വ്യാപാരകരാർ പ്രതീക്ഷകൾ മങ്ങുന്നു; ട്രംപിനു ലക്ഷ്യം കച്ചവടം മാത്രം; ഏഷ്യൻ വിപണികൾ താഴ്ചയിൽ; കമ്പനി റിസൽട്ടുകൾ നിരാശാജനകം

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; ഡോളര്‍ ഉയര്‍ന്നു; ഇന്ത്യയുടെ കയറ്റുമതിയില്‍ കുറവ്
Morning business news
Morning business newsCanva
Published on

അമേരിക്കയ്ക്ക് ഏകപക്ഷീയമായ നേട്ടം ഉണ്ടാക്കുന്ന വിധം ഇന്തോനീഷ്യയുമായി പ്രസിഡൻ്റ് ട്രംപ് കരാർ ഉണ്ടാക്കി. ഇന്തോനീഷൻ ഉൽപന്നങ്ങൾക്കു 19 ശതമാനം ചുങ്കം, യുഎസ് സാധനങ്ങൾക്കു ചുങ്കമില്ല. യുഎസിൽ നിന്നു നിശ്ചിത അളവ് സാധനങ്ങൾ വാങ്ങുകയും വേണം. ഈ കരാർ ഏഷ്യൻ വിപണികളെ താഴ്ത്തി. യുഎസുമായുള്ള ചർച്ചയിൽ വലിയ പ്രതീക്ഷ വേണ്ട എന്ന സൂചനയാണ് ഈ കരാർ നൽകുന്നത്. ട്രംപിനു ലക്ഷ്യം യുഎസ് കച്ചവടം വളർത്തൽ മാത്രമാണെന്നു വ്യക്തമായി. ഇന്ത്യ വ്യാപാര ചർച്ചയുടെ പുരോഗതി പരസ്യപ്പെടുത്തിയിട്ടില്ല.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഇന്ത്യൻ വിപണിയും താഴ്ന്ന തുടക്കത്തിനാണ് ഒരുങ്ങുന്നത്. കമ്പനി റിസൽട്ടുകൾ കാര്യമായ ലാഭവർധന കാണിക്കുന്നില്ല. 60 കമ്പനികളുടെ റിസൽട്ട് വന്നപ്പോൾ ലാഭവർധന 0.8 ശതമാനം മാത്രം. കഴിഞ്ഞ വർഷം 12 ശതമാനത്തിലധികം വളർച്ച ഉണ്ടായിരുന്നതാണ്. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,167.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,155 ലേക്കു താഴ്ന്നിട്ട് അൽപം കയറി. വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തുടർച്ചയായ  മൂന്നാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. തീരുവ വിഷയവും അമേരിക്കൻ ചില്ലറ വിലക്കയറ്റത്തിലെ ഉയർച്ചയും ആണു കാരണങ്ങൾ. കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ച ലൂക്കാ ഡ മെയോയ്ക്കു പകരമായി ഗ്രൂപ്പ് സിഎഫ്ഒ ഡങ്കൻ മിൻ്റോയെ കാർ കമ്പനി റെനോയുടെ ഇടക്കാല സിഇഒ ആയി നിയമിച്ചു.

അമേരിക്കൻ വിപണികൾ ഇന്നലെ ഭിന്ന ദിശകളിലായി. ജൂണിലെ ചില്ല വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായത് പലിശ കുറയ്ക്കൽ സാധ്യത അകറ്റി. പുറത്തുവരുന്ന കമ്പനിഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തു വരാത്തത് ഡൗ സൂചികയെ ഒരു ശതമാനം താഴ്ത്തി. എന്നാൽ ചൈനയിലേക്കുള്ള എച്ച് 20 ഗ്രാഫിക് പ്രോസസർ യൂണിറ്റുകളുടെ കയറ്റുമതി പുനരാരംഭിക്കാനാകും എന്നു സിഇഒ ജെൻസൻ ഹുവാംഗ് പറഞ്ഞത് എൻവിഡിയ ഓഹരിയെ നാലു ശതമാനം ഉയർത്തി. അതിൻ്റെ ഫലമായി നാസ്ഡാക് അൽപം ഉയർന്നു, എസ് ആൻഡ് പി നഷ്ടം കുറച്ചു.

ഡൗ ജോൺസ് സൂചിക ഇന്നലെ 436.36 പോയിൻ്റ് (0.98%) താഴ്ന്ന് 44,023.29 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 24.80 പോയിൻ്റ് (0.40%) നഷ്ടത്തോടെ ,6243.76 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 37.47 പോയിൻ്റ് (0.18%) നേട്ടത്തോടെ 20,677.80 ൽ ക്ലോസ് ചെയ്തു. 52 ആഴ്ചയിലെ ഉയർന്ന നിലയിലാണ് നാസ്ഡാക്.യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.16 ഉം  നാസ്ഡാക് 0.18 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ജൂണിലെ യുഎസ് ചില്ലറ വിലക്കയറ്റം 2.7 ശതമാനം ആയി. മേയിൽ 2.4 ശതമാനം ആയിരുന്നു. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 2.9 ശതമാനമായി ഉയർന്നു. തീരുവ വർധനയുടെ ആഘാതം കണ്ടു തുടങ്ങി എന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ഓഗസ്റ്റ് ഒന്നിനു കൂടുതൽ തീരുവവർധന വരുന്നതാേടെ വിലക്കയറ്റം വീണ്ടും കൂടും എന്നാണു നിഗമനം. വിലക്കയറ്റത്തിലെ വർധന ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ നിലപാടുകളെ ശരിവയ്ക്കുന്നു. വിലകൾ കൂടുന്ന സാഹചര്യത്തിൽ ഒക്ടോബറിലോ അതിനടുത്ത മാസമോ പലിശ കൂട്ടണ്ടി വരാം. വിപണി രണ്ടു ദിവസം മുൻപു വരെ അതിന് 20 ശതമാനം സാധ്യതയേ കൽപിച്ചിരുന്നുള്ളൂ.

ജെപി മോർഗൻ ചേയ്സ്, വെൽസ് ഫാർഗോ എന്നീ ബാങ്കുകൾ റിസൽട്ടിനെ തുടർന്നു താഴ്ചയിലായി. ലാഭം പ്രതീക്ഷയിലും മെച്ചമായ സിറ്റി ഗ്രൂപ്പിൻ്റെ ഓഹരി ഉയർന്നു.

ക്രിപ്റ്റോ കറൻസികളെ മുഖ്യധാരയിൽ കൊണ്ടു വരാൻ ട്രംപ് ഭരണകൂടം തയാറാക്കിയ ഡിജിറ്റൽ അസറ്റ് ബില്ലുകൾ ഇന്നലെ യുഎസ് ജനപ്രതിനിധിസഭയിലെ നടപടിക്രമം സംബന്ധിച്ച വോട്ടിംഗിൽ പരാജയപ്പെട്ടതു ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കും മറ്റും ക്ഷീണമായി.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ഇന്തോനീഷ്യയുമായുള്ള യുഎസ് വ്യാപാര കരാർ വിപണികളെ താഴ്ത്തി. ജപ്പാനിൽ നിക്കൈ സൂചിക ഉയർന്നു തുടങ്ങിയിട്ടു താഴ്ചയിലായി. എന്നാൽ ഹോങ് കോങ് സൂചിക ഒരു ശതമാനം ഉയർന്നു. ചൈനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി. ചൈനയുടെ രണ്ടാം പാദ വളർച്ച 5.2 ശതമാനമായി. ഒന്നാം പാദത്തെ അപേക്ഷിച്ചു കുറവാണത്.

ഇന്ത്യൻ വിപണി നേട്ടത്തിൽ

തുടർച്ചയായ നാലു ദിവസത്തെ ഇടിവിനു ശേഷം ഇന്ത്യൻ വിപണി ഇന്നലെ മികച്ച നേട്ടം ഉണ്ടാക്കി. ചില്ലാവിലക്കയറ്റത്തിലെ ആശ്വാസകരമായ ഇടിവാണ് സഹായിച്ചത്. ചില്ലറവിലക്കയറ്റം രണ്ടു ശതമാനത്തിനു താഴെ വരുന്നത് റിസർവ് ബാങ്കിനു പലിശ കുറയ്ക്കാൻ അനുകൂല സാഹചര്യം ഉണ്ടാക്കുന്നു എന്നാണു വിലയിരുത്തൽ. ഓഗസ്റ്റ് ആദ്യം പണനയ കമ്മിറ്റി ചേരുമ്പോൾ കുറച്ചില്ലെങ്കിൽ സെപ്റ്റംബർ ഒടുവിലും ഡിസംബറിലും റീപോ നിരക്ക് കുറയ്ക്കും എന്നാണു പല നിരീക്ഷകരും കണക്കാക്കുന്നത്. മൊത്തവിലക്കയറ്റവും കുറയുന്നതിനാൽ ഭയമില്ലാതെ പലിശനിരക്ക് കുറയ്ക്കാം എന്നാണു നിഗമനം. ജിഡിപി വളർച്ച കൂട്ടാൻ പലിശ ഇനിയും കുറയ്ക്കണം എന്നു വ്യവസായ -വാണിജ്യ മേഖലകളും ആവശ്യപ്പെടുന്നു. യാത്രാവാഹന വിൽപനയിലെ വളർച്ച നാമമാത്രമായി മാറിയതു നല്ല സൂചനയല്ല നൽകുന്നതെന്നും അവർ ചുണ്ടിക്കാട്ടുന്നു.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചയുടെ പുതിയ വിവരങ്ങൾ ഗവണ്മെൻ്റ് വെളിപ്പെടുത്തിയില്ല. വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങി കുറേ ഇനങ്ങൾക്കു തീരുവ പത്തു ശതമാനവും മറ്റുള്ളവയ്ക്ക്

20 ശതമാനത്തിൽ താഴെയും ആക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒരാഴ്ച മുൻപ് 32 ശതമാനം തീരുവ ചുമത്തിയ ഇന്താേനീഷ്യക്ക് തീരുവ 19 ശതമാനമായി കുറച്ചു കൊണ്ട് യുഎസ് ഇന്നലെ പുതിയ കരാർ ഉണ്ടാക്കി. 50 ബോയിംഗ് വിമാനങ്ങളും 1500 കോടി ഡോളറിൻ്റെ ഇന്ധനവും 450 കോടി ഡോളറിൻ്റെ കാർഷികോൽപന്നങ്ങളും വാങ്ങാം എന്ന ഉറപ്പിലാണ് തീരുവ കുറച്ചത്. യുഎസ് ഉൽപന്നങ്ങൾക്കു ചുങ്കം ചുമത്താനും പാടില്ല. ഇന്ത്യയും അത്തരം നീക്കുപോക്കുകൾ നടത്തേണ്ടി വരും.

വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ ചെറിയ തോതിൽ വാങ്ങലുകാരായി എന്നാൽ ഐടിയിലും മറ്റും വിൽപന തുടർന്നു.

എല്ലാ വ്യവസായമേഖലകളും നേട്ടം കുറിച്ച ഇന്നലെ ഹെൽത്ത് കെയറും ഫാർമസ്യൂട്ടിക്കൽസും മികച്ച മുന്നേറ്റം നടത്തി. രാജ്യാന്തര സൂചനകളെ തുടർന്നു മെറ്റൽ കമ്പനികൾ നാമമാത്ര വളർച്ചയിൽ ഒതുങ്ങി.

 രാവിലെ ഗണ്യമായി താഴ്ന്ന ശേഷമാണ് മുഖ്യന്നൂചികകൾ കുതിച്ചത്. നിഫ്റ്റി 25,088ൽ നിന്ന് 25,245 വരെയും സെൻസെക്സ് 82,221 ൽ നിന്ന് 84,746 വരെയും ഉയർന്നു. മുഖ്യ സൂചികകളെ അപേക്ഷിച്ച് മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ആവേശകരമായ വളർച്ച കാണിച്ചു.

നിഫ്റ്റി ചാെവ്വാഴ്ച 113.50 പോയിൻ്റ് (0.45%) ഉയർന്ന് 25,195.80 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 317.45 പോയിൻ്റ് (0.39%) നേട്ടത്തോടെ 82,570.91 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 241.30 പോയിൻ്റ് (0.43%) കയറി 57,006.65 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 560.10 പോയിൻ്റ് (0.95%) നേട്ടത്തോടെ 59,612.65 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 180.30 പോയിൻ്റ് (0.95%) കുതിച്ച് 19,135.25 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ദിവസങ്ങൾക്കു ശേഷം കയറ്റത്തിന് മാറി. ബിഎസ്ഇയിൽ 2504 ഓഹരികൾ ഉയർന്നപ്പോൾ 1558 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1966 എണ്ണം. താഴ്ന്നത് 963 ഓഹരികൾ.

എൻഎസ്ഇയിൽ 85 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 21 എണ്ണമാണ്. 96 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 47 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 120.47 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1555.03 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

ഇന്നലെ 25,200 നു മുകളിൽ പ്രവേശിച്ച ശേഷം അൽപം താഴ്ന്നു ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നും മുന്നേറും എന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. 25,300 കടക്കാനായാൽ മാത്രം കൂടുതൽ മുന്നേറ്റം നടത്താം. 25,000 നിഫ്റ്റിക്കു ശക്തമായ പിന്തുണ നൽകും. 

ഇന്നു നിഫ്റ്റിക്ക് 25,110 ഉം 25,015 ഉം പിന്തുണയാകും. 25,240 ലും 25,330 ലും തടസം ഉണ്ടാകാം.

കയറ്റുമതി കുറഞ്ഞു

ജൂണിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി നാമമാത്രമായി കുറഞ്ഞ് 3514 കോടി ഡോളർ ആയി. ഇറക്കുമതി 3.71 ശതമാനം കുറഞ്ഞ് 5392 കോടി ഡോളറിൽ ഒതുങ്ങി. തന്മൂലം വ്യാപാര കമ്മി 1878 കോടി ഡോളറായി ചുരുങ്ങി. ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഇറക്കുമതി കുറയാൻ സഹായിച്ചു.

സ്വർണം ചാഞ്ചാടുന്നു

തീരുവകാര്യത്തിലെ അവ്യക്തത സ്വർണവിലയെ ചാഞ്ചാടിക്കുകയാണ്. സ്വർണം ഇന്നലെ ഔൺസിന് 3365 ഡോളർ വരെ കയറിയിട്ട് 19.50 ഡോളർ നഷ്ടത്തോടെ 3324.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 3332 ഡോളറിലേക്കു കയറി.

കേരളത്തിൽ തിങ്കളാഴ്ച പവനു 80 രൂപ കൂടി 73,160 രൂപയായി. 

വെള്ളിവില ഔൺസിന് 37.82 ഡോളറിലേക്ക് താഴ്ന്നു. 

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിലായിരുന്നു.  ചെമ്പ് 0.09 ശതമാനം ഉയർന്ന് ടണ്ണിന് 9563.35 ഡോളറിൽ എത്തി. അലൂമിനിയം 0.35 ശതമാനം കയറി 2596.62 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ഇടിഞ്ഞു. ലെഡ് നാമമാത്രമായി ഉയർന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.24 ശതമാനം കുറഞ്ഞ് 165.20 സെൻ്റിൽ എത്തി. കൊക്കോ 6.07 ശതമാനം താഴ്ന്നു ടണ്ണിന് 7784 ഡോളർ ആയി. കാപ്പി 1.34 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.92 ശതമാനം കുറഞ്ഞു.

ഡോളർ ഉയർന്നു

 യുഎസ് ഡോളർ സൂചിക ഉയർന്ന് 98.62 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.55 ലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ യൂറോ 1.1613 ഡോളറിലേക്കും പൗണ്ട്  1.3396 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 148.75 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില വീണ്ടും കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.477 ശതമാനത്തിലേക്ക് കൂടി.

രൂപ ചാെവ്വാഴ്ച ഉയർന്നു. ഡോളർ 17 പെെസ കുറഞ്ഞ് 85.81 രൂപയിൽ ക്ലാേസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

ക്രൂഡ് ഓയിൽ വില ചാഞ്ചാടുകയാണ്. ഇന്നലെ 68.71 ഡോളർ വരെ താഴ്ന ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 69.03 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 66.91 ഡോളറിലും  മർബൻ ക്രൂഡ് 70.37 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം ഉയർന്നു. 

ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. അമേരിക്കയിൽ നിയമനിർമാണ ശ്രമം പരാജയപ്പെട്ടതാണു കാരണം. ബിറ്റ് കോയിൻ 1,17,700ലേക്കു താഴ്ന്നു.. ഈഥർ 3140 ഡോളറിലാണ്.

വിപണിസൂചനകൾ

(2025 ജൂലൈ 15, ചൊവ്വ)

സെൻസെക്സ്30 82,570.91   +0.39%

നിഫ്റ്റി50       25,195.80         +0.45%

ബാങ്ക് നിഫ്റ്റി   57,006.65     +0.43%

മിഡ് ക്യാപ്100  59,612.65    +0.95%

സ്മോൾക്യാപ്100 19,135.25    +0.95%

ഡൗജോൺസ്  44,023.30   -0.98%

എസ്ആൻഡ്പി  6243.76    -0.40%

നാസ്ഡാക്      20,677.80     +0.18%

ഡോളർ($)     ₹85.81       -₹0.17

സ്വർണം(ഔൺസ്) $3324.60   -$19.50

സ്വർണം(പവൻ)   ₹73,160     -₹80

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.71  -$0.50

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com