

യുക്രെയ്ൻ വെടി നിർത്തൽ ചർച്ചയും തീരുവ കാര്യത്തിലെ പുതിയ ഭീഷണികളും ഇന്നു വിപണിയെ ആശങ്കയിലേക്കു നയിക്കാം. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 66 ഡോളറിനു താഴെ വന്നതും ഡോളറിൻ്റെ വില കുറയുന്നതും ഇന്ത്യക്കു സഹായകമാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,710.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,677.50 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന
സ്വാതന്ത്ര്യദിനം പ്രമാണിച്ചു നാളെ അവധി ആയതു കൊണ്ട് ഈയാഴ്ചയിലെ വ്യാപാരം ഇന്ന് അവസാനിക്കും.
നാളെ അലാസ്കയിലെ യുഎസ് സേനാ കേന്ദ്രത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും നടത്തുന്ന ചർച്ച ഇന്ത്യൻ വിപണിക്കു കൂടുതൽ നിർണായകമായി മാറുന്നു. ചർച്ചയിൽ ധാരണ ഉണ്ടായില്ലെങ്കിൽ റഷ്യയുടെ മിത്രരാജ്യങ്ങളിൽ പെടുന്ന ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഭീഷണിപ്പെടുത്തി. റഷ്യയെ വിട്ടുവീഴ്ചയ്ക്കു പ്രേരിപ്പിക്കാനുള്ള തന്ത്രമാകാം ഇത്. അതേ സമയം 50 ശതമാനം എന്ന ഞെരുക്കുന്ന തീരുവയിൽ നിന്നു കൂടിയ നിരക്കിലേക്കു വന്നാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു.
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെ മേൽ നിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അടുത്ത ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യ മന്ത്രി റഷ്യയിലും പോകുന്നുണ്ട്. ഇവ ബന്ധങ്ങൾ ദൃഢമാക്കാനുള്ള ശ്രമമാണ്. ചൈനയിലേക്കു നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതും ഇതിൻ്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാം വാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്.
യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു. യുക്രെയ്ൻ വിഷയത്തിൽ ട്രംപ് യൂറോപ്യൻ നേതാക്കളുമായി നടത്തിയ ചർച്ച യൂറോപ്പിനു തൃപ്തികരമായിരുന്നു. പുടിനുമായുള്ള ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ റഷ്യക്കും മിത്രങ്ങൾക്കും കൂടുതൽ കടുത്ത ഉപരോധം ചുമത്തണമെന്നു ട്രംപ് ചർച്ചയിൽ ആവശ്യപ്പെട്ടു.
ഫെഡറൽ റിസർവ് (ഫെഡ്) സെപ്റ്റംബറിൽ പലിശ കുറയ്ക്കും എന്നതിൽ വിപണി ഏതാണ്ട് ഏകാഭിപ്രായത്തിലായി. തുടർന്നുള്ള രണ്ടു ഫെഡ് യോഗങ്ങൾ കുറയ്ക്കൽ തുടരുമോ എന്നതിൽ ഏകാഭിപ്രായം ഇല്ലെങ്കിലും ഭൂരിപക്ഷം ശുഭപ്രതീക്ഷയിലാണ്. ഇതിൻ്റെ വെളിച്ചത്തിൽ യുഎസ് വിപണി ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു.
ഡൗ ജോൺസ് സൂചിക 460 പോയിൻ്റിലധികം ഉയർന്നു. എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോംപസിറ്റും പുതിയ റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് ഓഹരികളുടെ സൂചികയായ റസൽ 2000 രണ്ടു ശതമാനത്തിലധികം കുതിച്ചു.
തീരുവ കാര്യത്തിലെ ചാഞ്ചാട്ടം മാറിയിട്ടില്ലെങ്കിലും അമേരിക്കൻ കമ്പനികൾ ലാഭക്കുതിപ്പ് തുടരുകയാണെന്ന് വൂൾഫ് റിസർച്ച് വിലയിരുത്തി. യുഎസ് സമ്പദ്ഘടനയും കരുത്ത് വർധിപ്പിച്ചു എന്ന് വൂൾഫിൻ്റെ ചീഫ് ഇൻവെസ്റ്റ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് ക്രിസ് സെന്യെക് പറഞ്ഞു.
ക്രിപ്റ്റോ കറൻസി വ്യാപാര എക്സ്ചേഞ്ച് ബുള്ളിഷ് ഇന്നലെ ന്യൂയോർക്കിൽ ലിസ്റ്റ് ചെയ്തത് ഐപിഒ വിലയേക്കാൾ 143 ശതമാനം ഉയർന്നാണ്. പിന്നീട് താഴ്ന്ന് 84 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ 11.47 ശതമാനം കൂടി ഉയർന്നു.
ഡൗ ജോൺസ് സൂചിക ബുധനാഴ്ച 463.66 പോയിൻ്റ് (1.04%) കുതിച്ച് 44,922.27 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 20.82 പോയിൻ്റ് (0.32%) നേട്ടത്തോടെ 6466.58 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 31.24 പോയിൻ്റ് (0.14%) ഉയർന്ന് 21,713.14 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.08 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ ഉയർന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി.
വെള്ളിയാഴ്ച നടക്കുന്ന ട്രംപ് - പുടിൻ കൂടിക്കാഴ്ചയുടെ ജയപരാജയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെയും ഓഹരി വിപണിയെയും നിർണായകമായി ബാധിക്കും. ചർച്ച വിജയിച്ചില്ലെങ്കിൽ അമേരിക്കയും യൂറോപ്പും റഷ്യയെ ശ്വാസം മുട്ടിക്കാൻ കൂടുതൽ ഉപരോധങ്ങളും വിലക്കുകളും പ്രയോഗിക്കും. ഇന്ത്യയും അതിൻ്റെ ഇരയാകും. ചില്ലറ വിലക്കയറ്റം കുറഞ്ഞതിൻ്റെ പേരിൽ വിപണി കുതിക്കാത്തത് ഈ ആശങ്കയുടെ പേരിലാണ്. പകരം ചെറിയ നേട്ടത്തിൽ ഒതുങ്ങി.
വിപണി ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ ഉയരങ്ങളിൽ എത്തിയെങ്കിലും അവിടെ നിൽക്കാനായില്ല. സെൻസെക്സ് 80,683.74 ഉം നിഫ്റ്റി 24,664.55 ഉം വരെ കയറിയിട്ടു ഗണ്യമായി താഴ്ന്നാണ് അവസാനിച്ചത്. ഹെൽത്ത് കെയറും ഫാർമസ്യൂട്ടിക്കൽസും മെറ്റലും ഓട്ടോയുമാണ് ഇന്നലെ വലയ മുന്നേറ്റം നടത്തിയത്. എഫ്എംസിജിയും ഓയിൽ - ഗ്യാസും പൊതുമേഖലാ ബാങ്കുകളും നേരിയ ഇടിവോടെ അവസാനിച്ചു.
നിഫ്റ്റി 134.95 പോയിൻ്റ് (0.54%) ഉയർന്ന് 24,619.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 304.32 പോയിൻ്റ് (0.38%) കയറി 80,539.91 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 137.75 പോയിൻ്റ് (0.25%) നേട്ടത്തോടെ 55,181.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 356.65 പോയിൻ്റ് (0.63%) ഉയർന്ന് 56,681.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 115.85 പോയിൻ്റ് (0.66%) കയറി 17,613.95 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2150 ഓഹരികൾ ഉയർന്നപ്പോൾ 1946 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1685 എണ്ണം. താഴ്ന്നത് 1287 ഓഹരികൾ.
എൻഎസ്ഇയിൽ 51 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 59 എണ്ണമാണ്. 99 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 59 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 3644.43 കാേടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5023.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 100 ദിന എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജിനു (24,589) മുകളിൽ ക്ലോസ് ചെയ്തതു പ്രതീക്ഷ നൽകുന്ന കാര്യമാണ്. 24,700-24,850 മേഖല വീണ്ടും തടസങ്ങളുടേതാണ്. ഇന്നു നിഫ്റ്റിക്ക് 24,560 ഉം 24,520 ഉം പിന്തുണയാകും. 24,655 ലും 24,685 ലും തടസം ഉണ്ടാകാം.
മുത്തൂറ്റ് ഫിനാൻസ് ഒന്നാം പാദത്തിൽ പ്രതീക്ഷകൾ മറി കടന്ന തിളക്കമാർന്ന റിസൽട്ട് പ്രസിദ്ധീകരിച്ചു. അറ്റാദായ
മാർജിൻ 12.15 ശതമാനമായി ഉയർത്തിയപ്പോൾ അറ്റ പലിശ വരുമാനം 50.6 ശതമാനം വർധിച്ചു. അറ്റാദായം 89.6 ശതമാനം കുതിച്ച് 2046 കോടി രൂപ എന്ന റെക്കോർഡ് കുറിച്ചു.
വരുമാനം 8.4 ശതമാനം കൂടിയെങ്കിലും മാർജിൻ ചുരുങ്ങുകയും അറ്റാദായം 13.7 ശതമാനം കുറയുകയും ചെയ്ത റിസൽട്ടാണ് യുനൈറ്റഡ് സ്പിരിറ്റ്സ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
ഐആർസിടിസിയുടെ ഒന്നാം പാദ വരുമാനം 11.8 ഉം അറ്റാദായം 7.4 ഉം ശതമാനം ഉയർന്നു.
വിശാൽ മെഗാ മാർട്ടിൻ്റെ ഒന്നാം പാദ വരുമാനം 21 ശതമാനം കൂടിയപ്പോൾ അറ്റാദായം 37.3 ശതമാനം കുതിച്ചു.
ജൂബിലൻ്റ് ഫുഡ് വർക്സ് ഒന്നാം പാദ റിസൽട്ട് പ്രതീക്ഷകളെ മറികടന്നു. വരുമാനം 18.2 ശതമാനം കൂടിയപ്പോൾ അറ്റാദായം 29.5 ശതമാനം വർധിച്ചു.
വരുമാനം 30 ശതമാനവും അറ്റാദായം 157 ശതമാനവും വർധിപ്പിച്ച ഒന്നാം പാദ റിസൽട്ടിൻ്റെ ബലത്തിൽ ഭാരത് ഡൈനാമിക്സ് ഓഹരി ഇന്നലെ പ്രതിരോധ ഓഹരികളുടെ മുന്നേറ്റത്തിനു നേതൃത്വം നൽകി. ഡൈനാമിക്സ് ഓഹരി 6.90 ശതമാനം കയറി. വരുമാനം 11% കൂടിയപ്പോൾ അറ്റാദായം നാലു ശതമാനം കുറച്ചെങ്കിലും എച്ച്എഎൽ മികച്ച വരുമാന പ്രതീക്ഷയിൽ ഉയർന്നു. ഗാർഡൻ റീച്ച് 5.35ഉം കൊച്ചിൻ ഷിപ്പ് യാർഡ് 1.37 ഉം ശതമാനം കയറി. ബെൽ, ഭാരത് എർത്ത് മൂവേഴ്സ്, മസഗാേൺ ഡോക്ക്, പരസ് ഡിഫൻസ് തുടങ്ങിയവയും ഉയർന്നു.ബിസിനസിൽ നല്ല വളർച്ച കാണിച്ചെങ്കിലും അറ്റ പലിശ മാർജിൻ കുറഞ്ഞതും നിഷ്ക്രിയ ആസ്തി വർധിച്ചതും മൂലം സിഎസ്ബി ബാങ്ക് 4.96 ശതമാനം ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. വരുമാനം 5.2 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 17.4 ശതമാനം ഉയർത്തിയ ഇൻസെക്റ്റിസൈഡ്സ് ഇന്ത്യ ഓഹരി 11 ശതമാനം ഇടിഞ്ഞു.
വരുമാനം 66.94 ശതമാനം വർധിപ്പിച്ച് 1000 കോടി രൂപയാക്കുകയും 48.7 കോടിയുടെ നഷ്ടം 43 കോടി രൂപയുടെ ലാഭമാക്കുകയും ചെയ്ത എഫ്എസിടി ഓഹരി 4.06 ശതമാനം കുതിച്ച് 986 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നലെ 1006.60 രൂപവരെ ഉയർന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1112 രൂപയാണ്.
പലിശ കുറയും എന്ന പ്രതീക്ഷയും ഡോളറിൻ്റെ ദൗർബല്യവും സ്വർണത്തെ വീണ്ടും ഉയർത്തുന്നു. ട്രംപ് - പുടിൻ കൂടിക്കാഴ്ച വിജയിക്കാതിരുന്നാൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഉണ്ടാകും എന്നതും വിപണിയിലെ സ്വർണക്കുതിപ്പിനു സഹായകമായി.
ഇന്നലെ സ്വർണം 6.40 ഡോളർ കൂടി ഔൺസിന് 3357.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കുതിച്ച് 3372.60 ഡോളറിൽ എത്തിയ ശേഷം 3368 ലേക്കു താഴ്ന്നു.
കേരളത്തിൽ ബുധനാഴ്ച പവൻവില 40 രൂപ കുറഞ്ഞ് 74,320 രൂപയായി. ഇന്നു വില കൂടാം.
വെള്ളിവില ഔൺസിന് 38.51 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ മിക്കതും ബുധനാഴ്ച ഉയർന്നു. ചെമ്പ് 0.88 ശതമാനം കയറി ടണ്ണിന് 9746.15 ഡോളറിൽ എത്തി. അലൂമിനിയം 0.09 ശതമാനം താഴ്ന്ന് 2625.91 ഡോളർ ആയി. സിങ്കും ടിന്നും നിക്കലും ഉയർന്നു. ലെഡ് താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.23 ശതമാനം കയറി 170.90 സെൻ്റിൽ എത്തി. കൊക്കോ 2.24 ശതമാനം താഴ്ന്നു ടണ്ണിന് 8595.74 ഡോളർ ആയി. കാപ്പി ഇന്നലെ 1.41 ശതമാനം കയറി. തേയില വില 2.06 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.80 ശതമാനം കയറി.
ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 97.84 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 97.64 ലാണ്.
കറൻസി വിപണിയിൽ ഡോളർ ക്ഷീണത്തിലായി. യൂറോ 1.1714 ഡോളറിലേക്കും പൗണ്ട് 1.3587 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 146.47 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി. അവയിലെ നിക്ഷേപനേട്ടം 4.23 ശതമാനമായി താഴ്ന്നു.
ഡോളർ ദൗർബല്യം ഇന്നലെ രൂപയെ നേട്ടത്തിലാക്കി. ഇന്നലെ രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ രൂപ നേട്ടം നിലനിർത്തി. ഡോളർ 27 പൈസ നഷ്ടത്തോടെ 87.44 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില ബുധനാഴ്ച താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 66 ഡോളറിനു താഴെയായി. ഇന്നലെ 65.63 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 65.86 ഡോളറിലാണ്. ഡബ്ള്യുടിഐ 62.86 ഡോളറിലും മർബൻ ക്രൂഡ് 67.76 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.50 ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ റെക്കോർഡ് തകർത്തു മുന്നേറുകയാണ്. ക്രിപ്റ്റോ ഏജൻസിയായ ബുള്ളിഷിൻ്റെ ഐപിഒ വിജയിച്ചതും വലിയ നേട്ടത്തിൽ ലിസ്റ്റ് ചെയ്തതും ക്രിപ്റ്റോ കറൻസികളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ബിറ്റ് കോയിൻ റെക്കോർഡ് തിരുത്തി 1,23,600 ഡോളർ കടന്നു. ഈഥർ അഞ്ചു ശതമാനം കുതിച്ച് 4730 ഡോളറിനു മുകളിൽ എത്തി. സൊലാനാേ, ഡോജ് കോയിൻ, എക്സ്ആർപി തുടങ്ങിയവയും കുതിച്ചു കയറി.
(2025 ഓഗസ്റ്റ് 13, ബുധൻ)
സെൻസെക്സ്30 80,539.91 +0.38%
നിഫ്റ്റി50 24,619.35 +0.54%
ബാങ്ക് നിഫ്റ്റി 55,181.45 +0.25%
മിഡ് ക്യാപ്100 56,681.50 +0.63%
സ്മോൾക്യാപ്100 17,613.95 +0.66%
ഡൗജോൺസ് 44,922.30 +1.04%
എസ്ആൻഡ്പി 6466.58 +0.32%
നാസ്ഡാക് 21,713.10 +0.14%
ഡോളർ($) ₹87.44 -₹0.27
സ്വർണം(ഔൺസ്) $3357.30 +$06.40
സ്വർണം(പവൻ) ₹74,320 -₹40
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.63 -$0.49
Read DhanamOnline in English
Subscribe to Dhanam Magazine