ഇന്ത്യക്ക് ട്രംപിന്റെ തീരുവ രണ്ട് നിരക്കിലെന്ന് സൂചന; ചെറിയ ആശ്വാസം മാത്രം; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ക്രൂഡ് ഓയിൽ ഉയർന്നു
അമേരിക്കയുമായുള്ള വ്യാപാര ചർച്ച ഇന്ത്യക്ക് അത്ര തൃപ്തികരമല്ലാത്ത ഇടക്കാല കരാറിലേക്കാകും നയിക്കുക എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിപണിയുടെ പ്രതീക്ഷകൾക്ക് ഇണങ്ങുന്നതാവില്ല കരാർ. അത് ഇന്നു വിപണി മനോഭാവത്തെ ബാധിക്കാം.
യൂറോപ്യൻ, അമേരിക്കൻ വിപണികൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. അമേരിക്കൻ ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്.
ഇന്ത്യക്ക് രണ്ടു നിരക്കിൽ തീരുവ ചുമത്തുന്ന കരാർ അമേരിക്കയുമായി ഉണ്ടാക്കാൻ കഴിയും എന്നാണ് ഗവണ്മെൻ്റ് വക്താക്കൾ നൽകുന്ന സൂചന. വസ്ത്രങ്ങൾ, രത്ന - സ്വർണ ആഭരണങ്ങൾ, പാദരക്ഷകൾ അടക്കം തുകൽ ഉൽപന്നങ്ങൾ തുടങ്ങി കൂടുതൽ തൊഴിലാളികൾ ആവശ്യമുള്ള ഉൽപന്നങ്ങൾക്കു പത്തും മറ്റുള്ളവയ്ക്ക് 15 ഉം ശതമാനം തീരുവ എന്ന ഫോർമുലയാണു വക്താക്കൾ പറയുന്നത്. വിയറ്റ്നാമിനും (20 ശതമാനം) ഇന്തോനീഷ്യക്കും (19%) ഉള്ള തീരുവയേക്കാൾ ഇതു ഗണ്യമായി കുറവാണ്.
ക്ഷീരോൽപന്നങ്ങളും ജനിതകമാറ്റം വരുത്തിയ കാർഷികോൽപന്നങ്ങളും സംബന്ധിച്ച് വിശാല ഉടമ്പടി ഉണ്ടാക്കുമ്പോൾ ചർച്ച ആകാമെന്നാണ് ഇന്ത്യ നിർദ്ദേശിച്ചത് എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനിതകമാറ്റം വരുത്താത്തത് എന്ന സർട്ടിഫിക്കറ്റ് ഉള്ള ധാന്യങ്ങളും കാലിത്തീറ്റയ്ക്കു വേണ്ട ധാന്യങ്ങളും ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയാറായേക്കും. അമേരിക്കൻ ഉൽപന്നങ്ങൾക്ക് എത്ര ശതമാനം തീരുവ എന്നു റിപ്പോർട്ടുകളിൽ പറയുന്നില്ല.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കു സാധ്യമായത് വിട്ടുവീഴ്ചകളാടു കൂടിയ ഇത്തരം കരാർ ആണെന്നു ഗവണ്മെൻ്റ് കരുതുന്നു. ചെറുത്തു നിന്നാൽ ഈ ഇളവുകൾ പോലും ലഭിക്കാതെ വരും എന്നാണ് ആശങ്ക.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,216 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,184 ലേക്കു താഴ്ന്നിട്ട് അൽപം കയറി. വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ നാലു ദിവസത്തെ ഇടിവിനു ശേഷം വ്യാഴാഴ്ച മികച്ച നേട്ടം ഉണ്ടാക്കി. കമ്പനി റിസൽട്ടുകൾ പ്രതീക്ഷയിലും മെച്ചമായതാണു കാരണം. സ്വിസ് ഫാർമ ഭീമൻ നൊവാർട്ടിസ് അറ്റാദായം 26 ശതമാനം വർധിച്ചു. കമ്പനി ഓഹരികൾ തിരിച്ചു വാങ്ങാൻ 1000 കോടി ഡോളർ നീക്കി വച്ചു.
അമേരിക്കൻ വിപണികൾ ഇന്നലെ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നല്ല നേട്ടത്തോടെ അവസാനിച്ചു. ഫെഡ് ചെയർമാനെ ഡിസ്മിസ് ചെയ്യില്ല എന്നു പ്രസിഡൻ്റ് ട്രംപ് ആവർത്തിച്ചു. കമ്പനിഫലങ്ങൾ പ്രതീക്ഷയിലും മികച്ചതായി. സാമ്പത്തിക രംഗം ഉന്മേഷകരമാണെന്നു പുതിയ കണക്കുകൾ സ്ഥാപിച്ചു. തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകൾ കുറഞ്ഞതും റീട്ടെയിൽ വ്യാപാരം 0.2 ശതമാനം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്ത് 0.6 ശതമാനം വളർന്നതും വോൾ സ്ട്രീറ്റിനെ സഹായിച്ചു. എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. പെപ്സികോയും യുനൈറ്റഡ് എയർലൈൻസും പ്രതീക്ഷ മറി കടന്ന നേട്ടത്തോടെ റിസൽട്ട് പ്രസിദ്ധീകരിച്ചു. നെറ്റ്ഫ്ലിക്സ് ലാഭം പ്രതീക്ഷയിലും മെച്ചമായെങ്കിലും വരുമാനം കുറവായി. ഓഹരി താഴ്ന്നു.
ഡൗ ജോൺസ് സൂചിക ഇന്നലെ 229.71 പോയിൻ്റ് (0.5 2%) ഉയർന്ന് 44,484.49 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 33.66 പോയിൻ്റ് (0.54%) നേട്ടത്തോടെ6297.36 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 155.16 പോയിൻ്റ് (0.75%) കയറി 20,885.65 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാൻ സൂചികകൾ താഴ്ന്നു. ദക്ഷിണ കൊറിയയിലും വിപണി ഇടിവിലാണ്. ഓസ്ട്രേലിയൻ വിപണി റെക്കോർഡ് ഉയരത്തിലായി. ഹോങ് കോങ്, ചൈനീസ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി
നഷ്ടത്തിൽ ഇന്ത്യൻ വിപണി
രണ്ടു ദിവസം ഉയർന്ന ശേഷം ഇന്ത്യൻ വിപണി ഇന്നലെ താഴ്ചയിലായി. പ്രതീക്ഷിച്ച നല്ല വാർത്തകൾ ഉണ്ടായില്ല. ഐടിയിൽ അടക്കം കമ്പനികളുടെ ലാഭവർധന കുറവായി. ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എളുപ്പമല്ലെന്ന സൂചനകളും വിപണിയെ താഴ്ത്തി. രൂപ ഇടിഞ്ഞതും പ്രതിവാര എഫ് ആൻഡ് ഒ സെറ്റിൽമെൻ്റ് ദിവസം ആയിരുന്നതും വിപണിയെ ദുർബലമാക്കി.
ഒന്നാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിച്ച 97 കമ്പനികളെ വിശകലനം ചെയ്തപ്പോൾ വരുമാന, ലാഭവർധനകൾ ഇടിഞ്ഞെന്നു കാണിച്ചു. കമ്പനികളുടെ വരുമാന വർധന 8.3% ൽ നിന്ന് 4.8% ആയി കുറഞ്ഞു. അറ്റാദായ വർധന 17.3% ൽ നിന്ന് 2.7% ആയി ഇടിഞ്ഞു.
ഐടി മേഖല അടുത്ത ഒന്നോ രണ്ടോ പാദം കൂടി മോശമാകുമെന്നാണ് അനാലിസ്റ്റുകൾ കരുതുന്നത്. ഈ വിലയിരുത്തൽ ഇന്നലെ ഐടി മേഖലയെ 1.39 ശതമാനം താഴ്ത്തി.
പ്രതിരോധ മേഖലയും പൊതുമേഖലാ ബാങ്കുകളും ഇന്നലെ താഴ്ചയിലായി. റിയൽറ്റിയും ലോഹങ്ങളും ഉയർന്നു.
വിദേശനിക്ഷേപകർ ഇന്നലെയും ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഈ ആഴ്ചകളിൽ ചൈനയിലേക്കാണു നീങ്ങുന്നത്. പ്രസിഡൻ്റ് ട്രംപ് ഈ വർഷം തന്നെ ചെെനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും എന്ന റിപ്പോർട്ടുകൾ ആണ് നിക്ഷേപകരെ അങ്ങോട്ടു തിരിക്കുന്നത്.
രാവിലെ നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി താഴോട്ടു നീങ്ങിയ വിപണി ഉയരാൻ നടത്തിയ ശ്രമങ്ങൾ പാഴായി. ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് അൽപം മാത്രം ഉയർന്നാണു ക്ലോസ് ചെയ്തത്.
നിഫ്റ്റി വ്യാഴാഴ്ച 100.60 പോയിൻ്റ് (0.40%) താഴ്ന്ന് 25,111.45 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 375.24 പോയിൻ്റ് (0.45%) ഇടിവോടെ 82,259.24 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 340.15 പോയിൻ്റ് (0.59%) താഴ്ന്ന് 56,828.80 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 101.55 പോയിൻ്റ് (0.17%) നഷ്ടത്തോടെ 59,519.10 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 22.75 പോയിൻ്റ് (0.12%) കുറഞ്ഞ് 19,117.30 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1957 ഓഹരികൾ ഉയർന്നപ്പോൾ 2085 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1432 എണ്ണം. താഴ്ന്നത് 1502 ഓഹരികൾ.
എൻഎസ്ഇയിൽ 70 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 19 എണ്ണമാണ്. 89 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 40 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 3694.31 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2820.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇന്നലെ 25,100 നു മുകളിൽ ക്ലോസ് ചെയ്തതു മാത്രമാണു നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന ഘടകം. വിപണി ചെറിയ കയറ്റിറക്കങ്ങളോടെ സമാഹരണം തുടരും എന്ന് കരുതപ്പെടുന്നു.
ഇന്നു നിഫ്റ്റിക്ക് 25,100 ഉം 25,015 ഉം പിന്തുണയാകും. 25,200 ലും 25,290 ലും തടസം ഉണ്ടാകാം.
കമ്പനികൾ, വാർത്തകൾ
എസ്ബിഐ 25,000 കോടി രൂപയുടെ മെഗാ ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ്) ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ ഓഫർ ലഭിച്ചു. 811.05 രൂപയാണു തറവില.
ആക്സിസ് ബാങ്കിൻ്റെ വായ്പകൾ പലതും പ്രശ്ന വായ്പകൾ ആയതു ബാങ്കിൻ്റെ ഒന്നാം പാദ ലാഭം നാലു ശതമാനം കുറച്ചു. 2709 കോടി രൂപയുടെ പ്രശ്നവായ്പകൾ വന്നപ്പോൾ ബാങ്ക് നടത്തേണ്ട വകയിരുത്തൽ 3948 കോടി രൂപയായി. മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 1.57ഉം അറ്റ നിഷ്ക്രിയ ആസ്തി 0.45 ഉം ശതമാനമായി.
ഒന്നാം പാദത്തിൽ വിപ്രോയുടെ വരുമാനം 2.3 ശതമാനം കുറഞ്ഞു. അറ്റാദായം 10 ശതമാനം കൂടി. ലാഭമാർജിൻ 17.3 ശതമാനമായി താഴ്ന്നു. അടുത്ത പാദത്തിലേക്ക് ദുർബല വളർച്ചയാണ് പ്രതീക്ഷ.
എൽ ആൻഡ് ടി മൈൻഡ് ട്രീ സ്ഥിരകറൻസിയിൽ വരുമാനം 4.4 ശതമാനം വർധിപ്പിച്ചു.
പലിശവരുമാനത്തിലെ വർധന ജിയാേ ഫിനാൻഷ്യലിൻ്റെ അറ്റാദായം നാലു ശതമാനം കൂട്ടി.
സ്വർണം ചാഞ്ചാടുന്നു
സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. വില 3309 ഡോളർ മുതൽ 3347 ഡോളർ വരെ ഇറങ്ങിക്കയറി. ഔൺസിന് 3340.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3342 ഡോളറിലേക്കു കയറി.
കേരളത്തിൽ വ്യാഴാഴ്ച പവനു 40 രൂപ കൂടി 72,840 രൂപയായി.
വെള്ളിവില ഔൺസിന് 38.02 ഡോളറിലേക്ക് കയറി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായിരുന്നു.. ചെമ്പ് 0.24 ശതമാനം ഉയർന്നു ടണ്ണിന് 9585.15 ഡോളറിൽ എത്തി. അലൂമിനിയം 0.11 ശതമാനം ഇടിവോടെ 2577.07 ഡോളർ ആയി. നിക്കലും ലെഡും ഇടിഞ്ഞു. സിങ്കും ടിന്നും ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.72 ശതമാനം കയറി 167.30 സെൻ്റിൽ എത്തി. കൊക്കോ 3.80 ശതമാനം താഴ്ന്നു ടണ്ണിന് 7349 ഡോളർ ആയി. കാപ്പിയും തേയിലയും താഴ്ന്നു. പാം ഓയിൽ വില 1.90 ശതമാനം ഉയർന്നു.
ഡോളർ കയറിയിറങ്ങി
യുഎസ് ഡോളർ സൂചിക ഇന്നലെ ഉയർന്ന് 98.73 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.45 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ യൂറോ 1.1622 ഡോളറിലേക്കും പൗണ്ട് 1.3429 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 148.53 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി. അവയിലെ നിക്ഷേപനേട്ടം 4.447 ശതമാനത്തിലേക്ക് താഴ്ന്നു.
രൂപ വ്യാഴാഴ്ച ഇടിവിലായി. റിസർവ് ബാങ്ക് ഇടപെട്ടിട്ടും ഡോളർ 14 പൈസ കയറി 86.08 രൂപയിൽ ക്ലോസ് ചെയ്തു. രാവിലെ 85.93 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരത്തിനിടെ ഡോളർ 86 രൂപ കടന്നിട്ടുണ്ടെങ്കിലും ക്ലോസിംഗിൽ 86 നു താഴെ ആയിരുന്നു
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ ഉയർന്നു
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതാണു കാരണം. ഇസ്രയേൽ-സിറിയ പോരാട്ടം തീർക്കാൻ അമേരിക്ക ഇടപ്പെടുന്നുണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 69.59 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 67.62 ഡോളറിലും മർബൻ ക്രൂഡ് 70.85 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ 1,20,500ലേക്കു കയറി. ഈഥർ 3600 ഡോളറിലേക്ക് ഉയർന്നു.
വിപണിസൂചനകൾ
(2025 ജൂലൈ 17, വ്യാഴം)
സെൻസെക്സ്30 82,259.24 -0.45%
നിഫ്റ്റി50 25,111.45 -0.40%
ബാങ്ക് നിഫ്റ്റി 56,828.80 -0.59%
മിഡ് ക്യാപ്100 59,519.10 -0.17%
സ്മോൾക്യാപ്100 19,117. 30 -0.12%
ഡൗജോൺസ് 44,484.78 +0.52%
എസ്ആൻഡ്പി 6297.36 +0.54%
നാസ്ഡാക് 20,885.70 +0.75%
ഡോളർ($) ₹86.08 +₹0.14
സ്വർണം(ഔൺസ്) $3340.30 -$07.60
സ്വർണം(പവൻ) ₹72,840 +₹40
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.65 -$1.13
Read DhanamOnline in English
Subscribe to Dhanam Magazine

