

വെള്ളിയാഴ്ചത്തെ വലിയ ഇടിവിനു ശേഷം ആശ്വാസറാലി പ്രതീക്ഷിക്കുന്ന വിപണിക്ക് ആശ്വാസകരമായ കാര്യങ്ങൾ കുറവാണ്. അമേരിക്ക -ഇറാൻ ചർച്ച പ്രതീക്ഷിച്ചതിലും മെച്ചമായി നീങ്ങുന്നത് രാജ്യാന്തര സംഘർഷം കുറയ്ക്കും. ടെക്നോളജി മേഖലയെപ്പറ്റിയുളള ആശങ്ക യുഎസ് വിപണി ഉപേക്ഷിച്ചെന്ന സൂചനയാണു വെള്ളിയാഴ്ചത്തെ വ്യാപാരം നൽകുന്നത്. എന്നാൽ ബ്രോക്കർമാർക്കു നൽകുന്ന വായ്പകൾ പരിമിതപ്പെടുത്തുന്ന റിസർവ് ബാങ്ക് ഉത്തരവ് വിപണിയെ ആശങ്കയിലാക്കുന്നു. വിപണിയിലെ പണലഭ്യത കുറയ്ക്കുന്ന ഉത്തരവ് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. മാർജിൻ വ്യാപാരത്തിൽ വലിയ ഇടിവിനു പുതിയ നിബന്ധന കാരണമാകും. മാർജിൻ വ്യാപാരത്തിലുള്ളവർ ഈയാഴ്ചകളിൽ വിറ്റൊഴിയാൻ തിരക്കുകൂട്ടും. അത് ഇന്ത്യൻ വിപണിക്ക് ഇന്നു ക്ഷീണമാകാം.
ഇന്ന് ഇന്ത്യയുടെ വിദേശവ്യാപാര കണക്കും മൊത്തവിലസൂചികയും പുറഞ്ഞു വരും. ചില്ലറ വിലസൂചിക പോലെ പരിഷ്കരിച്ച മൊത്തവില സൂചികയും ആശ്വാസകരമായ ചിത്രം നൽകും എന്ന പ്രതീക്ഷയിലാണു വിപണി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,453.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,509.50ൽ ഓപ്പൺ ചെയ്തിട്ട് 25,424 ലേക്ക് ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നു വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് 3.59 ശതമാനവും വിപ്രോ 2.63 ശതമാനവും ഉയർന്നു.
ടെക്നോളജി ആശങ്ക ഒട്ടൊന്നു കുറഞ്ഞതും ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറഞ്ഞതും യുഎസ് വിപണിയെ വെള്ളിയാഴ്ച നാമമാത്ര നേട്ടത്തിൽ എത്തിച്ചു. മൂന്നു സൂചികകളും കാഴ്ന്ന നിലയിൽ നിന്ന് ഒരു ശതമാനത്തോളം തിരിച്ചു കയറിയാണു ക്ലോസ് ചെയ്തത്. ചില്ലറവിലക്കയറ്റം വാർഷികമായി 2.4 ഉം പ്രതിമാസം 0.2ഉം ശതമാനമാണു കൂടിയത്. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം വാർഷികാടിസ്ഥാനത്തിൽ 2.5 ശതമാനം മാത്രമാണ്.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 48.95 പോയിൻ്റ് (0.10%) ഉയർന്ന് 49,500.93 ൽ അവസാനിച്ചു. എസ് ആൻഡ് പി 3.41 പോയിൻ്റ് (0.05%) കൂടി 6836.17 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 50.48 പോയിൻ്റ് (0.22%) താഴ്ന്ന് 22,546.67 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്ര നേട്ടത്തിലാണ്. ഡൗ ജോൺസ് 0.12 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഭിന്നദിശകളിൽ ക്ലോസ് ചെയ്തു. യുകെ, ജർമൻ സൂചികൾ ഉയർന്നു. സ്റ്റീലിനും അലൂമിനിയത്തിനും ചുമത്തിയ ഉയർന്ന തീരുവ കുറയ്ക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉദ്ദേശിക്കുന്നതായ റിപ്പോർട്ട് മെറ്റൽ ഓഹരികളെ താഴ്‌ത്തി.
ഏഷ്യൻ വിപണികൾ ഇന്നു നാമമാത്ര നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ അൽപം ഉയർന്നിട്ടു താഴ്ചയിലേക്കു മാറി. ജാപ്പനീസ് ജിഡിപി കഴിഞ്ഞ പാദത്തിൽ 0.2 ശതമാനം മാത്രമേ ഉയർന്നുള്ളൂ. 1.6 ശതമാനം വളർച്ചയായിരുന്നു പ്രതീക്ഷ. തലേ പാദത്തിൽ 2.3 ശതമാനം ഇടിഞ്ഞതാണ്. ഇതോടെ സാങ്കേതികമായി മാന്ദ്യം ഒഴിവാക്കി. പ്രതിപാദ കണക്കിൽ മൂന്നാം പാദത്തിലെ 0.7 ശതമാനം ഇടിവിൽ നിന്ന് 0.1 ശതമാനം വളർച്ചയിലേക്കു മാറി. പുതുവർഷം പ്രമാണിച്ച് ചൈനീസ് വിപണി ഇന്നു മുതൽ 23 വരെ അവധിയാണ്. ഹോങ് കോങ്ങിൽ ഇന്ന് ഉച്ച മുതൽ 19 വരെ അവധിയാണ്.
നിർമിതബുദ്ധി വരുമാനം കുറയ്ക്കും എന്ന ഭീതി രാവിലെ ഐടി സേവന കമ്പനികളെ താഴ്‌ത്തി. അഞ്ചര ശതമാനം ഇടിഞ്ഞ ഐടി സൂചിക പിന്നീട് നഷ്‌ടം 1.44 ശതമാനത്തിലേക്കു കുറച്ചെങ്കിലും മറ്റെല്ലാ മേഖലകളും ഇടിഞ്ഞത് വിപണിയെ മൊത്തം താഴ്‌ത്തി.
സെൻസെക്സ് 1048.16 പോയിൻ്റ് (1.25%) ഇടിഞ്ഞ് 82,626.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 336.10 പോയിൻ്റ് (1.30%) നഷ്ടത്തോടെ 25,471.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 553.10 പോയിൻ്റ് (0.91%) താഴ്ന്ന് 60,186.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1032.85 പോയിൻ്റ് (1.71%) ഇടിവിൽ 59,438.00 ലും സ്മോൾ ക്യാപ് 100 സൂചിക 311.20 പോയിൻ്റ് (1.79%) കുറഞ്ഞ് 17,032.90 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1253 ഓഹരികൾ കയറിയപ്പോൾ 2960 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 762 എണ്ണം ഉയർന്നു, 2387 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 44 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 131 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 66 എണ്ണം അപ്പർ സർകീട്ടിലും 70 എണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച വലിയ വിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 7395.41 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5553.96 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
നിഫ്റ്റി തുടക്കം മുതൽ ദുർബല നിലയിലായിരുന്നു. 20 ദിന മൂവിംഗ് ശരാശരിയായ 25,468 നു മുകളിൽ ക്ലോസ് ചെയ്തു. ആ നില തകർന്നാൽ 25,300-25,200 മേഖലയിലേക്കു സൂചിക വീഴാം അല്ലെങ്കിൽ സമാഹരണം തുടരും. 25,400 ഉം 25,330 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,580 ലും 25,700 ലും തടസം ഉണ്ടാകാം.
ബ്രോക്കർമാർക്ക് ബാങ്ക് വായ്പ നൽകുന്നതിനു കൂടുതൽ കർശന വ്യവസ്ഥകൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് ഇവ പ്രാബല്യത്തിൽ വരും. ഓഹരി, ഉൽപന്ന വ്യാപാര ബ്രോക്കർമാർക്കു നൽകുന്ന ബാങ്ക് വായ്പകൾക്കു 100 ശതമാനം ഈടു വേണം. ബാങ്ക് ഗാരൻ്റിയിൽ 50 ശതമാനം പണമായി വേണം. ഓഹരികൾ ഈടായി നൽകുമ്പോൾ വിപണിവിലയിൽ നിന്നു 40 ശതമാനം കുറച്ചുള്ള തുക മാത്രമേ കണക്കാക്കാവൂ. മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾക്ക് വിലയുടെ 75 ശതമാനം വരെ വായ്പ ആകാം. ബ്രോക്കർമാർ സ്വന്തം അക്കൗണ്ടിൽ (പ്രൊപ്രൈറ്ററി) നടത്തുന്ന വ്യാപാരത്തിന് ബാങ്കു വായ്പ നൽകാൻ പാടില്ല.
വിപണിയിലെ അമിത ഊഹക്കച്ചവടവും അമിത മാർജിൻ വ്യാപാരവും നിയന്ത്രിക്കാനാണ് ഈ നിബന്ധനകൾ. ബ്രോക്കർമാരുടെ പണലഭ്യത ഗണ്യമായി ചുരുങ്ങും. ഡെറിവേറ്റീവ് വ്യാപാരത്തിനു നികുതി വർധിപ്പിച്ച ബജറ്റ് നടപടിയും ഇവയും വിപണിയിലെ വലിയ ചാഞ്ചാട്ടം തടയാനും ചെറിയ നിക്ഷേപകരെ വലിയ ബാധ്യതകളിൽ നിന്നു രക്ഷിക്കാനും ലക്ഷുയിട്ടുള്ളവയാണ്. ഹ്രസ്വകാല വർക്കിംഗ് കാപ്പിറ്റൽ വായ്പ വ്യാപാരത്തിലേക്കു തിരിച്ചു വിടുന്നതു തടയാനും റിസർവ് ബാങ്ക് നടപടി ഉദ്ദേശിക്കുന്നു. മാർജിൻ വ്യാപാര പൊസിഷനുകൾ ലിക്വിഡേറ്റ് ചെയ്യാൻ വരുന്ന ആഴ്ചകളിൽ തിരക്ക് ഉണ്ടാകാം.
ഓപ്ഷൻസ് വ്യാപാരത്തിൽ 50 ശതമാനവും ക്യാഷ് വ്യാപാരത്തിൽ 30 ശതമാനവും പ്രൊപ്രൈറ്ററി ട്രേഡിംഗ് സ്ഥാപനങ്ങളാണു നടത്തുന്നത്. വ്യാപാരവ്യാപ്തം കുത്തനേ ഇടിക്കുന്നതാണ് ഈ നടപടികൾ.
മണപ്പുറം ഫിനാൻസിൻ്റെ 41.66 ശതമാനം ഓഹരി ബെയിൻ കാപ്പിറ്റലിനു കൈമാറാൻ റിസർവ് ബാങ്ക് സോപാധിക അനുമതി നൽകി. ഇതിനു ശേഷം നിലവിലെ പ്രൊമോട്ടർക്കൊപ്പം ബെയിൻ കാപ്പിറ്റൽ ജോയിൻ്റ് പ്രൊമോട്ടറായി കണക്കാക്കപ്പെടും. ആശീർവാദ് മൈക്രോ ഫിനാൻസിലും മണപ്പുറം ഹോം ഫിനാൻസിലും ബെയിൻ കാപ്പിറ്റലിൻ്റെ നിക്ഷേപത്തിന് അനുമതി ലഭിക്കാനുണ്ട്.. ഒന്നിന് 236 രൂപ വച്ച് 26 ശതമാനം മണപ്പുറം ഓഹരികൾ വാങ്ങാൻ ബെയിൻ കാപ്പിറ്റൽ ഓപ്പൺ ഓഫർ നടത്തും. 302.65 രൂപയിലാണു വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്.
റെലിഗേർ എൻ്റർപ്രൈസസ് ലിമിറ്റഡിനെ റെലിഗേർ എൻ്റർപ്രൈസസും റെലിഗേർ ഫിൽവെസ്റ്റുമായി 1:1 അനുപാതത്തിൽ പുന:സംഘടിപ്പിക്കുന്നു. മേലിൽ എൻ്റർപ്രൈസസ് ഇൻഷ്വറൻസ് ബിസിനസും ഫിൻവെസ്റ്റ് മറ്റു ധനകാര്യ സേവന ബിസിനസും നടത്തും.
മദ്യനിർമാതാക്കളായ തിലക് നഗർ ഇൻഡസ്ട്രീസ് മൂന്നാം പാദത്തിൽ നഷ്‌ടത്തിലായി. വിറ്റുവരവ് 80.5 ശതമാനവും പ്രവർത്തന ലാഭം 83.2 ശതമാനവും വർധിച്ചിരുന്നു. പക്ഷേ 53.9 കോടി അറ്റാദായത്തിൻ്റെ സ്ഥാനത്ത് 105 കോടി നഷ്‌ടം ആയി.
ടൊറൻ്റ് ഫാർമയുടെ വിറ്റുവരവ് 17.6 ഉം പ്രവർത്തന ലാഭം 19 ഉം ശതമാനം കൂടിയപ്പോൾ അറ്റാദായം 26.3 ശതമാനം കുതിച്ചു.
ഒല ഇലക്ട്രിക് മൊബിലിറ്റി കമ്പനി മൂന്നാം പാദത്തിൽ അറ്റ നഷ്ടം അൽപം കുറച്ചു. വിറ്റുവരവ് 55 ശതമാനം ഇടിഞ്ഞു. 470 കോടി രൂപയായി. പ്രവർത്തന നഷ്ടം 270 കോടിയും അറ്റനഷ്ടം 487 കോടിയും ആയി കുറഞ്ഞു.
കാറ്റാടി വൈദ്യുതി കമ്പനി ഐനോക്സ് വിൻഡ് വരുമാനം 32.5 ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭം 38.2 ശതമാനം വർധിച്ചു. അറ്റാദായത്തിൽ നാമമാത്ര വർധനയേ ഉള്ളൂ.
സ്വർണവും വെള്ളിയും വാരാന്ത്യത്തിൽ നേട്ടത്തിലേക്കു തിരിച്ചുകയറി. സ്വർണം 2.45 ശതമാനം ഉയർന്ന് ഔൺസിന് 5043.20 ഡോളറിൽ ക്ലോസ് ചെയ്തു. രാവിലെ 4889 ഡോളർ വരെ താഴ്‌ന്ന മഞ്ഞലോഹം 5047 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ ഇന്നു രാവിലെ 5005 വരെ ഇടിഞ്ഞിട്ട് 5028 ഡോളറിലേക്കു കയറി. വിലയിലെ ചാഞ്ചാട്ടം തുടരും എന്നാണു വിപണി നിരീക്ഷകർ പറയുന്നത്.
വെള്ളി 2.83 ശതമാനം ഉയർന്ന് 77.57 ഡോളറിൽ ക്ലോസ് ചെയ്തു. ഔൺസിന് 79.47 ഡോളർ വരെ കയറിയ ശേഷമാണ് അൽപം താഴ്‌ന്ന ക്ലോസിംഗ്. ഇന്നു രാവിലെ 77.41 ലാണു വെള്ളി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 2400 രൂപ കുറഞ്ഞ് 1,13,760 രൂപയിൽ ക്ലോസ് ചെയ്തു. ശനിയാഴ്ച വില 1920 രൂപ കയറി 1,15,680 രൂപയിൽ എത്തി.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,56,200 രൂപയിൽ ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,44,999 രൂപയിൽ അവസാനിച്ചു.
പ്ലാറ്റിനം 2070 ഉം പല്ലാഡിയം 1678 ഉം റോഡിയം 10,300 ഉം ഡോളറിലാണ്.
സ്വർണം, വെള്ളി ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) കളിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാൻ ചില നടപടികൾക്കു സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഒരുക്കം തുടങ്ങി. യൂണിറ്റുകൾക്കു പ്രതിദിന വിലമാറ്റം ആറു മുതൽ 20 വരെ ശതമാനമായി പരിമിതപ്പെടുത്തുന്നതാണ് കരട് നിർദേശം. ഇതിന്മേൽ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ ക്ഷണിച്ചു. അവ പരിശോധിച്ചു കൂടിയാലോചനകൾ നടത്തിയ ശേഷമേ തീരുമാനം ഉണ്ടാകൂ. ഓഹരി വിപണിയിൽ ഇത്തരം പരിധികൾ നടപ്പാക്കിട്ടുണ്ട്.
സ്റ്റീൽ, അലൂമിനിയം, ചെമ്പ് എന്നീ ലോഹങ്ങൾക്കു ചുമത്തിയ വലിയ ചുങ്കം കുറയ്ക്കാൻ പ്രസിഡൻ്റ് ട്രംപ് ആലോചിക്കുന്നതായ റിപ്പോർട്ട് വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളെ വലിയ ഇടിവിലാക്കി. ചെമ്പ് 3.44 ശതമാനം ഇടിഞ്ഞു ടണ്ണിനു 12,719.00 ഡോളറിൽ എത്തി. അലൂമിനിയം 3.09 ശതമാനം താഴ്‌ന്നു ടണ്ണിന് 3057.54 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും ലെഡും കുത്തനേ ഇടിഞ്ഞു.
റബർ രാജ്യാന്തര വിപണിയിൽ 0.21 ശതമാനം താഴ്ന്നു കിലോഗ്രാമിന് 192.50 സെൻ്റിൽ എത്തി. കൊക്കോ 1.37 ശതമാനം കൂടി കുറഞ്ഞു ടണ്ണിനു 3673 ഡോളറിൽ എത്തി. കാപ്പി 0.40 ശതമാനം താഴ്‌ന്നു. തേയില 1.37 ശതമാനം ഉയർന്നു. പാം ഓയിൽ 1.11 ശതമാനം കുറഞ്ഞു.
ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 96.94 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 96.96 ലേക്കു കയറി.
യൂറോ 1.1863 ഡോളറിലേക്കും പൗണ്ട് 1.3641 ഡോളറിലേക്കും താഴ്‌ന്നു.
ജാപ്പനീസ് യെൻ ഒരു ഡോളറിന് 152.98 യെൻ എന്ന നിലയിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.7683 ഡോളറിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിലേക്ക് ഉയർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.048 ശതമാനമായി ഇടിഞ്ഞു. ചില്ലറ വിലക്കയറ്റം കുറഞ്ഞ സാഹചര്യത്തിൽ പലിശ കുറയ്ക്കൽ പ്രതീക്ഷ വളർന്നതു മൂലമാണിത്.
വെള്ളിയാഴ്ച രൂപ ദുർബലമായി. ഡോളർ അഞ്ചു പൈസ കൂടി 90.64 രൂപയിൽ ക്ലോസ് ചെയ്തു.
വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.56 രൂപയിലാണ്. ചൈനീസ് യുവാൻ 13.04 രൂപയിലേക്കു താഴ്ന്നു.
എണ്ണ ആവശ്യത്തിലെ വളർച്ച കുറവാകും എന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) വിലയിരുത്തിയതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ബാരലിന് 67.75 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 67.74 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 62.88 ഉം യുഎഇയുടെ മർബൻ 68.17 ഉം ഡോളറിലാണ്. പ്രകൃതിവാതകവില താഴ്‌ന്നു 3.04 ഡോളറിൽ എത്തി.
ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഉയർന്നു. ബിറ്റ്കോയിൻ 70,000 ഡോളറിനു മുകളിൽ എത്തിയ ശേഷം ഇന്നലെ 68,800 നു താഴെയായി. ഇന്നു രാവിലെ 69,000 വരെ കയറിയിട്ട് 68,850 നു താഴെ എത്തി. ഈഥർ 2050 ഡോളറിനു മുകളിൽ ചെന്നിട്ട് 1970 നു താഴെയായി. സൊലാന 89 ഡോളറിനു മുകളിൽ നിന്ന് 86 ഡോളറിൽ എത്തി.
അമേരിക്കയുമായി ആണവ, മിസൈൽ കാര്യങ്ങൾക്കു പുറമേ വിമാനങ്ങളും മറ്റും വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യുന്നതായി ഇറാൻ്റെ വിദേശ സാമ്പത്തിക ചർച്ചകളുടെ ഡയറക്ടർ പറഞ്ഞു. അമേരിക്കയ്ക്കും വ്യാപാര -സാമ്പത്തിക ഗുണം ഉണ്ടെങ്കിലേ ആണവ ചർച്ച ഫല പ്രദമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ്റെ എണ്ണപ്പാടങ്ങളിലും ഖനികളിലും യുഎസ് നിക്ഷേപം അനുവദിക്കുന്നതും യുഎസ് വിമാനങ്ങൾ വാങ്ങുന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഒമാനിൽ നിന്നു ചർച്ച നാളെ ജനീവയിലേക്കു മാറ്റും.1979 ലെ ഇസ്‌ലാമിക വിപ്ലവത്തോടെ തകർന്ന ഇറാൻ- അമേരിക്ക ബന്ധം വീണ്ടും നേരെയാക്കുന്ന തരം നാടകീയനീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇസ്‌ലാമിക ഭരണകൂടത്തെ നിലനിർത്തിക്കൊണ്ട് സാമ്പത്തികബന്ധം വീണ്ടും തുടങ്ങാനുള്ള ചർച്ചകൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാമാതാവ് ജാറെഡ് കുഷ്‌നറുമാണു നടത്തുന്നത്. പശ്ചിമേഷ്യൻ രാഷ്‌ട്രീയ ചിത്രം മാറ്റിമറിക്കുന്നതാകും ഇത്. ഒപ്പം ചൈനയ്ക്കും റഷ്യക്കും സൈനിക- സാമ്പത്തിക സ്വാധീനം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇന്ത്യക്ക് ഇറാൻ ബന്ധത്തിലെ പ്രശ്നങ്ങൾ മാറിക്കിട്ടും. ഈ ചർച്ചകൾ വിജയിച്ചാൽ ക്രൂഡ് ഓയിൽ വിലയും താഴും
(2026 ഫെബ്രുവരി 13, വെള്ളി)
സെൻസെക്സ് 82,626.76 -1.25%
നിഫ്റ്റി50 25,471.10 -1.30%
ബാങ്ക് നിഫ്റ്റി 60,186.65 -0.91%
മിഡ്ക്യാപ്100 59,438.00 -1.71%
സ്മോൾക്യാപ്100 17,032.90 -1.79%
ഡൗ ജോൺസ് 49,500.93 +0.10%
എസ് ആൻഡ് പി 6836.17 +0.05%
നാസ്ഡാക് 22,546.67 -0.22%
ഡോളർ ₹90.64 +₹0.05
സ്വർണം(ഔൺസ്) $5043.20 +$120.40
സ്വർണം (പവൻ) ₹1,13,760 -₹ 2400
ശനി ₹1,15,680 +₹ 1920
ക്രൂഡ്ഓയിൽബ്രെൻ്റ് $67.75 +$0.26
Read DhanamOnline in English
Subscribe to Dhanam Magazine