

ജിഎസ്ടി നിരക്കുകൾ കുറയുന്നു. രാജ്യത്തിൻ്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർന്നു. യുക്രെയ്നിൽ സമാധാന പ്രതീക്ഷ വളർന്നു. ഇന്ന് ഇന്ത്യൻ വിപണിയെ മികച്ച ഉയരങ്ങളിലേക്കു നയിക്കാൻ കാരണങ്ങൾ പലത്. ഓഹരികൾ ഗണ്യമായി ഉയർന്നാൽ വിൽപന സമ്മർദവും പ്രതീക്ഷിക്കാം.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ക്രൂഡ് ഓയിൽ താഴ്ന്നപ്പോൾ സ്വർണം ചെറിയ കയറ്റത്തിലാണ്. ഡോളറും ഉയരുന്നുണ്ട്. ഈയാഴ്ച യുഎസ് ഫെഡറൽ റിസർവിൻ്റെ മിനിറ്റ്സും ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ പ്രസംഗവും ആഗോള വിപണികളെ സ്വാധീനിക്കാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,655.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,922 വരെ കുതിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിലകൾ ഗണ്യമായി കുറയുന്ന രീതിയിൽ ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്ന സമഗ്ര നികുതി പരിഷ്കാരം ദീപാവലിക്കു മുൻപേ നടപ്പാക്കും എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച തൊഴിൽ പദ്ധതികളും ഉടനെ നടപ്പാക്കുമെന്നും മോദി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ മുതൽ കാറിനും സിമൻ്റിനും വരെ വില കുറയുന്ന നീക്കമാണു കേന്ദ്രത്തിൻ്റേത്. സിഗററ്റ്, പാൻമസാല, മറ്റു പുകയില ഉൽപന്നങ്ങൾ, കോളകൾ, സ്വർണം എന്നിവയൊഴികെ എല്ലാ ഇനം ഉൽപന്നങ്ങൾക്കും വില ഗണ്യമായി കുറയും. ഹോട്ടൽ മുറിക്കും ഭക്ഷണത്തിനും നികുതി കുറയുന്നതു ടൂറിസത്തെ സഹായിക്കും. ഭക്ഷ്യ വസ്തുക്കൾ, ബേക്കറി ഉൽപന്നങ്ങൾ, വസ്ത്രം, പാദരക്ഷകൾ, വളം, കീടനാശിനി, എസി, ഗൃഹോപകരണങ്ങൾ തുടങ്ങിയവയ്ക്കു വില ഗണ്യമായി കുറയും. ലൈഫ്, ഹെൽത്ത് ഇൻഷ്വറൻസുകൾക്കു പ്രീമിയത്തിൻ്റെ നികുതിയും കുറയും.
വില കുറയുന്നതു വിൽപന കൂട്ടും. അതു മൂലധനനിക്ഷേപത്തിനു വ്യവസായികളെ പ്രേരിപ്പിക്കും. കൂടിയ വിൽപന നിരക്കു കുറയ്ക്കൽ മൂലമുള്ള നികുതി നഷ്ടം നികത്തും എന്നാണ് വിലയിരുത്തൽ. സെപ്റ്റംബറിൽ ജിഎസ്ടി കൗൺസിൽ യോഗം നികുതി കുറയ്ക്കലിന് ഔപചാരിക തീരുമാനം എടുക്കും. നികുതി കുറയ്ക്കൽ കാത്ത് ഉപയോക്താക്കൾ ഓഗസ്റ്റിലും സെപ്റ്റംബറിലും വാങ്ങൽ കുറയ്ക്കുന്ന പക്ഷം കമ്പനികളുടെ രണ്ടാം പാദം മോശമാകാം.
സ്വാതന്ത്ര്യ ദിനത്തിനു തലേ ദിവസമാണു സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിൾ ബി യിലേക്ക് ഉയർത്തിയത്. ഇന്ത്യൻ കമ്പനികളുടെ വിദേശവായ്പകൾക്കു പലിശ കുറയാൻ ഇതു സഹായിക്കും. ഇന്ത്യയിലേക്കു കൂടുതൽ വിദേശനിക്ഷേപം വരും. ആഭ്യന്തര പലിശനിരക്ക് കുറയാനും ഈ നീക്കം സഹായിക്കും. ഉയർന്ന അമേരിക്കൻ തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കില്ല എന്ന് എസ് ആൻഡ് പിയുടെ നടപടി കാണിക്കുന്നു. മറ്റ് ഏജൻസികളും ക്രമേണ റേറ്റിംഗ് ഉയർത്താം.
വെള്ളിയാഴ്ച നടന്ന ഡോണൾഡ് ട്രംപ് - വ്ലാദിമിർ പുടിൻ ഉച്ചകാേടി യുക്രെയ്ൻ സമാധാനത്തിനു വഴി തെളിച്ചേക്കാം എന്ന പ്രതീക്ഷ നൽകുന്നുണ്ട്. ഇന്നു വാഷിംഗ്ടണിൽ യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലൻസ്കിയും അര ഡസൻ യൂറോപ്യൻ നേതാക്കളും ചേർന്നു ട്രംപുമായി ചർച്ച നടത്തും. യുക്രെയ്ൻ ചില പ്രവിശ്യകൾ റഷ്യക്കു വിട്ടുകൊടുക്കുക, നാറ്റോയിൽ അംഗത്വം എടുക്കാതെ നാറ്റോയുടേതിനു സമാനമായ യുഎസ് - യൂറാേപ്യൻ സുരക്ഷാകവചം യുക്രെയ്നു നൽകുക എന്നിവയാണു ട്രംപ് മുന്നോട്ടു വയ്ക്കുന്ന സമാധാന നിർദേശങ്ങൾ. ഇതു സ്വീകരിച്ചില്ലെങ്കിൽ യുദ്ധസഹായം നിർത്തും എന്നാണു ട്രംപിൻ്റെ ഭീഷണി.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ട്രംപ് - പുടിൻ ഉച്ചകോടിയെപ്പറ്റിയുള്ള ആശങ്കകളാണു വിപണിയിൽ നിറഞ്ഞു നിന്നത്.
അമേരിക്കൻ വിപണി സൂചികകൾ വെള്ളിയാഴ്ച രാവിലെ റെക്കോർഡ് തിരുത്തിയ ശേഷം താഴ്ന്നു. ഡൗ ജോൺസ് ചെറിയ നേട്ടത്തിൽ അവസാനിച്ചുപ്പോൾ മറ്റു രണ്ടു സൂചികകളും നഷ്ടത്തിലായി. കൺസ്യൂമർ മനോഭാവത്തിൽ ഗണ്യമായ ഇടിവുണ്ടെന്നു യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ്റെ സർവേയിൽ കണ്ടതാണു വിപണിയെ താഴ്ത്തിയത്. ജൂലൈയിൽ 61.7 ആയിരുന്ന മനോഭാവ സൂചിക ഓഗസ്റ്റിൽ 58.6 ആയി ഇടിഞ്ഞു. ജൂലൈയിലെ റീട്ടെയിൽ വിൽപന തലേ മാസത്തേക്കാൾ 0.5 ശതമാനം ഉയർന്നതു വിപണിയുടെ താഴ്ച കുറച്ചു. വാർഷികാടിസ്ഥാനത്തിൽ വർധന 3.9 ശതമാനമാണ്.
ചിപ് ഓഹരികൾ വെള്ളിയാഴ്ച താഴ്ന്നു. അപ്ലൈഡ് മറ്റീരിയൽസ് ഓഹരി 14 ശതമാനം ഇടിഞ്ഞു. യുനൈറ്റഡ് ഹെൽത്ത് ഓഹരി 12 ശതമാനം കുതിച്ചതാണ് ഡൗവിനെ ഉയർത്തിയത്.
എങ്കിലും ആഴ്ചയിൽ വിപണി സൂചികകൾ മൂന്നും ഉയർന്നു. ഡൗ 1.74 ഉം എസ് ആൻഡ് പി 0.94 ഉം നാസ്ഡാക് 0.81ഉം ശതമാനം നേട്ടമാണ് ആഴ്ചയിൽ ഉണ്ടാക്കിയത്.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 34.86 പോയിൻ്റ് (0.08%) ഉയർന്ന് 44,946.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 18.74 പോയിൻ്റ് (0.29%) നഷ്ടത്തോടെ 6449.80 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 87.69
പോയിൻ്റ് (0.40%) താഴ്ന്ന് 21,622.97 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.26 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിലെ നിക്കെെ സൂചിക 0.50 ശതമാനം കയറി. ദക്ഷിണ കൊറിയൻ സൂചിക ഒരു ശതമാനം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി.
യുക്രെയ്ൻ ചർച്ചയെപ്പറ്റിയുള്ള ആശങ്ക വ്യാഴാഴ്ച ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. മുഖ്യസൂചികകൾ രാവിലെ നല്ല നേട്ടം കാഴ്ചവച്ചിട്ടാണു ചാഞ്ചാട്ടത്തിലേക്കു മാറിയത്. ഒടുവിൽ മുഖ്യസൂചികകൾ നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും ഉയർന്നു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലായി. കൺസ്യൂമർ ഡ്യൂറബിൾസും ഐടിയും ധനകാര്യ കമ്പനികളും ഉയർന്നു. മെറ്റലും ഓയിലും റിയൽറ്റിയും എഫ്എംസിജിയും ഇടിഞ്ഞു.
നിഫ്റ്റി 11.95 പോയിൻ്റ് (0.05%) ഉയർന്ന് 24,631.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 57.75 പോയിൻ്റ് (0.07%) കയറി 80,597.66 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 160.40 പോയിൻ്റ് (0.29%) നേട്ടത്തോടെ 55,341.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 177.25 പോയിൻ്റ് (0.31%) താഴ്ന് 56,504.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 66.50 പോയിൻ്റ് (0.38%) കുറഞ്ഞ് 17,547.45 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1659 ഓഹരികൾ ഉയർന്നപ്പോൾ 2414 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1128 എണ്ണം. താഴ്ന്നത് 1752 ഓഹരികൾ.
എൻഎസ്ഇയിൽ 73 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 86 എണ്ണമാണ്. ആറ് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ അഞ്ച് എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 1926.76 കാേടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3895.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നു നിഫ്റ്റിക്ക് 24,600 ഉം 24,560 ഉം പിന്തുണയാകും. 24,680 ലും 24,715 ലും തടസം ഉണ്ടാകാം.
സ്വർണത്തിന് ഉയരാൻ അനുകൂലമായ സൂചനകൾ ഇല്ലാതെയാണു വെള്ളിയാഴ്ച അമേരിക്കൻ വിപണിയിലെ വ്യാപാരം അവസാനിച്ചത്. അലാസ്കാ ഉച്ചകോടിയുടെ തീരുമാനം അപ്പോൾ വന്നിരുന്നില്ല. അതുകൊണ്ടു തന്നെ സ്വർണവില താഴ്ന്നു. സ്വർണം ഔൺസിന് 3336.90 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 3322 ഡോളർ വരെ താഴ്ന്ന ശേഷം 3343 ഡോളറിലേക്കു കയറി.
കേരളത്തിൽ ശനിയാഴ്ച പവൻവില 40 രൂപ കുറഞ്ഞ് 74,200 രൂപയായി.
വെള്ളിവില ഔൺസിന് 38.03 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ മിക്കതും വെള്ളിയാഴ്ച താഴ്ന്നു. ചെമ്പ് 0.46 ശതമാനം താഴ്ന്നു ടണ്ണിന് 9621.00 ഡോളറിൽ എത്തി. അലൂമിനിയം 0.19 ശതമാനം താഴ്ന്ന് 2607.00 ഡോളർ ആയി. ലെഡും ടിന്നും നിക്കലും ഉയർന്നു. സിങ്ക് താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.71 ശതമാനം താഴ്ന്ന് 168.20 സെൻ്റിൽ എത്തി. കൊക്കോ 0.04 ശതമാനം കയറി ടണ്ണിന് 8228.25 ഡോളർ ആയി. കാപ്പി 5.22 ശതമാനം കയറി. തേയില വില അൽപം താഴ്ന്നു. പാം ഓയിൽ വില 2.54 ശതമാനം കയറി.
വ്യാഴാഴ്ച ഉയർന്ന ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 97.85 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 97.92 ലാണ്.
കറൻസി വിപണിയിൽ ഡോളർ ഉയർന്നു. യൂറോ 1.1694 ഡോളറിലേക്കും പൗണ്ട് 1.3548 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.53 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.312 ശതമാനമായി ഉയർന്നു.
വ്യാഴാഴ്ച രൂപ താഴ്ന്നു. ഡോളർ 11 പൈസ നേട്ടത്തോടെ 87.55 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച താഴ്ന്നു. വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 65.85 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.59 ഡോളറിലാണ്. ഡബ്ള്യുടിഐ 62.63 ഡോളറിലും മർബൻ ക്രൂഡ് 62.28 ഡോളറിലും ആണ്. പ്രകൃതിവാതക വില 1.50 ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയ്ക്കു സമീപം കയറിയിറങ്ങുന്നു. . ബിറ്റ് കോയിൻ 1,16,900 ഡോളറിനു താഴെയായി. ഈഥർ 4430 ഡോളറിനു താഴെ എത്തി.
(2025 ഓഗസ്റ്റ് 14, വ്യാഴം)
സെൻസെക്സ് 30 80,597.66 +0.07%
നിഫ്റ്റി50 24,631.30 +0.05%
ബാങ്ക് നിഫ്റ്റി 55,341.85 +0.29%
മിഡ് ക്യാപ്100 56,504.25 -0.31%
സ്മോൾക്യാപ് 100 17,547.45 -0.38%
(2025 ഓഗസ്റ്റ് 15, വെള്ളി)
ഡൗജോൺസ് 44,946.12 +0.08%
എസ്ആൻഡ്പി 6449.80 -0.29%
നാസ്ഡാക് 21,622.97 -0.40%
ഡോളർ($) ₹87.55 +₹0.11
സ്വർണം(ഔൺസ്) $3336.90 -$00.30
സ്വർണം(പവൻ) ₹74,200 -₹40
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.85 -$0.28
Read DhanamOnline in English
Subscribe to Dhanam Magazine