
ഇസ്രയേൽ- ഇറാൻ യുദ്ധം നാലാം ദിവസവും വ്യോമയുദ്ധം മാത്രമായി തുടരുന്നു. മിസൈലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ, ബോംബർ വിമാനങ്ങൾ എന്നിവ തമ്മിലുള്ള പോരാട്ടം, ശമനം എപ്പോൾ എന്ന സൂചന പോലും നൽകുന്നില്ല. രണ്ടു പക്ഷത്തും വലിയ നാശവും ആളപായവും ഉണ്ടാകുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന രഹസ്യനീക്കങ്ങൾ പെട്ടെന്നു ഫലം നൽകുന്നതായി കാണുന്നില്ല.
യുദ്ധത്തെ സംബന്ധിച്ച ഏറ്റവും വലിയ ഭീതി ഇന്ധനവില പിടിവിട്ടു കയറും എന്നതായിരുന്നു. എന്നാൽ ആ ഭീതി ഒട്ടൊക്കെ അകന്നതായി വിപണി കാണിക്കുന്നു. വിപണിയിൽ ബ്രെൻ്റ് ക്രൂഡ് 75 ഡോളറിനു സമീപത്ത് മാത്രമാണ്. സ്വർണത്തിൻ്റെ കയറ്റവും ഏതാണ്ടു നിലച്ച മട്ടാണ്. ആണവ നിലയത്തിനു കാതലായ തകരാർ വരുത്തുന്നതു പോലുളള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ വിപണി ശാന്തമായി നീങ്ങും എന്നു കരുതാം.
ഇന്ന് ചൈന ഒഴികെയുളള ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും ഉയർന്നു. ഇന്ത്യൻ വിപണിയും ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,743 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,799 ലേക്കു കയറിയിട്ട് അൽപം താഴ്ന്നു. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഒരു ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വിലക്കയറ്റവും പശ്ചിമേഷ്യൻ സംഘർഷവും വാഹന ഓഹരികളെ താഴ്ത്തി.
ഇസ്രയേൽ - ഇറാൻ യുദ്ധം വെള്ളിയാഴ്ച യുഎസ് വിപണിയെ തളർച്ചയിലാക്കി. ക്രൂഡ് ഓയിൽ വിലക്കയറ്റവും അമേരിക്ക ക്രമേണ യുദ്ധത്തിൽ പങ്കാളിയായി മാറുന്നതും ആണു വിപണിയെ താഴ്ത്തിയത്. വിമാന, വാഹന, യാത്രാ ഓഹരികൾ താഴ്ന്നു. ഇന്ധന, ഖനന ഓഹരികൾ കയറി.
ഡൗ ജോൺസ് സൂചിക 769.83 പോയിൻ്റ് (1.79%) ഇടിഞ്ഞ് 42,197.79 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 68.29 പോയിൻ്റ് (1.13%) നഷ്ടത്തോടെ 5976.97 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 255.66 പോയിൻ്റ് (1.30%) താഴ്ന്ന് 19,406.83 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്ന് നേട്ടത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ മുക്കാൽ ശതമാനം ഉയർന്നു. എന്നാൽ ഹോങ് കോങ്, ചൈനീസ് സൂചികകൾ നഷ്ടത്തിലാണ്.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ താഴ്ത്തി. തുടക്കത്തിൽ ഒന്നേകാൽ ശതമാനം ഇടിഞ്ഞ വിപണി പിന്നീട് യുദ്ധഗതികണ്ട് നഷ്ടം ഗണ്യമായി കുറച്ചു. ആദ്യം 12 ശതമാനം കുതിച്ച ക്രൂഡ് ഓയിൽ വില പിന്നീട് ഏഴു ശതമാനം കയറ്റത്തിലേക്കു ചുരുങ്ങിയതും വിപണിയെ സഹായിച്ചു.
റിയൽറ്റി, ഹെൽത്ത് കെയർ, ഐടി, മീഡിയ മേഖലകൾ നാമമാത്ര നേട്ടം ഉണ്ടാക്കി. എഫ്എംസിജി, ബാങ്ക്, ധനകാര്യ, മെറ്റൽ, ഓയിൽ, കൺസ്യൂമർ ഡ്യൂറബിൾ ഓഹരികൾ വലിയ താഴ്ചയിലായി.
നിഫ്റ്റി 169.60 പോയിൻ്റ് (0.68%) താഴ്ന്ന് 24,718.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 513.38 പോയിൻ്റ് (0.70%) ഇടിഞ്ഞ് 81,118.60 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 555.20 പോയിൻ്റ് (0.99%) താഴ്ന്ന് 55,527.35 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 213.40 പോയിൻ്റ് (0.37 ശതമാനം) നഷ്ടത്തോടെ 58,227.45 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 90.25 പോയിൻ്റ് (0.49 ശതമാനം) താഴ്ന്ന് 18,374.80 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1401 ഓഹരികൾ ഉയർന്നപ്പോൾ 2595
ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1059 എണ്ണം. താഴ്ന്നത് 1822 ഓഹരികൾ.
എൻഎസ്ഇയിൽ 43 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 34 എണ്ണമാണ്. 54 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 80 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1233.47 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2906.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ജൂണിൽ ഇതുവരെ വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്ന് 5402 കോടി രൂപ പിൻവലിച്ചിട്ടുണ്ട്.
നിഫ്റ്റി കഴിഞ്ഞ ദിവസം 24,450 ലെ പിന്തുണയ്ക്കു സമീപം എത്തിയിട്ട് ഗണ്യമായി തിരിച്ചു കയറി. ആ പിന്തുണനില നഷ്ടമാക്കിയാൽ വലിയ താഴ്ചയാകും കാത്തിരിക്കുക. 24,450-25,000 മേഖലയിൽ സമാഹരണത്തിനാകാം നിഫ്റ്റി ഈ ദിവസങ്ങളിൽ ശ്രമിക്കുക. ഇന്നു നിഫ്റ്റിക്ക് 24,545 ഉം 24,475 ഉം പിന്തുണയാകും. 24,760 ലും 24,825 ലും തടസം ഉണ്ടാകാം.
ഇസ്രയേൽ- ഇറാൻ സംഘർഷവും ഡോളർ ദൗർബല്യവും സ്വർണത്തെ വീണ്ടും സുരക്ഷിതനിക്ഷേപം ആയി മാറ്റി. വെള്ളിയാഴ്ച സ്വർണം ഒന്നര ശതമാനം കുതിച്ച് ഔൺസിന് 3433.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കയറ്റത്തിലാണ്. 3452 ഡോളർ വരെ കയറിയിട്ട് 3438 ലേക്കു താഴ്ന്നു. യുദ്ധഗതിയും അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ നിലപാടും ഈയാഴ്ച സ്വർണവിലയെ നിയന്ത്രിക്കും.
കേരളത്തിൽ സ്വർണം വെള്ളിയാഴ്ച 1560 രൂപയും ശനിയാഴ്ച 200 രൂപയും വർധിച്ച് പവന് 74,560 രൂപ എന്ന റെക്കോർഡിൽ എത്തിച്ചു. കഴിഞ്ഞ ദിവസം റെക്കോർഡ് കുറിച്ച വെള്ളിവില ഇന്ന് ഔൺസിന് 36.22 ഡോളറിലാണ്.
വെള്ളിയാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും താഴ്ന്നു. ചെമ്പ് 1.24 ശതമാനം ഇടിഞ്ഞു ടണ്ണിന് 9657.50 ഡോളറിൽ എത്തി. അലൂമിനിയം 0.26 ശതമാനം കുറഞ്ഞ് 2503.00 ഡോളർ ആയി. നിക്കൽ ഉയർന്നപ്പോൾ ലെഡ്, സിങ്ക്, ടിൻ എന്നിവ താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1.06 ശതമാനം ഉയർന്ന് 161.70 സെൻ്റ് ആയി. കൊക്കോ 0.11 ശതമാനം താഴ്ന്നു ടണ്ണിന് 9790.47 ഡോളറിൽ എത്തി. കാപ്പി 0.85 ശതമാനം ഉയർന്നപ്പോൾ തേയില 703 ശതമാനം കുതിച്ചു. പാം ഓയിൽ വില 2.27 ശതമാനം കയറി.
യുഎസ് ഡോളർ ചെറിയ നേട്ടം ഉണ്ടാക്കി. യുദ്ധം മൂലം സുരക്ഷിതത്വം തേടി പലരും ഡോളറിലേക്കു തിരിയുന്നുണ്ട്. എങ്കിലും കഴിഞ്ഞ ആഴ്ചയിലെ നഷ്ടം നികത്താൻ തക്ക നേട്ടം ഡോളറിനു കിട്ടിയില്ല. വെള്ളിയാഴ്ച 98.18 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്നു രാവിലെ 98.26 ൽ എത്തി.
കറൻസി വിപണിയിൽ ഡോളർ അൽപം നേട്ടമുണ്ടാക്കി. യൂറോ 1.154 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.354 ഡോളറിൽ എത്തി. ജാപ്പനീസ് യെൻ ഡോളറിന് 144.53 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം താഴ്ന്നു. ഇന്ന് അവയിലെ നിക്ഷേപനേട്ടം 4.422 ശതമാനത്തിലേക്കു കയറി.
വെള്ളിയാഴ്ച രൂപ താഴ്ന്നു. ഡോളർ 48 പൈസ കയറി 86.08 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
യുഎസ് - ഇറാൻ സംഘർഷം എണ്ണപ്പാടങ്ങളിലും സംഭരണികളിലും എണ്ണ - പ്രകൃതിവാതക പൈപ്പ് ലൈനുകളിലും ശുദ്ധീകരണ ശാലകളിലും നാശം വരുത്തുമെന്ന ധാരണ ആദ്യം ക്രൂഡ് വില കൂട്ടി. വെള്ളിയാഴ്ച 12 ശതമാനം വരെ കയറിയ ക്രൂഡ് ഓയിൽ ഏഴു ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില മൂന്നു ശതമാനത്തോളം കയറിയിട്ടു താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 74.50 ഡോളറിലും ഡബ്ല്യുടിഐ ഇനം 73.29 ഡോളറിലും മർബൻ ക്രൂഡ് 74.02 ഡോളറിലും ആണ്. പ്രകൃതിവാതക വില 2.5 ശതമാനം കയറി.
ക്രിപ്റ്റോ കറൻസികൾ അൽപം കയറി. ബിറ്റ് കോയിൻ 1,05,200 ഡോളറിനു മുകളിലാണ്. ഈഥർ 2520 ഡോളറിൽ എത്തി.
(2025 ജൂൺ 13, വെള്ളി)
സെൻസെക്സ്30 81,118.60 -0.70%
നിഫ്റ്റി50 24,718.60 -0.68%
ബാങ്ക് നിഫ്റ്റി 55,527.35 -0.99%
മിഡ് ക്യാപ്100 58,227.45 -0.37%
സ്മോൾക്യാപ്100 18,374.80 -0.49%
ഡൗജോൺസ് 42,197.80 -1.79%
എസ്ആൻഡ്പി 5976.97 -1.13%
നാസ്ഡാക് 19,406.80 -1.30%
ഡോളർ($) ₹86.08 +₹0.48
സ്വർണം(ഔൺസ്) $3433.40 +$47.28
സ്വർണം(പവൻ) 74,360 +₹1560
ശനി ₹74,560 +₹200
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $74.23 +$4.87
Read DhanamOnline in English
Subscribe to Dhanam Magazine