കുതിച്ചു കയറി 103.17ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.23 വരെ കയറിയിട്ടു താഴ്ന്നു. യൂറോ 1.1061ഉം പൗണ്ട് 1.3235ഉം ഡോളറിലേക്കു താഴ്ന്നു. ഡോളർ 159.86 7 ജാപ്പനീസ് യെൻ വരെ ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.67 യുവാനിൽ തുടരുന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 5.125 ശതമാനമായി ഉയർന്നു.
ഡോളറിൻ്റെ കുതിപ്പും ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും രൂപയ്ക്കു ക്ഷീണമായി. വ്യാഴാഴ്ച ഡോളർ 35 പൈസ ഉയർന്നു 94.04 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 94.04 രൂപയിൽ നിൽക്കുന്നു. ചൈനീസ് യുവാൻ 14.10 രൂപയായി കയറി. യൂറോ ഉയർന്നു 104.02 രൂപയിൽ എത്തി.
യുദ്ധങ്ങൾ തുടരും എന്ന സൂചനയിൽ വ്യാഴാഴ്ച ക്രൂഡ് ഓയിൽ മൂന്നു ശതമാനത്തിലധികം കുതിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച 3.06 ഡോളർ കയറി 95.82 ഡോളറിൽ എത്തി. ഇന്നു രാവിലെ 95.69 ഡോളർ ആയി താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ 88.50 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വലിയ താഴ്ചയിലാണ്. ക്രിപ്റ്റോ വിപണിക്കു നിയന്ത്രണങ്ങൾ വരുമെന്നാണു ഭീതി. ബിറ്റ്കോയിൻ 70,673 വരെ ഇടിഞ്ഞ ശേഷം അൽപം കയറി 71,150 ഡോളറിനു താഴെ നിൽക്കുന്നു. ഈഥർ 2020 ഡോളറിനും സൊലാന 81.50 ഡോളറിനും താഴെ നിൽക്കുന്നു.
(2026 നവംബർ 12, വ്യാഴം)
സെൻസെക്സ്: 81,911.01 +0.04%
നിഫ്റ്റി-50: 25,299.35 +0.18%
ബാങ്ക് നിഫ്റ്റി: 61,518.50 +1.19%
മിഡ് ക്യാപ്-100: 62,039.00 +0.85%
സ്മോൾ ക്യാപ്-100: 19,706.75 +1.26%
ഡൗജോൺസ്: 52,297.09 -0.36%
എസ്ആൻഡ്പി: 7592.40 -0.35%
നാസ്ഡാക്: 25,366.09 -0.39%
ഡോളർ: ₹94.04 +₹0.35
സ്വർണം (ഔൺസ്): $3878.40 -$110.60
സ്വർണം (പവൻ): ₹1,02,520 -₹1600
ക്രൂഡ് ഓയിൽ ബ്രെൻ്റ്: $95.82 +$3.06
Read DhanamOnline in English
Subscribe to Dhanam Magazine