

അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം വിപണികളെ താഴ്‌ത്തി. എന്നാൽ ഇന്നു യു.എസ് ഫ്യൂച്ചേഴ്സ് മികച്ച നേട്ടത്തിലാണ്. കുത്തനേ ഇടിഞ്ഞ സ്വർണവില തിരിച്ചു കയറി. ഡോളർ സൂചിക 100 നു മുകളിൽ എത്തി. ഇന്നലെ ഉയർന്ന ക്രൂഡ് ഓയിൽ വില ഇന്നു വീണ്ടും താഴ്ന്നു. അമേരിക്കൻ, ഇറാനിയൻ പ്രസിഡൻ്റുമാർ സമാധാന കരാറിൻ്റെ കടലാസിൽ ഒപ്പിട്ടതാണു പുതിയ സംഭവവികാസം.
പ്രധാന ഏഷ്യൻ വിപണികൾ ഇന്നു നല്ല മുന്നേറ്റത്തിലാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,945.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,101വരെ കയറിയിട്ട് താഴ്ന്നു. ഇന്നു വിപണി ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 17 ദിവസം കൊണ്ടു 38 ശതമാനം കുറവായെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ 68 ശതമാനം സ്ഥലത്തും മഴക്കുറവ് 20 ശതമാനത്തിലധികമായി. മുൻകാലത്തെ അപേക്ഷിച്ചു ജൂണിലെ മഴക്കുറവ് വളരെ കൂടുതലാണ്. രാജസ്ഥാനിലും ഹരിയാനയിലും വളരെ അധികം മഴ ലഭിച്ചെങ്കിലും പ്രധാനപ്പെട്ട കാർഷിക മേഖലകളിൽ 27 മുതൽ 84 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. മഴ മെച്ചപ്പെടുന്ന സൂചനയും ഇല്ല. ശക്തമായ എൽ നിനോ പ്രതിഭാസം രൂപം കൊണ്ടത് മഴക്കുറവ് പ്രതീക്ഷയേക്കാൾ വളരെക്കൂടുതൽ ആക്കും എന്നാണു ഭീതി. കാർഷികോൽപാദനത്തിൽ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും.
അമേരിക്കൻ ഫെഡറൽ റിസർവും അതിൻ്റെ പുതിയ ചെയർമാൻ കെവിൻ വാർഷും ഇന്നലെ വിപണികൾക്കു വലിയ ആഘാതം ഏൽപിച്ചു. പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. എന്നു മാത്രമല്ല ഈ വർഷം ഒരു തവണയെങ്കിലും നിരക്ക് കൂട്ടും എന്ന സൂചനയും നൽകി. ഫെഡ് ഫണ്ട് റേറ്റ് വർഷാന്ത്യത്തിൽ 3.8 ശതമാനം എന്നാണു പുതിയ സൂചന. നേരത്തേ 3.4 ശതമാനം ആണു സൂചിപ്പിച്ചിരുന്നത്. പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതും എണ്ണവില കുറയുന്നതും പരാമർശിക്കാതെ വില കൂടിനിൽക്കുന്നതു മാത്രമാണ് ഫെഡ് പ്രസ്താവനയിൽ എടുത്തു പറഞ്ഞത്. ഫെഡ് വിലക്കയറ്റത്തിന് പരിഗണിക്കുന്ന വ്യക്തിഗത ഉപഭോഗചെലവ് (പി.സി.ഇ) മാർച്ചിലെ 2.7ൽ നിന്ന് ഡിസംബറിൽ 3.6 ശതമാനം ആകും എന്നു പ്രസ്താവനയിൽ കണക്കാക്കുന്നു.
രാജ്യാന്തര സംഘർഷത്തിലെ അയവ് ഫെഡ് പരിഗണിക്കും എന്നു കരുതിയവർക്കും അടുത്ത യോഗത്തിൽ സാഹചര്യം നോക്കി നിരക്ക് മാറ്റും എന്നു കരുതിയ മറ്റുള്ളവർക്കും അസ്വീകാര്യമായി ഫെഡ് സമീപനം. ഫെഡ് തീരുമാനത്തിനു ശേഷം കടപ്പത്രങ്ങൾക്കു വില കുറഞ്ഞ്, അവയിലെ നിക്ഷേപ നേട്ടം കൂടി. ഓഹരികൾ ഇടിഞ്ഞു. സ്വർണവില താഴോട്ടു പോയി. ഡോളർ ഉയർന്നു.
ചെയർമാൻ വാർഷ്, വിലക്കയറ്റവും നിരക്കുകളും സംബന്ധിച്ച ഡോട്ട് പ്ലോട്ട് സർവേയിൽ പങ്കാളിയായില്ല. ഭാവിയെപ്പറ്റി പറയുന്നതു ശരിയല്ലെന്നാണു വാർഷിൻ്റെ നിലപാട്. ദശകങ്ങളായി ഫെഡ് പ്രസ്താവനകളിലും ഗവർണർമാരുടെ പ്രസംഗങ്ങളിലും നിന്നു ഭാവി അനുമാനിച്ചു പോന്ന വിപണികൾക്ക് ഈ മാറ്റം ഇഷ്ടമായില്ല. പതിവിൻ്റെ മൂന്നിലൊന്നിൽ താഴെ മാത്രം നീളമുള്ള പ്രസ്താവനയാണു ഫെഡ് പുറത്തിറക്കിയത്. ഫെഡ് നടപടിക്രമങ്ങളും മറ്റും പൊളിച്ചെഴുതാൻ ശിപാർശ നൽകുന്നതിന് വാർഷ് കമ്മിറ്റികളെ നിയോഗിച്ചു.
യു.എസ് ഫെഡിൻ്റെ തീരുമാനത്തെ തുടർന്നു യു.എസ് ഓഹരി വിപണികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. മൂന്നു ദിവസം തുടർച്ചയായി ഉയർന്ന സ്പേസ് എക്സ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ് 191.80 ഡോളറിൽ ക്ലോസ് ചെയ്തു. ബുധനാഴ്ച ഡൗ ജോൺസ് സൂചിക 507.12 പോയിൻ്റ് (0.98%) താഴ്‌ന്ന് 51,492.55-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി-500 സൂചിക 91.25 പോയിൻ്റ് (1.21%) നഷ്ടത്തോടെ 7420.10-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 354.69 പോയിൻ്റ് (1.35%) ഇടിഞ്ഞ് 26,021.66-ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് കുതിച്ചു
യു.എസ് ഫ്യൂച്ചേഴ്സ് മികച്ച മുന്നറ്റത്തിലാണ്. ഫെഡ് തീരുമാനത്തിൻ്റെ വിശദമായ വിശകലനം വിപണി പ്രവർത്തകരുടെ ആദ്യ ആശങ്കകൾ കുറച്ചു എന്നാണു സൂചന. ഡൗ ജോൺസ് 315 പോയിൻ്റും (0.61%) എസ് ആൻഡ് പി 65 പോയിൻ്റും (0.87%) നാസ്ഡാക് 410 പോയിൻ്റും (1.38%) നേട്ടത്തോടെ നീങ്ങുന്നു.
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് നിശ്ചിത സമയത്ത് 2.02 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.16 ശതമാനം കയറി 24.80 ഡോളറിലായി. ഐ.സി.ഐ.സി.ഐ ബാങ്ക് വിപണി സമയത്ത് 0.82 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.32 ശതമാനം കയറി 27.98 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.26 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 1.28 ശതമാനം ഉയർന്ന് 11.85 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 4.64 ശതമാനം കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.40 ശതമാനം താഴ്ന്നു 2.47 ഡോളറിൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ ബുധനാഴ്ച ഉയർന്നു. എന്നാൽ ഫ്രഞ്ച് സൂചിക താഴ്ന്നു.
ഏഷ്യ നേട്ടത്തിൽ
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക രണ്ടു ശതമാനം ഉയർന്ന് 71,000 നു മുകളിലെത്തി റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ സൂചിക 0.30 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി 1.25 ശതമാനം കയറി റെക്കോർഡ് തിരുത്തി. ഹോങ് കോങ് 1.3 ശതമാനം താഴ്‌ന്നപ്പോൾ ഷാങ്ഹായ് 0.45 ശതമാനം താഴ്ന്നു.
യുദ്ധവിരാമത്തിൻ്റെ ഫലമായി ഉയർന്ന ഇന്ത്യൻ വിപണി അഞ്ചു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണിമൂല്യം തിരിച്ചു പിടിച്ചു. ഒപ്പം വിപണിമൂല്യത്തിൽ ആറാം സ്ഥാനവും വീണ്ടെടുത്തു. നാലു ദിവസം കൊണ്ടു 4.5 ശതമാനം ഉയർന്ന ഇന്ത്യൻ വിപണി മൂല്യം 5.003 ട്രില്യൺ ഡോളർ (475.1 ട്രില്യൺ രൂപ) ആയി. ദക്ഷിണ കൊറിയ 4.995 ട്രില്യൺ ഡോളറുമായി തൊട്ടു പുറകിൽ ഉണ്ട്. തായ്‌വാൻ 5.156 ട്രില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്.
ഇന്നലെ നിഫ്റ്റി 24,000-നും സെൻസെക്സ് 77,000-നും മുകളിൽ ക്ലോസ് ചെയ്തു. ഇന്ത്യ-യു.എസ് പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രതിരോധച്ചെലവ് വർധിപ്പിക്കുമെന്നും ഉള്ള പ്രതീക്ഷയിൽ പ്രതിരോധ ഓഹരി സൂചിക ഇന്നലെ 3.91 ശതമാനം കുതിച്ചു. പരസ് ഡിഫൻസ് 18.88 ശതമാനം ഉയർന്നു. എം ടാർ, ഗാർഡൻ റീച്ച്, കൊച്ചിൻ ഷിപ്പ്‍യാർഡ്, ഭാരത് ഡൈനമിക്സ്, എച്ച്.എ.എൽ, അസ്‌ത്ര മൈക്രോവേവ് തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം കയറി.
കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ, ഐടി മേഖലകൾ നല്ല നേട്ടം ഉണ്ടാക്കി. ഓഹരിവിൽപനയോ സ്വകാര്യവൽക്കരണമോ നടക്കും എന്ന അഭ്യൂഹത്തിൽ ഐഡിബിഐ ബാങ്ക് 20 ശതമാനത്തോളം ഉയർന്നു. ജെഎൽആർ വിൽപന പ്രതീക്ഷ പോലെ വരില്ല എന്ന സൂചനയിൽ ടാറ്റാ മോട്ടോഴ്സ് പിവി 8.1 ശതമാനം ഇടിഞ്ഞു. മികച്ച വളർച്ചയിൽ ട്രെൻ്റ് 7.25 ശതമാനം കുതിച്ചു.
വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 101.59 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1561.40 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
ബുധനാഴ്ച സെൻസെക്‌സ് 347.14 പോയിൻ്റ് (0.45%) ഉയർന്ന് 77,155.62 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 96.55 പോയിൻ്റ് (0.40%) കയറി 24,085.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 28790 പോയിൻ്റ് (0.50%) നേട്ടത്തോടെ 57,585.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 321.30 പോയിൻ്റ് (0.52%) ഉയർന്ന് 62,123.35 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 145.45 പോയിൻ്റ് (0.79%) കയറി 18,623.20 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2,323 ഓഹരികൾ കയറി, 1,956 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1,912 എണ്ണം ഉയർന്നപ്പോൾ 1,388 എണ്ണം താഴ്ന്നു.
ഫെഡറൽ ബാങ്ക് 323.60 രൂപ എന്ന റെക്കോർഡ് കുറിച്ച ശേഷം 0.50 ശതമാനം നേട്ടത്തോടെ 322.20 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 48.80 രൂപയിൽ റെക്കോർഡ് കുറിച്ച ശേഷം 2.54% കയറി 48.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 0.64 ശതമാനം താഴ്‌ന്ന് 367.00 രൂപയിൽ എത്തി. ധനലക്ഷ്മി ബാങ്ക് 0.86 ശതമാനം ഉയർന്നു 32.70 രൂപയിൽ ക്ലോസ് ചെയ്തു.
വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങി ഏഴു ദിവസം തുടർച്ചയായി ഇടിഞ്ഞ രാജേഷ് എക്സ്പോർട്സ് മൂന്നാം ദിവസവും അഞ്ചു ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തി.
യു.എസ് ഫെഡ് തീരുമാനത്തെ തുടർന്ന് 1.75 ശതമാനം ഇടിഞ്ഞ സ്വർണം ഇന്നു രാവിലെ തിരിച്ചു കയറി. ഇന്നലെ 4,383 ഡോളറിൽ നിന്ന് 4,218 വരെ ഇടിഞ്ഞ സ്വർണം ഔൺസിന് 4,257.90 ഡോളറിൽ ക്ലോസ് ചെയ്തു ഇന്നു രാവിലെ 4,325 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ 200 രൂപ കുറഞ്ഞ് 1,10,800 രൂപ ആയി. വെള്ളിവില ചാഞ്ചാട്ടത്തിനു ശേഷം ഔൺസിന് 69.89 ഡോളറിൽ എത്തി.പ്ലാറ്റിനം 1766 ഡോളർ, പല്ലാഡിയം 13 20 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ലോഹങ്ങൾ ഉയർന്നു
ലെഡ് ഒഴികെ വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഉയർന്നു. ചെമ്പ് 0.39 ശതമാനം നേട്ടത്തോടെ ടണ്ണിനു 13,735.85 ഡോളർ ആയി. അലൂമിനിയം 1.31 ശതമാനം ഉയർന്ന് 3419.16 ൽ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ടിന്നും ഉയർന്നു.
വിദേശത്ത് റബർ വില റെക്കോർഡിൽ നിന്ന് അൽപം താഴ്ന്നു. ബാങ്കോക്കിൽ ആർ.എസ്.എസ് ഒന്ന് ക്വിൻ്റലിന് 326.70 ഡോളറിലും ആർ.എസ്.എസ് മൂന്ന് 323.20 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ് നാല് ഇനം ക്വിൻ്റലിന് 27,600 രൂപ എന്ന റെക്കോർഡിലേക്കു കയറി.
കൊക്കോ വില 0.07 ശതമാനം കൂടി ടണ്ണിന് 4237 ഡോളറിൽ എത്തി. 2026-27 സീസണിൽ എൽ നിനോ മൂലം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം ഗണ്യമായി കുറയും എന്ന് സ്റ്റോണെക്സ് കൺസൾട്ടൻസി കണക്കാക്കുന്നു. യൂറിയയുടെ അന്താരാഷ്ട്ര വില ടണ്ണിനു 360 ഡോളറിൽ എത്തി. ഒരു മാസം കൊണ്ടു വില 37 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ഫെഡ് തീരുമാനത്തെ തുടർന്നു യു.എസ് ഡോളർ നേട്ടത്തിലായി. ഡോളർ സൂചിക ബുധനാഴ്ച 100.09 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 100.28 ലേക്കു കുതിച്ചു. യൂറോ 1.1519 ഡോളറിലേക്കും പൗണ്ട് 1.3315 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.65 യെൻ എന്ന നില വരെ താണു. ചൈനീസ് യുവാൻ ഡോളറിന് 6.76 യുവാൻ എന്ന നിലയിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.463 ശതമാനമായി കയറി.
ബുധനാഴ്ചയും ഇന്ത്യൻ രൂപ നേട്ടം ഉണ്ടാക്കി. ഡോളർ മൂന്നു പൈസ നഷ്ടത്തോടെ 94.53 രൂപയിൽ അവസാനിച്ചു. യു.എസ് ഫെഡ് തീരുമാനം ഇന്നു രൂപയെ ദുർബലമാക്കാൻ സാധ്യതയുണ്ട്. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.78 രൂപ ആയി. ചൈനീസ് യുവാൻ 13.99 രൂപയിലേക്കു താഴ്ന്നു. യൂറോ 108.89 രൂപയായി.
ഡോളറിൻ്റെ കരുത്തും സമാധാന കരാറിൽ യു.എസ്, ഇറാൻ പ്രസിഡൻ്റുമാർ ഒപ്പിട്ടതും ക്രൂഡ് ഓയിൽ വിലയെ വീണ്ടും താഴ്ത്തി. ബുധനാഴ്ച 79.55 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീപ്പയ്ക്ക് 78.28 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 75.51 ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോകൾ താഴ്ന്നു
പശ്ചിമേഷ്യൻ സമാധാനവും ക്രിപ്റ്റോ കറൻസികൾക്ക് ആശ്വാസമായില്ല. ബിറ്റ് കോയിൻ ഇടിഞ്ഞത് 64,700 ഡോളറിനു താഴെ എത്തി. ഈഥർ 1760 ഡോളറിനും സൊലാന 72.5 ഡോളറിനും താഴെയാണ്.
(2026 ജൂൺ 17, ബുധൻ)
സെൻസെക്സ്: 77,155.62 +0.45%
നിഫ്റ്റി-50: 24,085.70 +0.40%
ബാങ്ക് നിഫ്റ്റി: 57,585.05 +0.50%
മിഡ്ക്യാപ്-100: 62,123.35 +0.52%
സ്മോൾക്യാപ്-100: 18,623.20 +0.79%
ഡൗജോൺസ്: 51,492.55 -0.98%
എസ്ആൻഡ്പി: 7420.10 -1.21%
നാസ്ഡാക്: 26,021.66 -1.35%
ഡോളർ: ₹94.53 -₹0.03
സ്വർണം (ഔൺസ്): $4257.90 -$74.10
സ്വർണം (പവൻ): ₹1,10,800 -₹200
ബ്രെൻ്റ് ക്രൂഡ്ഓയിൽ: $79.55 +$0.59
Read DhanamOnline in English
Subscribe to Dhanam Magazine