ഇന്ത്യൻ വിപണി ആവേശത്തിൽ; വിദേശ സൂചനകൾ പോസിറ്റീവ്; തീരുവക്കാര്യത്തിൽ പ്രതീക്ഷ; 3,000 ഡോളർ കടന്ന് സ്വർണം
വിപണി ആവേശത്തിലാണ്. ആഗാേള വിപണികൾ ഉയർന്നു നീങ്ങുന്നത് ഇന്ത്യയിൽ കയറ്റം തുടരാൻ സഹായിക്കും എന്നാണു പ്രതീക്ഷ. കയറ്റുമതി തുടർച്ചയായ നാലാം മാസവും താഴ്ന്നതോ മൊത്തവിലക്കയറ്റം (കാതൽ) നേരിയ തോതിൽ കയറിയതോ ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം ഗണ്യമായി കൂടിയതോ തൽക്കാലം വിപണിയെ വലിച്ചു താഴ്ത്തില്ല.
യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയ അവലോകനവും ഇന്ത്യൻ വിപണി പ്രശ്നമാക്കില്ല. അമേരിക്കയുടെ തീരുവയുദ്ധം എങ്ങനെ ബാധിക്കും എന്നതു മാത്രമാണു വിപണിയുടെ ചിന്താവിഷയം. ''പകരത്തിനു പകരം'' ചുങ്കം വരാത്ത വിധം ഇന്ത്യ ചുങ്കം താഴ്ത്തും എന്നാണു വിപണിയുടെ പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 22,741.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,745-ലേക്കു കയറിയിട്ട് 22,735 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും നല്ല നേട്ടത്തിൽ അവസാനിച്ചു. ജർമനി പൊതുകടം വർധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയിൽ ഇന്നു വോട്ടെടുപ്പ് നടത്തും.
തിങ്കളാഴ്ചയും യുഎസ് വിപണികൾ കയറി. ഫെബ്രുവരിയിലെ റീട്ടെയിൽ വിൽപന കണക്ക് ആശ്വാസം പകർന്നു. വാഹനങ്ങൾ ഒഴിച്ചുള്ളവയുടെ വിൽപനയിൽ പ്രതിമാസ വർധന 0.3 ശതമാനം ഉണ്ടായി.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 353.45 പോയിൻ്റ് (0.85%) ഉയർന്ന് 41,841.63 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 36.19 പോയിൻ്റ് (0.65%) കയറി 5675.12 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 54.58 പോയിൻ്റ് (0.31%) നേട്ടത്തോടെ 17,808.66 ൽ ക്ലോസ് ചെയ്തു. ടെസ്‌ല 4.79 ശതമാനം ഇടിഞ്ഞു. എൻവിഡിയ 1.76 ശതമാനം താണു. ഇൻ്റൽ ഓഹരി 6.82 ശതമാനം കുതിച്ചു. പുതിയ സിഇഒയെ നിയമിച്ച ശേഷം ഇൻ്റലിന് 27 ശതമാനം കുതിപ്പുണ്ടായി.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.07 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കെെ 1.50 ഉം ദക്ഷിണ കൊറിയയിൽ കോസ്പി 0.75 ഉം ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് സൂചികകളും കയറ്റത്തിലാണ്.
ഇന്ത്യൻ വിപണിക്കു കയറ്റം
തിങ്കളാഴ്ച ഇന്ത്യൻ വിപണി മികച്ച മുന്നേറ്റം കാഴ്ചവച്ചു. മുഖ്യ സൂചികൾ അര ശതമാനം ഉയർന്നു. മിഡ് ക്യാപ്പുകൾ 0.70ഉം സ്മാേൾ ക്യാപ്പുകൾ 0.48 ഉം ശതമാനം കയറി. എങ്കിലും വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ താഴുകയാണു ചെയ്തത്. വിദേശനിക്ഷേപകർ വിൽപന വർധിപ്പിക്കുകയും ചെയ്തു.
റിയൽറ്റി, മീഡിയ, എഫ്എംസിജി, പൊതുമേഖലാ ബാങ്കുകൾ, ഓയിൽ ഗ്യാസ് മേഖലകൾ നഷ്ടത്തിലായി. ഐടി മേഖല നാമമാത്രമായി ഉയർന്നു. ഓട്ടോ, മെറ്റൽ, ഹെൽത്ത് കെയർ, ഫാർമ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ ഗണ്യമായ നേട്ടത്തിൽ അവസാനിച്ചു.
തിങ്കളാഴ്ച നിഫ്റ്റി 111.55 പോയിൻ്റ് (0.50%) ഉയർന്ന് 22,508.75 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 341.04 പോയിൻ്റ് (0.46%) കയറി 74,169.95 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 293.75 പോയിൻ്റ് (0.61%) ഉയർന്ന് 48,354.15 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.70 ശതമാനം കയറി 48,461.80 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.48 ശതമാനം ഉയർന്ന് 14,968.40 ൽ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 4488.45 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 6000.60 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1605 ഓഹരികൾ ഉയർന്നപ്പോൾ 2507 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1134 എണ്ണം ഉയർന്നു, താഴ്ന്നത് 1781 എണ്ണം.
വിപണി മനോഭാവം വീണ്ടും ബുള്ളിഷ് ആയി. നിഫ്റ്റി 22,700 കടന്നാൽ 23,000 ലേക്കു കുതിക്കാൻ കഴിയും. ഇന്നു നിഫ്റ്റിക്ക് 22,395 ലും 22,260 ലും പിന്തുണ പ്രതീക്ഷിക്കാം. 22,565 ലും 22,620 ലും തടസം ഉണ്ടാകാം.
ഇൻഡസ് ഇൻഡ് ബാങ്ക്
രാജ്യാന്തര റേറ്റിംഗ് ഏജൻസി മൂഡീസ്, ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ ക്രെഡിറ്റ് റേറ്റിംഗ് നിലനിർത്തി. എന്നാൽ ബേസ് ലൈൻ ക്രെഡിറ്റ് അസസ്മെൻ്റ് താഴ്ത്താനായി പുന:പരിശോധിക്കും എന്നു സൂചിപ്പിച്ചു. ബാങ്കിൻ്റെ നിക്ഷേപഭദ്രത സംബന്ധിച്ചു റിസർവ് ബാങ്കിൻ്റെ പ്രസ്താവന ഉണ്ടായിട്ടും ഓഹരി 0.57 ശതമാനമേ ഉയർന്നുള്ളു.
കയറ്റുമതിയിൽ ഇടിവ്
ഫെബ്രുവരിയിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി 20 മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു. 10.9 ശതമാനം ഇടിവോടെ 3691 കോടി ഡോളറായി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 4140 കോടി ഡോളർ ആയിരുന്നു കയറ്റുമതി. ഇറക്കുമതിയും ഇടിഞ്ഞു. 16.3 ശതമാനം കുറവോടെ 5096 കോടി ഡോളറാണ് ഇറക്കുമതി. ക്രൂഡ് ഓയിൽ ഇറക്കുമതി 29.6 ശതമാനം കുറഞ്ഞ് 1190 കോടി ഡോളറും സ്വർണ ഇറക്കുമതി 62 ശതമാനം ഇടിഞ്ഞ് 230 കോടി ഡോളറും ആയത് ഇറക്കുമതിയിലെ ഇടിവിനു കാരണമായി. ഉൽപന്ന വ്യാപാര കമ്മി മൂന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന സംഖ്യയായ 1405 കോടി ഡോളറിൽ എത്തി.
അമേരിക്കൻ തീരുവയുദ്ധം തുടങ്ങും മുൻപേ കയറ്റുമതിക്കു മാന്ദ്യം വരുന്നു എന്നാണു സൂചന. സ്റ്റീൽ, അലൂമിനിയം കയറ്റുമതികൾക്കുള്ള 25 ശതമാനം ചുങ്കം മാർച്ച് രണ്ടിനു നിലവിൽ വന്നു. അതു കണക്കാക്കി ആ ഇനങ്ങളിലെ ഓർഡറുകൾ കഴിഞ്ഞ മാസം കുറഞ്ഞു. ഏപ്രിൽ രണ്ടിനു ''പകരത്തിനു പകരം'' ചുങ്കം ചുമത്തുന്നതു കണക്കാക്കി മാർച്ചിലെ കയറ്റുമതി ഓർഡറുകളും കുറഞ്ഞു.
3000 ഡോളർ കടന്നു സ്വർണം
സ്വർണം ഔൺസിന് 3000 ഡോളറിനു മുകളിൽ ക്ലോസ് ചെയ്തു റെക്കോർഡ് കുറിച്ചു. എന്നാൽ ഉയരങ്ങളിൽ വിൽപന സമ്മർദം ഭയന്ന് അവധിവിലകൾ റെക്കോർഡിനു സമീപത്തേക്കു നീങ്ങാതെ സ്പോട്ട് വിലയ്ക്കു സമീപം 3010.40 ഡോളറിൽ നിന്നു. സ്പോട്ട് വില 3001.80 ഡോളറിൽ ക്ലോസ് ചെയ്തു.ഇന്നു രാവിലെ വില ഔൺസിന് 3004 ഡോളറിൽ എത്തി. ഇനിയും കയറും എന്നാണു വിപണിയിലെ സംസാരം. സാമ്പത്തിക വ്യാപാര അനിശ്ചിതത്വങ്ങൾ തുടരുന്നതാണു കാരണം.
കേരളത്തിൽ തിങ്കളാഴ്ച ആഭരണ സ്വർണം പവന് 80 രൂപ കുറഞ്ഞ് 65,680 രൂപയായി. ഡോളർ നിരക്ക് താഴ്ന്നതാണു വില കുറയാൻ സഹായിച്ചത്. രൂപ ദുർബലമായാൽ ഇന്നു വില വർധിച്ചേക്കാം.
വെള്ളിവില ഔൺസിന് 33.88 ഡോളറിലേക്കു കുതിച്ചു.
ഡോളർ സൂചിക വീണ്ടും താഴ്ന്നു 103.37 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.47 ലാണ് സൂചിക.രൂപ തിങ്കളാഴ്ചയും നല്ല നേട്ടത്തിൽ അവസാനിച്ചു. ഡോളർ 20 പൈസ താഴ്ന്ന് 86.80 രൂപയിൽ ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് രൂപ ഉയർന്നത്. ചെെനയുടെ യുവാൻ ഡോളറിന് 7.23 യുവാൻ എന്ന നിരക്കിലേക്കു കയറി. യുഎസ് കടപ്പത്രവില അൽപം കയറി, അവയിലെ നിക്ഷേപനേട്ടം താഴ്ന്നു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.297 ശതമാനമായി.
ക്രൂഡ് ഓയിൽ താഴ്ന്നു
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഉയർന്ന ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 71.75 ഡോളറിൽ നിന്ന് 71.07ഡോളറിൽ എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ71.16 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 67.66 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.42 ഉം ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോകൾക്കു ചെറിയ കയറ്റം
ക്രിപ്റ്റോ കറൻസികൾ അൽപം ഉയർന്നു. ബിറ്റ്കോയിൻ കയറി 83,800 ഡോളർ വരെ എത്തി. ഈഥർ 1925 ഡോളറിനു സമീപമായി.
ചെമ്പും അലൂമിനിയവും ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഇടിവിലായി. ചെമ്പ് 0.41 ശതമാനം കയറി ടണ്ണിന് 9799.28 ഡോളറിലെത്തി. അലൂമിനിയം 0.65 ശതമാനം ഉയർന്ന് 2695.35 ഡോളർ ആയി. നിക്കൽ 0.82 ഉം ലെഡ് 0.20 ഉം സിങ്ക് 0.83 ഉം ടിൻ 1.19 ഉം ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2025 മാർച്ച് 17, തിങ്കൾ)
സെൻസെക്സ് 30 74,169.95 +0.46%
നിഫ്റ്റി50 22,508.75 +0.50%
ബാങ്ക് നിഫ്റ്റി 48,354.15 +0.61%
മിഡ് ക്യാപ്100 48,461.80 +0.70%
സ്മോൾ ക്യാപ് 100 14,968.40 +0.48%
ഡൗ ജോൺസ് 41,841.63 +0.85%
എസ് ആൻഡ് പി 5675.12 +0.65%
നാസ്ഡാക് 17,808.66 +0.31%
ഡോളർ($) ₹86.80 -₹0.20
സ്വർണം (ഔൺസ്) $3001.80 +$16.30
സ്വർണം(പവൻ) ₹65,680 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.07 +$00.49
Read DhanamOnline in English
Subscribe to Dhanam Magazine