വിപണി കൂടുതൽ ദുർബലം; വ്യാപാരയുദ്ധവും വിദേശികളുടെ വിൽപനയും നെഗറ്റീവ്; ക്രൂഡ് ഓയിൽ വില 75 ഡോളറിനു താഴെ

ഏഷ്യന്‍ വിപണികളില്‍ ഉണര്‍വ്; സ്വര്‍ണം ഇടിഞ്ഞു; ക്രിപ്‌റ്റോകള്‍ ചാഞ്ചാടി; രൂപ കയറി
TCM, Morning Business News
Morning business newscanva
Published on

വിപണിയുടെ താഴ്ച കൂടുതൽ തീവ്രമായി. എട്ട് ദിവസം തുടർച്ചയായി താഴുകയും എല്ലാ സൂചികകളും 10 ശതമാനത്തിലധികം ഇടിവിലാകുകയും ചെയ്ത നിലയ്ക്ക് ഒരു ആശ്വാസറാലി ഉണ്ടാകുമോ എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. പക്ഷേ സാങ്കേതിക സൂചകങ്ങൾ കൂടുതൽ താഴ്ചയിലേക്കാണു വിരൽ ചൂണ്ടുന്നത്.

വിദേശനിക്ഷേപകർ വിൽപന തുടക്കുകയാണ്. ചുങ്കം വിഷയത്തിൽ ഡോണൾഡ് ട്രംപ് ഇന്ത്യക്ക് ആശ്വാസകരമായ കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ കുറയുകയാണ്. ഇതെല്ലാം വിപണിക്കു നെഗറ്റീവ് സൂചന നൽകുന്നു. ക്രൂഡ് ഓയിൽ വില കുറയുന്നതു മാത്രമാണ് ആശ്വാസം ഘടകം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 22,949 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,965 ആയി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ചു. എങ്കിലും തുടർച്ചയായ എട്ടാമത്തെ ആഴ്ച അവ നേട്ടം കുറിച്ചു. യുക്രെയ്നിൽ ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിപണിക്ക് പ്രതീക്ഷ നൽകുന്നു.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ബദൽചുങ്കം നീക്കം ഉടനെ നടപ്പാകില്ല എന്നതും വിവിധരാജ്യങ്ങൾ യുഎസുമായി ചുങ്കം സംബന്ധിച്ചു ചർച്ച തുടങ്ങുന്നതും വിപണിക്ക് ആശ്വാസകരമായി. കഴിഞ്ഞയാഴ്ച പുറത്തുവന്ന വിലക്കയറ്റ കണക്കുകൾ ആദ്യം കരുതിയത്ര നെഗറ്റീവ് അല്ലെന്നായി വാരാന്ത്യ വിലയിരുത്തൽ. റീട്ടെയിൽ വ്യാപാരം പ്രതീക്ഷിച്ചതിലും ഗണ്യമായ ഇടിവ് കാണിച്ചു. 

വെള്ളിയാഴ്ച യുഎസ് വിപണി സൂചികകൾ ദിന ദിശകളിലായി. എങ്കിലും മൂന്നു സൂചികകളും പ്രതിവാര നേട്ടം ഉണ്ടാക്കി.

ഡൗ ജോൺസ് സൂചിക 165.35 പോയിൻ്റ് (0.37%) താഴ്ന്ന് 44,546.10 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 0.44 പോയിൻ്റ് (0.01%) നഷ്ടത്തോടെ 6114.63 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 81.19 പോയിൻ്റ് (0.41%) കയറി 20,026.80 ൽ ക്ലാേസ് ചെയ്തു. 

ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.02 ഉം  എസ് ആൻഡ് പി 500 സൂചിക 0.04 ഉം നാസ്ഡാക്  0.08 ഉം ശതമാനം കയറി. 

മിക്ക ഏഷ്യൻ വിപണികളും രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കൈ അര ശതമാനം താഴ്ന്നു. ജപ്പാനിലെ ജിഡിപി നാലാം പാദത്തിൽ 2.8 ശതമാനം വളർന്നു. ഒരു ശതമാനമായിരുന്നു പ്രതീക്ഷ. എന്നാൽ 2024 ലെ വളർച്ച കേവലം 0.1 ശതമാനമായി കുറഞ്ഞു.

ഇന്ത്യൻ വിപണി വീണ്ടും താഴ്ന്നു

ട്രംപിൻ്റെ ചുങ്കം ഭീഷണിയും വിദേശനിക്ഷേപകരുടെ പിന്മാറ്റവും മൂലം ഉലയുന്ന ഇന്ത്യൻ വിപണി തുടർച്ചയായ എട്ടാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി50 സൂചിക 23,000നും സെൻസെക്സ് 76,000 നും താഴെ ക്ലോസ് ചെയ്തു. നിഫ്റ്റി കഴിഞ്ഞയാഴ്ച 2.68 ശതമാനം ഇടിഞ്ഞു. 

വെള്ളിയാഴ്ച നിഫ്റ്റി 102.15 പോയിൻ്റ് (0.44%) താഴ്ന്ന് 22,929.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 199.76 പോയിൻ്റ് (0.26%) കുറഞ്ഞ് 75,939.21 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 260.40 പോയിൻ്റ് (0. 53%) താഴ്ന്ന് 49,099.45 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.41 ശതമാനം (1227.05 പോയിൻ്റ്) നഷ്ടത്തോടെ 49,654.15 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 3.55 ശതമാനം (566.65 പോയിൻ്റ്) ഇടിഞ്ഞ് 15,407.20 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 4294.69 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 4363.87 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതുവരെ 29,183.43 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജനുവരിയിൽ മൊത്തം 87,374.66 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 629 ഓഹരികൾ ഉയർന്നപ്പോൾ 3386 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 453 എണ്ണം ഉയർന്നു, താഴ്ന്നത് 2412 എണ്ണം. നിഫ്റ്റി ഇന്നും ദുർബലമായാൽ 22,750- 22,600 ലേക്കു പിന്തുണ മേഖല മാറും. ഉയരുന്ന പക്ഷം 23,250 ൽ വലിയ തടസം നേരിടാം. നിഫ്റ്റിക്ക് ഇന്ന് 22,800 ലും 22,725 ലും പിന്തുണ കിട്ടാം. 23,100 ഉം 23,185 ഉം തടസങ്ങളാകാം.

കമ്പനികൾ

ഭെൽ തെലങ്കാനയിലെ സിംഗരേണി താപനിലയത്തിൻ്റെ 6700 കോടി രൂപയുടെ നിർമാണ പദ്ധതിയുടെ കരാറിനു ലെറ്റർ ഓഫ് ഇൻ്റൻ്റ് നേടി.

ആദിത്യ ബിർല ഫാഷൻ മൂന്നാം പദത്തിൽ വരുമാനം 3.3 ശതമാനം കൂട്ടിയപ്പോൾ അറ്റനഷ്ടം 51.3 കോടി രൂപയായി കുറഞ്ഞു. പ്രവർത്തന ലാഭം 14.8 ശതമാനം വർധിച്ചു. 

കിട്ടാക്കടം ഇരട്ടിയായതോടെ മൂന്നാം പാദത്തിൽ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ലാഭത്തിൽ നിന്ന് 168 കോടി നഷ്ടത്തിലായി.

ഗ്ലെൻമാർക്ക് ഫാർമ മൂന്നാം പാദത്തിൽ 35.1 ശതമാനം വരുമാനം കൂട്ടിയപ്പോൾ 470 കോടി നഷ്ടത്തിൽ നിന്നു 348 കോടി ലാഭത്തിലായി.

വിറ്റുവരവ് 13.5 ശതമാനം വർധിച്ചപ്പോൾ നാരായണ ഹൃദയാലയയുടെ അറ്റാദായം 2.6 ശതമാനമേ കൂടിയുള്ളൂ.

ദിലീപ് ബിൽഡ് കോൺ മൂന്നാം പാദത്തിൽ വരുമാനം 10 ശതമാനം കുറച്ചപ്പോൾ ലാഭം 7.3 ശതമാനം ഉയർന്നു.

താഴ്ച എവിടെ വരെ?

വിപണി താഴ്ചയുടെ അവസാന ഘട്ടത്തോട് അടുത്തു എന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴത്ത

നിലയിൽ നിന്നു നിഫ്റ്റി 1000 പോയിൻ്റ് കൂടി താഴ്ന്നേക്കാം എന്നാണ് അവരുടെ വിലയിരുത്തൽ. സ്മോൾ ക്യാപ് സൂചിക ഇരുപതു ശതമാനം ഇടിഞ്ഞു തിരുത്തൽ മേഖലയിലായി. മിഡ് ക്യാപ് സൂചിക അതിനു തൊട്ടു പിന്നിലുണ്ട്. 10 ശതമാനത്തിലധികം ഇടിഞ്ഞു നിൽക്കുകയാണ് നിഫ്റ്റിയും സെൻസെക്സും. കമ്പനി റിസൽട്ടുകളും ട്രംപിൻ്റെ വ്യാപാരയുദ്ധവും ആണു വിപണിയെ നിയന്ത്രിക്കുക.

ലാഭവർധന കുറയാം

കമ്പനികൾ നാലാം പാദത്തിലേക്കു നൽകുന്ന വളർച്ചസൂചന വലിയ പ്രത്യാശ നൽകുന്നതല്ല. 2024-25 ധനകാര്യവർഷം മൂന്നു പാദം പിന്നിട്ടപ്പോൾ കമ്പനികളുടെ വിറ്റുവരവ് വളർച്ച 7.2 ശതമാനം മാത്രമാണ്. തലേ വർഷത്തെ 6.8 ശതമാനത്തിൽ നിന്ന് അൽപം മെച്ചം.

അറ്റാദായ വളർച്ചയാകട്ടെ 4.9 ശതമാനം മാത്രം. കഴിഞ്ഞ ധനകാര്യ വർഷം 27.4 ശതമാനം വർധിച്ച സ്ഥാനത്താണിത്. നാലാം പാദവും മികച്ചതാകാതെ പോവുകയും അടുത്ത ധനകാര്യ വർഷത്തെ വളർച്ച നിരക്ക് കൂടാൻ വഴിയില്ലാതെ വരികയും ചെയ്താൽ കമ്പനികളുടെ ലാഭവർധന വീണ്ടും കുറയും. 

ചുങ്കം കുറയ്ക്കാൻ സമ്മർദം

യുഎസ് നടത്താൻ പോകുന്ന വ്യാപാര യുദ്ധം എത്ര ദോഷം വരുത്തും എന്ന് ഇപ്പോൾ കണക്കാക്കാനാവില്ല. ഇന്ത്യ കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഇനങ്ങൾ വ്യത്യസ്തമാണ്. അതു കൊണ്ട് ഇന്ത്യക്ക് കാര്യമായ തിരിച്ചടി വരില്ല എന്ന പ്രതീക്ഷ ഭരണകൂടം പ്രകടിപ്പിക്കുന്നുണ്ട്. ടൂ വീലറുകൾക്കും ബൂർബൺ വിസ്കിക്കും ചുങ്കം കുറച്ചതു മാത്രം പോരാ യുഎസ് നിലപാട് മയപ്പെടാൻ എന്നാണു വിലയിരുത്തൽ. ക്ഷീരോൽപന്നങ്ങളും മാംസവും പഴങ്ങളും ഇലക്ട്രോണിക് സാമഗ്രികളും ഒക്കെ കുറഞ്ഞ ചുങ്കം നൽകുന്ന സാഹചര്യമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അത്രയും അനുവദിച്ചു കൊടുക്കാൻ ഇന്ത്യ തയാറാകുമോ, ഇല്ലെങ്കിൽ എന്തുണ്ടാകും എന്നതാണു വലിയ ചിന്താവിഷയം. യുഎസ് ആവശ്യപ്പെടുന്ന കിഴിവുകൾ നൽകിയാൽ ഇന്ത്യൻ വ്യവസായങ്ങൾക്കും കൃഷിക്കും വലിയ ആഘാതമാകും

സ്വർണം ഇടിഞ്ഞു

ലാഭമെടുക്കലിനെ തടർന്നു വെള്ളിയാഴ്ച ഇടിഞ്ഞു. എങ്കിലും മികച്ച പ്രതിവാര നേട്ടത്തോടെ അവസാനിച്ചു. സ്പോട്ട് വില 2936 ഡോളർ വരെ കയറുകയും 2875 വരെ താഴുകയും ചെയ്ത ശേഷം ഔൺസിന് 2883.10 ഡോളറിൽ അവസാനിച്ചു. ഒന്നര ശതമാനത്തിലധികം ഇടിവ്. ഇന്നു രാവിലെ 2897 ഡോളറിലേക്കു വില ഉയർന്നു. സ്വർണം കയറ്റം തുടരും എന്നാണു വിലയിരുത്തൽ.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 80 രൂപ കൂടി 63,920 രൂപയായി. ശനിയാഴ്ച 800 രൂപ കുറഞ്ഞ് 63,120 രൂപയിൽ എത്തി.

വെള്ളിവില ഔൺസിന് 32.19 ഡോളർ ആയി.

രൂപ കയറി

ആഴ്ചയുടെ തുടക്കത്തിൽ വലിയ ഇടിവോടെ ഡോളറിന് 87.92 രൂപയിൽ വ്യാപാരം തുടങ്ങി 87.95 രൂപ എന്ന റെക്കോർഡ് ഡോളർ കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഡോളർ 86.45 രൂപ വരെ താഴ്ന്നെങ്കിലും വെള്ളിയാഴ്ച 86.82 രൂപയിൽ ക്ലാേസ് ചെയ്തു. ഈയാഴ്ച രൂപ ചെറിയ മേഖലയിൽ കയറിയിറങ്ങും എന്നാണു പ്രതീക്ഷ. റിസർവ് ബാങ്ക് ഡോളർ ഇറക്കുന്നതാണ് രൂപയെ താങ്ങിനിർത്തുന്നത്. കയറ്റുമതിക്കാർ ഡോളർ വിൽപനയ്ക്കു മടിച്ചു നിൽക്കുകയാണ്.

 വെള്ളിയാഴ്ച ഡോളർ  സൂചിക ഇടിഞ്ഞ് 106.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106.65 വരെ താഴ്ന്നു.

യുഎസ് കടപ്പത്രങ്ങളുടെ വില വീണ്ടും കയറി, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.53 ൽ നിന്ന് 4.478 ശതമാനത്തിലേക്കു താഴ്ന്നു. 


ക്രൂഡ് ഓയിൽ താഴ്ന്നു

യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ സാധ്യത കൂടി. ക്രൂഡ് ഓയിൽ വില താഴ്ന്നു. സൗദി അറേബ്യയിൽ യുഎസ് മധ്യസ്ഥതയിൽ റഷ്യ - യുക്രെയ്ൻ ചർച്ച തുടങ്ങും എന്നതാണ് പുതിയ സംഭവ വികാസം. ചർച്ച തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ  74.74 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.66 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 70.58 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.06 ഡോളറിലേക്കു താഴ്ന്നു. 

ക്രിപ്റ്റോകൾ ചാഞ്ചാടി

ക്രിപ്റ്റോ കറൻസികൾ  വീണ്ടും ചാഞ്ചാടി. ബിറ്റ് കോയിൻ വെള്ളിയാഴ്ച 97,000 ഡോളറിനു മുകളിൽ കയറിയിട്ടു വാരാന്ത്യത്തിൽ 96,200 നു താഴെയായി. ഈഥർ വില 2660 ഡോളറിലേക്കു താഴ്ന്നു. വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച കുതിച്ചു കയറി. ചുങ്കം ചുമത്തൽ വൈകും എന്നതും ഡോളർ സൂചികയുടെ ഇടിവും വിപണിക്ക് ആശ്വാസമായി. ചെമ്പ് 3.99 ശതമാനം കുതിച്ച് ടണ്ണിന് 9811.15 ഡോളറിലെത്തി. അലൂമിനിയം 1.40 ശതമാനം കയറി 2640.13 ഡോളർ ആയി. ലെഡ് 0.08 ഉം ടിൻ 2.40 ഉം നിക്കൽ 1.72 ഉം സിങ്ക് 1.5 8 ഉം ശതമാനം ഉയർന്നു. 

വിപണിസൂചനകൾ

(2024 ഫെബ്രുവരി 14, വെള്ളി)

സെൻസെക്സ് 30       75,939.21      -0.26%

നിഫ്റ്റി50      22,929.25          -0.44%

ബാങ്ക് നിഫ്റ്റി    49,099.45     -0.53%

മിഡ് ക്യാപ് 100    49,654.15   -2.41%

സ്മോൾ ക്യാപ് 100    15,407.20   -3. 55%

ഡൗ ജോൺസ്    44,546.10      -0.37%

എസ് ആൻഡ് പി    6114.63     -0.01

%

നാസ്ഡാക്     20,026.80      +0.41%

ഡോളർ($)         ₹86.82       -₹0.08

ഡോളർ സൂചിക   106.71     -0.60
സ്വർണം (ഔൺസ്)   $2883.10   -$45.60

സ്വർണം(പവൻ) 

വെള്ളിയാഴ്ച  ₹63,920    +₹80.00 

ശനിയാഴ്ച      ₹63,120   -₹800.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ     $74.74   -$00.55

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com