വാങ്ങിക്കൂട്ടാന്‍ വിദേശികള്‍; കുതിപ്പ് തുടരാൻ ബുള്ളുകൾ; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ക്രൂഡ് ഓയിൽ താഴുന്നു

എന്‍.ആര്‍.എ നിക്ഷേപത്തിന് അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തില്‍ ആശങ്ക
TCM, Morning Business News
Morning business newscanva
Published on

ഇന്ത്യയുമായി വ്യാപാരകരാർ ഉണ്ടാക്കുമെന്നു യുഎസ് പ്രസിഡൻ്റ് പറഞ്ഞതും വിദേശനിക്ഷേപകർ കൂടുതൽ ഓഹരികൾ വാങ്ങിയതും ഇന്നലെ ഇന്ത്യൻ വിപണിക്കു കുതിപ്പായി. മുഖ്യ സൂചികകൾ ഒന്നര ശതമാനം കയറി. ഇന്നും കുതിപ്പ് തുടരാം എന്ന പ്രതീക്ഷയിലാണു ബുള്ളുകൾ.

വിദേശ വിപണികൾ ഇന്നലെ കയറ്റത്തിലായിരുന്നു. എന്നാൽ ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജാപ്പനീസ് ജിഡിപി പ്രതീക്ഷയിലും കുറവായി. 

പ്രവാസികൾ നാട്ടിലേക്കു പണം അയക്കുന്നതിന് അഞ്ചു ശതമാനം നികുതി നിർദ്ദേശിക്കുന്ന നികുതി ബിൽ യുഎസ് കോൺഗ്രസിൻ്റെ പരിഗണനയിലാണ്. അത് ഇന്ത്യ-യുഎസ് ബന്ധത്തിൽ കല്ലുകടിയാകാം. 

ഇന്ത്യ - യുഎസ് വ്യാപാര ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ നാളെ അമേരിക്കയിലെത്തും. ഉടനടി ഒരു തീരുമാനം ചർച്ചയിൽ പ്രതീക്ഷിക്കുന്നില്ല.

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. സ്വർണം തിരിച്ചു കയറി.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,210 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,220 വരെ കയറിയിട്ട് 25,170 ലേക്കു റാഴ്ന്നു. ഇന്നു വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ മികച്ച നേ ട്ടത്തിൽ അവസാനിച്ചു. പ്രതിരോധച്ചെലവ് അഞ്ചു ശതമാനം ആക്കണമെന്ന യുഎസ് നിർദേശത്തെ ജർമനി അനുകൂലിച്ചതു പ്രതിരോധ ഓഹരികളെ ഉയർത്തി. യുകെ ഒന്നാം പാദത്തിൽ 0.7 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി. ഇതു പ്രതീക്ഷയിലും കൂടുതലാണ്. യൂറോ മേഖലയുടെ ഒന്നാം പാദ വളർച്ച 0.4ൽ നിന്ന് 0.3 ശതമാനമായി കുറച്ചു.

ടെക് ഓഹരികളുടെ കുതിപ്പിൽ യുഎസ് വിപണി തുടർച്ചയായ നാലാം ദിവസവും നേട്ടം ഉണ്ടാക്കി. ഈയാഴ്ച ഇതുവരെ എൻവിഡിയയും ടെസ്‌ലയും 15 ശതമാനം വീതം ഉയർന്നിട്ടുണ്ട്. മെറ്റാ പ്ലാറ്റ്ഫോംസ് ഒൻപതും ആമസോൺ ആറും ആൽഫബെറ്റ് ഏഴും ശതമാനം ഉയർന്നു. നാസ്ഡാക് കോംപസിറ്റ് സൂചിക ആഴ്ചയിൽ 6.6 ഉം എസ് ആൻഡ് പി 4.5 ഉം ഡൗ 2.6 ഉം ശതമാനം ഉയർന്നാണു നിൽക്കുന്നത്.

ഏപ്രിലിലെ യുഎസ് മൊത്തവില സൂചിക 0.5 ശതമാനം കുറഞ്ഞു. 0.3% ആയിരുന്നു പ്രതീക്ഷ. സെപ്റ്റംബറിൽ പലിശ കുറയ്ക്കൽ തുടങ്ങാൻ ഈ കുറവ് ഫെഡറൽ റിസർവിനെ സഹായിക്കും എന്നാണു പ്രതീക്ഷ.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 271.69 പോയിൻ്റ് (0.65%) ഉയർന്ന് 42,322.75 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 24.35 പോയിൻ്റ് (0.41%) കയറി 5916.93 ൽ അവസാനിച്ചു. നാസ്ഡാക് 34.49 പോയിൻ്റ് (0.18%) താഴ്ന്ന് 19,112.32 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.04 ഉം  എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.17 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ്.  ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ അം ശതമാനം താഴ്ന്നു. ജപ്പാനിൽ ഒന്നാം പാദ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 0.7 ശതമാനം ചുരുങ്ങി. തലേ പാദവുമായി നോക്കുമ്പോൾ 0.2 ശതമാനം കുറഞ്ഞു. രണ്ടു കണക്കിലും നിഗമനങ്ങളേക്കാൾ കൂടുതലാണു താഴ്ച. ഹോങ് കോങ്,  ഷാങ് ഹായ് സൂചികകൾ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി കുതിച്ചു

ദിശാബോധം ഇല്ലാതെ വ്യാപാരം തുടങ്ങിയ ഇന്നലെ വിദേശനിക്ഷേപകരും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വിപണിയെ ഉയർത്തി. ഇന്ത്യയുമായി വ്യാപാരകരാർ ഉടനേ ഉണ്ടാകുമെന്നു ട്രംപ് പറഞ്ഞതാണു കാരണം. യുഎസ് ഉൽപന്നങ്ങൾക്കു ചുങ്കം ഒഴിവാക്കാൻ ഇന്ത്യ സമ്മതിച്ചതായും ട്രംപ് പറഞ്ഞിരുന്നു. അതു വിപണി ശ്രദ്ധിച്ചതായി കാണുന്നില്ല. ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നതിനോടു തനിക്ക് എതിർപ്പുണ്ടെന്ന ട്രംപ് പ്രസ്താവനയും വിപണി കാര്യമായി കാണുന്നില്ല. വിദേശനിക്ഷേപകർ 5000-ൽ പരം കോടി രൂപയുടെ വാങ്ങൽ നടത്തി.

ഏഴു മാസത്തിനു ശേഷം നിഫ്റ്റി ഇന്നലെ 25,000 നു മുകളിൽ കയറി ക്ലാേസ് ചെയ്തു. തുടക്കത്തിൽ താഴ്ന്ന് 24,494 വരെ എത്തിയ ശേഷം തിരിച്ചു കയറി 25,116 ൽ എത്തിയിട്ട് നിഫ്റ്റി അൽപം താഴ്ന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 80,762 നും 82,718 നുമിടയിൽ ഇറങ്ങിക്കയറി.

മികച്ച റിസൽട്ടിൻ്റെ വെളിച്ചത്തിൽ വാസ്കോൺ എൻജിനിയറിംഗും തിലക് നഗർ ഇൻഡസ്ട്രീസും 14 ശതമാനത്തിലധികം കുതിച്ചു. മികച്ച റിസൽട്ട് പുറത്തുവിട്ട മുത്തൂറ്റ് ഫിനാൻസ് ലാഭമെടുക്കലിനെ തുടർന്ന് 6.8 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയ കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നലെ 6.6 ശതമാനം കയറി. മറ്റു രാസവള കമ്പനികൾക്കൊപ്പം എഫ്എസിടി നാലു ശതമാനത്തോളം ഉയർന്നു.

വ്യാഴാഴ്ച നിഫ്റ്റി 395.20 പോയിൻ്റ് (1.60%) കുതിച്ച് 25,062.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1200.18 പോയിൻ്റ് (1.48%) കയറി 82,530.74 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 554.30 പോയിൻ്റ് (1.01%) ഉയർന്ന് 55,355.60 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 394.45 പോയിൻ്റ് (0.70 ശതമാനം) കയറി 56,530.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 92.50 പോയിൻ്റ് (0.54 ശതമാനം) കയറി 17,239.95 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2615 ഓഹരികൾ ഉയർന്നപ്പോൾ 1350 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1980 എണ്ണം. താഴ്ന്നത് 890 ഓഹരികൾ.

എൻഎസ്ഇയിൽ 60 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 11 എണ്ണമാണ്. 175 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 27 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 5392.94 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1668.47 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഇന്നലെ കുതിച്ച് 25,000 കടന്ന നിഫ്റ്റി ഇന്നു മുന്നേറ്റം 25,300- 25,500 മേഖലയിലേക്ക് എത്തിച്ചേക്കാം. ഇന്നു നിഫ്റ്റിക്ക് 24,650 ഉം 24,500 ഉം പിന്തുണയാകും. 25,125 ലും 25,270 ലും തടസം ഉണ്ടാകാം.

എആർഐ നിക്ഷേപത്തിന്  യുഎസ് നികുതി

ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ നികുതി ബില്ലിൽ അമേരിക്കൻ പൗരന്മാരല്ലാത്തവർ സ്വന്തം നാട്ടിലേക്കു പണം അയക്കുന്നതിന് അഞ്ചു ശതമാനം നികുതി ചുമത്താൻ നിർദ്ദേശിച്ചിട്ടുള്ളത്  ഗൗരവമേറിയ വിഷയമാണ്. ഇന്ത്യയിലേക്ക് ലഭിക്കുന്ന 12,000 കോടി ഡോളറിൻ്റെ വാർഷിക അടവിൽ 30 ശതമാനം അമേരിക്കയിൽ നിന്നാണ്. ഇതു രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ട് കമ്മിയെയും ഒപ്പം കുടുംബ ബജറ്റുകളെയും ബാധിക്കും.ഏപ്രിലിൽ ഇന്ത്യയുടെ വിദേശവ്യാപാര കമ്മി വീണ്ടും ഉയർന്നു. യുഎസ് തീരുവകളെ ഭയന്ന് കയറ്റുമതി കൂടിയപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചതാണു കാരണം. ഈ അവസ്ഥ തുടരാനിടയില്ല.

സ്വർണം തിരിച്ചുകയറി

അമേരിക്കൻ മൊത്തവിലക്കയറ്റം പ്രതീക്ഷിച്ചതിലും കുറവായതും ഡോളർ സൂചിക താഴ്ന്നതും ഇന്നലെ സ്വർണത്തെ ഉയർത്തി. കുറഞ്ഞ വിലക്കയറ്റം സെപ്റ്റംബറിൽ പലിശ കുറയ്ക്കാനുള്ള സാധ്യത വർധിപ്പിച്ചു എന്നാണു വിലയിരുത്തൽ.

ഇന്നലെ സ്വർണം ഔൺസിന് 63.40 ഡോളർ ഉയർന്ന് 3241.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3227 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ ഇന്നലെ പവന് 1560 രൂപ ഇടിഞ് 68,880 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി ഉയരാം.

വെള്ളിവില ഔൺസിന് 32.64 ഡോളറിലേക്കു കയറി. 

 വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെമ്പുവില 1.16 ശതമാനം താഴ്ന്ന ടണ്ണിന് 9537.35 ഡോളറിൽ എത്തി. അലൂമിനിയം വില 1.41 ശതമാനം ഇടിഞ്ഞു ടണ്ണിന് 2489.00 ഡോളർ ആയി. ടിൻ 0.27ഉം സിങ്ക് 1.71ഉം നിക്കൽ 1.30 ഉം ലെഡ് 0.82 ഉം ശതമാനം താഴ്ന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 1.02 ശതമാനം താഴ്ന്നു കിലോഗ്രാമിന് 175.40 സെൻ്റിൽ എത്തി. കൊക്കോ 6.80 ശതമാനം കുതിച്ച് 10,564.15 ഡോളറിൽ എത്തി. കാപ്പി 2.30 ശതമാനം ഉയർന്നു. പാമോയിൽ വില 1.61 ശതമാനം താഴ്ന്നു.

ഡോളർ ചാഞ്ചാടുന്നു

 ഡോളർ സൂചിക വ്യാഴാഴ്ചയും ചാഞ്ചാടി. സൂചിക 100.59 നും 101.06 നും ഇടയിൽ കയറിയിറങ്ങിയിട്ട് 100.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.67 ലാണ്.

യൂറോ 1.1203 ഡോളറിലേക്കും പൗണ്ട് 1.3313 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഡോളറിന് 145.18 യെൻ എന്ന നിരക്കിലേക്ക് കയറി.

യുഎസ് കടപ്പത്രവില കൂടി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.424 ശതമാനത്തിലേക്കു താഴ്ന്നു. പലിശ കുറയ്ക്കൽ പ്രതീക്ഷയിലാണു വിപണിയുടെ നീക്കം.

രൂപ ഇന്നലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി നഷ്ടത്തിൽ  ക്ലോസ് ചെയ്തു. ഡോളർ 28 പൈസ കൂടി 85.55 രൂപയിൽ അവസാനിച്ചു.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.21 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ താഴോട്ട്

ഇറാനുമായി ആണവ കരാറിനു സാധ്യത ഉണ്ടെന്നു പ്രസിഡൻ്റ് ട്രംപ് ആവർത്തിച്ചു പറയുന്നതു ക്രൂഡ് ഓയിൽ വിലയെ താഴ്ത്തി. അടുത്ത മാസം സൗദിയും മറ്റും ഉൽപാദനം കൂട്ടുന്നതും വില കുറയാൻ സഹായിച്ചു. ബ്രെൻ്റ് ഇനം ഇന്നലെ രണ്ടു ശതമാനം താഴ്ന്ന് ബാരലിന് 64.53 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് 64.54 ഉം ഡബ്ല്യുടിഐ 61.66 ഉം മർബൻ ക്രൂഡ് 63.96 ഉം ഡോളറിൽ ആണ്.

ക്രിപ്റ്റോകൾ  ചാഞ്ചാട്ടം തുടരുന്നു

ക്രിപ്റ്റോ കറൻസികൾ ഉയർച്ചയ്ക്കു വഴി കാണാതെ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ് കോയിൻ  ഇന്ന് 1,04,000 ഡോളറിനു തൊട്ടു താഴെയാണ്. ഈഥർ 2545 ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 മേയ് 15, വ്യാഴം)

സെൻസെക്സ്30   82,530.74     +1.48%

നിഫ്റ്റി50       25,062.10         +1.60%

ബാങ്ക് നിഫ്റ്റി   55,355.60      +1.01%

മിഡ് ക്യാപ്100   56,530.85     +0.70%

സ്മോൾക്യാപ്100  17,239.95    +0.54%

ഡൗജോൺസ്   42,322.75     +0.65%

എസ്ആൻഡ്പി   5916.93      +0.41%

നാസ്ഡാക്      19,112.32     -0.18%

ഡോളർ($)     ₹85.55        +₹0.28

സ്വർണം(ഔൺസ്) $3241.50   +$63.40

സ്വർണം(പവൻ)    ₹68,880      -₹1560

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.53    -$1.32 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com