

വിപണികൾ കരുതലോടെ നീങ്ങുകയാണ്. അമേരിക്ക- ഇറാൻ ചർച്ച തുടങ്ങും മുൻപേ ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസ ആൾ തുടങ്ങി. അമേരിക്കൻ വിമാനവാഹിനി പരിസരത്തുണ്ട്. ഇതിൻ്റെ ആശങ്കയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. സ്വർണവും വെള്ളിയും ഇടിവിലായി.
നിർമിത ബുദ്ധിയെച്ചൊല്ലിയുള്ള ആശങ്കകൾ നീങ്ങിയിട്ടില്ല. ഡാറ്റാ സെൻ്റർ നിർമാണത്തിനും മറ്റുമുള്ള വലിയ മുതൽമുടക്കു മുതൽ ഐടി സേവനങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആശങ്കയുണ്ട്. ഇന്ന് ഏഷ്യൻ വ്യാപാരത്തിലും ഇന്നലെ യൂറോപ്യൻ വ്യാപാരത്തിലും സോഫ്റ്റ് വേർ, ടെക്‌നോളജി കമ്പനികൾ താഴ്ചയിലായി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,664.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,624 ലേക്ക് ഇടിഞ്ഞു. ഇന്ത്യൻ വിപണി ഗണ്യമായ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
അമേരിക്കൻ വിപണി ഇന്നലെ അവധിയായിരുന്നു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്‌ടത്തിലാണ്. ഡൗ ജോൺസ് 0.05 ഉം എസ് ആൻഡ് പി 0.02 ഉം നാസ്ഡാക് 0.14 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും ഭിന്നദിശകളിൽ ക്ലോസ് ചെയ്തു. ജർമൻ ഡാക്സ് ഒഴികെ സൂചികകൾ ഉയർന്നു. യൂറോപ്പുമായി സഹകരിച്ചു നീങ്ങുമെന്നു മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ അമേരിക്ക ഉറപ്പു നൽകിയത് സ്വാഗതം ചെയ്യപ്പെട്ടെങ്കിലും യൂറോപ്യൻ ആശങ്കകൾ മുഴുവൻ നീക്കിയില്ല.
ഏഷ്യൻ വിപണികൾ ഇന്നു താഴ്‌ന്നു. ജപ്പാനിൽ നിക്കൈ അര ശതമാനം ഇടിവിലായി. പുതുവർഷം പ്രമാണിച്ച് ചൈനീസ് വിപണി 23 വരെ അവധിയാണ്. ദക്ഷിണ കൊറിയ, ഹോങ് കോങ്, സിംഗപ്പുർ, തായ്‌വാൻ വിപണികൾക്ക് ഇന്ന് അവധിയാണ്.
കഴിഞ്ഞ ആഴ്ച തുടർച്ചയായ രണ്ടു ദിവസം കൊണ്ട് രണ്ടു ശതമാനം ഇടിഞ്ഞ ഇന്ത്യൻ വിപണി ഇന്നലെ ഒരു ശതമാനത്തോളം തിരിച്ചു കയറി. മുഖ്യസൂചികകളും ബാങ്കുകളും റിയൽറ്റിയും വലിയ കുതിപ്പ് നടത്തിയെങ്കിലും വിശാലവിപണി ആവേശം ഉൾകൊണ്ടില്ല. ബ്രോക്കർമാർക്കു വായ്പ നൽകുന്നതിൽ നിയന്ത്രണം പ്രഖ്യാപിച്ചത് കാപ്പിറ്റൽ മാർക്കറ്റ്, ബ്രോക്കറേജ് ഓഹരികളെ ഇടിവിലാക്കി.
സെൻസെക്സ് 650.39 പോയിൻ്റ് (0.79%) ഉയർന്ന് 83,277.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 211.65 പോയിൻ്റ് (0.83%) നേട്ടത്തോടെ 25,682.75 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 762.45 പോയിൻ്റ് (1.27%) കുതിച്ച് 60,949.10 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 285.00 പോയിൻ്റ് (0.48%) കയറി 59,723.00 ലും സ്മോൾ ക്യാപ് 100 സൂചിക 18.00 പോയിൻ്റ് (0.11%) കൂടി 17,050.90 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1747 ഓഹരികൾ കയറിയപ്പോൾ 2565 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1336 എണ്ണം ഉയർന്നു, 1824 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 56 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 165 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. നാലെണ്ണം അപ്പർ സർകീട്ടിലും ഒരെണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 972.13 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1666.98 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
നിഫ്റ്റി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ഉയർന്ന് ഉച്ചയ്ക്കു ശേഷം മികച്ച നിലയിൽ എത്തുകയായിരുന്നു. 25,750 നു മുകളിലേക്കു വലിയ ആക്കത്തോടു കൂടി പ്രവേശിച്ചാൽ മാത്രമേ 26,000 ലക്ഷ്യം വയ്ക്കാൻ സാധിക്കൂ. അതുവരെ സമാഹരണം തുടരും. 25,450 ഉം 25,380 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,710 ലും 25,790 ലും തടസം ഉണ്ടാകാം.
ജനുവരിയിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി 0.8 ശതമാനം മാത്രം കൂടി. ഇറക്കുമതി 19.1 ശതമാനം കുതിച്ചു. ഇതോടെ ഉൽപന്ന വാണിജ്യത്തിലെ കമ്മി 3460 കോടി ഡോളറിലേക്കു വർധിച്ചു. സ്വർണ ഇറക്കുമതി നാലരമടങ്ങായി. വെള്ളിയുടേത് 2.3 മടങ്ങും. സ്വർണ ഇറക്കുമതിക്ക് 1200 കോടിയും വെള്ളിക്ക് 200 കോടിയും ഡോളർ വേണ്ടിവന്നു. ജനുവരിയിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 22 ശതമാനം കുറഞ്ഞപ്പോൾ അവിടെ നിന്നുള്ള ഇറക്കുമതി 23.7 ശതമാനം വർധിച്ചു.
ഈ ധനകാര്യ വർഷം 45,000 കോടി ഡോളറിൻ്റെ ഉൽപന്നങ്ങളും 41,000 കോടി ഡോളറിൻ്റെ സേവനങ്ങളും അടക്കം 86,000 കോടി ഡോളറിൻ്റെ കയറ്റുമതി ഇന്ത്യക്കു സാധിക്കും എന്നു വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരകരാർ ചർച്ച പൂർത്തിയാക്കുന്നതിന് ഇന്ത്യൻ സംഘം ഈയാഴ്ച വാഷിംഗ്ടണിലേക്കു പോകും. കരാർ ആയാൽ ഇന്ത്യക്കുള്ള തീരുവ 18 ശതമാനമായി അമേരിക്ക കുറയ്ക്കും. ഒപ്പിടീൽ മാർച്ചിനു മുൻപ് നടക്കുമെന്നാണു പ്രതീക്ഷ.
ഇന്ത്യൻ നാവികസേനയുടെ അഞ്ചു നവീന സർവേ കപ്പലുകൾക്കായുള്ള ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് കൊച്ചിൻ ഷിപ്പ് യാർഡ് ആണ്. 5000 കോടി രൂപയുടെ കരാറാണ് ഇതു വഴി കിട്ടുക.
എംബസി ഡവലപ്മെൻ്റ്സിൻ്റെ മുംബൈ അലിബോഗിലുള്ള എംബസി സെറീനിറ്റി എന്ന ലക്ഷുറി റിസോർട്ട് മാതൃകയിലുള്ള പാർപ്പിട പ്രോജക്റ്റിന് അഥോറിറ്റിയുടെ അനുമതി ലഭിച്ചു.
ഡെൽഹിവെറി ഹൈദരാബാദ്, ബംഗലൂരു, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ചരക്കുനീക്കത്തിനായി 150 ഇലക്ട്രിക് വാഹനങ്ങൾ നിയോഗിക്കും. ആർഐഡിഇവി എന്ന സ്റ്റാർട്ടപ് ആണു വാഹനങ്ങൾ നൽകുക.
മുംബൈ റെയിൽവേ വികാസ് കോർപറേഷനിൽ നിന്ന് 219.18 കോടി രൂപയുടെ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കാനുളള കോൺട്രാക്ട് ടെക്‌സ്മാകോ റെയിലിനു ലഭിച്ചു.
സ്വർണവും വെള്ളിയും വീണ്ടും താഴ്ചയിലായി. വാരാന്ത്യത്തിൽ ഔൺസിന് 5000 ഡോളറിനു മുകളിലായ സ്വർണം ഇന്നലെ ഇടിഞ്ഞ് 4965 ഡോളർ വരെ എത്തി. ഒരു ശതമാനം നഷ്‌ടത്തിൽ 4993.90 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 4958 ഡോളർ വരെ താഴ്‌ന്നു. വിലയിലെ ചാഞ്ചാട്ടം തുടരും എന്നാണു സൂചന.
ഏപ്രിൽ- ജൂൺ പാദത്തിൽ സ്വർണം 5800 ഡോളറിൽ എത്തുമെന്ന് രാജ്യാന്തര ബാങ്ക് എഎൻസെഡ് പ്രവചിച്ചു. ഈ വർഷം യുഎസ് ഫെഡ് കുറഞ്ഞതു രണ്ടു തവണ പലിശ കുറയ്ക്കും എന്ന നിഗമനത്തിലാണ് ഈ വിലയിരുത്തൽ. 1980-ലും 2011-ലും സ്വർണം ഉച്ചവിലയിൽ എത്തിയ സാഹചര്യമല്ല ഇപ്പോൾ എന്ന് ബാങ്ക് കണക്കാക്കുന്നു. ചൈനയിലെ അനിയന്ത്രിത വ്യാപാരമാണു സ്വർണവിലയിലെ വലിയ ചാഞ്ചാട്ടത്തിനു കാരണമെന്നു കഴിഞ്ഞ ദിവസം അമേരിക്കൻ ട്രഷറി സെക്രട്ടറി വിമർശിച്ചിരുന്നു..
വെള്ളി രണ്ടു ശതമാനം താഴ്ന്ന് 76.79 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 76.19 ലാണു വെള്ളി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 960 രൂപ കുറഞ്ഞ് 1,14,720 രൂപയിൽ ക്ലോസ് ചെയ്തു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,54,897 രൂപയിൽ ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,40,201 രൂപയിൽ അവസാനിച്ചു.
പ്ലാറ്റിനം 2030 ഉം പല്ലാഡിയം 1690 ഉം റോഡിയം 10,450 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഭിന്നദിശകളിലായി. ചെമ്പ് 0.30 ശതമാനം കയറി ടണ്ണിനു 12,756.35 ഡോളറിൽ എത്തി. അലൂമിനിയം 0.60 ശതമാനം ഉയർന്നു ടണ്ണിന് 3076.01 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും ലെഡും ഇടിഞ്ഞു.
റബർ രാജ്യാന്തര വിപണിയിൽ മാറ്റമില്ലാതെ കിലോഗ്രാമിന് 192.50 സെൻ്റിൽ തുടർന്നു. കൊക്കോ നാമമാത്രമായി കയറി ടണ്ണിനു 3683 ഡോളറിൽ എത്തി. കാപ്പി 0.02 ശതമാനം ഉയർന്നു. തേയില മാറ്റമില്ലാതെ തുടരുന്നു. പാം ഓയിൽ 1.11 ശതമാനം കുറഞ്ഞു ടണ്ണിനു 4001 മലേഷ്യൻ റിംഗിറ്റ് ആയി.
ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 97.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.16 ലേക്കു കയറി.
യൂറോ 1.1843 ഡോളറിലേക്കും പൗണ്ട് 1.3618 ഡോളറിലേക്കും താഴ്‌ന്നു.
ജാപ്പനീസ് യെൻ ഒരു ഡോളറിന് 153.24 യെൻ എന്ന നിലയിലേക്കു താഴ്‌ന്നു. സ്വിസ് ഫ്രാങ്ക് 0.7696 ഡോളറിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.044 ശതമാനമായി താഴ്ന്നു. പലിശ കുറയ്ക്കൽ പ്രതീക്ഷ വളർന്നതു മൂലമാണിത്.
തിങ്കളാഴ്ച രൂപ ദുർബലമായി. ഡോളർ 10 പൈസ കൂടി 90.74 രൂപയിൽ ക്ലോസ് ചെയ്തു.
വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.78 രൂപയിലാണ്. ചൈനീസ് യുവാൻ 13.14 രൂപയിലേക്കു കയറി.
അമേരിക്ക -ഇറാൻ രണ്ടാം വട്ട ചർച്ച ഇന്നു ജനീവയിൽ നടക്കും. അമേരിക്കയുമായി വിശാല സഹകരണത്തിന് ഇറാൻ തയാറാണെന്നു സൂചനയുണ്ട്. എന്നാൽ ധാരണയിലെത്താൻ ഏറെ സമയമെടുക്കും എന്നു കരുതപ്പെടുന്നു. അതേ സമയം ആക്രമണ സന്നദ്ധമായി രണ്ടു യുഎസ് വിമാനവാഹിനികൾ ഇറാൻ്റെ സമീപത്ത് എത്തിയിട്ടുണ്ട്. ഇറാൻ്റെ നാവികസേന ഹോർമുസ് കടലിടുക്കിൽ അഭ്യാസങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ
സംഘർഷനില തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച ബാരലിന് 68.65 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 63.70 ഉം യുഎഇയുടെ മർബൻ 69.06 ഉം ഡോളറിലാണ്. പ്രകൃതിവാതകവില കയറി 3.09 ഡോളറിൽ എത്തി.
ക്രിപ്റ്റോ കറൻസികൾ തിങ്കളാഴ്ച രാവിലെ താഴ്ന്ന ശേഷം അൽപം തിരിച്ചു കയറി. ബിറ്റ്കോയിൻ 68,900 ഡോളറിനു മുകളിൽ എത്തി. ഈഥർ 2000 ഡോളറിനും സൊലാന 87 ഡോളറിനും മുകളിൽ നിൽക്കുന്നു.
(2026 ഫെബ്രുവരി 16, തിങ്കൾ)
സെൻസെക്സ് 83,277.15 +0.79%
നിഫ്റ്റി50 25,682.75 +0.83%
ബാങ്ക് നിഫ്റ്റി 60,949.10 +1.27%
മിഡ്ക്യാപ്100 59,723.00 +0.48%
സ്മോൾക്യാപ്100 17,050.90 +0.11%
ഡൗ ജോൺസ് 49,500.93 +0.00%
എസ് ആൻഡ് പി 6836.17 +0.00%
നാസ്ഡാക് 22,546.67 +0.00%
ഡോളർ ₹90.74 +₹0.10
സ്വർണം(ഔൺസ്) $4993.90 -$49.30
സ്വർണം (പവൻ) ₹1,14,720 -₹960
ക്രൂഡ്ഓയിൽബ്രെൻ്റ് $68.95 +$0.90
Read DhanamOnline in English
Subscribe to Dhanam Magazine