പശ്ചിമേഷ്യയിൽ വീണ്ടും ശുഭപ്രതീക്ഷ; വിപണികൾ കയറ്റത്തിൽ; ഇന്ത്യൻ വിപണി ആവേശക്കയറ്റം പ്രതീക്ഷിക്കുന്നു; ക്രൂഡ് ഓയിൽ ഇടിയുന്നു, സ്വർണം കുതിക്കുന്നു

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24,236 വരെ കയറി. നിഫ്റ്റി-50 സൂചിക ഇന്നു 350 ലധികം പോയിൻ്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
Pre Market Analysis
Morning business newsCanva
Published on

പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കാനുളള ചർച്ചകൾ പുനരാരംഭിക്കുന്നത് ഇന്നു വിപണികളെ ഉയർത്തും. ഇന്ത്യൻ വിപണി വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണു സാധ്യത. യുഎസ്, ഏഷ്യൻ വിപണികൾ ഇന്നലെ കുതിച്ചു കയറിയിരുന്നു. ഇന്ന് ഏഷ്യൻ വിപണികൾ ഉയരുകയാണ്. ക്രൂഡ് ഓയിൽ വില 90 ഡോളറിനടുത്തേക്കു താഴ്ന്നിട്ടുണ്ട്. ഡോളർ നിരക്കും താഴോട്ടാണ്. സ്വർണം കുതിച്ചു കയറുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,209.50ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,236 വരെ കയറി. നിഫ്റ്റി ഇന്നു 350 ലധികം പോയിൻ്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിലക്കയറ്റം കൂടുന്നു

മാർച്ചിലെ ചില്ലറ വിലക്കയറ്റം 3.40 ശതമാനമായി. ഫെബ്രുവരിയിൽ 3.21 ശതമാനമായിരുന്നു. 3.48 ശതമാനമാകും എന്നായിരുന്നു ധനകാര്യ വിദഗ്ധരുടെ സർവേയിലെ നിഗമനം. ഭക്ഷ്യവിലക്കയറ്റം 3.87% ആയി ഉയർന്നു. വെള്ളി, സ്വർണം, നാളികേരം തക്കാളി, കോളിഫ്ലവർ തുടങ്ങിയവയ്ക്കാണു വില കൂടുതൽ വർധിച്ചത്. ഉള്ളി, ഉരുളക്കിഴങ്ങ്, പരിപ്പ് കടല തുടങ്ങിയവയ്ക്കു വില കുറഞ്ഞു. ഏപ്രിലിൽ വിലക്കയറ്റം 3.8 ശതമാനമാകും എന്നാണ വിദഗ്ധരുടെ നിഗമനം. എങ്കിലും റിസർവ് ബാങ്ക് പെട്ടെന്നു പലിശനിരക്കുകൾ കൂട്ടുകയില്ല എന്നാണു പ്രതീക്ഷ.

ഇന്നു മൊത്തവിലക്കയറ്റ കണക്ക് പ്രസിദ്ധീകരിക്കും. കയറ്റിറക്കുമതി കണക്കും ഇന്നാണു പുറത്തുവിടുന്നത്. യുദ്ധം വിദേശവ്യാപാരത്തിൽ ഇടിവു വരുത്തിയിട്ടുണ്ട്.

യുഎസ് - ഇറാൻ ചർച്ച ഈയാഴ്ച

അമേരിക്ക - ഇറാൻ ചർച്ച ഈയാഴ്ച ഇസ്ലാമാബാദിൽ പുനരാരംഭിക്കും എന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധവിരാമം മാത്രമല്ല ഇറാനുമായി ഒരു വിശാലധാരണയ്ക്കാണു ട്രംപ് ഉന്നമിടുന്നതെന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും പറഞ്ഞു. ഹോർമുസ് കപ്പൽച്ചാലിലൂടെ ഇറാനിൽ നിന്നുള്ള എണ്ണ ഉപരോധകാലത്തു ചൈനയ്ക്കു ലഭിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വിശദീകരിച്ചു. അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമാണെന്നു വിമർശിച്ച ചൈന എന്തെങ്കിലും ബദൽ നടപടി എടുക്കുമെന്ന് സൂചിപ്പിച്ചിട്ടില്ല.

യുദ്ധം തീരാറായി എന്നു ട്രംപ് ഇന്നലെയും പറഞ്ഞു. വെടിനിർത്തൽ എട്ടു ദിവസം പിന്നിട്ടു. ഇതു വരെ വെടിനിർത്തൽ ലംഘിച്ചിട്ടില്ല. ഇറാൻ 20 വർഷത്തേക്ക് അണ്വായുധ നിർമാണ പരിപാടിക്കു തുനിയില്ലെന്നും ഹോർമുസിൽ സ്വതന്ത്ര ചരക്കുനീക്കം തുടരുമെന്നും ഹിസ്ബുല്ല, ഹൗതി, ഹമാസ്, പോപ്പുലർ മൂവ്‌മെൻ്റ് തുടങ്ങിയവയ്ക്കു സഹായം നൽകില്ലെന്നും കരാർ ഉണ്ടാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

അഞ്ചു വർഷത്തേക്ക് അണ്വായുധ പരിപാടി മാറ്റിവയ്ക്കാം എന്നാണ് ആദ്യ ചർച്ചയിൽ ഇറാൻ സമ്മതിച്ചത്. ചർച്ച തുടരണമെങ്കിൽ തങ്ങളുടെ പിടിച്ചുവച്ച സമ്പത്ത് ആദ്യമേ തിരിച്ചു തരണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ട്രംപ് വഴങ്ങാൻ തയാറായില്ല. ഇപ്പോൾ ഇറാൻ കൂടുതൽ മയപ്പെട്ടു എന്നാണു സൂചന.

യുഎസ് വിപണി മുന്നറി

യുദ്ധവിരാമത്തിനു ചർച്ച പുനരാരംഭിക്കും എന്ന സൂചന തിങ്കളാഴ്ചയും ഈയാഴ്ച തന്നെ ചർച്ച നടക്കും എന്ന ട്രംപിൻ്റെ പ്രസ്താവന ചൊവ്വാഴ്ചയും അമേരിക്കൻ വിപണികളെ ഉയർത്തി. എസ് ആൻഡ് പി 500 സൂചിക സർവകാല റെക്കോർഡിൽ നിന്ന് 34.90 പോയിൻ്റ് മാത്രം താഴെയാണ്. ഡൗ ജോൺസ് 2000 വും നാസ്ഡാക് 400 ഉം പോയിൻ്റ് കൂടി കയറിയാൽ റെക്കോർഡ് തിരുത്താം. കഴിഞ്ഞയാഴ്ച മൂന്നു ശതമാനത്തിലധികം ഉയർന്നതാണ് ഈ സൂചികകൾ. ഈയാഴ്ച രണ്ടു ദിവസം കൊണ്ട് ഡൗ 1.25 ഉം എസ് ആൻഡ് പി 2.20 ഉം നാസ്ഡാക് 3.2 ഉം ശതമാനം കയറി.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 317.74 പോയിൻ്റ് (0.66%) ഉയർന്നു 48,535.99 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 81.14 പോയിൻ്റ് (1.18%) നേട്ടത്തോടെ 6967.38 ൽ അവസാനിച്ചു. നാസ്ഡാക് 455.35 പോയിൻ്റ് (1.96%) കുതിച്ച് 23,639.08 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 16 പോയിൻ്റും (0.03%) എസ് ആൻഡ് പി 7 പോയിൻ്റും (0.10%) നാസ്ഡാക് 38 പോയിൻ്റും (0.15%) ഉയർന്നു.

ഇന്ത്യൻ എഡിആറുകൾക്കു നേട്ടം

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ചൊവ്വാഴ്ച 0.04 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 1.16 ശതമാനം ഉയർന്ന് 27.10 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.89 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.74 ശതമാനം കയറി 28.50 ഡോളർ ആയി. ഇൻഫോസിസ് എഡിആർ 0.21 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 13.94 ഡോളറിൽ നിന്നു. വിപ്രോ 1.34 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ 0.45 ശതമാനം ഉയർന്ന് 2.22 ഡോളറിൽ കയറി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉയർന്നു. ഏഷ്യൻ വിപണികൾ രണ്ടു ദിവസവും നല്ല നേട്ടം കുറിച്ചിട്ട് ഇന്നും കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 1.10 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിലെ കോസ്‌പി മൂന്ന ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം കയറ്റത്തിലാണ്. ഹോങ് കോങ്, ചൈനീസ് വിപണികൾ ഒരു ശതമാനത്തിലധികം കയറി.

ഇന്ത്യൻ വിപണി നഷ്‌ടത്തിൽ

സമാധാന പ്രതീക്ഷയ്ക്കു തിരിച്ചടി നേരിട്ടത് തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ തുടക്കത്തിൽ വലിയ തകർച്ചയിലാക്കി. എന്നാൽ പിന്നീടു നഷ്‌ടം ഗണ്യമായി കുറച്ചു. എങ്കിലും മുഖ്യ സൂചികകൾ ഒരു ശതമാനത്തോളം നഷ്‌ടം രേഖപ്പെടുത്തി. വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി മാറുകയും ചെയ്തു. ക്യാഷ് വിപണിയിൽ വിദേശികൾ 1983.18 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 2432.30 കോടി രൂപയുടെ അറ്റവാങ്ങലുകാരായി.

സെൻസെക്‌സ് തിങ്കളാഴ്ച 702.68 പോയിൻ്റ് (0.91%) താഴ്ന്ന് 76,847.57 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 207.95 പോയിൻ്റ് (0.86%) കുറഞ്ഞ് 23,842.65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 307.70 പോയിൻ്റ് (0.55%) നഷ്ടത്തോടെ 55,605.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 330.65 പോയിൻ്റ് (0.57%) താഴ്ന്ന് 57,513.30 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 78.10 പോയിൻ്റ് (0.46%) കുറഞ്ഞ് 16,762.00 ൽ ക്ലോസ് ചെയ്തു. വിശാല വിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇയിൽ 1754 ഓഹരികൾ കയറിയപ്പോൾ 2640 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1297 എണ്ണം ഉയർന്നപ്പോൾ 1922 എണ്ണം ഇടിഞ്ഞു.

എൽഐസിയിൽ 1:1 ബോണസ്

എൽഐസി 1:1 അനുപാതത്തിൽ ബോണസ് ഇഷ്യു നടത്താൻ തീരുമാനിച്ചു. ഓഹരിയുടെ വ്യാപാരത്തോത് വർധിപ്പിക്കാൻ സഹായിക്കുന്നതാണു നടപടി. ഇതോടെ എൽഐസിയുടെ അടച്ചു തീർത്ത മൂലധനം 12,650 കോടി രൂപയാകും. കമ്പനിക്ക് 1.46 ലക്ഷം കോടി രൂപയാണ് റിസർവും മിച്ചവും കൂടി ഉള്ളത്. ബോണസിൻ്റെ റെക്കോർഡ് തീയതി പിന്നീട് അറിയിക്കും. ഈ ധനകാര്യ വർഷം ഒരു ഫോളോ ഓൺ പബ്ലിക് ഇഷ്യുവിന് ഗവണ്മെൻ്റ് ആലോചിക്കുന്ന സാഹചര്യത്തിലാണ് ബോണന്ധ് ഇഷ്യു. ഐപിഒ വിലയിലും 949 രൂപ താഴെയാണ് ഇപ്പോൾ ഓഹരിവില.

സ്വർണം കുതിക്കുന്നു

വെടിനിർത്തലിനെ പറ്റി ആശയും ആശങ്കയും മാറിമാറി വന്ന തിങ്കളാഴ്ച സ്വർണവിപണി നേരിയ താഴ്ചയിൽ ക്ലോസ് ചെയ്തു. ഔൺസിന് 7.30 ഡോളർ കുറഞ്ഞ് 4741.90 ഡോളറിൽ അവസാനിച്ചു. ചർച്ചകൾ വീണ്ടും തുടങ്ങുന്നു എന്ന സൂചനയിൽ ചൊവ്വാഴ്ച ഡോളർ താഴുകയും സ്വർണം കുതിക്കുകയും ചെയ്തു. ഔൺസിനു 100 ഡോളർ വർധിച്ച് 4841.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4826- 4872 മേഖലയിൽ ചാഞ്ചാടിയിട്ടു 4850 ഡോളറിനടുത്തു നിൽക്കുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻവില തിങ്കളാഴ്ച 280 രൂപ കുറഞ്ഞിട്ടു ചൊവ്വാഴ്ച 1080 രൂപ കയറി കയറി 1,12,880 രൂപയായി. വെള്ളി തിങ്കളാഴ്ച ഔൺസിന് 75.70 ലും ഇന്നലെ 79.61 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.85 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2126 ഡോളർ, പല്ലാഡിയം 1578 ഡോളർ, റോഡിയം 9600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ മുന്നേറി

യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയിൽ വ്യാവസായിക ലോഹങ്ങൾ കുതിച്ചുയർന്നു. ഇന്നലെ ചെമ്പ് 1.45 ശതമാനം ഉയർന്ന് 13,093.70 ഡോളറിൽ എത്തി. അലൂമിനിയം ഇന്നലെ 3634 ഡോളർ വരെ കുതിച്ച ശേഷം 0.68 ശതമാനം നേട്ടത്തോടെ 3574.10 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കൽ, ടിൻ, ലെഡ് എന്നിവ ഉയർന്നപ്പോൾ സിങ്ക് താഴ്ന്നു.

റബർ പിന്നോട്ട്

രാജ്യാന്തര വിപണിയിൽ റബർ 0.20 ശതമാനം കുറഞ്ഞു കിലോഗ്രാമിന് 202.60 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.95 ശതമാനം കയറി ടണ്ണിന് 16,783.33 യുവാൻ ആയി.

കൊക്കോ വില 8.35 ശതമാനം കുതിച്ച് ടണ്ണിന് 3646.00 ഡോളർ ആയി. ഫെബ്രുവരി പകുതിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. എങ്കിലും ഒരു വർഷത്തിനിടയിലെ ഉയർന്ന വിലയുടെ പകുതിയിൽ താഴെയാണ്.

തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 0.89 ശതമാനം ഉയർന്നു പൗണ്ടിന് 298.90 സെൻ്റ് ആയി. പാം ഓയിൽ വില 1.95 ശതമാനം താഴ്ന്ന ടണ്ണിനു 4466 മലേഷ്യൻ റിംഗിറ്റിൽ എത്തി. പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.69 ശതമാനം വരെ ഉയർന്നു. യൂറിയ 2.53 ശതമാനം ഉയർന്നു ടണ്ണിന് 719.00 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് 2.78 ശതമാനം കയറി ടണ്ണിന് 740 ഡോളറിൽ എത്തി.

ഡോളർ സൂചിക താഴ്ന്നു

യുഎസ് ഡോളർ സൂചിക താഴ്ച തുടർന്നു. ചൊവ്വാഴ്ച താഴ്ന്ന് 98.12 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.05 ലേക്കു താഴ്ന്നിട്ട് 98.14 വരെ കയറി. യൂറോ 1.1794 ഡോളറിലേക്കും പൗണ്ട് 1.3574 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 158.87 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.87 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.244 ശതമാനമായി ഇടിഞ്ഞു. ക്രൂഡ് വില താഴുന്നതു വിലക്കയറ്റം കുറയ്ക്കും എന്ന പ്രതീക്ഷയിലാണിത്.

താഴ്ന്ന രൂപ കയറും

ഡോളറുമായുള്ള വിനിമയത്തിൽ രൂപ തിങ്കളാഴ്ചയും ദുർബലമായി. ഡോളർ 65 പൈസ കയറി 93.38 രൂപയിൽ ക്ലോസ് ചെയ്തു. രൂപയ്ക്കെതിരായ ഷോർട്ട് പൊസിഷനുകൾ അവസാനിപ്പിക്കാനുള്ള റിസർവ് ബാങ്ക് ഉത്തരവ് നടപ്പായി. എന്നാൽ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നത് രൂപയെപ്പറ്റി വിപണിയിൽ വീണ്ടും ആശങ്ക കൂട്ടിയതാണു കാരണം. ക്രൂഡ് ഓയിൽ വില പിന്നീട് താഴ്ന്നു 90 ഡോളറിനടുത്തായി. ഇത് ഇന്നു രൂപയെ അല്പം തിരിച്ചുകയറ്റാം.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ കഴിഞ്ഞ ദിവസം 94.51 രൂപ വരെ ഉയർന്നു. എങ്കിലും ഇന്നു രാവിലെ 93.06 രൂപ വരെ താഴ്ന്നിട്ട് 93.12 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.66 രൂപയിലേക്കും യൂറോ 109.81 രൂപയിലേക്കും ഉയർന്നു.

ക്രിപ്റ്റോകൾ കുതിച്ചു

ക്രിപ്റ്റോ കറൻസികൾ ഈ ദിവസങ്ങളിൽ കുതിച്ചുയർന്നു. ഇന്നുരാവിലെ ബിറ്റ്കോയിൻ 74,700 ഡോളറിനു മുകളിലായി. ഈഥർ 2340 ഡോളറിനും സൊലാന 8 4.00 ഡോളറിനും മുകളിൽ നിൽക്കുന്നു.

ക്രൂഡ് ഓയിൽ ഇടിയുന്നു

ഹോർമുസ് കപ്പൽച്ചാലിൽ അമേരിക്കൻ ഉപരോധവും വന്നെങ്കിലും സമാധാന പ്രതീക്ഷകൾ ശക്തമായത് ക്രൂഡ് ഓയിൽ വിലയെ ഇടിവിലാക്കി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രണ്ടു ദിവസം കൊണ്ട് വീപ്പയ്ക്ക് 8.73 ഡോളർ കുറഞ്ഞ് ഇന്നലെ 94.79 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 94.13 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 104.59 ഡോളറിൽ നിന്നു താഴ്‌ന്ന് 91.47 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 90.09 ഡോളർ ആയി. ജൂൺ അവധിവില 87.41 ഡോളർ വരെ ഇടിഞ്ഞിട്ടുണ്ട്. യുഎഇയുടെ മർബൻ ക്രൂഡ് 100.85 ൽ നിൽക്കുന്നു. ഇന്ത്യ പശ്ചിമേഷ്യയിൽ നിന്നു വാങ്ങുന്ന എണ്ണയുടെ ശരാശരിവില (ഇന്ത്യൻ ബാസ്‌കറ്റ്) കഴിഞ്ഞയാഴ്ച 120.28 ഡോളർ ആയിരുന്നതു 116.26 ഡോളറിലേക്കു താഴ്ന്നു.

വിപണി സൂചനകൾ

(2026 ഏപ്രിൽ 13, തിങ്കൾ)

  • സെൻസെക്സ് 76,847.57 -0.91%

  • നിഫ്റ്റി-50 23,842.65 -0.86%

  • ബാങ്ക് നിഫ്റ്റി 55,605.05 -0.55%

  • മിഡ്ക്യാപ്-100 57,513.30 -0.57%

  • സ്മോൾക്യാപ്-100 16,762.00 -0.46%

  • ഡൗജോൺസ് 48,218.25 +0.63%

  • എസ്ആൻഡ്പി 6886.24 +1.02%

  • നാസ്ഡാക് 23,183.74 +1.23%

  • ഡോളർ ₹93.38 +₹0.65

  • സ്വർണം (ഔൺസ്) $4741.90 -07.30

  • സ്വർണം (പവൻ) ₹1,11,800 -₹280

  • ക്രൂഡ്ഓയിൽ ബ്രെൻ്റ്$99.36 +$04.16

(2026 ഏപ്രിൽ 14, ചൊവ്വ)

  • ഡൗജോൺസ് 48,535.99 +0.66%

  • എസ്ആൻഡ്പി 6967.38 +1.18%

  • നാസ്ഡാക് 23,639.08 +1.96%

  • സ്വർണം (ഔൺസ്) $4841.90 +100.00

  • സ്വർണം (പവൻ) ₹1,12,880 +₹1080

  • ക്രൂഡ്ഓയിൽ ബ്രെൻ്റ്$94.79 -$04.57

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com