

വിപണിയുടെ അന്തരീക്ഷം കൂടുതൽ മോശമാവുകയാണ്. കമ്പനി റിസൽട്ടുകളും തീരുവയുദ്ധവും ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചയും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ്റെ ഭാവിയും ആണ് ഈയാഴ്ച വിപണിയെ ബാധിക്കുന്ന വലിയ വിഷയങ്ങൾ. പ്രധാന ഏഷ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചേഴ്സും ഇന്നു താഴ്ചയിലാണ്. വിദേശനിക്ഷേപകർ വെള്ളിയാഴ്ച വലിയ വിൽപനയിലേക്കു മാറിയതും വിപണിക്കു മേൽ നിഴൽ വീഴ്ത്തുന്നു. ക്രൂഡ് ഓയിൽ വില 70 ഡോളറിനു മുകളിൽ കയറി.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുവപ്രഖ്യാപനങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30 ശതമാനം ചുങ്കം പ്രഖ്യാപിച്ചു. ഇപ്പോൾ എല്ലാ രാജ്യങ്ങളിൽ നിന്നും 10 ശതമാനം തീരുവ ഈടാക്കുന്നത് കരാർ ഉണ്ടാക്കാത്ത രാജ്യങ്ങൾക്ക് പതിനഞ്ചോ ഇരുപതോ ശതമാനം ആക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ഫെഡറൽ റിസർവിൽ നടന്ന നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപിച്ചു ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ ട്രംപ് ശ്രമം ഊർജിതമാക്കി. അടുത്ത വർഷം മേയ് വരെ കാലാവധിയുള്ള പവൽ ഉടനേ രാജി വയ്ക്കും എന്ന കിംവദന്തി ട്രംപിൻ്റെ വിശ്വസ്തർ പരത്തുന്നുണ്ട്.
പ്രധാനകമ്പനികളുടെ റിസൽട്ട് ഈയാഴ്ച പുറത്തുവരും. ഇന്നു വിലക്കയറ്റ കണക്കുകളും അറിയാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,237 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,164 ലേക്കു താഴ്ന്നിട്ട് അൽപം കയറി. വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച വലിയ നഷ്ടത്തിൽ അവസാനിച്ചു. കാനഡയ്ക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചത് യൂറോപ്പിന് അനുകൂല തീരുമാനം ഉണ്ടാകില്ല എന്ന ആശങ്ക വളർത്തി. സൂചികകൾ ഒരു ശതമാനത്താേളം താഴ്ന്നു.
തലേന്നു റെക്കോർഡ് കുറിച്ച എസ് ആൻഡ് പിയും മറ്റു സൂചികകളും വെള്ളിയാഴ്ച താഴ്ന്നു. തീരുവയുദ്ധത്തേക്കാൾ ഫെഡറൽ റിസർവ് ചെയർമാൻ രാജിവയ്ക്കും എന്ന കിംവദന്തിയാണ് വിപണിയെ തളർത്തിയത്.
ഡൗ ജോൺസ് സൂചിക 279.13 പോയിൻ്റ് (0.63%) താഴ്ന്ന് 44,371.51 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 20.71 പോയിൻ്റ് (0.33%) നേട്ടത്തോടെ 6259.75 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 45.14 പോയിൻ്റ് (0.22%) നഷ്ടത്തോടെ 20,585.53 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ താഴ്ചയിലാണ്. ഡൗ 0.47 ഉം എസ് ആൻഡ് പി 0.48 ഉം നാസ്ഡാക് 0.49 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
വമ്പൻ ബാങ്കുകളുടെ റിസൽട്ടാണ് ഈയാഴ്ച വിപണി കാത്തിരിക്കുന്നത്. ജെപി മോർഗൻ ചേയ്സ്, സിറ്റി ഗ്രൂപ്പ്, ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ എന്നിവ ഈയാഴ്ച രണ്ടാം പാദ റിസൽട്ടുകൾ പുറത്തുവിടും.
ഏഷ്യൻ വിപണികൾ മിക്കതും ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.50 ശതമാനം താഴ്ന്നു. കൊറിയൻ വിപണി 0.20 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.
ഒന്നാം പാദ റിസൽട്ടുകൾ പ്രതീക്ഷയിലും മോശമാകും എന്നു ടിസിഎസ് റിസൽട്ട് കാണിച്ചത് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ വലിയ താഴ്ചയിലാക്കി. നിഫ്റ്റി 205.40 പോയിൻ്റ് (0.81%) താഴ്ന്ന് 25,149.85 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 689.81 പോയിൻ്റ് (0.83%) ഇടിഞ്ഞ് 82,500.47 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 201.30 പോയിൻ്റ് (0.35%) താഴ്ന്ന് 56,754.70 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 517.75 പോയിൻ്റ് (0.88%) നഷ്ടത്തോടെ 58,642.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 192.80 പോയിൻ്റ് (1.02%) ഇടിഞ്ഞ് 18,763.45 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജിയും ഫാർമസ്യൂട്ടിക്കൽസും മാത്രമാണ് വെള്ളിയാഴ്ച കാര്യമായി ഉയർന്നത്. സിഇഒയെ മാറ്റിയതിൻ്റെ പേരിൽ ഹിന്ദുസ്ഥാൻ യൂണിലീവർ അഞ്ചു ശതമാനം കയറി. ഗ്ലെൻമാർക്ക് ഫാർമയുടെ അമേരിക്കൻ ഉപകമ്പനി മൾട്ടിപ്പിൾ മൈലോമ
എന്ന ബ്ലഡ് കാൻസറിനു ചികിത്സിക്കാവുന്ന രാസസംയുക്തം കണ്ടെത്തിയിരുന്നു. പരീക്ഷണ ദശയിലുളള ഇത് വികസിപ്പിച്ച് വികസിത രാജ്യങ്ങളിൽ വിൽക്കാൻ ഒരു അമേരിക്കൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതിനെ തുടർന്ന് ഗ്ലെൻമാർക്കിൻ്റെ ഓഹരി 20 ശതമാനം കയറി റെക്കോർഡ് കുറിച്ചു. ഓഹരി ഇനിയും കുതിക്കുമെന്നാണു വിശകലനം.
ഐടിയും ഓട്ടോയും റിയൽറ്റിയും ഓയിൽ -ഗ്യാസും ഇടിഞ്ഞു.
പ്രതിരോധ ഓഹരികൾ ലാഭമെടുക്കൽ മൂലം താഴ്ന്നു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1503 ഓഹരികൾ ഉയർന്നപ്പോൾ 2516 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1029 എണ്ണം. താഴ്ന്നത് 1891 ഓഹരികൾ.
എൻഎസ്ഇയിൽ 55 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 23 എണ്ണമാണ്. 77 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 40. എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 5104.22 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3558.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ മാസം ഇതുവരെ വിദേശികൾ 10,284.18 കോടി രൂപയുടെ അറ്റവിൽപന നടത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച 25,100 നടുത്തേക്കു താഴ്ന്ന നിഫ്റ്റി കൂടുതൽ താഴേക്കു നീങ്ങും എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. വിദേശ നിക്ഷേപകർ കഴിഞ്ഞ ദിവസത്തേതു പോലെ വിൽപന തുടർന്നാൽ 24,800 - 24,700 മേഖലയിലേക്കു സൂചിക താഴ്ന്നെന്നു വരും.
ഇന്നു നിഫ്റ്റിക്ക് 25,085 ഉം 25,005 ഉം പിന്തുണയാകും. 25,270 ലും 25,390 ലും തടസം ഉണ്ടാകാം.
ഈയാഴ്ച ജൂൺ മാസത്തെ വിലക്കയറ്റ - വിദേശവ്യാപാര കണക്കുകളും കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുകളുമാണു വിപണിയെ സ്വാധീനിക്കുക.
ചില്ലറ വിലക്കയറ്റവും മൊത്തവിലക്കയറ്റവും ഇന്നറിയാം. ചില്ലറ വിലക്കയറ്റം 2.8 ശതമാനത്തിനു താഴെ ആകുമെന്നാണു നിഗമനം. മേയിൽ 2.82 ശതമാനം ആയിരുന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിഗമനം ചില്ലറ വിലക്കയറ്റം 2.30 ശതമാനമാകും എന്നാണ്. ഭക്ഷ്യ-പച്ചക്കറി വിലകളിലെ ഇടിവാണു സൂചികയെ താഴ്ത്തുന്നത്. മുൻ മാസങ്ങളെ അപേക്ഷിച്ചു കുറഞ്ഞ തോതിലേ വിലകൾ കുറയുന്നുള്ളു.
മൊത്തവിലക്കയറ്റം ജൂണിൽ നേരിയ വർധന കാണിക്കും എന്നാണു നിഗമനം. മേയിൽ 0.39 ശതമാനമായിരുന്ന മൊത്തവിലക്കയറ്റം 0.80 ശതമാനം ആകുമെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കണക്കാക്കുന്നു. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുളള കാതൽ വിലക്കയറ്റം 0.86 ശതമാനത്തിൽ നിന്ന് 1.63 ശതമാനമായി കൂടും എന്നും ബാങ്ക് കരുതുന്നു.
ജൂണിൽ ഇന്ത്യയുടെ വിദേശവ്യാപാരകമ്മി നാമമാത്രമായി കുറയുമെന്ന് ബാങ്ക് കണക്കാക്കി. മയിൽ 2190 കോടി ഡോളർ ആയിരുന്ന കമ്മി 2070 കോടി ഡോളർ ആകും. ക്രൂഡ് ഓയിൽ ഇറക്കുമതിയും വിലയും കുറഞ്ഞതും സ്വർണ ഇറക്കുമതിയിൽ കുറവ് വന്നതുമാണ് കാരണം. ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 47.2 ലക്ഷം ബാരലിൽ നിന്ന് 46.6 ലക്ഷം ബാരൽ ആയി. റഷ്യയും അമേരിക്കയുമാണ് പ്രധാന ക്രൂഡ് ദാതാക്കൾ. സ്വർണവില തലേ മാസത്തേക്കാൾ അഞ്ചു ശതമാനം കൂടിയെങ്കിലും ഇറക്കുമതി 34.87 ടണ്ണിൽ നിന്ന് 30.56 ടൺ ആയി കുറഞ്ഞു.
ജൂലൈ 14: എച്ച്സിഎൽ ടെക്നോളജീസ്.
ജൂലൈ 15: എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ ലൊംബാർഡ്.
ജൂലൈ 16: ടെക് മഹീന്ദ്ര, എൽ ആൻഡ് ടി ടെക്‌നോളജി.
ജൂലൈ 17: വിപ്രോ, മെെൻഡ് ട്രീ, ഇന്ത്യൻ ഹോട്ടൽസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എഎംസി, ജിയോ ഫിനാൻസ്, ടാറ്റാ കമ്യൂണിക്കേഷൻസ്.
ജൂലൈ 18: റിലയൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ.
വീണ്ടും തീരുവയുദ്ധം ഫണം വിടർത്തി ആടിത്തുടങ്ങിയതോടെ സ്വർണം കുതിച്ചുകയറുകയാണ്. വെള്ളിയാഴ്ച 1.25 ശതമാനം ഉയർന്ന് 3356 ഡോളറിനു മുകളിലെത്തിയ സ്വർണം ഇന്നുരാവിലെ അര ശതമാനം കുതിച്ചു. സുരക്ഷിത നിക്ഷേപം എന്ന പരിഗണനയിലാണു വലിയ നിക്ഷേപകരും നിക്ഷേപ ഫണ്ടുകളും സ്വർണത്തിലേക്കു തിരിയുന്നത്. ക്രിപ്റ്റോ കറൻസികളും ഇതേ കാരണത്താൽ ഉയരുകയാണ്. വെളളിയാഴ്ച ഔൺസിന് 3356.88 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3374.90 ഡോളർ വരെ കയറിയിട്ട് താഴ്ന്ന് 3365 ഡോളർ ആയി.
കേരളത്തിൽ വെളളിയാഴ്ച പവനു 440 രൂപ കൂടി 72,600 രൂപയായി. ശനിയാഴ്ച 520 രൂപ കുതിച്ച് 73,120 രൂപയിൽ എത്തി. വില ഇന്നും കൂടും.
വെള്ളിവില ഔൺസിന് 38.42 ഡോളറിലേക്ക് കയറി.
ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ വെളളിയാഴ്ച ലോഹങ്ങൾ ഇടിവിലായി. വ്യാപാരയുദ്ധം വളർച്ചയെ ബാധിച്ച് വ്യാവസായിക ലോഹങ്ങളുടെ ആവശ്യം കുറയ്ക്കും എന്നാണു ഭീതി. ചെമ്പ് 1.17 ശതമാനം താഴ്ന്നു ടണ്ണിന് 9637.40 ഡോളറിൽ എത്തി. അലൂമിനിയം 0.27 ശതമാനം കുറഞ്ഞ് 2602.85 ഡോളർ ആയി. നിക്കലും ലെഡും ടിന്നും സിങ്കും ഇടിഞ്ഞു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 2.21 ശതമാനം കൂടി 166.30 സെൻ്റിൽ എത്തി. കൊക്കോ 8.60 ശതമാനം ഇടിഞ്ഞു ടണ്ണിന് 7990.30 ഡോളർ ആയി. കാപ്പി 0.41 ശതമാനം താഴ്ന്നു. തേയില 0.58 ശതമാനം കയറി. പാം ഓയിൽ വില 0.68 ശതമാനം ഉയർന്നു.
യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 97.85 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.90 ലേക്കു കയറി.
കറൻസി വിപണിയിൽ യൂറോ 1.167 ഡോളറിലേക്കും പൗണ്ട് 1.349 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.33 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില നാമമാത്രമായി കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.417 ശതമാനത്തിലേക്ക് കൂടി.
രൂപ വെളളിയാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ഗണ്യമായ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡോളർ 17 പൈസ കയറി 85.80 രൂപയിൽ എത്തി.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. വെള്ളിയാഴ് ബാരലിന് രണ്ടു ശതമാനം കയറി 70.36 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീണ്ടും കയറി 70.43 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 68.48 ഡോളറിലും മർബൻ ക്രൂഡ് 71.55 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില മൂന്നു ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്. ബിറ്റ് കോയിൻ 1,19,500 ഡോളറിലേക്കു കയറിയിട്ട് അൽപ്പം താഴ്ന്നു. ഈഥർ 3020 ഡോളർ വരെ എത്തിയിട്ട് താഴ്ന്നു. മറ്റു ക്രിപ്റ്റാേകളും പുതിയ റെക്കോർഡ് സ്ഥാപിച്ചു.
(2025 ജൂലൈ 11, വെള്ളി)
സെൻസെക്സ്30 82,500.47 -0.83%
നിഫ്റ്റി50 25,149.85 -0.81%
ബാങ്ക് നിഫ്റ്റി 56,754.70 -0.35%
മിഡ് ക്യാപ്100 58,642.20 -0.88%
സ്മോൾക്യാപ്100 18,763.45 -1.02%
ഡൗജോൺസ് 44,371.51 -0.63%
എസ്ആൻഡ്പി 6259.75 -0.33%
നാസ്ഡാക് 20,585.53 -0.22%
ഡോളർ($) ₹85.80 +₹0.17
സ്വർണം(ഔൺസ്)$3356.88 +$32.18
സ്വർണം(പവൻ) ₹72,600 +₹440
ശനി ₹73,120 +₹520
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $70.36 +$1.72
Read DhanamOnline in English
Subscribe to Dhanam Magazine