അനിശ്ചിതത്വം തുടരുന്നു; നാവിക ഉപരോധം നീണ്ടു നിൽക്കും; വിപണി താഴ്ന്ന തുടക്കത്തിന്; ഓയിൽ 87 ഡോളറിനു താഴെ; സ്വർണം ഇടിയുന്നു

ജൂലൈയിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി 19.6 ശതമാനം വർധിച്ച് 4424 കോടി ഡോളർ എന്ന റെക്കോർഡിൽ എത്തി. ഇറക്കുമതി 17.5 ശതമാനം കൂടി 7622 കോടി ഡോളർ ആയി
Stock Market Morning Analysis
Canva
Published on

പശ്ചിമേഷ്യയിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനെതിരേ പുതിയ നീക്കങ്ങൾ ഉണ്ടായുമെന്നും അവ മുൻപ് പ്രയോഗിച്ചവ അല്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞു. നീണ്ട കാലത്തേക്കു നാവിക ഉപരോധം തുടരും. ക്രൂഡ് ഓയിൽ വില താഴുന്നുണ്ട്. പലിശക്കാര്യത്തിൽ പുതിയ ആശങ്കകൾ ഉയർന്നതു സ്വർണവിലയെ താഴ്‌ത്തി.

ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തിലാണ് യുഎസ് വിപണികൾ ഇന്നലെ റെക്കോർഡ് ഉയരത്തിൽ എത്തി. ഇന്ത്യൻ വിപണി ഇന്നും ദുർബലമായ ദിവസമാണു പ്രതീക്ഷിക്കുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,467.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,376 വരെ താണിട്ട് തിരിച്ചുകയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ജൂലൈയിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി 19.6 ശതമാനം വർധിച്ച് 4424 കോടി ഡോളർ എന്ന റെക്കോർഡിൽ എത്തി. ഇറക്കുമതി 17.5 ശതമാനം കൂടി 7622 കോടി ഡോളർ ആയി. ഇതോടെ വ്യാപാരകമ്മി ആറു മാസത്തെ ഉയർന്ന നിലയായ 3198 കോടി ഡോളറിൽ നിന്നു. പെട്രോളിയം ഉൽപന്നങ്ങൾ, സ്മാർട്ട് ഫോണുകൾ, വാഹനങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വലിയ വർധന ഉണ്ടായി. നാലു മാസത്തെ കയറ്റുമതി 17,378 കോടി ഡോളറും കമ്മി 11,860 കോടി ഡോളറുമാണ്.

യുഎസ് മൊത്ത വിലക്കയറ്റം ജൂണിലെ 5.5 ൽ നിന്നു ജൂലൈയിൽ 4.7 ശതമാനമായി താഴ്ന്നു. പ്രതീക്ഷയിലും മെച്ചമായി ഇത്.

പശ്ചിമേഷ്യയിൽ അനിശ്ചിതത്വം തുടരുകയാണെങ്കിലും ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി ഹോർമുസിലൂടെ പ്രതിദിനം 90 ലക്ഷം വീപ്പ ക്രൂഡ് ഓയിലും പൈപ്പ്ലൈൻ വഴി വേറൊരു 60 ലക്ഷം വീപ്പയും ദിവസേന കടന്നു പോകുന്നുണ്ടെന്നു യുഎസ് അവകാശപ്പെട്ടതു വില താഴാൻ സഹായിച്ചു. ലോകവിപണിയിലെ എണ്ണലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞു വരുന്നു എന്നാണ് ഇതിലെ സൂചന.

യുഎസ് വിപണി റെക്കോർഡിൽ

അനിശ്ചിതത്വങ്ങൾക്കിടയിലും യുഎസ് വിപണി ഇന്നലെ റെക്കോർഡിലേക്കു കുതിച്ചു. ചില്ലറവിലക്കയറ്റത്തിനു പിന്നാലെ ആശ്വാസമായി പ്രൊഡ്യൂസർ വിലകൾ കുറഞ്ഞതും ക്രൂഡ് ഓയിൽ വില താഴ്ന്നു തുടങ്ങിയതും സഹായമായി. എസ് ആൻഡ് പി 7816.70 എന്ന റെക്കോർഡ് വരെ കയറി.

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം സിൽവർ ലേക്ക് ഏറ്റെടുക്കൽ ചർച്ച തുടങ്ങിയതായ റിപ്പോർട്ടിൽ സോഫ്റ്റ്‌വേർ കമ്പനി വർക്ക് ഡേ 18 ശതമാനം കുതിച്ചു. മികച്ച റിസൽട്ടിനിടയിലും മൊത്ത ലാഭ മാർജിൻ കുറഞ്ഞ നെറ്റ് വർക്കിംഗ് ഭീമൻ സിസ്‌കോ സിസ്റ്റംസ് ഒൻപതു ശതമാനം ഇടിഞ്ഞു.

ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് 3.33 ശതമാനം താഴ്ന്നു. ടെസ്‌ല 3.8 ശതമാനം ഉയർന്നു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 69.72 പോയിൻ്റ് (0.13 ശതമാനം) ഉയർന്ന് 53,839.99 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 50.49 പോയിൻ്റ് (0.65%) കയറി 7798.99 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 214.54 പോയിൻ്റ് (0.81%) നേട്ടത്തോടെ 26,803.03 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്നദിശകളിൽ

യുഎസ് ഫ്യൂച്ചേഴ്സ് രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 22 പോയിൻ്റ് (0.04%) ഉയർന്നു. എസ് ആൻഡ് പി അഞ്ചു പോയിൻ്റും (0.06%) നാസ്ഡാക് 46 പോയിൻ്റും (0.15%) താഴ്ന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 0.04 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.39% കയറി 23.19 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.21% താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.48 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.06% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.24% താഴ്ന്നു 12.38 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.51% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 1.96 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്ന്നു

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും ചെറിയ നഷ്‌ടത്തിൽ അവസാനിച്ചു. യൂറോ സ്റ്റോക്സ് മാത്രം ഉയർന്നു. യുകെയുടെ രണ്ടാം പാദ ജിഡിപി വളർച്ച പ്രതീക്ഷ പോലെ 0.4 ശതമാനം ആയി. ഐടി മേഖലയാണു വളർച്ചയ്ക്കു ഗണ്യമായ സംഭാവന നൽകിയത്.

ഏഷ്യൻ വിപണികൾ ഉയരുന്നു

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക ഒരു ശതമാനം കയറി. ജപ്പാനിൽ നിക്കൈ സൂചിക 1.2 ശതമാനം ഉയർന്നു. തായ്‌വാൻ സൂചിക നാമമാത്ര നേട്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.90 ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക 0.20 ശതമാനം താണു.

ഇന്ത്യൻ വിപണി: താളപ്പിഴ തുടരുന്നു

ഇന്ത്യൻ വിപണിയിൽ ക്ലോസിംഗ് വില നിർണയിക്കാനുള്ള ലേല സംവിധാനത്തിലെ താളപ്പിഴകൾ തീരുന്നില്ല. ഇന്നലെ ക്യാഷ് വ്യാപാരം തീരുമ്പോൾ 105 പോയിൻ്റ് നഷ്‌ടത്തിലായിരുന്ന സെൻസെക്സ് ലേലത്തിലൂടെ 114 പോയിൻ്റ് നേട്ടത്തിലേക്കു മാറി. നിഫ്റ്റിയുടെ 83 പോയിൻ്റ് നഷ്ടം 40 പോയിൻ്റായി കുറഞ്ഞു.

ഇന്നലെ താഴ്ചയിൽ നിന്നു 400 ലധികം പോയിൻ്റ് കയറിയാണു സെൻസെക്സ് ക്ലോസിംഗ്. നിഫ്റ്റിക്ക് 84 പോയിൻ്റ് നേട്ടം ഉണ്ടായി.

റിയൽറ്റി, ഐടി, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, പ്രതിരോധ മേഖലകൾ ഇന്നലെ നല്ല മുന്നേറ്റം നടത്തി. മെറ്റൽ, ബാങ്ക്, ധനകാര്യ, ഹെൽത്ത്, ഫാർമ, ഓയിൽ മേഖലകൾ ഇടിഞ്ഞു.

വിദേശനിക്ഷേപകർ ഇന്നലെയും അറ്റ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 510.69 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 4353.09 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 113.61 പോയിൻ്റ് (0.15%) ഉയർന്ന് 78,079.96 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 40.10 പോയിൻ്റ് (0.16%) കുറഞ്ഞ് 24,395.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 250.60 പോയിൻ്റ് (0.77%) നഷ്‌ടത്തോടെ 57,635.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 97.15 പോയിൻ്റ് (0.15%) കയറി 64,121.55 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 53.45 പോയിൻ്റ് (0.27%) ഉയർന്ന് 19,875.10 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കയറ്റവും ഇറക്കവും ഒപ്പത്തിനൊപ്പം ആയിരുന്നു. ബിഎസ്ഇയിൽ 2141 ഓഹരികൾ കയറി, 2190 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1680 എണ്ണം ഉയർന്നപ്പോൾ 1679 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

ടാറ്റാ മോട്ടോഴ്സ് പിവി യുടെ ഒന്നാം പാദ വരുമാനം 9.3 ശതമാനം കൂടിയപ്പോൾ അറ്റാദായം 80.3 ശതമാനം ഇടിഞ്ഞു. ജെഎൽആർ വരുമാനം കുറഞ്ഞതും ചെലവുകൾ വർധിച്ചതുമാണു കാരണം.

ഇന്ത്യാ ഗേറ്റ് ബസുമതി അരി കയറ്റുമതിക്കാരായ കെആർബിഎൽ ജൂൺ പാദത്തിൽ വരുമാനം 5.6 ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 73.16 ശതമാനം വർധിപ്പിച്ചു.

ജെഎസ്ഡബ്ല്യു സിമൻ്റ് ഒന്നാം പാദ വരുമാനം 21.6 ശതമാനം കൂടിയപ്പോൾ നഷ്‌ടത്തിൽ നിന്നു ലാഭത്തിലേക്കു കടന്നു.

എൽജി ഇലക്ട്രോണിക്സിന് ഒന്നാം പാദ വരുമാനം 15.5 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 27.2 ശതമാനം കൂടി.

സ്വർണം ഇടിവിൽ

യുഎസ് പ്രൊഡ്യൂസർ വിലകൾ കൂടി താഴ്ന്ന സാഹചര്യത്തിൽ പലിശ വർധനയെപ്പറ്റി ആശങ്ക വേണ്ട എന്ന നിഗമനം മാറ്റിക്കൊണ്ടാണു സ്വർണ വിപണി ഇന്നലെ പെരുമാറിയത്. ചില്ലറ വിലക്കയറ്റം കുറഞ്ഞപ്പോൾ കയറിയ സ്വർണവില ഇന്നലെ കുത്തനെ ഇടിഞ്ഞു. 1.30 ശതമാനം താഴ്‌ന്ന് ഔൺസിനു 4352.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒരു ശതമാനം ഇടിഞ്ഞ് 4310 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 1120 രൂപ താഴ്‌സ് 1,12,640 രൂപയിൽ എത്തി.

അടുത്ത വർഷം ആദ്യ പകുതിയിൽ സ്വർണം ഔൺസിന് 5000 ഡോളർ കടക്കും എന്ന് സ്വിസ് ബാങ്കായ യുബിഎസ് വിലയിരുത്തി. പലിശ കുറയുന്നതും ഡോളർ ദുർബലമാകുന്നതും കേന്ദ്രബാങ്കുകളുടെ വാങ്ങൽ തുടരുന്നതും ആണ് വില കയറാൻ സഹായിക്കുന്നത്. ജൂൺ പാദത്തിൽ കേന്ദ്രബാങ്കുകൾ 289 ടൺ സ്വർണം വാങ്ങി ഈ വർഷം അവരുടെ വാങ്ങു 1000 ടണ്ണിന് അടുത്തുവരും എന്നാണു നിഗമനം.

വെള്ളിവില വ്യാഴാഴ്ച താഴ്‌ന്ന് ഔൺസിന് 64.08 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.34 ഡോളറിൽ എത്തി.

പ്ലാറ്റിനം 1700 ഡോളർ, പല്ലാഡിയം 1285 ഡോളർ, റോഡിയം 8425 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ വില കുറയുന്നു

രാജ്യാന്തര റബർവില താഴ്‌ന്നു. കേരളത്തിലും വില കുറഞ്ഞു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 282.90 ഡോളറിലും ആർഎസ്എസ് മൂന്ന് 279.40 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ക്വിൻ്റലിന് 28,100 രൂപയിലേക്കു താഴ്ന്നു.

ലോഹങ്ങൾ താഴ്ചയിൽ

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഇടിഞ്ഞു. ചെമ്പ് 0.63 ശതമാനം താഴ്ന്ന് 14,284.50 ഡോളറിൽ എത്തി. ചൈനയിൽ ഡിമാൻഡ് കുറഞ്ഞതാണു ചെമ്പിനു ക്ഷീണമായത്.

അലൂമിനിയം 1.03 ശതമാനം ഇടിഞ്ഞ് 3274.50 ഡോളർ ആയി. സിങ്കും ലെഡ്ഡും നിക്കലും ടിന്നും താഴ്ന്നു.

കൊക്കോയും കാപ്പിയും താഴ്ന്നു

കൊക്കോ വില വ്യാഴാഴ്ച നാമമാത്രമായി താഴ്‌ന്ന് ടണ്ണിന് 5710 ഡോളറിൽ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും കൂടി ഉൽപാദനം ഒരു ലക്ഷം ടൺ കുറയുമെന്നാണ് എസ്റ്റിമേറ്റ്.

അറബിക്ക കാപ്പിവില 2.05 ശതമാനം താഴ്ന്നു പൗണ്ടിന് 3.13 ഡോളർ ആയി. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

ഡോളർ സൂചിക താഴുന്നു

യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച താഴ്ന്ന് 99.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.88 വരെ താഴ്ന്നു.

യൂറോ 1.1534 ഡോളറിലേക്കു കയറി. പൗണ്ട് 1.3493 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.41 യെൻ എന്ന നിലയിൽ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.74 എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.647 ശതമാനത്തിലേക്കു താഴ്‌ന്നു.

രൂപ താഴ്ന്നു

വ്യാഴാഴ്ച ഇന്ത്യൻ രൂപ നഷ്ടത്തിൽ അവസാനിച്ചു. ഡോളർ 11 പൈസ കൂടി 95.44 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.40 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.15 രൂപയിലേക്കും യൂറോ 110.12 രൂപയിലേക്കും കയറി.

ക്രൂഡ് ഓയിൽ താഴ്ന്നു

വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില ഇന്ന് അല്പം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 2.15 ശതമാനം കുറഞ്ഞ് 87.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് വീപ്പയ്ക്ക് 86.79 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.98 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ കയറുന്നു

ക്രിപ്റ്റോകറൻസികൾ ഇന്നും ചെറിയ നേട്ടത്തിലാണ്. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,440 ഡോളറിനു മുകളിൽ എത്തി. ഈഥർ 1885 ഡോളറിനും സൊലാന 75.80 ഡോളറിനും മുകളിലാണ്.

വിപണിസൂചനകൾ

(2026 ഓഗസ്റ്റ് 13, വ്യാഴം)

സെൻസെക്സ് 78,079.96 +0.15%

നിഫ്റ്റി50 24,395.85 -0.16%

ബാങ്ക് നിഫ്റ്റി 57,635.25 -0.43%

മിഡ്ക്യാപ്100 64,121.55 +0.15%

സ്മോൾക്യാപ്100 19,875.10 +0.27%

ഡൗജോൺസ് 53,839.99 +0.13%

എസ്ആൻഡ്പി 7798.99 +0.65%

നാസ്ഡാക് 26,803.03 +0.81%

ഡോളർ ₹95.44 +₹0.11

സ്വർണം(ഔൺസ്)$4350.60 -$57.40

സ്വർണം(പവൻ) ₹1,12,640 -₹1120

ക്രൂഡ്ഓയിൽബ്രെൻ്റ് $87.07 -$1.91

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com