ഫെഡ് പലിശ കൂട്ടി; ഡോളർ കുതിക്കുന്നു; യുഎസ് ഫ്യൂച്ചേഴ്‌സും ഏഷ്യൻ വിപണികളും നേട്ടത്തിൽ; ക്രൂഡ് ഓയിൽ അൽപം താഴ്ന്നു; വീണ്ടും തീരുവ ഭീഷണി

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 23,242.50 വരെ കയറിയിട്ടു താഴ്ന്നു; ഇന്ത്യൻ വിപണി ഇന്നു നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന
Stock Market Pre-opening Analysis
Morning News UpdatesImage: Canva
Published on

യു.എസ് ഫെഡറൽ റിസർവ് (ഫെഡ്) പലിശ കൂട്ടി. ഇതോടെ ഡോളർ ഉയർന്നു. മറ്റു കറൻസികൾ താഴ്‌ന്നു. ഇന്നലെ ഫെഡ് തീരുമാനത്തിനു ശേഷം ഇടിഞ്ഞ യുഎസ് വിപണി ഇന്നു തിരിച്ചു കയറും എന്നു സൂചിപ്പിച്ച് ഫ്യൂച്ചേഴ്സ് ഉയർന്നു. ഏഷ്യൻ വിപണികൾ കയറ്റത്തിലായി.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കു 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡൻ്റ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് കോൺഗ്രസ് പാസാക്കി. ഇന്ത്യ ഈ പട്ടികയിൽ മുൻ നിരയിലാണ്. ട്രംപ് എന്തു തീരുമാനം എടുക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,126.00ൽ ക്ലോസ് ചെയ്തു. ഇന്നു (സെപ്റ്റംബർ 17) രാവിലെ 23,242.50 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

പ്രതീക്ഷ പോലെ ഫെഡ് തീരുമാനം

പ്രതീക്ഷിച്ചതു പോലെ ഫെഡ് പലിശ നിരക്ക് കാൽ ശതമാനം കൂട്ടി. ഡിസംബറിൽ വീണ്ടും കൂട്ടും എന്നു സൂചനയുണ്ട്. ഇന്നു ബാങ്ക് ഓഫ് ജപ്പാനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്കു കൂട്ടും എന്നാണു പ്രതീക്ഷ. യൂറോപ്യൻ കേന്ദ്രബാങ്ക് കഴിഞ്ഞയാഴ്ച നിരക്കു കൂട്ടി. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിശ്വസ്തൻ കെവിൻ വാർഷ് ചെയർമാൻ ആയ ശേഷം ഇതാദ്യമാണു നിരക്കു വർധന. 2023 ജൂലൈയ്ക്കു ശേഷമുള്ള ആദ്യ വർധന വിപണി ആഴ്ചകളായി പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും ഡൗ ജോൺസ് സൂചിക ഇടിഞ്ഞു.

ഫെഡിൻ്റെ കമ്മിറ്റിയിൽ ഏകകണ്ഠമായിരുന്നു തീരുമാനം. നിരക്കു കുറയ്ക്കണമെന്നു ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ചില്ലറ വിലക്കയറ്റം ഉയർന്നു നിൽക്കുന്നതു ഫെഡിനെ നിരക്കുകൂട്ടാൻ നിർബന്ധിച്ചു. അതിനു ശേഷവും ട്രംപ് വാർഷിനെ തള്ളിപ്പറഞ്ഞില്ല. ഫെഡ് തീരുമാനത്തിനു ശേഷവും യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയർന്നു തന്നെ തുടർന്നു. രണ്ടു വർഷ ബോണ്ടിന് 4.722ഉം 10 വർഷ ബോണ്ടിന് 5.002ഉം 30 വർഷ ബോണ്ടിന് 5.344ഉം ശതമാനമായി നിക്ഷേപനേട്ടം. എന്നാൽ പിന്നീടു കുറഞ്ഞു.

യു.എസ് വിപണി താഴ്ചയിൽ

രാവിലെ ഉയർന്നു നിന്ന യുഎസ് വിപണി ഫെഡ് പലിശ കൂട്ടിയ ശേഷം ഇടിഞ്ഞു. എന്നാൽ ടെക് ഓഹരികൾ പിന്നീടു നഷ്‌ടം കുറച്ചു. ബുധനാഴ്ച ഡൗ ജോൺസ് സൂചിക 631.21 പോയിൻ്റ് (1.21 ശതമാനം) ഇടിഞ്ഞ് 51,461.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.92 പോയിൻ്റ് (0.45%) നഷ്ടത്തോടെ 7551.81 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 3.15 പോയിൻ്റ് (0.01%) കുറഞ്ഞ് 25,978.43 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേട്ടത്തിലാണ്. ഡൗ ജോൺസ് 300 പോയിൻ്റും (0.58%) എസ് ആൻഡ് പി 41 പോയിൻ്റും (0.54%) നാസ്ഡാക് 192 പോയിൻ്റും (0.66%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി‌‌

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 0.89 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.27% ഉയർന്ന് 22.44 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.88% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.46% കൂടി താഴ്ന്ന് 28.02 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.12% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 1.15 ശതമാനം കയറി 11.21 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 4% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.54 ശതമാനം കയറി 1.689 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഉയർന്നു

യൂറോപ്യൻ ഓഹരിവിപണികൾ ബുധനാഴ്ച മികച്ച മുന്നേറ്റം നടത്തി. ക്രൂഡ് ഓയിൽ വില അല്പം താഴ്ന്നതു വിപണിക്കു തുണയായി. വാഹന ഓഹരികൾ ഗണ്യമായി താഴ്ന്നു.

ഏഷ്യയിൽ നേട്ടം

ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.80 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.35 ശതമാനം കയറി. ദക്ഷിണ കൊറിയയിൽ കോസ്‌പി 0.45 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒരു ശതമാനം താഴ്ന്നു. തായ്‌വാൻ സൂചിക 1.90 ശതമാനം കുതിച്ചു. ഷാങ്ഹായ് സൂചിക 0.15 ശതമാനം നഷ്ടത്തിലാണ്.

ഇന്ത്യൻ വിപണി മുന്നേറി

വലിയ ചാഞ്ചാട്ടങ്ങൾക്കിടയിലും മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി മിതമായ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടക്കം മുതലേ താഴ്ന്നു നീങ്ങിയ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒടുവിൽ തിരിച്ചുകയറി. എങ്കിലും ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിലായി. ബിഎസ്ഇയിൽ 1930 ഓഹരികൾ ഉയർന്നു, 2420 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 1682 ഓഹരികൾ കയറിയപ്പോൾ 1835 എണ്ണം താഴ്ന്നു.

ഐടിയും ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഉയർന്നു. എഫ്എംസിജിയും ബാങ്കുകളും റിയൽറ്റിയും ധനകാര്യ കമ്പനികളും നേട്ടത്തിനു മുന്നിൽ നിന്നു. വിദേശ നിക്ഷേപകർ വിൽപന തുടർന്നു. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 2032.61 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3908.23 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ബുധനാഴ്ച സെൻസെക്‌സ് 332.58 പോയിൻ്റ് (0.45%) ഉയർന്ന് 74,336.45ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 99.00 പോയിൻ്റ് (0.43%) നേട്ടത്തോടെ 23,217.60ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 497.70 പോയിൻ്റ് (0.89%) നേട്ടത്തോടെ 56,292.45ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക താഴ്ചയിൽ നിന്നു കയറി 0.95 പോയിൻ്റ് (0.00%) മാറ്റത്തോടെ 60,879.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 34.15 പോയിൻ്റ് (0.18%) താഴ്ന്ന് 19,388.30ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ (എൻഎസ്ഇ) മെഗാ ഐപിഒ ഇന്നു തുടങ്ങും. ആങ്കർ നിക്ഷേപകർ 6,746 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 1,785 രൂപയ്ക്കാണ് അവർ ഓഹരി വാങ്ങിയത്. എൽഐസി 450.30 കോടി രൂപ മുടക്കി 25.23 ലക്ഷം ഓഹരികൾ വാങ്ങി.

ടാറ്റ സൺസ് ഡയറക്ടർ ബോർഡ് ഇന്നു ചേരും. കമ്പനിയെ ലിസ്റ്റ് ചെയ്യണം എന്ന നിർദേശത്തിൽ ആർബിഐയോടു വിശദീകരണം തേടാനും ലിസ്റ്റിംഗ് ഒഴിവാക്കാനുമാണു ടാറ്റ ട്രസ്‌റ്റുകളുടെയും നോയൽ ടാറ്റയുടെയും നീക്കം. എൻ. ചന്ദ്രശേഖരനു പകരം ചെയർമാനെ തേടാനും നോയൽ നിർദേശിക്കും. മറ്റു ബോർഡ് അംഗങ്ങൾ ചന്ദ്ര തുടരുന്നതിനും ലിസ്റ്റിംഗിനും അനുകൂലമാണ്. ടാറ്റ സൺസിൽ കാര്യങ്ങൾ സുഖകരമായല്ല നീങ്ങുന്നത്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നലെ താഴ്ന്നു.

ഇടിഞ്ഞ സ്വർണം കയറുന്നു

പലിശവർധന പ്രഖ്യാപിച്ച ശേഷം ഇടിഞ്ഞ സ്വർണം ഇന്നു രാവിലെ കയറ്റത്തിലായി. ബുധനാഴ്ച സ്വർണം 29.90 ഡോളർ (0.70%) നഷ്ടത്തോടെ ഔൺസിന് 4265.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4308 ഡോളർ വരെ കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 200 രൂപ വർധിച്ച് 1,12,520 രൂപ ആയി. വെള്ളിവില ബുധനാഴ്ച താഴ്ന്ന് ഔൺസിന് 63.11 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 63.53 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1766 ഡോളർ, പല്ലാഡിയം 1270 ഡോളർ, റോഡിയം 8750 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ കയറ്റത്തിൽ

താഴ്ചയുടെ ഏതാനും ദിവസങ്ങൾക്കു ശേഷം വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഉയർന്നു. ചെമ്പ് 1.29 ശതമാനം കയറി ടണ്ണിന് 14,225.85 ഡോളർ ആയി. അലൂമിനിയം 1.29 ശതമാനം ഉയർന്നു 3277.16 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും ഉയർന്നപ്പോൾ നിക്കൽ നഷ്‌ടത്തിലായി.

വിദേശത്തു റബർ ഇടിവ് തുടരുന്നു

ബുധനാഴ്ചയും രാജ്യാന്തര വിപണിയിൽ റബർവില താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 279.20 ഡോളറിലും ആർഎസ്എസ് മൂന്ന് 275.70 ഡോളറിലും എത്തി. ഡോളർ നിരക്ക് വർധിച്ചതും വിലയിടിവിനു കാരണമാണ്. കേരളത്തിൽ ക്വിൻ്റലിന് 27,400 രൂപ തുടർന്നു.

കൊക്കോ ഉയർന്നു

കൊക്കോ വില 1.55 ശതമാനം കയറി ടണ്ണിന് 5860 ഡോളറിൽ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം വർധിച്ചതും ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വർഷത്തെ ഉയർന്ന നിലയിലേക്കു കയറിയതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിടിച്ചത്. എന്നാൽ ഒക്ടോബറിൽ തുടങ്ങുന്ന 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20 ഉം ഘാനയിൽ 38 ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു നിഗമനം. ഘാനയിലെ ഉൽപാദനക്കുറവ് നേരത്തേ കണക്കാക്കിയതിൻ്റെ ഇരട്ടിയാക്കി ഘാനയിലെ കൊക്കോ മാർക്കറ്റിംഗ് കമ്പനി.

അറബിക്ക കാപ്പി 1.37 ശതമാനം താഴ്ന്നു പൗണ്ടിന് 2.798 ഡോളർ ആയി. ബ്രസീലിൽ ഉൽപാദനം റെക്കോർഡ് നിലവാരത്തിലേക്കു കയറി. ഓഗസ്റ്റിലെ ബ്രസീലിയൻ കയറ്റുമതി 45 ശതമാനം വർധിച്ചു. പാം ഓയിൽ ടണ്ണിന് 4884 മലേഷ്യൻ റിംഗിറ്റ് തുടരുന്നു.

ഡോളർ കുതിക്കുന്നു

പലിശ വർധനയ്ക്കു ശേഷം യു.എസ് ഡോളർ സൂചിക കുതിച്ചു. ബുധനാഴ്ച ഡോളർ സൂചിക കയറി 100.22 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.35 ലേക്കു കയറി. യൂറോ 1.1457 ഡോളറിലേക്കും പൗണ്ട് 1.3367 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.16 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഫെഡ് തീരുമാനത്തെ തുടർന്ന് 5% നു മുകളിൽ കയറിയിട്ടു താഴ്ന്ന് 4.996 ശതമാനത്തിൽ നിൽക്കുന്നു.

രൂപ താഴ്‌ന്നേക്കും

ബുധനാഴ്ച രൂപ ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം മാറ്റമില്ലാതെ 95.96 രൂപയിൽ ക്ലോസ് ചെയ്തു. എന്നാൽ ഫെഡ് പലിശ നിരക്കു കൂട്ടിയതു രൂപയെ ഇന്നു ദുർബലമാക്കും എന്നാണു നിഗമനം. ഡോളർ 96 രൂപയ്ക്കു മുകളിൽ എത്താം. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.13 രൂപ വരെ കയറി. ചൈനീസ് യുവാൻ 14.31 രൂപയായി. യൂറോ 109.98 രൂപയായി താഴ്ന്നു.

ക്രൂഡ് ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ ലഭ്യത ഉയർന്നില്ലെങ്കിലും വില താഴുകയാണ്. സൗദി അറേബ്യയുടെ പൈപ്പ് ലൈൻ തകരാർ ഉടനേ പരിഹരിക്കും എന്നതാണു പ്രധാന കാരണം. ബുധനാഴ്ച മൂന്നു ശതമാനം ഇടിഞ്ഞ ക്രൂഡ് വില ഇന്നു രാവിലെ ഒരു ശതമാനം കൂടി താഴ്ന്നു. ബുധനാഴ്ച 2.92 ഡോളർ കുറഞ്ഞ് ബ്രെൻ്റ് ഇനം ക്രൂഡ് 105.83 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്‌ന്ന് 104.75 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 101.35 ഡോളറിലാണ്. പിന്നീട് അല്പം കയറി.

ക്രിപ്റ്റോകൾ ഉയർന്നു

ക്രിപ്റ്റോ കറൻസികൾ ഇന്നു ചെറിയ നേട്ടത്തിലാണ്. ബിറ്റ്കോയിൻ 76,500 ഡോളറിനു മുകളിൽ എത്തി. ഈഥർ 2430 ഡോളറിനും സൊലാന 99 ഡോളറിനും മുകളിലാണ്.

വിപണി സൂചനകൾ

(2026 സെപ്റ്റംബർ 16, ബുധൻ)

  • സെൻസെക്സ്: 74,336.45 +0.45%

  • നിഫ്റ്റി-50: 23,217.60 +0.43%

  • ബാങ്ക് നിഫ്റ്റി: 56,292.45 +0.89%

  • മിഡ് ക്യാപ്-100: 60,879.20 +0.00%

  • സ്മോൾ ക്യാപ്-100: 19,388.30 -0.18%

  • ഡൗജോൺസ്: 51,461.90 -1.21%

  • എസ്ആൻഡ്പി: 7551.81 -0.45%

  • നാസ്ഡാക്: 25,978.43 -0.01%

  • ഡോളർ: ₹95.96 +₹0.00

  • സ്വർണം (ഔൺസ്): $4265.00 -$29.90

  • സ്വർണം (പവൻ): ₹1,12,520 +₹200

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $105.83 -2.92

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com