യുദ്ധം നീങ്ങുന്നത് എങ്ങോട്ട്?, നിക്ഷേപകര്‍ ജാഗ്രതയില്‍; ഏഷ്യന്‍ വിപണിക്ക് മോശം തുടക്കം; സ്വര്‍ണവും ക്രൂഡും ചാഞ്ചാടുന്നു

പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകും എന്ന സൂചന യുഎസ് വിപണിയെ താഴ്ത്തി; ഡോളർ കയറുന്നു
Morning business news
Morning business newsCamva
Published on

പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകും എന്ന സൂചന ഇന്നലെ യുഎസ് വിപണിയെ താഴ്ത്തി. ഇറാൻ്റെ ഭൂഗർഭ ആണവനിലയങ്ങൾ തകർക്കാനുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിക്കാനാകും അമേരിക്ക ആദ്യം മുതിരുക എന്നു കരുതപ്പെടുന്നു. യുഎസ് ഇടപെടൽ ഇറാനിൽ ഭരണകൂടത്തെ മാറ്റാനും കാരണമായേക്കാം.

 മാറിയ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 77 ഡോളറിലേക്കു കയറി. സ്വർണം ഔൺസിനു 3400 ഡോളറിനു സമീപം എത്തി. ഡോളർ ഉയർന്നു. പിന്നീട് ഇവയെല്ലാം താഴ്ന്നു. 

യൂറോ അടക്കമുള്ള കറൻസികൾ താഴ്ന്നിട്ടു കയറി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിൽ തുടങ്ങിയിട്ടു കയറി. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് കയറുകയാണ്. ഇന്ത്യൻ വിപണി ഇന്നു താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്.

ഇറാൻ്റെ പരമോന്നത നേതാവിനെയും തങ്ങൾ ലക്ഷ്യമിടാം എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാൻ്റെ നിരുപാധിക കീഴടങ്ങൽ ആണു ലക്ഷ്യം എന്നു ട്രംപ് വ്യക്തമാക്കി. ജി- 7 ഉച്ചകാേടി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,802.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,790 ലേക്കു താഴ്ന്നിട്ട് 24,840ലേക്കു കയറി. വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഇടിഞ്ഞു. അമേരിക്കൻ നികുതി ബില്ലിൽ സൗര, കാറ്റാടി ഊർജ ഉൽപാദനത്തിനു സബ്സിഡി കുറയ്ക്കാൻ നിർദ്ദേശമുളളത് ആ മേഖലയിലെ കമ്പനികളെ താഴ്ത്തി.

ഇസ്രയേൽ - ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇടപ്പെടും എന്ന സൂചന യുഎസ് വിപണിയെ നഷ്ടത്തിലാക്കി. മേയിലെ യുഎസ് റീട്ടെയിൽ വിൽപന 0.9 ശതമാനം കുറഞ്ഞു. 0.6 ശതമാനം കുറവാണു പ്രതീക്ഷിച്ചത്. ഉപഭോക്താക്കൾ പണം ചെലവാക്കാൻ മടിക്കുന്നത് സാമ്പത്തികരംഗം മന്ദീഭവിക്കുന്നതിൻ്റെ സൂചനയായി പലരും കാണുന്നു.

യുഎസ് ഫെഡറൽ റിസർവ് ഇന്നു പലിശനിരക്ക് കുറയ്ക്കുകയില്ല എന്നു വിപണി കരുതുന്നു. എന്നാൽ സെപ്റ്റംബറിൽ കുറയ്ക്കും എന്ന സൂചന നൽകുമെന്നാണ് പ്രതീക്ഷ. അതിൽ മാറ്റം വന്നാൽ വിപണി വീണ്ടും താഴാം.

ഡൗ ജോൺസ് സൂചിക ഇന്നലെ  299.29 പോയിൻ്റ് (0.70%) താഴ്ന്ന് 42,215.80 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 50.39 പോയിൻ്റ് (0.84%) നഷ്ടത്തോടെ 5982.72 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 180.12 പോയിൻ്റ് (0.91%) കുറഞ്ഞ് 19,521.10 ൽ എത്തി.

ടെസ്‌ലയും ആപ്പിളും അടക്കം മാഗ്നിഫിസൻ്റ് സെവൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖ ടെക് ഓഹരികൾ ഇന്നലെ നാലു ശതമാനം വരെ താഴ്ന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.09 ഉം  നാസ്ഡാക് 0.14 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ താഴ്ന്നു. ജപ്പാനിൽ നിക്കൈ 0.20 ശതമാനം താഴ്ന്നിട്ടു 0.40 ശതമാനം നേട്ടത്തിലേക്കു കയറി. ഹോങ് കോങ് സൂചികകൾ താഴ്ന്നു. ചൈനീസ് സൂചികകൾ ഉയർന്നു.

ഇന്ത്യൻ വിപണി താഴ്ചയിൽ

പശ്ചിമേഷ്യൻ യുദ്ധത്തിൽ പ്രതീക്ഷിച്ച  ശമനം വരാത്തത് ചൊവ്വാഴ്ച ഇന്ത്യൻ വിപണിയെ താഴ്ത്തി. ഐടി ഒഴികെ എല്ലാ മേഖലകളും ഇടിഞ്ഞു. ഔഷധ ഇറക്കുമതിക്കു താമസിയാതെ ചുങ്കം പ്രഖ്യാപിക്കും എന്നു ട്രംപ് പറഞ്ഞതിനെ തുടർന്ന് ഫാർമസ്യൂട്ടിക്കൽ ഓഹരിസൂചിക 1.9 ശതമാനം താഴ്ന്നു. ഹെൽത്ത് കെയർ, മെറ്റൽ ഓഹരികളും വലിയ താഴ്ചയിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകളേക്കാൾ ഇടിഞ്ഞു.

നിഫ്റ്റി 93.10  പോയിൻ്റ് (0.37%) താഴ്ന്ന് 24,853.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 212.85 പോയിൻ്റ് (0.26%) കുറഞ്ഞ് 81,583.30 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 230.75 പോയിൻ്റ് (0.41%) താഴ്ന്ന് 55,714.15 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 382.90 പോയിൻ്റ് (0.66 ശതമാനം) നഷ്ടത്തോടെ 58,379.30 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 128.85 പോയിൻ്റ് (0.69 ശതമാനം) ഇടിഞ്ഞ് 18,420.35 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1447 ഓഹരികൾ ഉയർന്നപ്പോൾ 2540 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 938 എണ്ണം. താഴ്ന്നത് 1946 ഓഹരികൾ.

എൻഎസ്ഇയിൽ 57 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 25 എണ്ണമാണ്. 91 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 70 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 1616.19 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 7796.57 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

യുദ്ധത്തിൻ്റെ അവസ്ഥയും പുരോഗതിയും ക്രൂഡ് ഓയിൽ വിലയും ആണ് ഈ ദിവസങ്ങളിൽ നിഫ്റ്റി അടക്കുമുള്ള സൂചികകളുടെ നീക്കത്തെ നിർണയിക്കുക. നിഫ്റ്റിക്ക് 24,700 ലെ പിന്തുണ ഇന്നു നിലനിർത്താനായില്ലെങ്കിൽ 24,500 നു താഴേക്കുള്ള പതനം പ്രതീക്ഷിക്കേണ്ടി വരും. ഇന്നു  നിഫ്റ്റിക്ക് 24,815 ഉം 24,715 ഉം പിന്തുണയാകും. 24,950 ലും 25,050 ലും തടസം ഉണ്ടാകാം.

സ്വർണം ചാഞ്ചാടുന്നു

പശ്ചിമേഷ്യൻ യുദ്ധം സ്വർണവിലയെ ചാഞ്ചാട്ടത്തിലാക്കി. സ്വർണം ഇന്നലെ ഓൺസിനു 3404 ഡോളർ വരെ ഉയർന്നിട്ട് 3364 വരെ താഴ്ന്നു. ഇന്നു  രാവിലെ വില കയറിയിറങ്ങിയിട്ടു 3380 ഡോളറിൽ നിൽക്കുന്നു. 

കേരളത്തിൽ ഇന്നലെ സ്വർണം പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയായി.

സ്വർണം താഴ്ന്നപ്പോഴും വെള്ളിവില റെക്കോർഡ് കുതിപ്പിലായി. ഇന്നലെ  ഔൺസിന് 37.31 ഡോളർ വരെ എത്തിയ വെള്ളി ഇന്ന് 37.12 ഡോളറിലാണ്. വ്യാവസായിക ഉപയോഗം വർധിക്കുന്നതും ഉൽപാദനം ആവശ്യത്തിലും കുറവായിരിക്കുന്നതുമാണ് വിലക്കയറ്റത്തിനു പിന്നിൽ. താമസിയാതെ 40 ഡോളറിലേക്കു വെള്ളി കയറും എന്നാണു വിപണിയിലെ ബുള്ളുകൾ പറയുന്നത്.

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി.  ചെമ്പ് 0.86 ശതമാനം കയറി ടണ്ണിന് 9820.40 ഡോളറിൽ എത്തി. അലൂമിനിയം 1.32 ശതമാനം ഉയർന്ന് 2547.13 ഡോളർ ആയി. നിക്കൽ, ലെഡ്, ടിൻ, സിങ്ക് എന്നിവ താഴ്ന്നു.

  റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.37 ശതമാനം ഉയർന്ന് 163.00 സെൻ്റ് ആയി. കൊക്കോ 1.58 ശതമാനം താഴ്ന്ന് ടണ്ണിന് 9940.09 ഡോളറിൽ എത്തി. കാപ്പി 2.96 ശതമാനം താഴ്ന്നപ്പോൾ തേയില ഉയർന്ന നില തുടർന്നു. 

ഡോളർ കയറ്റത്തിൽ 

യുഎസ് ഡോളർ ഇന്നലെ കയറ്റത്തിലായി. ഡോളർ സൂചിക 98.82 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 98.73 ആയി. കറൻസി വിപണിയിൽ ഡോളർ ശക്തമായി. യൂറോ 1.149 ഡോളറിലും പൗണ്ട് 1.34 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 145.27 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കയറി. അവയിലെ നിക്ഷേപനേട്ടം 4.40 ശതമാനത്തിലേക്കു താഴ്ന്നു. ചൊവ്വാഴ്ച രൂപ ഇടിവിലായി. ഡോളർ 17 പൈസ കയറി 86.24 രൂപയിൽ ക്ലോസ് ചെയ്തു. ചൈനയുടെ കറൻസി ഒരു ഡോളറിന്  7.19 യുവാൻ എന്ന നിലയിലേക്കു  താഴ്ന്നു.

ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

പശ്ചിമേഷ്യൻ യുദ്ധഗതി ക്രൂഡ് ഓയിലിനെ ഉയർത്തി. അമേരിക്കൻ ഇടപെടലിൻ്റെ സാധ്യത വർധിച്ചതോടെ അഞ്ചര ശതമാനം കുതിച്ച് 77 ഡോളറിനു മുകളിലായി ബ്രെൻ്റ് ഇനം ക്രൂഡ്. പിന്നീട് വില താഴ്ന്നു.  ഇന്നു  രാവിലെ വില 76.50 ഡോളറിലാണ് ഡബ്ല്യുടിഐ ഇനം 74.95 ഡോളറിലും  മർബൻ ക്രൂഡ് 76.26 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില ഒരു ശതമാനം കൂടി.

ക്രിപ്റ്റോ കറൻസികൾ ഇടിഞ്ഞു. ബിറ്റ് കോയിൻ 1,04,800 ഡോളറിനു താഴെയാണ്. ഈഥർ 2525 ഡോളറിൽ എത്തി.  


 വിപണിസൂചനകൾ

(2025 ജൂൺ 17, ചൊവ്വ)

സെൻസെക്സ്30  81,583.30     -0.26%

നിഫ്റ്റി50       24,853.40          -0.37%

ബാങ്ക് നിഫ്റ്റി   55,714.15       -0.41%

മിഡ് ക്യാപ്100   58,379.30     -0.66%

'സ്മോൾക്യാപ്100  18,420.35    -0.69%

ഡൗജോൺസ്   42,215.80      -0.70%

എസ്ആൻഡ്പി  5982.72      -0.84%

നാസ്ഡാക്      19,521.10       -0.91%

ഡോളർ($)     ₹86.24         +₹0.17

സ്വർണം(ഔൺസ്) $3389.61    +$03.74

സ്വർണം(പവൻ)       ₹73,600      -₹840

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $76.45   +$3.95

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com