
ലാഭമെടുക്കലിനെ തുടർന്ന് ചൊവ്വാഴ്ച തിരുത്തലിലായ ഇന്ത്യൻ വിപണി ഇന്നു നല്ല തുടക്കമാണു പ്രതീക്ഷിക്കുന്നത്. എന്നാൽ വിദേശസൂചനകൾ അത്ര പോസിറ്റീവ് അല്ല. സാമ്പത്തിക മാന്ദ്യ ഭീഷണി ഒഴിവായത് ഇന്നലെ വിപണികളെ ഉയർത്തിയിരുന്നു. മാന്ദ്യഭീതി മാറിയതോടെ ക്രൂഡ് ഓയിൽ വില 66 ഡോളറിനു മുകളിലായി. റേറ്റിംഗ് ഏജൻസികൾ വിവിധ രാജ്യങ്ങളുടെ വളർച്ച പ്രതീക്ഷകൾ ഉയർത്തുന്ന തിരക്കിലാണ്.
ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഏപ്രിലിലെ ചില്ലറവിലക്കയറ്റം (3.16 ശതമാനം) എത്തി. മാർച്ചിൽ 3.34% ആയിരുന്നു. ഭക്ഷ്യവിലക്കയറ്റ 2.69 ൽ നിന്ന് 1.78% ആയി കുറഞ്ഞതാണു സഹായകമായത്. എന്നാൽ ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുളള കാതൽ വിലക്കയറ്റം 4.1 ശതമാനമായി. 18 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എങ്കിലും ജൂണിൽ റീപോ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ സഹായിക്കുന്നതാണു വിലക്കയറ്റ കണക്ക്.
അമേരിക്കയിലെ ഏപ്രിൽ മാസ ചില്ലറ വിലക്കയറ്റം 2.3 ശതമാനത്തിലേക്കു കുറഞ്ഞു പ്രതീക്ഷ 2.4 ശതമാനമായിരുന്നു കാതൽ വിലക്കയറ്റം 2.8 ശതമാനമായി. നിലക്കയറ്റം കുറഞ്ഞതും അമേരിക്കയിലെ മാന്ദ്യ ഭീഷണി മാറിയതും പലിശ കുറയ്ക്കൽ സെപ്റ്റംബറിലേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണു സൂചിപ്പിക്കുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 24,747.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,753 ൽ ഓപ്പൺ ചെയ്തിട്ട് 24,714 വരെ താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്നു വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക താഴ്ന്നെങ്കിലും യുഎസ് വിപണികൾ ഇന്നലെയും ഉയർന്നു. യുനൈറ്റഡ് ഹെൽത്ത് ഓഹരിയുടെ 18 ശതമാനം തകർച്ചയാണു ഡൗവിനെ താഴ്ത്തിയത്. ചീഫ് എക്സിക്യൂട്ടീവ് രാജിവച്ചതും വരുമാന പ്രതീക്ഷ പിൻവലിച്ചതുമാണ് ഓഹരിയെ വീഴിച്ചത്. സൗദി അറേബ്യ 18,000 നിർമിത ബുദ്ധി ചിപ്പുകൾ വാങ്ങുന്നത് എൻവിഡിയയെ ആറു ശതമാനം ഉയർത്തി. മറ്റു നിർമിതബുദ്ധി ഓഹരികളും ഉയർന്നു. മൈക്രോസോഫ്റ്റ് മൂന്നു ശതമാനം ജീവനക്കാരെ ഈ വർഷം പിരിച്ചു വിടുമെന്ന് അറിയിച്ചു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 269.67 പോയിൻ്റ് (0.64%) താഴ്ന്ന് 42,140.43 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 42.36 പോയിൻ്റ് (0.72%) ഉയർന്ന് 5886.55 ൽ അവസാനിച്ചു. നാസ്ഡാക് 301.74 പോയിൻ്റ് (1.61%) ഉയർന്ന് 19,010.08 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഇന്നലെ നേട്ടത്തിലായിരുന്ന ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലായി. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ 0.75 ശതമാനം താഴ്ന്നു. ഹോങ് കോങ്, ഷാങ് ഹായ് സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി.
തലേന്നത്തെ വലിയ ആവേശക്കയറ്റത്തിന് ഒരു തിരുത്തലാണ് ഇന്നലെ വിപണിയിൽ കണ്ടത്. മുഖ്യസൂചികകൾ ഒന്നര ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ ഉയർന്നു.
ചൊവ്വാഴ്ച നിഫ്റ്റി 346.35 പോയിൻ്റ് (1.39%) താഴ്ന്ന് 24,578.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1281.68 പോയിൻ്റ് (1.55%) ഇടിഞ്ഞ് 81,148.22 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 442.00 പോയിൻ്റ് (0.80%) താഴ്ന്ന് 54,940.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 104.65 പോയിൻ്റ് (0.19 ശതമാനം) ഉയർന്ന് 55,520.70 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 136.10 പോയിൻ്റ് (0.81 ശതമാനം) കയറി 16,903.40 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2514 ഓഹരികൾ ഉയർന്നപ്പോൾ 1455 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1948 എണ്ണം. താഴ്ന്നത് 937 ഓഹരികൾ.
എൻഎസ്ഇയിൽ 43 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 10 എണ്ണമാണ്. 199 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 31 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 476.86 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4273.80 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
കുതിപ്പ് വീണ്ടെടുത്താൽ നിഫ്റ്റി 24,800 ലക്ഷ്യമിട്ടു നീങ്ങും എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 24,530 ഉം 24,430 ഉം പിന്തുണയാകും. 24,860 ലും 24,960 ലും തടസം ഉണ്ടാകാം.
വ്യാപാരയുദ്ധം അവസാനിക്കുന്ന സാഹചര്യത്തിൽ സ്വർണത്തിൻ്റെ നിക്ഷേപ പ്രാധാന്യം അൽപം കുറഞ്ഞു. എങ്കിലും രാജ്യാന്തര ബന്ധങ്ങളിലെയും മറ്റും അസ്വസ്ഥത സ്വർണത്തെ ഉയർത്തി. ഡോളർ താഴ്ന്നതും കാരണമായി
ഇന്നലെ സ്വർണം ഔൺസിന് 13.10 ഡോളർ ഉയർന്ന് 3251.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3257 ഡോളറിലേക്കു കയറിയിട്ട് 3244 ലേക്കു താഴ്ന്നു.
കേരളത്തിൽ ഇന്നലെ രണ്ടു തവണയായി പവന് 840 രൂപ വർധിച്ച് 70,840 രൂപയായി. വെള്ളിവില ഔൺസിന് 33.32 ഡോളർ ആയി ഉയർന്നു.
ചാെവ്വാഴ്ച ചെമ്പുവില 0.50 ശതമാനം കയറി ടണ്ണിന് 9533.00 ഡോളറിൽ എത്തി. അലൂമിനിയം വില 0.62 ശതമാനം ഉയർന്നു ടണ്ണിന് 2487.72 ഡോളർ ആയി. ടിൻ ഒഴികെ മറ്റു വ്യാവസായിക ലോഹങ്ങൾ താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 2.74 ശതമാനം കയറി കിലോഗ്രാമിന് 176 സെൻ്റിൽ എത്തി. കൊക്കോ 6.34 ശതമാനം കുതിച്ച് 9902.24 ഡോളറിൽ എത്തി. കാപ്പി 0.06 ശതമാനം ഉയർന്നു. പാമോയിൽ വില 2.04 ശതമാനം കൂടി.
ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്നു. സൂചിക 101.76 ൽ നിന്ന് താഴ്ന്ന് 101.00 ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 100.96 ലാണ്.
യൂറോ ഇന്ന് 1.1189 ഡോളറിലേക്കു കയറി. പൗണ്ട് 1.3305 ഡോളറിലേക്ക് ഉയർന്നപ്പോൾ ജാപ്പനീസ് യെൻ ഡോളറിന് 147.46 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് കടപ്പത്രവില കാര്യമായ മാറ്റമില്ലാതെ തുടർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.471 ശതമാനത്തിലാണ്. യുഎസ് ചില്ലറ വിലക്കയറ്റം ആശങ്കപ്പെട്ടിടത്തോളം കൂടിയില്ല.
ഒരു ദിവസത്തെ അവധിക്കു ശേഷം വിദേശ വിനിമയ വിപണി ഇന്നലെ തുറന്നപ്പോൾ രൂപ 74 പൈസ ഉയർന്നു. അവധിക്കച്ചവടക്കാർ ലോംഗ് പൊസിഷനുകൾ അവസാനിപ്പിക്കാൻ ഉത്സാഹിച്ചതു കൊണ്ട് രൂപ ക്രമേണ നേട്ടം മുഴുവൻ തന്നെ നഷ്ടപ്പെടുത്തി. ഡോളർ നാലു പൈസ നഷ്ടത്തിൽ 85.33 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.21 യുവാൻ എന്ന നിലയിലേക്ക് ഇന്നലെ താഴ്ന്നു.
വ്യാപാരയുദ്ധം തീരുന്നതും മാന്ദ്യഭീതി അകലുന്നതും ക്രൂഡ് ഓയിലിനെ ഉയർത്തി. ബ്രെൻ്റ് ഇനം ഇന്നലെ രണ്ടു ശതമാനത്തോളം കയറി ബാരലിന് 66.63 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് 66.38 ഉം ഡബ്ല്യുടിഐ 63. 43 ഉം മർബൻ ക്രൂഡ് 66.66 ഉം ഡോളറിൽ എത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചു കയറിയ ക്രിപ്റ്റോ കറൻസികൾ ഇന്നലെ ചാഞ്ചാട്ടത്തിലായി. 1,01,000 ഡോളറിലേക്കു താഴ്ന്ന ബിറ്റ് കോയിൻ ഇന്ന് 1,04,000 ഡോളറിനു മുകളിലായി. ഈഥർ പത്തു ശതമാനം കുതിച്ച് 2700 ഡോളറിൽ എത്തി.
(2025 മേയ് 13, ചൊവ്വ)
സെൻസെക്സ്30 81,148.22 -1.55%
നിഫ്റ്റി50 24,578.35 -1.39%
ബാങ്ക് നിഫ്റ്റി 54,940.85 -0.80%
മിഡ് ക്യാപ്100 55,520.70 +0.19%
സ്മോൾക്യാപ്100 16,903.40 +0.81%
ഡൗജോൺസ് 42,140.43 -0.64%
എസ്ആൻഡ്പി 5886.55 +0.72%
നാസ്ഡാക് 19,010.08 +1.61%
ഡോളർ($) ₹85.33 -₹0.04
സ്വർണം(ഔൺസ്) $3251.20 +$13.10
സ്വർണം(പവൻ) ₹70,840 +₹840.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.63 +$1.64
Read DhanamOnline in English
Subscribe to Dhanam Magazine