വിലക്കയറ്റം താഴ്ന്നു; ക്രൂഡ് ഓയിൽ ഇടിയുന്നു; ഇന്ത്യ -യുഎസ് ചർച്ചയിൽ പ്രതീക്ഷ; പ്രത്യാശയോടെ നിക്ഷേപകർ

ജെയ്ന്‍ സ്ട്രീറ്റിനെതിരായ വിലക്ക് സെബി പിന്‍വലിക്കുമെന്ന് സൂചന; സ്വര്‍ണം താഴുന്നു; ഡോളര്‍ കയറുന്നു
Morning business news
Morning business newsCanva
Published on

ഒടുവിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യും എന്ന ധാരണയിലേക്ക് യുഎസ് വിപണി മാറി. ഏഷ്യൻ വിപണികൾ അത്രയും പ്രതീക്ഷ പുലർത്തുന്നില്ല. ഇന്ത്യൻ സംഘം വാഷിംഗ്ടണിൽ ഇന്നലെ ആരംഭിച്ച വ്യാപാരചർച്ച അനുകൂല തീരുമാനത്തിൽ എത്തുമെന്ന പ്രതീക്ഷ ഇന്ത്യാ ഗവണ്മെൻ്റ് പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും വിപണി അത്ര ആവേശം പ്രകടിപ്പിക്കുന്നില്ല.

ക്രൂഡ് ഓയിൽ വില താഴ്ന്ന് 69 ഡോളറിനടുത്ത് എത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. എന്നാൽ കമ്പനിഫലങ്ങൾ കാര്യമായ പ്രതീക്ഷ നൽകുന്നില്ല. വിലക്കയറ്റം കുത്തനേ താഴ്ന്നത് ആശ്വാസത്തോടൊപ്പം പലിശ കുറയ്ക്കും എന്ന പ്രത്യാശയും നൽകുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,171 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,146 ലേക്കു താഴ്ന്നിട്ട് അൽപം കയറി. വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

ലണ്ടനിൽ ഒഴികെ എല്ലായിടത്തും യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്പിനു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 30 ശതമാനം ചുങ്കം പ്രഖ്യാപിച്ചതിൻ്റെ ഷോക്കിൽ വളരെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണികൾ നഷ്ടം കുറയ്ക്കുകയായിരുന്നു. യൂറോപ്യൻ വാണിജ്യ മന്ത്രിമാർ യോജിച്ചു നിൽക്കാൻ തീരുമാനിച്ചതും ട്രംപ് അയയും എന്ന സൂചനകളും വിപണിയെ ആശ്വസിപ്പിച്ചു. 10 ശതമാനം തീരുവയിലേക്കു ചർച്ച വഴി എത്തിയ യുകെയിൽ എഫ്ടിഎസ്ഇ സൂചിക ഉയർന്ന് 8998.06 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.  

അമേരിക്കൻ വിപണികൾ ട്രംപ് തീരുവ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകും എന്ന പ്രതീക്ഷയിൽ ഇന്നലെ ചെറിയ കയറ്റത്തിൽ അവസാനിച്ചു. ഇന്നലെ രാവിലെ ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിൽ നീങ്ങിയതിനു ശേഷമാണ് വിപണി നേട്ടത്തിലേക്കു മാറിയത്. 

റഷ്യ 50 ദിവസത്തിനകം യുക്രെയ്നിൽ വെടിനിർത്തിയില്ലെങ്കിൽ റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം ചുങ്കം ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനവും വിപണിയെ ഉയർത്തി. യുക്രെയ്നു പേട്രിയട്ട് മിസൈലുകൾ നൽകുമെന്നും ട്രംപ് പറഞ്ഞു. യൂറോപ്പുമായുള്ള അകൽച്ച കുറയ്ക്കുന്നതാണ് ഇക്കാര്യങ്ങൾ.

ഡൗ ജോൺസ് സൂചിക ഇന്നലെ 88.14 പോയിൻ്റ് (0.20%) ഉയർന്ന് 44,459.65 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 8.81 പോയിൻ്റ് (0.14%) കയറി 6268.56 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 54.80 പോയിൻ്റ് (0.27%) നേട്ടത്തോടെ 20,640.33 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.14 ഉം  നാസ്ഡാക് 0.13 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

വമ്പൻ ബാങ്കുകളുടെ റിസൽട്ടുകൾ ഇന്നു മുതൽ വരുന്നതാണു വിപണി കാത്തിരിക്കുന്നത്. ജെപി മോർഗൻ ചേയ്സ്, സിറ്റി ഗ്രൂപ്പ്,  ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ എന്നിവ ഈ ദിവസങ്ങളിൽ രണ്ടാം പാദ റിസൽട്ടുകൾ പുറത്തുവിടും. രണ്ടാം പാദത്തിൽ എസ് ആൻഡ് പി 500 പട്ടികയിലെ കമ്പനികൾ 4.8 ശതമാനം അറ്റാദായ വർധനയേ ഉണ്ടാക്കൂ എന്ന് വോൾ സ്ട്രീറ്റിലെ അനാലിസ്റ്റുകൾ കരുതുന്നു. ഇതു 2023 ലെ നാലാംപാദത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ലാഭവളർച്ചയാകും. റെക്കോർഡ് ഉയരത്തിനടുത്തു നിൽക്കുന്ന സൂചികകളും ഓഹരിവിലകളും താഴുമെന്നാണു പലരും പ്രവചിക്കുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു തുടങ്ങിയിട്ടു കയറ്റത്തിലേക്കു മാറി. .ജപ്പാനിൽ നിക്കൈ സൂചിക 0.25 ശതമാനം കയറി. ഹോങ് കോങ് സൂചിക ഒരു ശതമാനം ഉയർന്നു. ചൈനീസ് വിപണികളും ഉയർന്നു വ്യാപാരം തുടങ്ങി. ചൈനയുടെ രണ്ടാം പാദ വളർച്ച ഇന്നറിയാം. അഞ്ചു ശതമാനത്തിലധികം വളർച്ച ഉണ്ടാകും എന്നാണു നിഗമനം.

ഇന്ത്യൻ വിപണി നഷ്ടം കുറച്ചു

മൊത്തവിലക്കയറ്റത്തിൽ ആശ്വാസം. ഇന്നലെ ആരംഭിച്ച ഇന്ത്യ -അമേരിക്ക വ്യാപാര ചർച്ച സാമാന്യം തൃപ്തികരമായ ഇടക്കാല കരാറിനു വഴിതെളിക്കുമെന്ന പ്രതീക്ഷ. കണക്കുകൂട്ടിയതിലും മോശമായ ഒന്നാം പാദ റിസൽട്ടുകളുടെ ക്ഷീണം അൽപം കുറയ്ക്കാൻ ഇക്കാര്യങ്ങൾ സഹായിച്ചു. വിപണിയുടെ മുഖ്യസൂചികകൾക്കു രാവിലത്തെ നഷ്ടത്തിൻ്റെ പകുതി കുറയ്ക്കാൻ കഴിഞ്ഞു. എങ്കിലും തുടർച്ചയായ നാലാം ദിവസത്തെ നഷ്ടം ഒഴിവാക്കാൻ സാധിച്ചില്ല.

ഐടി മേഖലയിൽ നിന്നു വിദേശികളും ഫണ്ടുകളും വിറ്റു മാറുന്നത് തുടർന്നു. ആ മേഖലയുടെ താഴ്ചയാണു മുഖ്യസൂചികകളെ വലിച്ചു കാഴ്ത്തിയത്. അതേസമയം മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മികച്ച കുതിപ്പ് നടത്തി. 

മൊത്തവിലക്കയറ്റം നെഗറ്റീവ് ആയി മാറിയത് റിയൽറ്റി മേഖലയ്ക്കും മറ്റും വലിയ ആശ്വാസമായി റിയൽറ്റിയാണ് ഇന്നലെ ഏറ്റവും കൂടുതൽ നേട്ടം കുറിച്ച മേഖല.

25,001 വരെ താഴ്ന്ന നിഫ്റ്റി 67.55 പോയിൻ്റ് (0.27%) നഷ്ടത്തോടെ 25,082.30 ൽ ക്ലോസ് ചെയ്തു. 82,010 വരെ ഇടിഞ്ഞ സെൻസെക്സ് 247.01 പോയിൻ്റ് (0.30%) താഴ്ചയോടെ 82,253.46 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 10.65 പോയിൻ്റ് (0.02%) കയറി 56,765.35 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 410.35 പോയിൻ്റ് (0.70%) നേട്ടത്തോടെ 59,052.55 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 191.50 പോയിൻ്റ് (1.02%) കുതിച്ച് 18,954.95 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. എങ്കിലും അകലം കുറഞ്ഞു. ബിഎസ്ഇയിൽ 2012 ഓഹരികൾ ഉയർന്നപ്പോൾ 2188 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1461 എണ്ണം. താഴ്ന്നത് 1479 ഓഹരികൾ.

എൻഎസ്ഇയിൽ 80 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 36 എണ്ണമാണ്. 94 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 73 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1614.32 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1787.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

വെള്ളിയാഴ്ച 25,000 നടുത്തേക്കു താഴ്ന്നെങ്കിലും അവിടെ നിന്ന് ഉയർന്നു ക്ലോസ് ചെയ്യാൻ കഴിഞ്ഞു. എങ്കിലും വിപണിയുടെ മൊമൻ്റം സൂചകങ്ങൾ ദുർബലമാണ്. ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്കു താഴെയാണു സൂചിക എന്നതും നെഗറ്റീവ് സൂചനകൾ നൽകുന്നു. 25,100-25,200 മേഖലയിലേക്കു കരുത്തോടെ പ്രവേശിച്ചാൽ മാത്രമേ മുന്നേറ്റത്തിനു തുടക്കമിടാൻ പറ്റൂ. 25,000 നു താഴേക്കു നീങ്ങിയാൽ 24,800 - 24,900 മേഖലയിലെ പിന്തുണ പരീക്ഷിക്കപ്പെടും. ഇന്നു നിഫ്റ്റിക്ക് 25,020 ഉം 24,985 ഉം പിന്തുണയാകും. 25,130 ലും 25,230 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഒല ഇലക്ട്രിക്ക് വരുമാനം പകുതിയാക്കുകയും വലിയ നഷ്ടം വരുത്തുകയും ചെയ്തെങ്കിലും ഇന്നലെ ഓഹരി 18 ശതമാനം കയറി. അപൂർവധാതുക്കൾ വേണ്ടാത്ത വാഹനങ്ങൾ ഇറക്കുമെന്ന പ്രഖ്യാപനമാണു കയറ്റത്തിനു സഹായിച്ചത്.

എച്ച്സിഎൽ ടെക്നോളജീസിൻ്റെ റിസൽട്ട് ലാഭം കുറഞ്ഞതായി കാണിച്ചു. വരുന്ന പാദത്തിലും ലാഭമാർജിൻ കുറയും. എന്നാൽ വരുമാന വളർച്ചയുടെ പ്രതീക്ഷ അൽപം ഉയർത്തി. ബിസിനസ് മാന്ദ്യം നീങ്ങുന്നതായി കമ്പനി കരുതുന്നു.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ക്രമക്കേട് കാണിച്ച ജെയ്ൻ സ്ട്രീറ്റ് സെബി  നിർദ്ദേശിച്ച പിഴ അടച്ചു. കമ്പനിക്കെതിരായ വിലക്ക് പിൻവലിക്കും എന്നാണു സൂചന.

വിലക്കയറ്റം കുറഞ്ഞു

ജൂൺ മാസത്തെ വിലക്കയറ്റ കണക്കുകൾ പ്രതീക്ഷയിലും മെച്ചമായി. ചില്ലറവിലക്കയറ്റം 77 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. മൊത്തവിലക്കയറ്റം 2023 ഒക്ടോബറിനു ശേഷം ആദ്യമായി നെഗറ്റീവ് ആയി. 

ചില്ലറ വിലക്കയറ്റം 2.10 ശതമാനം ആയി. മേയിൽ 2.82 ശതമാനം ആയിരുന്നു. ഭക്ഷ്യവിലകൾ 1.06 ശതമാനം ഇടിഞ്ഞു. പച്ചക്കറികൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, പാൽ, പഞ്ചസാര, മത്സ്യം, മാംസം തുടങ്ങിയവയ്ക്കു വില കുറഞ്ഞു. ഭക്ഷ്യവിലയിലെ ഇടിവ് വരും മാസങ്ങളിലും തുടരും എന്നാണു നിഗമനം. നല്ല മൺസൂൺ കൃഷി യഥാസമയം ഇറക്കാൻ സഹായിക്കുന്നത് വിലക്കയറ്റ ആശങ്കകളെ അകറ്റുന്നു. 

ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.6 ശതമാനമായി ഉയർന്നു. ഇത് 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണ്. സ്വർണത്തനും വെള്ളിക്കും വില ഗണ്യമായി ഉയർന്നതു കാതൽ വിലക്കയറ്റം കൂടാൻ കാരണമായി. വിലക്കയറ്റത്തിനുള്ള ആന്തരിക സമ്മർദം ശക്തമായി തുടരുന്നു എന്നാണ് ഇതു കാണിക്കുന്നത്.

2025-26 ൽ ചില്ലറവിലക്കയറ്റം 3.7 ശതമാനം ആകുമെന്ന റിസർവ് ബാങ്കിൻ്റെ വിലയിരുത്തൽ താഴ്ത്തേണ്ടി വരും എന്നു ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചിലർ വാർഷിക വിലക്കയറ്റം മൂന്നു ശതമാനമായി കുറയും എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.  ഒക്ടോബറിൽ റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കാൻ ഈ കണക്ക് സഹായിക്കും. 

മൊത്തവിലക്കയറ്റം കുറയുന്നതിലും ഭക്ഷ്യവില വലിയ പങ്ക് വഹിച്ചു. മേയിലെ 0.39 ശതമാനം വിലക്കയറ്റം ജൂണിൽ 0.13 ശതമാനം വിലയിടിവായി മാറി. ഭക്ഷ്യവസ്തുക്കൾക്ക് 3.75 ശതമാനം വില ഇടിഞ്ഞു. ഭക്ഷ്യ ഉൽപന്നങ്ങൾ കൂടി ചേർത്താൽ 0.3 ശതമാനമാണ് ഇടിവ്. ക്രൂഡ് ഓയിലിൻ്റെയും പ്രകൃതിവാതകത്തിൻ്റെയും വില 12.3 ശതമാനം കുറഞ്ഞതും സൂചികയെ താഴാൻ സഹായിച്ചു.

സ്വർണം താഴ്ന്നു

തീരുവകാര്യത്തിലെ ചാഞ്ചാട്ടങ്ങൾ സ്വർണവിലയിലും ചാഞ്ചാട്ടം വരുത്തുന്നു. സ്വർണം ഇന്നലെ രാവിലെ വലിയ കുതിപ്പ് നടത്തിയിട്ടു ക്ലോസിംഗ് സമയമായപ്പോൾ കുത്തനേ താഴ്ന്നു. ഔൺസിന് 3372 ഡോളർ വരെ ഉയർന്ന സ്വർണം 3344.10 ഡോളറിൽ ക്ലോസ് ചെയ്തു. തലേ വ്യാപാരദിവസത്തേക്കാൾ 12.78 ഡോളർ കുറവാണിത്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 3349 ഡോളറിലേക്കു കയറി.

കേരളത്തിൽ തിങ്കളാഴ്ച പവനു 120 രൂപ കൂടി 73,240 രൂപയായി. രാജ്യാന്തര സ്വർണവിലയിലെ കയറ്റത്തേക്കാൾ രൂപയുടെ ദൗർബല്യമായിരുന്നു കയറ്റത്തിനു കാരണം.

വെള്ളിവില ഔൺസിന് 38.09 ഡോളറിലേക്ക് താഴ്ന്നു. 

വ്യാവസായിക ലോഹങ്ങൾ ഇടിവ് തുടരുകയാണ്. ചെമ്പ് 0.86 ശതമാനം താഴ്ന്നു ടണ്ണിന് 9554.65 ഡോളറിൽ എത്തി. അലൂമിനിയം 0.58 ശതമാനം കുറഞ്ഞ് 2602.85 ഡോളർ ആയി. നിക്കലും ലെഡും സിങ്കും ഇടിഞ്ഞു. ടിൻ നാമമാത്രമായി ഉയർന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.42 ശതമാനം കുറഞ്ഞ് 165.60 സെൻ്റിൽ എത്തി. കൊക്കോ 1.35 ശതമാനം കയറി ടണ്ണിന് 8287 ഡോളർ ആയി. കാപ്പി 593 ശതമാനം കുതിച്ചു. പാം ഓയിൽ വില മാറ്റമില്ലാതെ തുടർന്നു.

ഡോളർ കയറുന്നു

 യുഎസ് ഡോളർ സൂചിക ഉയർന്ന് 98.08 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.10 ലേക്കു കയറി.

കറൻസി വിപണിയിൽ യൂറോ 1.1668 ഡോളറിലേക്കും പൗണ്ട്  1.343 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.68 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില നാമമാത്രമായി കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.433 ശതമാനത്തിലേക്ക് കൂടി.

രൂപ തിങ്കളാഴ്ച രാവിലെ ഇടിഞ്ഞു. ഡോളർ 86 രൂപയിൽ ഓപ്പൺ ചെയ്തു. 86.03 രൂപവരെ കയറിയ ഡോളർ പിന്നീട് 85.98 രൂപയിൽ ക്ലാേസ് ചെയ്തു. തലേ വ്യാപാര ദിവസം 85.80 രൂപയായിരുന്നു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിലേക്കു കയറി.

ക്രൂഡ് ഓയിൽ താഴ്ചയിൽ

ക്രൂഡ് ഓയിൽ വില വീണ്ടും ഇടിയുകയാണ്. ഇന്നലെ 71 ഡോളർ വരെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 69 ഡോളറിനു താഴെ ആയി. മൂന്നു ശതമാനം ഇടിവ്. ബ്രെൻ്റ് ഇനം ക്രൂഡ് രാവിലെ അൽപം കയറി 69.09 ഡോളറിൽ നിൽക്കുന്നു. ഡബ്ല്യുടിഐ ഇനം 66.82 ഡോളറിലും  മർബൻ ക്രൂഡ് 70.55 ഡോളറിലും ആണ്. പ്രകൃതിവാതക വില അര ശതമാനം താഴ്ന്നു. 

ക്രിപ്റ്റോ കറൻസികൾ റെക്കോർഡുകൾ തിരുത്തിയിട്ട് താഴ്ന്നു. ബിറ്റ് കോയിൻ 1,22,540 വരെ  കയറിയിട്ട് 1,19,250ലേക്കു താഴ്ന്നു.. ഈഥർ 3064 ഡോളർ വരെ എത്തിയിട്ട് താഴ്ന്നു 2985ലേക്കു താഴ്ന്നു. 

വിപണിസൂചനകൾ

(2025 ജൂലൈ 14, തിങ്കൾ)

സെൻസെക്സ് 30 82,253.46   -0.30%

നിഫ്റ്റി50       25,082.30         -0.27%

ബാങ്ക് നിഫ്റ്റി   56,765.35     +0.02%

മിഡ് ക്യാപ്100  59,052.55    +0.70%

സ്മോൾക്യാപ്100 18,954.95    +1.02%

ഡൗജോൺസ്  44,459.65   +0.20%

എസ്ആൻഡ്പി  6268.56    +0.14%

നാസ്ഡാക്      20,640.33     +0.27%

ഡോളർ($)     ₹85.98       +₹0.18

സ്വർണം(ഔൺസ്)$3344.10   -$12.78

സ്വർണം(പവൻ)   ₹73, 240     +₹120                   

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.21  -$1.15

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com