ആശങ്കകൾ തുടരുമ്പോഴും നേട്ടം പ്രതീക്ഷിച്ചു വിപണി; വ്യാപാര കരാർ അകലെ; ജപ്പാൻ മാന്ദ്യ ഭീതിയിൽ; ഏഷ്യൻ വിപണികൾ താഴ്ന്നു; വിദേശികൾ വിൽപന തുടരുന്നു

സ്വര്‍ണത്തിനും ക്രൂഡിനും ചാഞ്ചാട്ടം; ഡോളര്‍ താഴ്ന്നു; പേപാല്‍ സിഇഒ ആയിരുന്ന പീറ്റര്‍ തീല്‍, ഈഥറിന്റെ പ്രൊമോട്ടര്‍ കമ്പനിയില്‍ 50 കോടി ഡോളര്‍ നിക്ഷേപിച്ചു
Morning business news
Morning business newsCanva
Published on

വിപണികൾ മുന്നേറ്റത്തിനു വഴി കാണുന്നില്ല. അമേരിക്കയിൽ കേന്ദ്രബാങ്ക് മേധാവിയെ തെറിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നു. ഏകപക്ഷീയമായ വ്യാപാരകരാറുകൾ അടിച്ചേൽപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ വികസ്വരരാജ്യങ്ങളെ മാത്രമല്ല ജപ്പാനും യൂറോപ്യൻ യൂണിയനും കാനഡയും അടക്കമുള്ള വികസിത മേഖലയെയും വിഷമിപ്പിക്കുന്നു. യൂറോപ്പും ജപ്പാനും സംയുക്ത പ്രതിരോധത്തിന് വഴി തേടുന്നുണ്ട്. 

ഇന്ത്യക്ക് അസ്വീകാര്യമായ നിരവധി ആവശ്യങ്ങളാണു വ്യാപാര കരാറിൻ്റെ ഭാഗമായി അമേരിക്ക ആവശ്യപ്പെടുന്നത് എന്ന് വ്യക്തമായി. എങ്കിലും ഗവണ്മെൻ്റ് ഒന്നും തുറന്നു പറയുന്നില്ല.

കൂടുതൽ കമ്പനികളുടെ റിസൽട്ട് വന്നെങ്കിലും ലാഭം കുറഞ്ഞു തന്നെ നിൽക്കുന്നു. കമ്പനികളുടെ മൂല്യനിർണയം താഴ്ത്തും, അഥവാ ഓഹരിവില കുറയും എന്നതാണു വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്.

എസ്ബിഐ 25,000 കോടി രൂപയുടെ മെഗാ ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ്) ആരംഭിച്ചു. 811.05 രൂപയാണു തറവില. ബുധനാഴ്ചത്തെ ക്ലോസിംഗിലും  2.5% കുറവ്. എൽഐസിയും മറ്റ് ഇൻഷ്വറൻസ് കമ്പനികളും ആങ്കർ നിക്ഷേപകരായിട്ടുണ്ട്.

 ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,282 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,255 ലേക്കു താഴ്ന്നിട്ട് തിരിച്ചു കയറി. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തുടർച്ചയായ  നാലാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. തീരുവ വിഷയവും യുഎസ് ഫെഡ് ചെയർമാനെ ഡിസ്മിസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും ആണു കാരണങ്ങൾ. 

അമേരിക്കൻ വിപണികൾ ഇന്നലെ വലിയ ചാഞ്ചാട്ടത്തിനു ശേഷം മിതമായ കയറ്റത്താേടെ അവസാനിച്ചു. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ സൂചികകൾ ഇടയ്ക്ക് അര ശതമാനം നഷ്ടത്തിലേക്കു വീണു. ഫെഡറൽ റിസർവ് ബോർഡ് ചെയർമാൻ ജെറോം പവലിനെ പ്രസിഡൻ്റ് ട്രംപ് ഡിസ്മിസ് ചെയ്യും എന്ന് ഒരു വൈറ്റ് ഹൗസ് ഉന്നതൻ പറഞ്ഞതാണു കാരണം. റിപ്പബ്ലിക്കൻ ജനപ്രതിനിധികളോടു സംസാരിച്ച ട്രംപ് ഡിസ്മിസൽ ഉത്തരവ് കാണിച്ചതായി വരെ റിപ്പോർട്ടുകൾ ഉണ്ട്. പിന്നീടു ട്രംപ് നേരിട്ട് റിപ്പോർട്ട് നിഷേധിച്ചു. അഴിമതി ആരോപണങ്ങൾ നേരിടുന്ന പവൽ സ്വമേധയാ രാജിവയ്ക്കുന്ന സാധ്യത ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. ഇതോടെ വിപണികൾ താഴ്ചയിൽ നിന്ന് ഒരു ശതമാനം തിരിച്ചു കയറി.

ഡൗ ജോൺസ് സൂചിക ഇന്നലെ 231.49 പോയിൻ്റ് (0.53%) ഉയർന്ന് 44,254.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 19.94 പോയിൻ്റ് (0.32%) നേട്ടത്തോടെ6263.70 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 52.69 പോയിൻ്റ് (0.25%) കയറി 20,730.49 ൽ ക്ലോസ് ചെയ്തു. തുടർച്ചയായ ഒൻപതാമത്ത റെക്കോർഡ് ക്ലോസിംഗിലാണു നാസ്ഡാക്.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.17 ഉം  നാസ്ഡാക് 0.17 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ് എന്നിവ പ്രതീക്ഷയിലും മികച്ച നേട്ടവുമായി രണ്ടാം പാദ ഫലങ്ങൾ പ്രസത്തീകരിച്ചു.

ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നു. ജപ്പാനിലും ദക്ഷിണ കൊറിയയിലും വിപണി ഇടിവിലാണ്.ചൈനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി.

ജപ്പാൻ്റെ ജൂൺ മാസ കയറ്റുമതി 0.5 ശതമാനം കുറഞ്ഞു. മേയിൽ 1.7 ശതമാനം താഴ്ന്നതാണ്. വിപണി പ്രതീക്ഷിച്ചതു 0.5% വളർച്ചയാണ്. അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി 11.4 ശതമാനവും വാഹനകയറ്റുമതി 26.7 ശതമാനവും ഇടിഞ്ഞു. ചൈനയിലേക്കുള്ള കയറ്റുമതി 4.7% താഴ്ന്നു. ജപ്പാൻ  സാമ്പത്തിക മാന്ദ്യത്തിലേക്കു വീഴും എന്ന ആശങ്ക പരക്കുന്നുണ്ട്. ഒന്നാം പാദത്തിൽ ജപ്പാൻ്റെ ജിഡിപി 1.7% വളർന്നതാണ്. ഏപ്രിലിൽ അമേരിക്കൻ ചുങ്കം വർധിച്ച ശേഷം കയറ്റുമതി ഇടിഞ്ഞു. ജിഡിപിയുടെ 22% കയറ്റുമതിയിൽ നിന്നു ലഭിക്കുന്ന രാജ്യമാണു ജപ്പാൻ. അവർക്ക് 25% ചുങ്കമാണു ട്രംപ് പറഞ്ഞിരിക്കുന്നത്.

പിടിച്ചു നിന്ന് ഇന്ത്യൻ വിപണി 

തുടർച്ചയായ നാലു ദിവസത്തെ ഇടിവിനു ശേഷം തലേന്നു കറിയ ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു നീങ്ങിയ ശേഷം നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഇന്ത്യയുമായി ഉടനേ വ്യാപാരകരാർ ഉണ്ടാകുമെന്നു ട്രംപ് പറഞ്ഞെങ്കിലും ഇന്ത്യൻ ഭരണകൂടം പ്രതികരിച്ചില്ല. പെട്ടെന്നു സ്വീകാര്യത കിട്ടുന്ന ഒന്നാകില്ല കരാർ എന്നാണ് ഇതു നൽകുന്ന സൂചന.ഇന്തോനീഷ്യ ചെയ്തതു പോലെ യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കാനും അവർക്ക് പരിധിയും വിലക്കും ഇല്ലാതെ വിപണിപ്രവേശം അനുവദിക്കാനും ഇന്ത്യ വഴങ്ങേണ്ടി വരുമോ എന്നാണ് ആശങ്ക. അതു രാജ്യത്ത് എതിർപ്പ് കൂട്ടും.  അതു കൊണ്ടു തന്നെ അവസാന നിമിഷമേ ഇന്ത്യ കരാർ പ്രഖ്യാപിക്കാൻ സാധ്യതയുള്ളു.

മെറ്റൽ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ മേഖലകൾ ഇന്നലെ നഷ്ടത്തിലായി. പൊതുമേഖലാ ബാങ്കുകൾ നല്ല മുന്നേറ്റം കാഴ്ചവച്ച ഇന്നലെ ഐടി, ഓട്ടോ, എഫ്എംസിജി, റിയൽറ്റി, മീഡിയ കമ്പനികൾ ഗണ്യമായ നേട്ടം ഉണ്ടാക്കി.

വിദേശനിക്ഷേപകർ ഇന്നലെയും ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി.

തലേന്നത്തേതു പോലെ രാവിലെ ഗണ്യമായി താഴ്ന്ന ശേഷമാണ് മുഖ്യ സൂചികകൾ ഇന്നലെ ഉയർന്നത്. നിഫ്റ്റി 25,121ൽ നിന്ന് 25,255 വരെയും സെൻസെക്സ് 82,342 ൽ നിന്ന് 84,785 വരെയും ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും  ചാഞ്ചാടി. 

നിഫ്റ്റി ബുധനാഴ്ച 16.25 പോയിൻ്റ് (0.06%) ഉയർന്ന് 25,212.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 63.57 പോയിൻ്റ് (0.08%) നേട്ടത്തോടെ 82,634.48 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 162.30 പോയിൻ്റ് (0.28%) കയറി 57,168.95 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക എട്ടു പോയിൻ്റ് (0.01%) നേട്ടത്തോടെ 59,620.65 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 4.80 പോയിൻ്റ് (0.03%) ഉയർന്ന് 19,140.05 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2270 ഓഹരികൾ ഉയർന്നപ്പോൾ 1781 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1657 എണ്ണം. താഴ്ന്നത് 1267 ഓഹരികൾ.

എൻഎസ്ഇയിൽ 78 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 22 എണ്ണമാണ്. 96 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 60 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1858.15 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1223.55 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

ഇന്നലെ 25,200 നു മുകളിൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നും മുന്നേറും എന്ന പ്രതീക്ഷ നിക്ഷേപകർ പുലർത്തുന്നു. അനുകൂലമോ പ്രതികൂലമോ ആയ വലിയ ചലനങ്ങൾ ഉണ്ടായില്ലെങ്കിൽ വിപണി സമാഹരണം തുടരും എന്നാണു നിരീക്ഷകർ കരുതുന്നത്. 25,400 ആണു നിഫ്റ്റി ഇനി ലക്ഷ്യം വയ്ക്കുക.

ഇന്നു നിഫ്റ്റിക്ക് 25,140 ഉം 25,065 ഉം പിന്തുണയാകും. 25,245 ലും 25,330 ലും തടസം ഉണ്ടാകാം.

സ്വർണം കയറി

സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഫെഡ് വിഷയവും തീരുവയിലെ അനിശ്ചിതത്വവും വില 3320 ഡോളർ മുതൽ 3372 ഡോളർ വരെ കയറാനും പിന്നീട് കുത്തനെ ഇടിയാനും കാരണമായി. 23.30 ഡോളർ നേട്ടത്തോടെ ഔൺസിന് 3347.90 ഡോളറിൽ വില ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3342 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ ബുധനാഴ്ച പവനു 360 രൂപ കുറഞ്ഞ് 72,800 രൂപയായി. 

വെള്ളിവില ഔൺസിന് 37.98 ഡോളറിലേക്ക് കയറി. 

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിവിലായി. ചെമ്പ് 0.01 ശതമാനം താഴ്ന്നു ടണ്ണിന് 9562.00 ഡോളറിൽ എത്തി. അലൂമിനിയം 0.64 ശതമാനം ഇടിവോടെ 2580.00 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ലെഡ്യം ഇടിഞ്ഞു. 

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.54 ശതമാനം കയറി 166.10 സെൻ്റിൽ എത്തി. കൊക്കോ 3.11 ശതമാനം താഴ്ന്നു ടണ്ണിന് 7639 ഡോളർ ആയി. കാപ്പി 4.29 ശതമാനം ഉയർന്നു. തേയില 4.65 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.17 ശതമാനം കുറഞ്ഞു.

ഡോളർ താഴ്ന്നു

യുഎസ് ഡോളർ സൂചിക ഇന്നലെ  താഴ്ന് 98.39 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.47 ലേക്കു കയറി.

കറൻസി വിപണിയിൽ യൂറോ 1.1623 ഡോളറിലേക്കും പൗണ്ട്  1.3397 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 148.37 യെൻ എന്ന നിരക്കിലേക്ക് കയറി.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില ഉയർന്നു. അവയിലെ നിക്ഷേപനേട്ടം 4.463 ശതമാനത്തിലേക്ക് താഴ്ന്നു.

രൂപ ബുധനാഴ്ച ഉയർന്നു. ഡോളർ 86 രൂപയിൽ ഓപ്പൺ ചെയ്ത് 86.04 രൂപ വരെ കയറി. പിന്നീടു റിസർവ് ബാങ്ക് ഇടപെടലിനെ തുടർന്ന് 85.78 രൂപ വരെ താഴ്ന്നെങ്കിലും ഒടുവിൽ 13 പൈസ നേട്ടത്തോടെ 85.94 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ ഇറങ്ങിക്കയറി

ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടു കയറി. ഇന്നലെ 68.52 ഡോളർ വരെ താഴ്ന ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 68.93 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 66.93 ഡോളറിലും  മർബൻ ക്രൂഡ് 69.81 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം ഉയർന്നു. 

ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ 1,19,000ലേക്കു കയറി. പേപാൽ സിഇഒ ആയിരുന്ന പീറ്റർ തീൽ ഈഥറിൻ്റെ പ്രൊമോട്ടർ കമ്പനിയിൽ 50 കോടി ഡോളർ നിക്ഷേപിച്ചത് ഈഥറിനെ 3400  ഡോളറിലേക്ക് ഉയർത്തി.

വിപണി സൂചനകൾ

(2025 ജൂലൈ 16, ബുധൻ)

സെൻസെക്സ്30 82,634.48   +0.08%

നിഫ്റ്റി50       25,212.05         +0.06%

ബാങ്ക് നിഫ്റ്റി   57,168.95     +0.28%

മിഡ് ക്യാപ്100  59,620.65    +0.01%

സ്മോൾക്യാപ്100 19,140.05    +0.03%

ഡൗജോൺസ്  44,254.78   +0.53%

എസ്ആൻഡ്പി  6263.70    +0.32%

നാസ്ഡാക്      20,730.49     +0.25%

ഡോളർ($)     ₹85.94       +₹0.13

സ്വർണം(ഔൺസ്) $3347.90   +$23.30

സ്വർണം(പവൻ)   ₹72,800     -₹360

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.52  -$0.19

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com