

യുദ്ധാവസാനത്തിൻ്റെ ആവേശം കുറയുന്നു. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 70 ഡോളറിനു താഴെ എത്തി യുദ്ധത്തിനു മുമ്പുള്ള നിലയിൽ ആകാൻ മാസങ്ങൾ എടുക്കും എന്ന നിഗമനമാണു വിപണികളെ വിഷമിക്കുന്നത്. നാളെ യുഎസ് ഫെഡറൽ റിസർവ് പലിശക്കാര്യത്തിൽ എന്തു ചെയ്യും, ഭാവിയെപ്പറ്റി എന്തു പറയും എന്നൊക്കെയുള്ള ആശങ്കകളും വിപണിയിൽ ഉയരുന്നു.
ഇന്നലെ യുഎസ് വിപണി, പ്രത്യേകിച്ചും ടെക് ഓഹരികൾ, കുതിച്ചുകയറി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,930.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,865 ലേക്കു താഴ്ന്നിട്ടു തിരിച്ചു കയറി. ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ മൊത്തവില സൂചിക വച്ചുള്ള വിലക്കയറ്റം 9.68 ശതമാനമായി ഉയർന്നു. ക്രൂഡ് ഓയിൽ വില കുറയുന്നതോടെ ഏതാനും മാസം കൊണ്ട് ഇതു താഴും എന്നാണു പ്രതീക്ഷ.
മേയ് മാസത്തിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി 18 ശതമാനം കയറി 4520 കോടി ഡോളർ എന്ന റെക്കോർഡ് കുറിച്ചു. ഇറക്കുമതി 22.1 ശതമാനം കൂടി 7340 കോടി ഡോളറിൽ എത്തി. ഉൽപന്ന വ്യാപാരത്തിലെ കമ്മി 25 ശതമാനം വർധിച്ച് 2820 കോടി ഡോളർ ആയി. സേവന കയറ്റുമതി 13.2 ശതമാനം കൂടി 3680 കോടി ഡോളറും ഇറക്കുമതി 14.1 ശതമാനം കയറി 1910 കോടി ഡോളറും ആയി. ഉൽപന്ന, സേവന വ്യാപാരങ്ങൾ മൊത്തം ചേർത്താൽ വ്യാപാര കമ്മി 1050 കോടി ഡോളറിൽ എത്തും.
രണ്ടാഴ്ച കൊണ്ടു തെക്കുപടിഞ്ഞാറൻ മൺസൂണിലെ മഴ 32 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ ഇന്ത്യ ഒഴികെ എല്ലാ മേഖലകളിലും മഴ കമ്മിയാണ്. എൽ നിനോ പ്രതിഭാസം രൂപം കൊണ്ടതിനാൽ കാലവർഷം ഗണ്യമായി കുറയും എന്നു പ്രവചിച്ചിരുന്നതാണ്. ഇപ്പോഴത്തെ സൂചന മഴക്കുറവ് ആദ്യ പ്രതീക്ഷയേക്കാൾ വളരെ കൂടുതൽ ആകുമെന്നാണ്. കാർഷികോൽപാദനത്തിൽ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും. ഭക്ഷ്യവിലക്കയറ്റവും കൂടാം.
ഇറാനുമായുള്ള കരാർ ഇന്നലെ യുഎസ് വിപണിയെ വലിയ നേട്ടത്തിലേക്കു നയിച്ചു. ചരിത്രം സൃഷ്ടിച്ച ഐപിഒയ്ക്കു ശേഷം ലിസ്റ്റ് ചെയ്ത സ്പേസ് എക്സ് വെള്ളിയാഴ്ചത്തെ 19 ശതമാനം കയറ്റത്തിനു പിന്നാലെ ഇന്നലെ 20 ശതമാനം കുതിച്ചു. സൂചികയിലേക്ക് പ്രവേശിക്കും വരെ ഓഹരിയിൽ ഇങ്ങനെ ആവേശക്കയറ്റം പ്രതീക്ഷിക്കാം എന്നാണു നിരീക്ഷകർ പറയുന്നത്.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 468.77 പോയിൻ്റ് (0.92%) ഉയർന്ന് 51,671.03 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 122.83 പോയിൻ്റ് (1.65%) കയറി 7554.29 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 795.10 പോയിൻ്റ് (3. 07%) കുതിച്ച് 26,683.94 ൽ ക്ലോസ് ചെയ്തു.
വലിയ നേട്ടത്തിനു ശേഷം യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ ജോൺസ് 19 പോയിൻ്റും (0.04%) എസ് ആൻഡ് പി 10 പോയിൻ്റും (0.13%) നാസ്ഡാക് 75 പോയിൻ്റും (0.25%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 2.36 ശതമാനം കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 1.01 ശതമാനം കയറി 24.99 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണിസമയത്ത് 0.07 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.73 ശതമാനം താഴ്‌ന്ന് 27.61 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.19 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.21 ശതമാനം ഉയർന്ന് 11.74 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 4.55 ശതമാനം കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.43 ശതമാനം താഴ്ന്നു 2.29 ഡോളറിൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ തിങ്കളാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. എഫ്ടിഎസ്ഇ താഴ്ന്നു, ഡാക്സ് ഒരു ശതമാനം കുതിച്ചു, ഫ്രഞ്ച് സൂചിക 0.40 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.25 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം നഷ്‌ടത്തിലായി. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി ഒരു ശതമാനം ഉയർന്നിട്ടു നേട്ടം കുറച്ചു. ഹോങ് കോങ് 0.10 ഉം ഷാങ്ഹായ് 0.20 ഉം ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിൽ വിലയിടിവിലും ഇറാൻ സമാധാന കരാറിലും വലിയ ആവേശത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു നേട്ടത്തിൻ്റെ ഗണ്യമായ ഭാഗം നഷ്‌ടപ്പെടുത്തി. ക്രൂഡ് ഓയിൽ വില യുദ്ധത്തിനു മുൻപുള്ള നിലയിൽ എത്താൻ മാസങ്ങൾ എടുക്കും എന്ന സൂചനയും മൺസൂൺ മഴ തീരെ കുറവായതും വിപണി മനോഭാവത്തിൽ മാറ്റം വരുത്തി.
ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, കാപ്പിറ്റൽ മാർക്കറ്റ്സ്, ടൂറിസം, ഓട്ടോ, മെറ്റൽ, ഓയിൽ മേഖലകളിലായിരുന്നു വലിയ മുന്നേറ്റം.
ആഴ്ചകൾക്കു ശേഷം ഇന്നലെ വിദേശ നിക്ഷേപകർ ചെറിയ തോതിലാണെങ്കിലും വാങ്ങലുകാരായി. എന്നാൽ ഇത് അവരുടെ സമീപനത്തിലെ മാറ്റത്തിൻ്റെ സൂചനയായി കാണാനാവില്ല. വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 200.05 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3189.26 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
തിങ്കളാഴ്ച സെൻസെക്‌സ് 736.38 പോയിൻ്റ് (0.91%) ഉയർന്ന് 76,264.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 231.00 പോയിൻ്റ് (0.98%) മുന്നേറി 23,853.90 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 384.00 പോയിൻ്റ് (0.68%) നേട്ടത്തോടെ 57,198.80 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 781.55 പോയിൻ്റ് (1.29%) കുതിച്ച് . 61,549.65 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 202.55 പോയിൻ്റ് (1.11%) ഉയർന്ന് 18,400.00 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ താഴുന്ന രണ്ടിന് അഞ്ച് എന്ന അനുപാതത്തിൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 3030 ഓഹരികൾ കയറി, 1384 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2499 എണ്ണം ഉയർന്നപ്പോൾ 826 എണ്ണം താഴ്ന്നു.
ഫെഡറൽ ബാങ്ക് 320.70 രൂപ എന്ന റെക്കോർഡ് കുറിച്ച ശേഷം 0.32 ശതമാനം നേട്ടത്തോടെ 316.70 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 48.55 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ടു 0.94% ഉയർന്ന് 47.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 1.82 ശതമാനം ഉയർന്ന് 373 രൂപയിലും ധനലക്ഷ്മി ബാങ്ക് 0.40 ശതമാനം താഴ്‌ന്ന് 32.28 രൂപയിലും ക്ലോസ് ചെയ്തു.
സ്വർണവില കയറുന്ന സാഹചര്യത്തിൽ കല്യാൺ ജ്വല്ലേഴ്സ് 11.09 ശതമാനം കുതിച്ച് 383 രൂപയിൽ എത്തി. കല്യാണിൻ്റെ പശ്ചിമേഷ്യൻ കടകളിൽ വിലപന കയറാൻ സമാധാന കരാർ സഹായിക്കും.
സ്വർണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസ് 3.91 ശതമാനവും മണപ്പുറം ഫിനാൻസ് 4.19 ശതമാനവും ഉയർന്നു.
വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങി ഏഴു ദിവസം തുടർച്ചയായി ഇടിഞ്ഞ രാജേഷ് എക്സ്പോർട്സ് ഇന്നലെ അഞ്ചു ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തി. കമ്പനി യാതൊരു തട്ടിപ്പും നടത്തിയിട്ടില്ലെന്നു സിഎംഡി രാജേഷ് മേത്ത സ്റ്റോക്ക് എക്‌സ്ചേഞ്ചുകൾക്കു നൽകിയ കുറിപ്പിൽ അവകാശപ്പെട്ടു. കാണിച്ചിരിക്കുന്ന വരുമാനം സ്വിസ് ഉപകമ്പനിയും ലോകത്തിലെ ഏറ്റവും വലിയ സ്വർണ റിഫൈനർമാരുമായ വാൽകാമ്പിയിൽ നിന്നു കിട്ടിയതാണെന്നും വിശദീകരിച്ചു.
പശ്ചിമേഷ്യൻ സമാധാന പ്രതീക്ഷയിൽ സ്വർണത്തിൻ്റെ കുതിപ്പ് തുടർന്നു. ഇന്നലെ രണ്ടു ശതമാനത്തിലധികം (90.20 ഡോളർ) കയറി ഔൺസിന് 4310.50 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇടയ്ക്ക് 4370 ഡോളർ വരെ കയറിയിട്ടു ലാഭമെടുക്കലിൽ താഴുകയായിരുന്നു. ഇന്നു രാവിലെ നാമമാത്ര നേട്ടത്തോടെ 4320 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1800 രൂപ വർധിച്ച് 1,11,120 രൂപ ആയി.
വെള്ളിവില അൽപം താഴ്‌ന്ന് ഔൺസിന് 69.92 ഡോളർ ആയി.
പ്ലാറ്റിനം 1758 ഡോളർ, പല്ലാഡിയം 1316 ഡോളർ, റോഡിയം 7625 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
അലൂമിനിയം ഒഴികെ വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഉയർന്നു. ചെമ്പ് 0.82 ശതമാനം കയറി ടണ്ണിനു 13,714.00 ഡോളർ ആയി. അലൂമിനിയം 5 .01 ശതമാനം ഇടിഞ്ഞു 3370.21 ൽ ക്ലോസ് ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അലൂമിനിയം കയറ്റുമതി പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണു വിലയിടിവ്. സിങ്കും ടിന്നും നിക്കലും ലെഡും ഉയർന്നു.
ഉൽപാദനം കുറയുമെന്ന സൂചനയും പശ്ചിമേഷ്യൻ സമാധാനവും റബർ വിലയെ വീണ്ടും റെക്കോർഡ് നിലയിൽ എത്തിച്ചു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 323.30 ഡോളറിലും ആർഎസ്എസ് മൂന്ന് 319.75 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,300 രൂപ എന്ന റെക്കോർഡിൽ ആണ്.
കൊക്കോ വില 3.36 ശതമാനം കൂടി ടണ്ണിന് 3998 ഡോളറിൽ എത്തി.
യൂറിയയുടെ അന്താരാഷ്ട്ര വില ടണ്ണിന 401.00 ഡോളറിൽ എത്തി. ഒരു മാസം കൊണ്ടു വില 26 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച താഴ്‌ന്ന് 99.63 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.66 ലേക്കു കയറി.
യൂറോ 1.1591 ഡോളറിലേക്കും പൗണ്ട് 1.3409 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.15 യെൻ എന്ന നില വരെ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.76 യുവാൻ എന്ന നിരക്കിലേക്കു കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.477 ശതമാനമായി ഉയർന്നു. നാളെ യുഎസ് ഫെഡ് എന്തു തീരുമാനിക്കും എന്ന ആശങ്കയിലാണു പണവിപണി.
ക്രൂഡ് ഓയിൽ വില താഴുന്നതും യുദ്ധം തീരുന്നതും ഇന്ത്യയുടെ കറൻസി പ്രശ്നങ്ങളെ ലഘൂകരിക്കും എന്ന വിശ്വാസം വിപണിയിൽ വന്നു. രാജ്യത്തിൻ്റെ വിദേശനാണ്യ കമ്മി കുറയും എന്നാണു വിലയിരുത്തൽ. ഇതോടെ തിങ്കളാഴ്ചയും ഇന്ത്യൻ രൂപ മികച്ച നേട്ടം ഉണ്ടാക്കി. ഡോളർ 40 പൈസ നഷ്ടത്തോടെ 94.71 രൂപയിൽ അവസാനിച്ചു. അനുകൂല സാഹചര്യങ്ങൾ തുടർന്നാൽ ഡോളർ ഈ മാസം 92 രൂപയ്ക്കു താഴെ എത്തും എന്നാണു വിലയിരുത്തൽ.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.49 രൂപയിൽ നിന്നു 94.56 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 14.01 രൂപയിൽ തുടർന്നു. യൂറോ 109.81 രൂപയായി ഇടിഞ്ഞു.
പശ്ചിമേഷ്യൻ സമാധാന സാധ്യതയിൽ ക്രൂഡ് ഓയിൽ വില ഇടിവ് തുടർന്നു. ബ്രെൻ്റ് ഇനം തിങ്കളാഴ്ച 4.8 ശതമാനം താഴ്ന്നു വീപ്പയ്ക്ക് 83.17 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ അൽപം കയറി 83.48 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 81.11 ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ് കോയിൻ 66,300 ഡോളറിനു മുകളിൽ എത്തി. ഈഥർ 1790 ഡോളറിനും സൊലാന 74 ഡോളറിനും മുകളിലാണ്.
(2026 ജൂൺ 15, തിങ്കൾ)
സെൻസെക്സ് 76,264.33 +0.97%
നിഫ്റ്റി50 23,853.90 +0.98%
ബാങ്ക് നിഫ്റ്റി 57,198.80 +0.68%
മിഡ്ക്യാപ്100 61,549.65 +1.29%
സ്മോൾക്യാപ്100 18,400.00 +1.11%
ഡൗജോൺസ് 51,671.03 +0.92%
എസ്ആൻഡ്പി 7554.29 +1.65%
നാസ്ഡാക് 26,683.94 +3.67%
ഡോളർ ₹94.71 -₹0.40
സ്വർണം(ഔൺസ്)$4310.50 +$90.20
സ്വർണം(പവൻ) ₹1,11,120 +₹1800
ക്രൂഡ്ഓയിൽബ്രെൻ്റ്$83.17 -$4.16
Read DhanamOnline in English
Subscribe to Dhanam Magazine