

ചിപ്പ് ഓഹരികളുടെ തുടർച്ചയായ തകർച്ച ഇന്ന് ഏഷ്യൻ വിപണികളെ കുത്തനേ താഴ്ത്തി. ഇന്ത്യയിൽ ചിപ്പ് നിർമാണ കമ്പനികൾ ഇല്ലെങ്കിലും അനുബന്ധ ടെക്‌നോളജി മേഖലകളെ ദൗർബല്യം ബാധിക്കാം എന്ന ആശങ്കയുണ്ട്. യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ന്നാണു നീങ്ങുന്നത്. പശ്ചിമേഷ്യൻ യുദ്ധം തുടരുകയാണെങ്കിലും ക്രൂഡ് ഓയിൽ വില 85 ഡോളറിനടുത്തു നിൽക്കുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,106.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,122 ൽ എത്തിയിട്ടു താഴ്ന്നു. വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ജൂലൈ 15 ന് 22.8 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കുറഞ്ഞു വരികയാണ്. കേരളത്തിൽ കമ്മി 32 ശതമാനത്തിലേക്കു കയറി. ബിഹാർ, പഞ്ചാബ്, ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 50 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലായി.
പ്രൊഡ്യൂസർ പ്രൈസ് സൂചിക പ്രതീക്ഷയിലും കുറവായത് വിലക്കയറ്റ ആശങ്കകൾ ലഘൂകരിച്ചു. എൻവിഡിയ മുതൽ പ്രമുഖ ടെക് ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. എന്നാൽ ചിപ് ഓഹരികൾ വീണ്ടും ഇടിഞ്ഞു.
ചൊവ്വാഴ്ച 25 ശതമാനം ഇടിഞ്ഞ ഐബിഎം ഇന്നലെ 2.7 ശതമാനം കൂടി താഴ്‌ന്നു.
ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി ഇന്നലെ ഐപിഒ വിലയായ 135 ഡോളറിനു താഴെ എത്തി. ഈയാഴ്ച സ്പേസ് എക്സിൻ്റെ സ്റ്റാർഷിപ് വിക്ഷേപണം ഉണ്ട്.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 150-37 പോയിൻ്റ് (0. 29ശതമാനം) ഉയർന്ന് 52,658.64 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 28.81 പോയിൻ്റ് (0.38%) നേട്ടത്തോടെ 7572.40 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 162.22 പോയിൻ്റ് (0.62%) കയറി 26,269.23 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 18 പോയിൻ്റും (0.03%) എസ് ആൻഡ് പി 5 പോയിൻ്റും (0.06%) നാസ്ഡാക് 85 പോയിൻ്റും (0.27%) താഴ്ന്നു നീങ്ങുന്നു
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വിപണിസമയത്ത് 0.85 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.16 ശതമാനം കയറി 26.23 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.38 ശതമാനം കയറിയിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.40 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.09% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.45% കയറി 11.09 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് മാറ്റമില്ലാതെ നിന്ന ശേഷം തുടർവ്യാപാരത്തിൽ 1.09 ശതമാനം ഉയർന്ന് 1.86 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്നദിശകളിൽ നീങ്ങി. ജർമൻ, യുകെ സൂചികകൾ താഴ്ന്നു. ഫ്രഞ്ച് സൂചിക ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു തകർച്ചയിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി ഏഴു ശതമാനം ഇടിഞ്ഞു. ചിപ്പ് നിർമാണ കമ്പനി എസ്കെ ഹൈനിക്സ് 10 ശതമാനം വീഴ്ചയിലാണ്. ജാപ്പനീസ് സൂചിക നിക്കൈ മൂന്നു ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.25 ശതമാനം നഷ്‌ടത്തിലായി. ഹോങ്കോംഗ് സൂചിക 0.60 ശതമാനം കയറി. ഷാങ്ഹായ് സൂചിക 1.15 ശതമാനം താഴ്‌ന്നു. തായ്പേ സൂചിക രണ്ടു ശതമാനം ഇടിവിലായി.
ഇന്ത്യൻ വിപണി ബുധനാഴ്ച നല്ല ഉയരത്തിലേക്കു കയറിയ ശേഷം ഇടിഞ്ഞു നേരിയ നേട്ടത്തിൽ അവസാനിച്ചു. പശ്ചിമേഷ്യൻ സംഘർഷവും രൂപയുടെ ഇടിവും ആണു കാരണം. മെറ്റൽ, ഐടി, റിയൽറ്റി, എഫ്എംസിജി മേഖലകൾ താഴ്ചയ്ക്കു മുന്നിൽ നിന്നു.
വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായിരുന്നു. അവർ കാഷ് വിപണിയിൽ 735.83 രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകൾ 704.93 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.
ബുധനാഴ്ച സെൻസെക്‌സ് 130.49 പോയിൻ്റ് (0.17%) ഉയർന്ന് 77,185.43 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 26.45 പോയിൻ്റ് (0.11%) നേട്ടത്തോടെ 24,078.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 295.55 പോയിൻ്റ് (0. 51%) കയറി 57,757.85 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 176.80 പോയിൻ്റ് (0.28%) ഉയർന്ന് 62,943.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 128.00 പോയിൻ്റ് (0.67%) താഴ്ന്ന് 19,355.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2207 ഓഹരികൾ കയറി, 2081 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1831 എണ്ണം ഉയർന്നപ്പോൾ 1427 എണ്ണം താഴ്ന്നു.
കല്യാൺ ജ്വല്ലേഴ്സ് ഇന്നലെ 3.46 ശതമാനം ഉയർന്ന് 548 രൂപയായി.
പ്രേം വത്സയുടെ ഫെയർഫാക്സ് ഗ്രൂപ്പ് സ്വന്തമാക്കാൻ പോകുന്ന ഐഡിബിഐ ബാങ്ക് ഓഹരി ആദ്യം ഉയർന്ന ശേഷം ചെറിയ നഷ്‌ടത്തിൽ അവസാനിച്ചു. ഐഡിബിഐ ബാങ്കിൽ ലയിക്കുമെന്നു കരുതുന്ന സിഎസ്ബി ബാങ്ക് ഓഹരി 3.27 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
മികച്ച ജൂൺ പാദ റിസൽട്ടിനെ തുടർന്നു ഫെഡ് ഫിന ഓഹരി 7.52 ശതമാനം കയറി.
കൂടുതൽ മൂലധന നിക്ഷേപം വരുന്നതിൻ്റെ പശ്ചാത്തലത്തിൽ ഏഥർ എനർജി ഓഹരി 8.09 ശതമാനം കുതിച്ചു.
ഫണ്ടുകളും സ്ഥാപനങ്ങളും വിൽപനക്കാരായതു മൂലം പതഞ്ജലി ഫുഡ്‌സ് 14.73 ശതമാനം ഇടിഞ്ഞു.
ഹിമാദ്രി സ്പെഷാലിറ്റി കെമിക്കൽ റെക്കോർഡ് വിറ്റുവരവിൽ 26.3 ശതമാനം അറ്റാദായ വർധന കാണിച്ചു.
എംആർപിഎൽ ജൂൺ പാദത്തിൽ ലാഭത്തിലേക്കു തിരിച്ചു വന്നു. ഒഎൻജിസിയുടെ പ്രകടനം മെച്ചപ്പെട്ടതാണു കാരണം.
പുതിയ ബിസിനസ് വരുമാനവും മാർജിനും പ്രതീക്ഷയക്കാൾ ഉയർന്ന ഒന്നാം പാദ റിസൽട്ടാണ് എച്ച്ഡിഎഫ്സി ലൈഫ് ഇന്നലെ പുറത്തുവിട്ടത്.
ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഒന്നാം പാദ പ്രീമിയം വരുമാനം 14.65 ഉം അറ്റാദായം 27.84ഉം ശതമാനം വർധിപ്പിച്ചു.
ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷ്വറൻസിനു ജൂൺ പാദത്തിൽ അറ്റാദായം 46 ശതമാനം ഇടിഞ്ഞു. മോട്ടോർ തേഡ് പാർട്ടി ക്ലെയിം റിസർവ് വർധിപ്പിക്കേണ്ടി വന്നതാണു കാരണം.
എച്ച്ഡിബി ഫിനാൻസ് ഒന്നാം പാദ അറ്റാദായം 38.3 ശതമാനം വർധിപ്പിച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അറ്റ പലിശ വരുമാനം 10.14 ശതമാനം കൂടിയപ്പോൾ അറ്റാദായം 29.54 ശതമാനം വർധിപ്പിച്ചു.
യുഎസ് ചില്ലറവിലക്കയറ്റം കുറഞ്ഞതും ക്രൂഡ് ഓയിൽ വില താഴ്ന്നതും സ്വർണത്തെ ചെറിയ കയറ്റിറക്കങ്ങളിൽ ഒതുക്കി നിർത്തി. ബുധനാഴ്ച സ്വർണം 7.70 ഡോളർ കയറി ഔൺസിനു 4061.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4035 ഡോളർ വരെ ഇടിഞ്ഞ ശേഷം 4045 ലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ വർധിച്ച് 1,05,280 രൂപ ആയി.
വെള്ളിവില ഇന്നലെ താഴ്ന്ന് ഔൺസിന് 57.91 ഡോളറിൽ എത്തി. ഇന്നു രാവിലെ 57.12 ഡോളർ ആയി.
പ്ലാറ്റിനം 1656 ഡോളർ, പല്ലാഡിയം 1287 ഡോളർ, റോഡിയം 7600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ബുധനാഴ്ച വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. ചെമ്പ് 0.03 ശതമാനം കുറഞ്ഞു ടണ്ണിനു 13,536.90 ഡോളർ ആയി. അലൂമിനിയം 0.83 ശതമാനം താഴ്‌ന്ന് 3150.10 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും താഴ്ന്നു.
റബർവില ബുധനാഴ്ചയും കുതിച്ചു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 308.40 ഡോളറിലും ആർഎസ്എസ് മൂന്ന് 305.00 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 28,000 രൂപയിലേക്കു കയറി റെക്കോർഡ് കുറിച്ചു.
കൊക്കോ വില ബുധനാഴ്ച 1.85 ശതമാനം കയറി ടണ്ണിന് 5913.28 ഡോളറിൽ എത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ കൂടുതൽ കുരു വിപണിയിൽ എത്തിയതാണു വില 6000 ഡോളറിനു താഴെയാകാൻ കാരണം. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു വിലയിരുത്തൽ.
അറബിക്ക കാപ്പിവില 0.50 ശതമാനം താഴ്ന്നു പൗണ്ടിന് 3.25 ഡോളർ ആയി. ബ്രസീലിൽ കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
യുഎസ് ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 100.49 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.44 വരെ താഴ്ന്നു.
യൂറോ 1.1468 ഡോളറിലേക്കും പൗണ്ട് 1.3527 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.03 യെൻ എന്ന നിലയിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.561 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ചയും ഇന്ത്യൻ രൂപ ഇടിവിലായി. ഡോളർ ആറു പൈസ കൂടി 96.26 രൂപയിൽ അവസാനിച്ചു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.28 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.22 രൂപയിലും യൂറോ 110.41 രൂപയിലും നിൽക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷം തുടരുകയാണെങ്കിലും ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 84.95 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് അര ശതമാനം ഉയർന്ന് 85.33 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 80.11 ഡോളറിലേക്കു കയറി.
ക്രിപ്റ്റോകറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ് കോയിൻ 64,750 ഡോളറിൽ എത്തി. ഈഥർ 1920 ഡോളറിനും സൊലാന 77.30 ഡോളറിനും തൊട്ടടുത്തായി.
(2026 ജൂലൈ 15, ബുധൻ)
സെൻസെക്സ് 77,185.43 +0.17%
നിഫ്റ്റി50 24,078.50 +0.11%
ബാങ്ക് നിഫ്റ്റി 57,757.85 +0.51%
മിഡ്ക്യാപ്100 62,943.20 +0.28%
സ്മോൾക്യാപ്100 19,355.35 +0.67%
ഡൗജോൺസ് 52,658.64 +0.29%
എസ്ആൻഡ്പി 7572.40 + 0.38%
നാസ്ഡാക് 26,269.23 +0.62%
ഡോളർ ₹96.26 +₹0.06
സ്വർണം(ഔൺസ്)$4061.40 +$07.70
സ്വർണം(പവൻ) ₹1,05,280 +₹560
ക്രൂഡ്ഓയിൽബ്രെൻ്റ്$84.95 +$0.22
Read DhanamOnline in English
Subscribe to Dhanam Magazine