വീണ്ടും എതിർക്കാറ്റ്; ഏഷ്യൻ വിപണികൾ താഴ്ചയിൽ; എൻവിഡിയയുടെ നഷ്ടം ഐടി മേഖലയിൽ ആശങ്ക വളർത്തും; സ്വർണം വീണ്ടും കുതിപ്പിൽ

മാര്‍ച്ചിലെ ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തെ താഴ്ന്ന നിലയില്‍; ഇന്ത്യയുടെ ഇറക്കുമതി 11.4 ശതമാനം കൂടി; കയറ്റുമതിയില്‍ നേരിയ വര്‍ധന
TCM, Morning Business News
Morning business newscanva
Published on

ഇന്നലെ വലിയ കുതിപ്പോടെ ഇന്ത്യൻ വിപണി ട്രംപ് തീരുവകളെ തുടർന്നുണ്ടായ നഷ്ടം മുഴുവൻ നികത്തി. വിപണി ബുള്ളിഷ് മനോഭാവത്തോടെ ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ മനോഭാവം ദുർബലമാണ്. കയറ്റുമതി നിയന്ത്രണം നിർമിതബുദ്ധി ഭീമൻ എൻവിഡിയയ്ക്ക് വലിയ നഷ്ടം വരുത്തിയത് യുഎസ് ഫ്യൂച്ചേഴ്സിനെ താഴ്ത്തി. അത് ഇന്ന് ഏഷ്യൻ വിപണികളെ താഴ്ന്നു വ്യാപാരം തുടങ്ങാൻ പ്രേരിപ്പിച്ചു. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,314.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,275 ലേക്കു താണു. നിഫ്റ്റി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മാർച്ചിലെ ചില്ലറവിലക്കയറ്റം ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 3.34 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഭക്ഷ്യവിലയിലെ ഇടിവാണു കാരണം. വരും മാസങ്ങളിലും വിലക്കയറ്റം നാലു ശതമാനത്തിൽ താഴെ തുടരും എന്നു വിദഗ്ധർ പറയുന്നു. വരുന്ന മാസങ്ങളിൽ പലിശ നിരക്ക് കുറയാൻ ഇതു സഹായിക്കും.

മാർച്ചിൽ ഇന്ത്യയുടെ ഇറക്കുമതി 11.4 ശതമാനം കൂടി. കയറ്റുമതി 0.7 ശതമാനം മാത്രം വർധിച്ചു. വ്യാപാര കമ്മി 2154 കോടി ഡോളറിലേക്കു കുതിച്ചു. 2024-25 മൊത്തം എടുത്താൽ കയറ്റുമതിയിൽ നാമമാത്ര വർധനയേ ഉളളൂ. ഇറക്കുമതി 6.2 ശതമാനം കൂടി. വ്യാപാര കമ്മി 28,282 കോടി ഡോളർ ആയി.

ജൂണിൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ദീർഘകാല ശരാശരിയുടെ 105 ശതമാനം മഴ നൽകുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. കാർഷികോൽപാദനം ഗണ്യമായി വർധിച്ച് വിലക്കയറ്റം കുറയ്ക്കാൻ നല്ല കാലവർഷം സഹായിക്കും.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ രണ്ടു ശതമാനത്തോളം ഉയർന്നു. ചുങ്കം കാര്യത്തിൽ അയവ് വരും എന്നതാണു വിപണിയെ സഹായിച്ചത്.

യുഎസ് വിപണി ചൊവ്വാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ചെറിയ നഷ്ടത്തിൽ അവസാനിച്ചു. 

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 155.83 പോയിൻ്റ് (0.38%) താഴ്ന്ന് 40,368.96 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 9 .34 പോയിൻ്റ് (0.17%) കുറഞ്ഞ് 5396.63 ൽ അവസാനിച്ചു. നാസ്ഡാക് 8.32 പോയിൻ്റ് (0.05%) നഷ്ടത്തോടെ 16,823.17 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ താഴ്ചയിലാണ്.  ഡൗ 0.47 ഉം എസ് ആൻഡ് പി 0.96 ഉം നാസ്ഡാക് 1.52 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. ചൈനീസ് വിപണിയെ ലക്ഷ്യമിട്ടു നിർമിച്ചിരുന്ന എച്ച്20 ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളുടെ കയറ്റുമതിക്കു യുഎസ് നിയന്ത്രണം വന്നതു മൂലം 550 കോടി ഡോളർ നഷ്ടം ഈ പാദത്തിൽ വരുമെന്ന് എൻവിഡിയ എക്സ്ചേഞ്ചിൽ അറിയിച്ചു. വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ ഓഹരി ആറു ശതമാനത്തിലധികം ഇടിഞ്ഞു. നാസ്ഡാക് കുത്തനേ താഴുന്നത് ഇതുമൂലമാണ്.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ പൊതുവേ താഴ്ചയിലാണ്.  ജപ്പാനിൽ നിക്കൈ അര ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. ചൈനീസ് വിപണികളും താഴ്ന്നാണു വ്യാപാരം ആരംഭിച്ചത്. ചൈനയുടെ ജിഡിപി കണക്ക് ഇന്നു വരുന്നതിലാണു വിപണിയുടെ ശ്രദ്ധ.

ഇന്ത്യൻ വിപണി കുതിച്ചു

യുഎസ് വിപണിയെ പിഞ്ചെന്ന് ചൊവ്വാഴ്ച ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ അവസാനിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ഏകദിന നേട്ടമാണ് ഇന്നലെ സൂചികകൾക്ക് ഉണ്ടായത്.

ചൊവ്വാഴ്ച നിഫ്റ്റി 500 പോയിൻ്റ് (2.19%) കുതിച്ച് 23,328.55 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1577.63 പോയിൻ്റ് (2.10%) ഉയർന്ന് 76,734.89 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1377.15 പോയിൻ്റ് (2.70%) കയറി 52,379.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.95 ശതമാനം (1472.95 പോയിൻ്റ്) നേട്ടത്തോടെ 51,974.45 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 3.08 ശതമാനം കുതിച്ച് 16,179.30 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ഓട്ടോ, മെറ്റൽ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾ, ഓയിൽ, ഹെൽത്ത് കെയർ, ഫിനാൻസ്, ഐടി, ഓയിൽ - ഗ്യാസ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. റിയൽറ്റി സൂചിക 5.64 ശതമാനം കുതിച്ചു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 3266 ഓഹരികൾ  ഉയർന്നപ്പോൾ 833 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2547 എണ്ണം. താഴ്ന്നത് 377 എണ്ണം.

എൻഎസ്ഇയിൽ 48 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 18 എണ്ണമാണ്. 187 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 32 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 6065.78 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1951.60 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതാദ്യമാണു വിദേശികൾ അറ്റവാങ്ങലുകാരായത്. 14-ാം തീയതി വരെ അവർ 34,000-ൽപരം കോടി രൂപയുടെ അറ്റവിൽപന നടത്തിയിരുന്നു.

വിപണി ബുള്ളിഷ് ആവേശത്തിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 23,360 കടന്നാൽ 23,650 വരെ മുന്നേറാനുളള കരുത്ത് ഉണ്ടാകും എന്നു നിരീക്ഷകർ കരുതുന്നു. താഴ്ചയിൽ 23,050 ആശ്രയമാകും. ഇന്ന് നിഫ്റ്റിക്ക് 23,240 ഉം 23,145 ഉം പിന്തുണയാകും.23,365 ലും 23,460 ലും തടസം ഉണ്ടാകാം.

സ്വർണം കുതിപ്പ് തുടരുന്നു

സ്വർണം ഇന്നലെ റെക്കോർഡ് തിരുത്തിയ ശേഷം അൽപം താഴ്ന്നു. സ്പോട്ട് വില ഇന്നലെ ഔൺസിന് 3249.70 ഡോളറിൽ എത്തിയിട്ടാണു താഴ്ന്നത്. ഇന്നു രാവിലെ വില റെക്കോർഡ് തകർത്തു വീണ്ടും കുതിക്കുകയാണ്. ഔൺസിന് 3276 ഡോളർ വരെ കയറിയിട്ട് 3266 ലേക്കു താഴ്ന്നു. അവധിവില 3287 ഡോളർ കടന്നു.

കേരളത്തിൽ പവൻ വില ഇന്നലെ 280 രൂപ കുറഞ്ഞ് 69,760 രൂപയായി. ഡോളറിൻ്റെ വിനിമയ നിരക്ക് കുറഞ്ഞത് പവൻ വില കുറയാൻ സഹായിച്ചു. ഇന്ന പവൻ വില കൂടാം.

വെള്ളിവില 32.44 ഡോളറിലേക്ക് കയറി. 

ചെമ്പുവില ഒരുശതമാനത്തിലധികം താഴ്ന്നു ടണ്ണിന് 9094 ഡോളർ ആയി. അലൂമിനിയം അരശതമാനം കുറഞ്ഞ് 2373 ഡോളറിൽ എത്തി. 

രാജ്യാന്തര അവധിവിപണിയിൽ റബർ 0.71 ശതമാനം താഴ്ന്നു. കൊക്കോ ചൊവ്വാഴ്ച 4.11 ശതമാനം താഴ്ന്ന് 7982 ഡോളറിൽ എത്തി. കാപ്പി 1.91 ശതമാനം കയറി. പാമോയിൽ വില മൂന്നു ശതമാനം താഴ്ന്നു.  

ഡോളർ സൂചിക ഉയന്നു

ഡോളർ സൂചിക മൂന്നു ദിവസത്തിനു ശേഷം 100 നു മുകളിൽ ആയി. ഇന്നലെ സൂചിക 100.22 ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.89 ലേക്ക് താഴ്ന്നു. 

യൂറോ ഇന്നലെ അൽപം താഴ്ന്നിട്ടു വീണ്ടും കയറി 1.132 ഡോളറിൽ എത്തി. പൗണ്ട് 1.325 ഡോളറിലേക്കു കയറി.

യുഎസ് കടപ്പത്രവില ചൊവ്വാഴ്ച ഉയർന്നു, നിക്ഷേപനേട്ടം 4.33 ശതമാനത്തിനു താഴെ ആയി. 

 രൂപ ചൊവ്വാഴ്ചയും ഗണ്യമായി ഉയർന്നു. ഡോളർ 86 രൂപയ്ക്കു താഴെ ആയി. ഡോളർ 27 പൈസ കുറഞ്ഞ് 85.77 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി യുവാൻ ഒരു ഡോളറിന് 7.35 ൽ തുടരുന്നു. 

മാറ്റമില്ലാതെ ക്രൂഡ്  ഓയിൽ 

ചൊവ്വാഴ്ച ക്രൂഡ് ഓയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം 64.85 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 64.74 ഡോളറിലേക്ക് താഴ്ന്നു.  ഡബ്ല്യുടിഐ ഇനം 61.38 ഉം യുഎഇയുടെ മർബൻ ക്രൂഡ് 66.14 ഉം ഡോളറിലേക്ക് താഴ്ന്നു. 

ക്രിപ്റ്റോകൾ താഴ്ന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിവിലായി. ബിറ്റ്കോയിൻ 83,500 ഡോളറിനു താഴെ എത്തി. ഈഥർ 1590 ഡോളറിലായി.

വിപണിസൂചനകൾ

(2025 ഏപ്രിൽ 15, ചൊവ്വ)

സെൻസെക്സ്30    76,734.89    +2.10%

നിഫ്റ്റി50       23,328.55        +2.19%

ബാങ്ക് നിഫ്റ്റി      52,379.50     +2.70%

മിഡ് ക്യാപ്100    51,974.45      +2.95%

സ്മോൾക്യാപ്100  16,179.30   +3.08%

ഡൗജോൺസ്     40,368.96      -0.38%

എസ് ആൻഡ് പി    5396.63    -0.17%

നാസ്ഡാക്      16,823.17     -0.05%

ഡോളർ($)     ₹85.77      -₹0.65

സ്വർണം(ഔൺസ്) $3245.00   +₹7.00

സ്വർണം(പവൻ) ₹69,760       -₹280 

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.85    +$0.09

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com