

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രൂപം കൊടുക്കുന്ന പുതിയ ലോകക്രമത്തിൽ ഇന്ത്യക്കും നല്ല റോൾ ഉണ്ടാകുമെന്ന ഉറപ്പ് നേടിക്കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചു. അമേരിക്കയിൽ നിന്ന് എഫ്. 35 യുദ്ധവിമാനങ്ങൾ കിട്ടുമെന്ന് ഉറപ്പായി. യുഎസിൽ നിന്നു കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. 2030 ഓടെ ഇന്ത്യ - യുഎസ് വ്യാപാരം ഇരട്ടിപ്പിക്കാനും ധാരണയായി. മുംബൈ ആക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യക്കു വിട്ടു തരുമെന്നു ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ചുങ്കം നിരക്ക് വളരെ കൂടുതലാണെന്നു കുറ്റപ്പെടുത്തിയ ട്രംപ് ഇന്ത്യ കൂടുതൽ അമേരിക്കൻ കാറുകൾ ഇറക്കുമതി ചെയ്യാനും ആവശ്യപ്പെട്ടു. വിയോജിപ്പുകൾ ഒന്നും ഉയർത്താത്ത കൂടിക്കാഴ്ച വിജയമായി എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇതിൻ്റെ പ്രതികരണം ഇന്ന് ഓഹരി വിപണിയിൽ ഉണ്ടാകും. ബ്രിക്സ് കൂട്ടായ്മ ചത്തു പോയി എന്ന ട്രംപിൻ്റെ പ്രസ്താവനയും കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ ശ്രദ്ധിക്കപ്പെട്ടു.
മറ്റു രാജ്യങ്ങളുടെ ഉയർന്ന ചുങ്കത്തിനും നിയന്ത്രണങ്ങൾക്കും ബദൽ ചുങ്കം ചുമത്താനുള്ള ഉത്തരവിൽ ഒച്ചുവച്ച ശേഷമാണു ട്രംപ് മോദിയുമായി ചർച്ച നടത്തിയത്. നേരത്തേ ടെസ്‌ല മേധാവി ഇലോൺ മത്സകുമായി മോദി ചർച്ച നടത്തിയിരുന്നു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,196 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,200 ആയി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഒരു ശതമാനത്തിലധികം നേട്ടത്തോടെ റെക്കോർഡ് ഉയരം കുറിച്ചു. യുക്രെയ്നിൽ സമാധാനം ഉണ്ടാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ വിപണി സ്വാഗതം ചെയ്തു.
യൂറോപ്യൻ വ്യാപാര സമയത്തിനു ശേഷമാണ് വിദേശരാജ്യങ്ങൾക്കെല്ലാം ബദൽ ചുങ്കം ചുമത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്. അത് ഏപ്രിൽ ഒന്നിനു ശേഷമേ പ്രാബല്യത്തിലാകൂ. ഓരോ രാജ്യവും ചുമത്തുന്ന ചുങ്കവും മറ്റു തരം നിയന്ത്രണങ്ങളും നോക്കിയാകും ബദൽ ചുങ്കം. ഉടനടി നടപ്പാക്കുന്നില്ല എന്നതു കൊണ്ടു വിപണിയിൽ ഇന്നലെ വിപരീത പ്രതികരണം ഒന്നുമുണ്ടായില്ല.
ചില്ലറ വിലക്കയറ്റത്തിനു പുറമേ യുഎസ് മൊത്തവിലക്കയറ്റവും പ്രതീക്ഷയേക്കാൾ കൂടുതലായി. തുടക്കത്തിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പുതിയ ബദൽ ചുങ്കം ഉടനേ നടപ്പാക്കുന്നില്ല എന്നറിഞ്ഞതോടെ ഒരു ശതമാനം കയറി.
ഡൗ ജോൺസ് സൂചിക 342.87 പോയിൻ്റ് (0.77%) ഉയർന്ന് 44,711.43 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 63.10 പോയിൻ്റ് (1.04%) നേട്ടത്തോടെ 6115.07 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 295.69 പോയിൻ്റ് (1.50%) കയറി 19,945.64 ൽ ക്ലാേസ് ചെയ്തു.
ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.05 ഉം എസ് ആൻഡ് പി 500 സൂചിക 0.02 ഉം ശതമാനം കയറി. നാസ്ഡാക് 0.07 ശതമാനം താഴ്ന്നു.
മിക്ക ഏഷ്യൻ വിപണികളും രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കൈ അര ശതമാനം താഴ്ന്നു.
ട്രംപിൻ്റെ ചുങ്കം ഭീഷണിയിൽ ഉലയുന്ന ഇന്ത്യൻ വിപണി തുടർച്ചയായ ഏഴാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. താഴ്ചയിൽ നിന്ന് ഒരു ശതമാനത്തോളം തിരിച്ചു കയറിയാണു വിപണി ക്ലാേസ് ചെയ്തത്. മുഖ്യ സൂചികകൾ ഇന്നലെ നാമമാത്രമായി താഴ്ന്നപ്പോൾ മിഡ് ക്യാപ് സൂചിക കാൽ ശതമാനം ഉയരുകയും സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം താഴുകയും ചെയ്തു.. .
ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി, മെറ്റൽ മേഖലകൾ ഉയർന്നു. ഐടി എഫ്എംസിജി, പി എസ് യു ബാങ്ക് മേഖലകൾ ഇടിവിലായി.
വ്യാഴാഴ്ച നിഫ്റ്റി 13.85 പോയിൻ്റ് (0.06%) താഴ്ന്ന് 23,031.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 32.11 പോയിൻ്റ് (0.04%) കുറഞ്ഞ് 76,138. 97 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 119.60 പോയിൻ്റ് (0.24%) താഴ്ന്ന് 49,359.85 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം കയറി 50,881.20 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം നഷ്ടത്തോടെ 15,973.85 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 2789.91 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2934.50 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 1813 ഓഹരികൾ ഉയർന്നപ്പോൾ 2148 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1353 എണ്ണം ഉയർന്നു, താഴ്ന്നത് 1472 എണ്ണം.
നിഫ്റ്റി ദുർബലമായാൽ 22,800- 22,600 മേഖലയിലാണ് പിന്തുണ ലഭിക്കുക.. ഉയരുന്ന പക്ഷം 23,300 ൽ തടസം നേരിടാം. നിഫ്റ്റിക്ക് ഇന്ന് 22,990 ലും 22,940ലും പിന്തുണ കിട്ടാം. 23,180 ഉം 23,235 ഉം തടസങ്ങളാകാം.
ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ, ഗ്ലെൻമാർക്ക് ഫാർമ, ജിഎസ്കെ ഫാർമ, ദിലീപ് ബിൽഡ്കോൺ, ജീവികെ പവർ, ഈസി ട്രിപ്, നാരായണ ഹൃദയാലയാ , സംവർധന മദർസൺ, റേറ്റ് ഗെയിൻ ട്രാവൽ തുടങ്ങിയവ ഇന്നു റിസൽട്ട് പുറത്തുവിടും.
ഹിൻഡാൽകോ മൂന്നാം പാദ വരുമാനം 17.2 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 74.6 ശതമാനം കുതിച്ചു.
യുനൈറ്റഡ് ബ്രൂവറീസിനു വരുമാനം 9.6 ശതമാനം കൂടിയപ്പോൾ അറ്റാദായം 54.9 ശതമാനം ഇടിഞ്ഞു. ഒരു ഒറ്റത്തവണ നഷ്ടം വന്നതാണു കാരണം.
ഗോഡ്ഫ്രെ ഫിലിപ്സിന് വരുമാനം 27.3 ശതമാനം വർധിച്ചപ്പോൾ ലാഭം 48.7 ശതമാനം കുതിച്ചു.
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ വരുമാനം 31.7 ശതമാനം ഇടിഞ്ഞപ്പോൾ ലാഭത്തിനു പകരം നഷ്ടമായി.
നസാറാ ടെക്നോളജീസ് വരുമാനം 66.9 ശതമാനം കുതിച്ചപ്പോൾ ലാഭം 52.9 ശതമാനം ഇടിഞ്ഞു.
ദീപക് നെെട്രെെറ്റ് വരുമാനം 5.3 ശതമാനം താഴ്ന്നപ്പോൾ ലാഭം 51.5 ശതമാനം ഇടിവിലായി.
വരുമാനം 27.8 ശതമാനം വർധിച്ചപ്പോൾ ആൾ കാർഗോ ലോജിസ്റ്റിക്സിൻ്റെ ലാഭം 11.5 ശതമാനം ഇടിഞ്ഞു.
ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് വരുമാനം 5.5 ശതമാനം താഴ്ന്നപ്പോൾ ലാഭം 16.1 ശതമാനം കുറഞ്ഞു.
മണപ്പുറം ഫിനാൻസിന് അറ്റ പലിശ വരുമാനം 13.7 ശതമാനം കൂടിയപ്പോൾ അറ്റാദായം 5.8 ശതമാനം ഉയർന്നു.
സ്വർണവില ഇന്നലെയും കയറി. ഏപ്രിൽ അവധിവില ഔൺസിന് 2968.50 ഡോളർ വരെ കയറിയിട്ട് അൽപം താഴ്ന്നു. സ്പോട്ട് വില ചാഞ്ചാട്ടങ്ങൾക്കു ശേഷം 2928.70 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 2932 ഡോളറിലേക്കു വില ഉയർന്നു.
കേരളത്തിൽ വ്യാഴാഴ്ച സ്വർണവില പവന് 320 രൂപ കുറഞ്ഞ് 63,860 രൂപയായി.
വെള്ളിവില ഔൺസിന് 32.27 ഡോളർ ആയി.
വ്യാഴാഴ്ച രൂപ നേരിയ താഴ്ചയിലായി. റിസർവ് ബാങ്ക് ഉദ്ദേശിച്ചതുപോലെ കയറ്റുമതിക്കാർ ഡോളർ ഇറക്കുകയോ ഊഹക്കച്ചവടക്കാർ ഷോർട്ട് പൊസിഷനുകൾ കുറയ്ക്കുകയോ ചെയ്തില്ല.രാവിലെ കയറിയിറങ്ങിയ ഡോളർ പിന്നീട് ഒരു പൈസ കയറി 86.90 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നലെയും ചാഞ്ചാടിയ ഡോളർ സൂചിക 107.31 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.11 വരെ താഴ്ന്നു.യുഎസ് കടപ്പത്രങ്ങളുടെ വില വീണ്ടും കയറി, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.63 ൽ നിന്ന് 4.533 ശതമാനത്തിലേക്കു താഴ്ന്നു. യുഎസ് മൊത്ത വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതലായത് പലിശ കുറയ്ക്കലിനെ ബാധിക്കില്ലെന്നാണു പുതിയ വ്യാഖ്യാനം.
ക്രൂഡ് ഓയിൽ വില നേരിയ കയറ്റിറക്കത്തോടെ നില നിന്നു . ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 75.29 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 75.02 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 71.33 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.07 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ ഇന്നലെ 96,500 ഡോളറിനു താഴെയായി. ഈഥർ വില 2670 ഡോളറിലേക്കു താഴ്ന്നു. വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.97 ശതമാനം ഉയർന്ന് ടണ്ണിന് 9434.88 ഡോളറിലെത്തി. അലൂമിനിയം 0.77 ശതമാനം കുറഞ്ഞ് 2603.75 ഡോളർ ആയി. ലെഡ് 0.85 ഉം ടിൻ 0.96 ഉം ശതമാനം ഉയർന്നു. നിക്കൽ 0.62 ഉം സിങ്ക് 0.53 ഉം ശതമാനം താഴ്ന്നു.
(2024 ഫെബ്രുവരി 13, വ്യാഴം)
സെൻസെക്സ് 30 76,138.97 -0.04%
നിഫ്റ്റി50 23,031.40 -0.06%
ബാങ്ക് നിഫ്റ്റി 49,359.85 -0 24%
മിഡ് ക്യാപ് 100 50,881.20 +0.25%
സ്മോൾ ക്യാപ് 100 15,973.85 -0.37%
ഡൗ ജോൺസ് 44,711.43 +0.77%
എസ് ആൻഡ് പി 6115.07 +1.04%
നാസ്ഡാക് 19,945.64 +1.50%
ഡോളർ($) ₹86.90 +₹0.01
ഡോളർ സൂചിക 107.31 -0.63
സ്വർണം (ഔൺസ്) $2928.70 +$23.90
സ്വർണം(പവൻ) ₹63,840 -₹320.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.24 +$00.23
Read DhanamOnline in English
Subscribe to Dhanam Magazine