

പശ്ചിമേഷ്യൻ സമാധാന നീക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി പ്രഖ്യാപിക്കുന്ന യുഎസ് പലിശ തീരുമാനത്തിലേക്കാണ് ഓഹരി- കറൻസി വിപണികൾ ഉറ്റുനോക്കുന്നത്. തെക്കു പടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം ഇത്തവണ കുറവാകുന്നത് ഇന്ത്യൻ വിപണിയെ അസ്വസ്ഥമാക്കുന്നു.
യു.എസ് ഫെഡ് ഇന്നു പലിശ നിരക്ക് മാറ്റുകയില്ലെന്നാണു പൊതു വിലയിരുത്തൽ. എന്നാൽ പിന്നീടു പലിശ കുറച്ചേക്കും എന്ന സൂചന പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷ് നൽകും എന്ന പ്രതീക്ഷ പലർക്കുമുണ്ട്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,042.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,081വരെ കയറിയിട്ട് 23,965 ലേക്കു താഴ്ന്നു. ഇന്നു ഇന്ത്യൻ വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 16 ദിവസം കൊണ്ടു 35 ശതമാനം കുറവായെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ ഇന്ത്യ ഒഴികെ എല്ലാ മേഖലകളിലും മഴ കമ്മിയാണ്. എൽ നിനോ പ്രതിഭാസം രൂപം കൊണ്ടതിനാൽ കാലവർഷം ഗണ്യമായി കുറയും എന്നു പ്രവചിച്ചിരുന്നതാണ്. ഇപ്പോഴത്തെ സൂചന മഴക്കുറവ് ആദ്യ പ്രതീക്ഷയേക്കാൾ വളരെ കൂടുതൽ ആകുമെന്നാണ്. കാർഷികോൽപാദനത്തിൽ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും.
ഇറാനുമായുള്ള കരാറിനു പിന്നാലെ എണ്ണവില ഇടിഞ്ഞത് യു.എസ് വ്യാവസായിക ഓഹരികളെ ഉയർത്തി. എന്നാൽ എ.ഐ അടക്കം ടെക്നോളജി മേഖല വലിയ ഇടിവിലായി. ഡൗ ജോൺസ് സൂചിക 52,000 നു മുകളിൽ കയറി റെക്കോർഡ് കുറിച്ചപ്പോൾ എസ് ആൻഡ് പിയും നാസ്ഡാകും ഇടിഞ്ഞു. എ.എം.ഡി, മൈക്രോൺ, എൻവിഡിയ, ബ്രോഡ്‌കോം തുടങ്ങിയവ താഴ്ന്നു.
സ്പേസ് എക്സ് ഓഹരി അഞ്ചു ശതമാനം കൂടി കയറി 201.80 ഡോളറിൽ ക്ലോസ് ചെയ്തപ്പോൾ വിപണിമൂല്യത്തിൽ അഞ്ചാം സ്ഥാനത്ത് എത്തി. 2.77 ട്രില്യൺ (ലക്ഷം കോടി) ഡോളർ മൂല്യം. ആമസോൺ 2.67 ട്രില്യണുമായി ആറാം സ്ഥാനത്താണ്. 2.92 ട്രില്യൺ ഉള്ള മൈക്രോസോഫ്‌റ്റിൻ്റെ നാലാം സ്ഥാനത്തു കുറച്ചുനേരം മസ്‌കിൻ്റെ കമ്പനി നിന്നു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 328.64 പോയിൻ്റ് (0.64%) ഉയർന്ന് 51,999.67 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 42.94 പോയിൻ്റ് (0.57%) താഴ്ന്ന് 7511.35 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 307.60 പോയിൻ്റ് (1.15%) ഇടിഞ്ഞ് 26,376.34 ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് കയറുന്നു
യു.എസ് ഫ്യൂച്ചേഴ്സ് അൽപം ഉയർന്നു. ഡൗ ജോൺസ് 92 പോയിൻ്റും (0.18%) എസ് ആൻഡ് പി 17 പോയിൻ്റും (0.23%) നാസ്ഡാക് 110 പോയിൻ്റും (0.37%) നേട്ടത്തോടെ നീങ്ങുന്നു.
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് നിശ്ചിത സമയത്ത് 2.14 ശതമാനം കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 0.08 ശതമാനം കയറി 25.29 ഡോളറിലായി. ഐ.സി.ഐ.സി.ഐ ബാങ്ക് വിപണി സമയത്ത് 1.11 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.43 ശതമാനം താഴ്‌ന്ന് 28.00 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 3.19 ശതമാനം കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 1.09 ശതമാനം താഴ്ന്ന് 11.84 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 3.04 ശതമാനം കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.42 ശതമാനം താഴ്ന്നു 2.36 ഡോളറിൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ച ഉയർന്നു. ഇറാൻ്റെ എണ്ണവിൽപനയിലെ നിയന്ത്രണം നീക്കാൻ അമേരിക്ക സമ്മതിക്കും എന്ന പ്രതീക്ഷയിലാണു വിപണി.
ഏഷ്യ നേട്ടത്തിൽ
ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.45 ശതമാനം ഉയുന്നു. ഓസ്ട്രേലിയൻ സൂചിക 0.10 ശതമാനം കയറി. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി 0.35 ശതമാനം താഴ്ന്നു. ഹോങ് കോങ് 0.25 ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് 0.45 ശതമാനം താഴ്ന്നു.
യുദ്ധവിരാമം ഇന്ത്യൻ വിപണിയെ വീണ്ടും ഉയർത്തി. ക്രൂഡ് ഓയിൽ വില യുദ്ധത്തിനു മുൻപുള്ള നിലയിൽ എത്താൻ മാസങ്ങൾ എടുക്കും എന്ന സൂചനയും മൺസൂൺ മഴ തീരെ കുറവായതും വിപണിയെ കുതിപ്പിൽ നിന്നു തടഞ്ഞു.
അലൂമിനിയം വിലയിടിവിനെ തുടർന്ന് മെറ്റൽ ഓഹരികൾ ഇന്നലെ വലിയ നഷ്ടത്തിലായി. വേദാന്ത അഞ്ചും നാൽകോ നാലും ഹിൻഡാൽകോ മൂന്നും ശതമാനം താഴ്ന്നു. പശ്ചിമേഷ്യയിൽ നിന്നു കൂടുതൽ അലൂമിനിയം ലോകവിപണിയിലേക്കു വരും എന്ന ധാരണയാണു വിലയിടിവിനു പിന്നിൽ. വാഹന, ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ മേഖലകളും താഴ്ചയിലായി. റിയൽറ്റി, ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, മീഡിയ, ഓയിൽ, എഫ്എംസിജി മേഖലകൾ മുന്നേറി.
ഹോർമുസ് കപ്പൽപ്പാത തുറക്കുന്നതോടെ അമോണിയ, സൾഫർ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാകുന്നതിൻ്റെ പശ്ചാത്തലത്തിൽ രാസവള കമ്പനികൾ ഇന്നലെ കുതിച്ചുയർന്നു. 15 ശതമാനത്തിലധികം കയറിയിട്ട് 9.2 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്ത എഫ്എസിടിയാണ് ഏറ്റവും നേട്ടം ഉണ്ടാക്കിയത്.
ആഴ്ചകൾക്കു ശേഷം തിങ്കളാഴ്ച വാങ്ങലുകാരായ വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 749.18 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 0.06 കോടി രൂപയുടെ അറ്റവാങ്ങലേ നടത്തിയുള്ളൂ.
ചൊവ്വാഴ്ച സെൻസെക്‌സ് 544.15 പോയിൻ്റ് (0.71%) ഉയർന്ന് 76,808.48 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 135.25 പോയിൻ്റ് (0.57%) കയറി 23,989.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 98.35 പോയിൻ്റ് (0.17%) നേട്ടത്തോടെ 57,297.15 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 252.40 പോയിൻ്റ് (0.41%) ഉയർന്ന് 61,802.05 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 77.75 പോയിൻ്റ് (0.42%) കയറി 18,477.75 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2293 ഓഹരികൾ കയറി, 1967 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1944 എണ്ണം ഉയർന്നപ്പോൾ 1348 എണ്ണം താഴ്ന്നു.
ഫെഡറൽ ബാങ്ക് 321.10 രൂപ എന്ന റെക്കോർഡ് കുറിച്ച ശേഷം 0.99 ശതമാനം നേട്ടത്തോടെ 320.25 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.70% ഉയർന്ന് 47.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 0.93 ശതമാനം താഴ്‌ന്ന് 369.35 രൂപയിൽ എത്തി. ധനലക്ഷ്മി ബാങ്ക് 1.77 ശതമാനം ഉയർന്നു 32.69 രൂപയിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ ദിവസം കുതിച്ചു കയറിയ കല്യാൺ ജ്വല്ലേഴ്സ് 1.16 ശതമാനം താഴ്ന്നു 378.55 രൂപയിൽ ക്ലോസ് ചെയ്തു. സ്വർണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും നാമമാത്ര നേട്ടത്തോടെ അവസാനിച്ചു.
വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങി ഏഴു ദിവസം തുടർച്ചയായി ഇടിഞ്ഞ രാജേഷ് എക്സ്പോർട്സ് ഇന്നലെയും അഞ്ചു ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തി. തിങ്കളാഴ്ചയും അഞ്ചു ശതമാനം കയറിയതാണ്. സെബിയുടെ ഇടക്കാല ഉത്തരവിലെ കുറ്റാരോപണങ്ങൾ കമ്പനി സിഎംഡി രാജേഷ് മേത്ത സ്റ്റോക്ക് എക്‌സ്ചേഞ്ചുകൾക്കു നൽകിയ കുറിപ്പിൽ തള്ളി. കമ്പനികാര്യ മന്ത്രാലയവും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടങ്ങാൻ സാധ്യതയുണ്ട് എന്നാണു റിപ്പോർട്ടുകൾ.
വിപ്രോ ബംഗലൂരുവിൽ ആന്ത്രോപിക് ക്ലോഡിൻ്റെ ഒരു അപ്ലൈഡ് എഐ സെൻ്റർ ഓഫ് എക്സലൻസ് തുറക്കും ക്ലോഡ് സേവനങ്ങൾ വ്യാപകമാക്കുകയും 10,000 ജീവനക്കാർക്ക് എഐ സർട്ടിഫിക്കേഷൻ നൽകുകയുമാണു ലക്ഷ്യം. ഡോംസ് ഇൻഡസ്ട്രീസിൻ്റെ പ്രൊമോട്ടർ ഗ്രൂപ്പായ ഫില ഏഴു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറും. തറവില 2100 രൂപ വിപണിവിലയിൽ നിന്ന് ഒൻപതു ശതമാനം കുറവാണ്.
യം ബ്രാൻഡ്സ് തങ്ങളുടെ പീറ്റ്സാ ഹട്ട് റെസ്റ്റോറൻ്റ് ചെയിൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ലോംഗ് റേഞ്ച് കാപ്പിറ്റലിനു വിറ്റു. 270 കോടി ഡോളറിനാണു വിൽപന. ഇന്ത്യയിലെ പീറ്റ്സാ ഹട്ട് ഫ്രാഞ്ചൈസി ദേവയാനി ഇൻ്റർനാഷണൽ ആണ്.
സ്വർണത്തിൻ്റെ കുതിപ്പ് തുടർന്നു. എന്നാൽ കയറ്റത്തിൻ്റെ വേഗവും തോതും കുറഞ്ഞു. ഇന്ന് യുഎസ് ഫെഡിൻ്റെ പലിശതീരുമാനം വന്ന ശേഷമേ മഞ്ഞലോഹം ഗതി നിർണയിക്കൂ. ഇന്നലെ അര ശതമാനം (22.10 ഡോളർ) കയറി ഔൺസിന് 4332.60 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു.. ഇന്നു രാവിലെ നാമമാത്ര നേട്ടത്തോടെ 4335 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 1,11,000 രൂപ ആയി. വെള്ളിവില അൽപം ഉയർന്ന് ഔൺസിന് 70.16 ഡോളറിൽ എത്തി. പ്ലാറ്റിനം 1804 ഡോളർ, പല്ലാഡിയം 1339 ഡോളർ, റോഡിയം 7625 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ലോഹങ്ങൾ താഴുന്നു
അലൂമിനിയവും ടിന്നും ഒഴികെ വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച താഴ്ന്നു. ചെമ്പ് 0.23 ശതമാനം നഷ്ടത്തോടെ ടണ്ണിനു 13,681.90 ഡോളർ ആയി. അലൂമിനിയം 0.14 ശതമാനം ഉയർന്ന് 3375.04 ൽ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ലെഡും താഴ്ന്നു.
റബർ വില വീണ്ടും റെക്കോർഡ് തിരുത്തി. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 325.00 ഡോളറിലും ആർഎസ്എസ് മൂന്ന് 328.55 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,500 രൂപ എന്ന റെക്കോർഡിലേക്കു കയറി.
കൊക്കോയും കുതിപ്പിൽ
കൊക്കോ വില 6.55 ശതമാനം കൂടി ടണ്ണിന് 4232 ഡോളറിൽ എത്തി. 2026-27 സീസണിൽ എൽ നിനോ മൂലം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം ഗണ്യമായി കുറയും എന്ന് സ്റ്റോണെക്സ് കൺസൾട്ടൻസി കണക്കാക്കുന്നു. 2025-26 ലെ മിച്ചം ആദ്യം പറഞ്ഞിരുന്ന 2,87,000 ടണ്ണിൽ നിന്ന് 2,47,000 ടൺ ആയി കുറച്ചു. 2026-27 ലെ മിച്ചം പ്രതീക്ഷ 2.67 ലക്ഷം ടണ്ണിൽ നിന്ന് 1.49 ലക്ഷം ടൺ ആയി താഴ്ത്തി. ഇൻ്റർനാഷണൽ കൊക്കോ ഓർഗനൈസേഷനും (ഐസിസിഒ) മിച്ചം പ്രതീക്ഷ പകുതിയായി കുറച്ചു.
യൂറിയയുടെ അന്താരാഷ്ട്ര വില ടണ്ണിനു 360 ഡോളറിൽ എത്തി. ഒരു മാസം കൊണ്ടു വില 37 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച താഴ്‌ന്ന് 99.54 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.50 ലേക്കു താണു. യൂറോ 1.1613 ഡോളറിലേക്കും പൗണ്ട് 1.3429 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.33 യെൻ എന്ന നില വരെ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.76 യുവാൻ എന്ന നിലയിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.434 ശതമാനമായി താഴ്ന്നു. ഇന്നു യുഎസ് ഫെഡ് എന്തു തീരുമാനിക്കും എന്ന ആശങ്കയിലാണു പണവിപണി.
ചൊവ്വാഴ്ച ഇന്ത്യൻ രൂപ നേട്ടം ഉണ്ടാക്കി. ഡോളർ 15 പൈസ നഷ്ടത്തോടെ 94.56 രൂപയിൽ അവസാനിച്ചു. അനുകൂല സാഹചര്യങ്ങൾ തുടർന്നാൽ ഡോളർ ഈ മാസം 92 രൂപയ്ക്കു താഴെ എത്തും എന്നാണു വിലയിരുത്തൽ. വിദേശത്തെ നോൺ ഡെലിവെറബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.47 രൂപ ആയി. ചൈനീസ് യുവാൻ 13.99 രൂപയിലേക്കു താഴ്ന്നു. യൂറോ 109.85 രൂപയായി.
പശ്ചിമേഷ്യൻ സമാധാന സാധ്യതയിൽ ക്രൂഡ് ഓയിൽ വില ഇടിവ് തുടരുന്നു. ബ്രെൻ്റ് ഇനം ചൊവ്വാഴ്ച അഞ്ചു ശതമാനം താഴ്ന്നു വീപ്പയ്ക്ക് 78.96 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ അൽപം കയറി 79.37 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 76.45 ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോകൾ ഇടിയുന്നു
പശ്ചിമേഷ്യൻ സമാധാനവും ക്രിപ്റ്റോ കറൻസികൾക്ക് ആശ്വാസമായില്ല. ബിറ്റ് കോയിൻ ഒന്നര ശതമാനം ഇടിഞ്ഞ് 65,600 ഡോളറിനു താഴെ എത്തി. ഈഥർ 1785 ഡോളറിനും സൊലാന 73.5 ഡോളറിനും താഴെയാണ്.
(2026 ജൂൺ 16, ചൊവ്വ)
സെൻസെക്സ്: 76,808.48 +0.71%
നിഫ്റ്റി50: 23,989.15 +0.57%
ബാങ്ക് നിഫ്റ്റി: 57,297.15 +0.17%
മിഡ്ക്യാപ്-100: 61,802.05 +0.41%
സ്മോൾക്യാപ്-100: 18,477.75 +0.42%
ഡൗജോൺസ്: 51,999.67 +0.64%
എസ്ആൻഡ്പി: 7511.35 -0.57%
നാസ്ഡാക്: 26,376.34 -1.15%
ഡോളർ: ₹94.56 -₹0.15
സ്വർണം (ഔൺസ്): $4332.60 +$22.10
സ്വർണം (പവൻ): ₹1,11,000 -₹120
ബ്രെൻ്റ് ക്രൂഡ്ഓയിൽ: $78.96 -$4.21
Read DhanamOnline in English
Subscribe to Dhanam Magazine