

വിപണികൾ വ്യക്തമായ മുന്നേറ്റപാത കാണാതെ ചെറിയ പരിധിയിൽ കയറിയിറങ്ങുകയാണ്. നിർമിതബുദ്ധി (എഐ) യിലെ പുതിയ ആവിഷ്കാരങ്ങൾ എങ്ങോട്ട് നയിക്കും എന്നതിലെ അവ്യക്തതയും ഉച്ചസാങ്കേതിക വിദ്യക്കും ഊർജത്തിനും വേണ്ടിയുള്ള വലിയ മൂലധന നിക്ഷേപത്തിൻ്റെ ഭാവി സംബന്ധിച്ച ആശങ്കകളും തുടരുകയാണ്.
അമേരിക്കൻ വിപണിയിൽ സോഫ്റ്റ്‌വേർ, അനുബന്ധ മേഖലകളിൽ നിന്നു നിക്ഷേപകർ മാറുകയാണ്. യുഎസ് വിപണി സൂചികകൾ ഇന്നലെ നാമമാത്ര കയറ്റത്തിലായിരുന്നു. യുഎസ് - ഇറാൻ ചർച്ച പുരോഗതി കാണിക്കുന്നതായാണു റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വില അൽപം താഴ്‌ന്നു. സ്വർണം താഴ്ചയിലാണ്. ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുന്നു.
ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,756.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,792 വരെ കയറിയിട്ട് 25,732 ലേക്ക് ഇടിഞ്ഞു. പിന്നീടു കയറി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് ഇന്നലെ 0.20 ശതമാനം കയറി. തുടർവ്യാപാരത്തിൽ 0.68 ശതമാനം ഉയർന്നു. വിപ്രോ 2.14 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 3.06 ശതമാനം നേട്ടം ഉണ്ടാക്കി.
അമേരിക്കൻ വിപണി ഇന്നലെ ഒട്ടും ആവേശം കാണിച്ചില്ല. സോഫ്റ്റ് വേർ, ഐടി സേവന, റിയൽ എസ്റ്റേറ്റ് ഓഹരികളിൽനിന്നു ബാങ്കുകളിലേക്കും മറ്റും നിക്ഷേപകർ മാറുകയാണ്. സൂചികകൾ നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 32.26 പോയിൻ്റ് (0.07%)ഉയർന്ന് 49,533.19ലും എസ് ആൻഡ് പി 7.05 പോയിൻ്റ് (0.10%) കയറി 6843.22ലും നാസ്ഡാക് കോംപസിറ്റ് 31.71 പോയിൻ്റ് (0.14%) നേട്ടത്തോടെ 22,578.38ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്‌ടത്തിലാണ്. ഡൗ ജോൺസ് 0.10 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. യുകെയിലെ തൊഴിലില്ലായ്മ അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന 5.2 ശതമാനത്തിലേക്കു കൂടിയപ്പോൾ പൗണ്ടിൻ്റെ നിരക്ക് ഇടിഞ്ഞു. ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ജപ്പാൻ്റെ ജനവരിയിലെ കയറ്റുമതി 17 ശതമാനം കുതിച്ചു. ചൈനയിലേക്കാണു കയറ്റുമതി കൂടിയത്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം ഉയർന്നു. പുതുവർഷം പ്രമാണിച്ച് ചൈനീസ് വിപണി 23 വരെ അവധിയാണ്.
ഇന്ത്യൻ വിപണി ഇന്നലെ താഴ്‌ന്നു തുടങ്ങി കൂടുതൽ ഇടിഞ്ഞ ശേഷം തിച്ചുകയറിയിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഐടിയിലും പൊതുമേഖലാ ബാങ്കുകളിലും ഫണ്ടുകൾ താൽപര്യമെടുത്തതാണു വിപണിയെ സഹായിച്ചത്. ആഗോള വിപണികളിലെ വിലയിടിവിനെ തുടർന്ന് മെറ്റൽ ഓഹരികൾ നഷ്‌ടത്തിലായി. കാപ്പിറ്റൽ മാർക്കറ്റ് ഓഹരികൾ താഴ്ച തുടർന്നു. മുഖ്യസൂചികകൾ കാണിക്കുന്നതിനേക്കാൾ മുന്നേറ്റം വിശാലവിപണിയിൽ ഉണ്ടായി.
സെൻസെക്സ് 173.81 പോയിൻ്റ് (0. 21%) ഉയർന്ന് 83,450.96 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 42.65 പോയിൻ്റ് (0.17%) നേട്ടത്തോടെ 25,725.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 224.90 പോയിൻ്റ് (0.37%) കയറി 61,174.00 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 158.70 പോയിൻ്റ് (0.27%) ഉയർന്ന് 59,881.70 ലും സ്മോൾ ക്യാപ് 100 സൂചിക 95.80 പോയിൻ്റ് (0.56%) കൂടി 17,146.70ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2427 ഓഹരികൾ കയറിയപ്പോൾ 1786 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1924 എണ്ണം ഉയർന്നു, 1209 എണ്ണം ഇടിഞ്ഞു. എൻഎസ്ഇയിൽ 83 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 99 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. ആറെണ്ണം അപ്പർ സർകീട്ടിലും മൂന്നെണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച അറ്റവാങ്ങലുകാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 995.21 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 187.04 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി. നിഫ്റ്റി 25,750 നു മുകളിലേക്കു വലിയ ആക്കത്തോടു കൂടി പ്രവേശിച്ചു ക്ലോസ് ചെയ്താൽ മാത്രമേ 26,000 ലക്ഷ്യം വയ്ക്കാൻ സാധിക്കൂ. അതുവരെ സമാഹരണം തുടരും. 25,600 -25,500 മേഖലയിൽ ശക്തമായ പിന്തുണ ഉണ്ട്. 25,610ഉം 25,565ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,760ലും 25,810ലും തടസം ഉണ്ടാകാം.
കമ്പനികൾ, വാർത്തകൾ
ഇൻഫോസിസ് തങ്ങളുടെ എഐ സേവന സ്യൂട്ട് പുറത്തിറക്കി പേര് ഇൻഫോസിസ് ടോപാസ്. ജനറേറ്റീവ് എഐയും ഏജൻ്റിക് എഐയും ഉപയോഗിച്ച് ഇടപാടുകാരുടെ ബിസിനസിന് എഐ കുതിപ്പ് നൽകും എന്ന് സിഇഒ സലിൽ പരീഖ് പറഞ്ഞു. 2030 ഓടെ 30,000 -40,000 കോടി ഡോളർ വരുമാനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഹെക്സാവേർ ടെക്നോളജീസ് തങ്ങളുടെ ഏജൻ്റിക് എഐ സോഫ്റ്റ് വേർ എൻജിനിയറിംഗ് പ്ലാറ്റ്ഫോം ആയ റാപ്പിഡ് എക്സിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കി.
എറ്റേണൽ (സൊമാറ്റോ) ബിസിനസിൽ എഐ ഉപയോഗപ്പെടുത്താൻ ഓപ്പൺ എഐയുമായി സഹകരിച്ചു നീങ്ങുമെന്ന് പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഭറൂച്ചിനു സമീപം നർമദ നദിയിൽ സംരക്ഷണ ഭിത്തി കെട്ടാൻ 702 കോടി രൂപയുടെ കരാർ ദിലീപ് ബിൽഡ് കോണിനു ലഭിക്കും എന്ന് ഉറപ്പായി. സെയിലിൻ്റെ ബേൺപുർ സ്റ്റീൽ പ്ലാൻ്റിൽ ഊർജ നിലയം സ്ഥാപിക്കാൻ ഭാരത് ഹെവി ഇലക്ടിക്കൽസിനു കരാർ ലഭിച്ചു. 1200-1500 കോടി രൂപ വരുന്ന പ്രോജക്ടാണിത്.
സ്വർണവും വെള്ളിയും താഴോട്ടു യാത്ര തുടരുകയാണ്. ജനുവരി അവസാനത്തിലെ പതനത്തിൽ നിന്ന് തിരികെ കയറാനുള്ള ശ്രമം വിജയിച്ചില്ല. ഇന്നലെ സ്വർണം 2.3 ഉം വെള്ളി 4.1 ഉം ശതമാനം ഇടിഞ്ഞു. ഇന്നു രാവിലെ വില കുറഞ്ഞിട്ടു തിരിച്ചു കയറി. സ്വർണം ഇന്നലെ ഇടിഞ്ഞ് 4841 ഡോളർ വരെ എത്തിയ ശേഷം ഔൺസിന് 4879 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4860 വരെ താഴ്ന്നിട്ടു കയറി 4892 ഡോളറിൽ എത്തി. വീണ്ടും താഴ്‌ന്നു.
വെള്ളി ആറു ശതമാനം താഴ്ന്ന് 71.80 വരെ എത്തിയിട്ട് ഔൺസിന് 73.66 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 73.56 ലാണു വെള്ളി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 1640 രൂപ ഇടിഞ്ഞ് 1,13,080 രൂപയിൽ ക്ലോസ് ചെയ്തു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,51,800 രൂപയിൽ ക്ലോസ് ചെയ്തു. ചൊവ്വാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,30,240 രൂപയിൽ അവസാനിച്ചു. പ്ലാറ്റിനം 2025 ഉം പല്ലാഡിയം 1676 ഉം റോഡിയം 10,450 ഉം ഡോളറിലാണ്.
കേന്ദ്ര ബാങ്കുകളുടെ വാങ്ങലും രാജ്യാന്തര ബന്ധങ്ങളിലെ ഉലച്ചിലും സ്വർണത്തെ ഇനിയും ഉയർത്തുമെന്ന് ജെപി മോർഗൻ വെൽത്ത് മാനേജ്മെൻ്റിലെ സ്ട്രാറ്റജിസ്റ്റ് കൃതി ഗുപ്ത അഭിപ്രായപ്പെട്ടു. അഞ്ചു വർഷം കൊണ്ടു 170 ശതമാനം കയറിയ സ്വർണത്തിനും വലിയ കുതിപ്പ് നടത്തിയ വെള്ളിക്കും ഇനിയും നേട്ടം ഉണ്ടാക്കാൻ പറ്റും എന്ന് അവർ പറഞ്ഞു. സ്വിസ് ബാങ്ക് യുബിഎസിൻ്റെ വെൽത്ത് മാനേജ്മെൻ്റ് വിഭാഗത്തിലെ ഡൊമിനിക് ഷ്നീഡർ സ്വർണം ഈ ജൂണിൽ ഔൺസിന് 6200 ഡോളറിൽ എത്തുമെന്നു പ്രവചിച്ചു.
വ്യാവസായിക ലോഹങ്ങളെല്ലാം ചൊവ്വാഴ്ച ഇടിഞ്ഞു. ചെമ്പ് 1.54 ശതമാനം താഴ്ന്ന് ടണ്ണിനു 12,560.35 ഡോളറിൽ എത്തി. അലൂമിനിയം 1.19 ശതമാനം വീണ് ടണ്ണിന് 3039.35 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും ലെഡും താഴ്ചയിലായി.
റബർ രാജ്യാന്തര വിപണിയിൽ മാറ്റമില്ലാതെ കിലോഗ്രാമിന് 192.50 സെൻ്റിൽ തുടർന്നു. കൊക്കോ 4.97 ശതമാനം ഇടിഞ്ഞു ടണ്ണിനു 3500 ഡോളറിൽ എത്തി. വ്യാപാരത്തിനിടെ 3450 ഡോളർ വരെ താഴ്ന്നിരുന്നു. 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന വിലയാണിത്. 2024 -ൽ ടണ്ണിനു 12,000 ഡോളറിനു മുകളിൽ എത്തിയതാണു കൊക്കോ. കാപ്പി 4.21 ശതമാനം ഇടിഞ്ഞു. തേയില വില മാറ്റമില്ല. പാം ഓയിൽ ടണ്ണിനു 4001 മലേഷ്യൻ റിംഗിറ്റിൽ തുടർന്നു.
ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 97.16 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.13 ലേക്കു താഴ്‌ന്നു. യൂറോ 1.1846 ഡോളറിലേക്കും പൗണ്ട് 1.356 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 153.21 യെൻ എന്ന നിലയിലേക്കും സ്വിസ് ഫ്രാങ്ക് 0.7701 ഡോളറിലേക്കും കയറി. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.056 ശതമാനമായി ഉയർന്നു.
ചൊവ്വാഴ്ചയും രൂപ ദുർബലമായി. ഡോളർ രണ്ടു പൈസ കൂടി 90.67 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.63 രൂപയിലാണ്. ചൈനീസ് യുവാൻ 13.12 രൂപയിലേക്കു താഴ്ന്നു.
അമേരിക്ക -ഇറാൻ രണ്ടാം വട്ട ചർച്ചയിൽ പുരോഗതി ഉണ്ടെന്ന ഇറാൻ്റെ പ്രസ്താവനയെ തുടർന്ന് ക്രൂഡ് ഓയിൽ വില താഴ്‌ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച ബാരലിന് 67.42 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 62.33 ഉം യുഎഇയുടെ മർബൻ 67.86 ഉം ഡോളറിലാണ്. പ്രകൃതിവാതകവില കയറി 3.03 ഡോളറിൽ എത്തി.
ക്രിപ്റ്റോ കറൻസികൾ ചൊവ്വാഴ്ചയും താഴ്ന്നു. ബിറ്റ്കോയിൻ 67,100 ഡോളറിനു താഴെ എത്തി. ഈഥർ 1975 ഡോളറിനും സൊലാന 85 ഡോളറിനും താഴെ നിൽക്കുന്നു.
(2026 ഫെബ്രുവരി 17, ചൊവ്വ)
സെൻസെക്സ് 83,450.96 +0.21%
നിഫ്റ്റി50 25,725.40 +0.17%
ബാങ്ക് നിഫ്റ്റി 61,174.00 +0.37%
മിഡ്ക്യാപ്100 59,881.70 +0.27%
സ്മോൾക്യാപ്100 17,050.90 +0.11%
ഡൗ ജോൺസ് 49,533.19 +0.07%
എസ് ആൻഡ് പി 6843.22 +0.10%
നാസ്ഡാക് 22,578.38 +0.14%
ഡോളർ ₹90.67 +₹0.02
സ്വർണം(ഔൺസ്) $4879.00 -$115.20
സ്വർണം (പവൻ) ₹1,13,080 -₹ 1640
ക്രൂഡ്ഓയിൽബ്രെൻ്റ് $67.42 -$1.23
Read DhanamOnline in English
Subscribe to Dhanam Magazine