യുദ്ധഗതിയിൽ മാറ്റമില്ല; ക്രൂഡ് വില 103 ഡോളറിനടുത്ത്; ഇന്ത്യയുടെ ക്രൂഡ് ബാസ്കറ്റ് വില കുതിച്ചു; ഫെഡ് നയം നിർണായകം

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,670 വരെഎത്തി. ഇന്ത്യൻ വിപണിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
Morning business news
Morning business newsCanva
Published on

യുദ്ധം തുടരുന്നു. ഹോർമുസിലൂടെ കപ്പൽ നീക്കം നടക്കുന്നില്ല എണ്ണവില വീപ്പയ്ക്കു 103 ഡോളറിനടുത്തു നിൽക്കുന്നു. ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരിവില 142 ഡോളർ കടന്നു. വില ഉയർന്നു നിൽക്കുന്നത് ഇന്ത്യയുടെ വളർച്ചയെ ബാധിക്കും. പ്രകൃതിവാതകവും പാചകവാതകവും കിട്ടാത്തതു ഹോട്ടലുകളെയും വ്യവസായങ്ങളെയും ബാധിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില കുതിക്കുകയും ലഭ്യത കുറയുകയും ചെയ്തത് പാക്കേജിംഗ് നിർണായകമായ എഫ്എംസിജി കമ്പനികൾക്കും ഭീഷണിയായി.

ഈ സാഹചര്യത്തിലാണു വിപണി ഇന്ന് ആവേശം കുറഞ്ഞ വ്യാപാരത്തിന് ഒരുങ്ങുന്നത്. പല വിദേശ ഏജൻസികളും നിഫ്റ്റി 15 മുതൽ 20 വരെ ശതമാനം താഴാം എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. വിദേശനിക്ഷേപകരുടെ വിറ്റൊഴിയൽ തുടരുകയുമാണ്. യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച സൂചന കിട്ടും വരെ വിപണി ചാഞ്ചാടും എന്നു പലരും കരുതുന്നു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല കയറ്റത്തിലാണ്. യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലായി. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,552.00 ൽ അവസാനിച്ചു. ഇന്നു രാവിലെ 23,670 വരെഎത്തി. നിഫ്റ്റി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇന്നു രാത്രി അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം വരും. ഫെഡ് പലിശനിരക്ക് മാറ്റില്ല എന്നാണു നിഗമനം. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ കേന്ദ്ര ബാങ്കും നാളെ തീരുമാനം പ്രഖ്യാപിക്കും. അവയും നിരക്കുകൾ മാറ്റില്ല എന്നാണു നിഗമനം.

യുഎസ് വിപണി ചാഞ്ചാടി

യുഎസ് വിപണികൾ ചൊവ്വാഴ്ച ചാഞ്ചാടി. രാവിലെ ഒരു ശതമാനത്തിലധികം കുതിച്ചു കയറിയ സൂചികകൾ നേട്ടം മിക്കവാറും നഷ്ടപ്പെടുത്തി നേരിയ ഉയർച്ചയോടെ അവസാനിച്ചു. യുദ്ധഗതിയിൽ മാറ്റമില്ലാത്തതും ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം ഇന്നു വരാനിരിക്കുന്നതും ആണു വിപണി തണുപ്പൻ നിലപാടിൽ ആകാൻ കാരണം.

ഡൗ ജോൺസ് 46.85 പോയിൻ്റ് (0.10%) ഉയർന്ന് 46,993.26 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.71 പോയിൻ്റ് (0.25%) കയറി 6716.09 ൽ അവസാനിച്ചു. നാസ്ഡാക് 105.35 പോയിൻ്റ് (0.47%) നേട്ടത്തോടെ 22,479.53 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കയറി. ഡൗ ജോൺസ് 64 പോയിൻ്റും (0.14%) എസ് ആൻഡ് പി 12 പോയിൻ്റും (0.18%) നാസ്ഡാക് 77 പോയിൻ്റും (0.31%) ഉയർന്നു നീങ്ങുന്നു. യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച 0.70 ശതമാനം നേട്ടത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 1.90 ശതമാനം ഉയർന്നു. ഫെബ്രുവരിയിൽ ജപ്പാൻ്റെ കയറ്റുമതി പ്രതീക്ഷകളെ മറികടന്ന് 4.2 ശതമാനം കുതിച്ചു. ദക്ഷിണ കൊറിയയിലെ കോസ്‌പി 2.8 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 0.25 ശതമാനം ഉയർന്നു. ഓസ്ട്രേലിയയുടെ റിസർവ് ബാങ്ക് ഇന്നലെ കുറഞ്ഞ പലിശ 0.25 ശതമാനം കൂട്ടി 4.1 ശതമാനം ആക്കിയിരുന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി കയറ്റം തുടർന്നു

തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ വിപണി ഉയർന്നു. എങ്കിലും ദിവസത്തിൽ എത്തിയ ഉയരം നിലനിർത്താനായില്ല. ക്രൂഡ് ഓയിൽ വിലയിൽ രാവിലെ കണ്ട ആശ്വാസം മാറിയതാണ് കാരണം. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിൻ്റെ ശരാശരി വില 142.69 ഡോളറിലേക്കു കയറി. തലേന്നു 136.56 ഡോളർ ആയിരുന്നു.

സെൻസെക്‌സ് ചൊവ്വാഴ്ച 567.99 പോയിൻ്റ് (0.75%) ഉയർന്ന് 76,070.84 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 172.35 40 (0.74%) കയറി 23,581.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 462.60 പോയിൻ്റ് (0.85%) നേട്ടത്തോടെ 54,876.00 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 559.45 പോയിൻ്റ് (1.02%) ഉയർന്ന് 55,174.40 ലും സ്മോൾ ക്യാപ് 100 സൂചിക 102.55 പോയിൻ്റ് (0.65%) നേട്ടത്തോടെ 15,912.90 ലും അവസാനിച്ചു.

വിപണിയിൽ ഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്ഇയിൽ 2332 ഓഹരികൾ ഉയർന്നപ്പോൾ 1930 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1928 എണ്ണം ഉയർന്നപ്പോൾ 1288 എണ്ണം ഇടിഞ്ഞു. വിദേശനിക്ഷേപകർ ചൊവ്വാഴ്ചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 4741.22 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5225.32 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

മാംഗനീസ് അയിര് ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനുള്ള എംഒഐഎൽ തീരുമാനത്തെ ഓഹരിവില 20 ശതമാനം ഉയർത്തി വിപണി സ്വാഗതം ചെയ്തു. സ്റ്റീൽ അലുമിനിയം കമ്പനികളും ഇന്നലെ കുതിച്ചു. നാൽകോ 6.41 ഉം സെയിൽ 5.74 ഉം ടാറ്റാ സ്റ്റീൽ 4.42 ഉം ശതമാനം കയറി. മിശ്ര ധാതു നിഗം 4.61 ശതമാനം ഉയർന്നു. പ്രതിരോധ മേഖലയിൽ ഉള്ള ഡാറ്റാ പാറ്റേൺസ് 6.27 ഉം എംടാർ ടെക്നോളജീസ് 5.73 ഉം ശതമാനം നേട്ടത്തിലായി.

5000 നിലനിർത്തി സ്വർണം

തുടർച്ചയായ മൂന്നാം ദിവസവും 5000 ഡോളറിനു താഴെ പോയിട്ട് തിരിച്ചു കയറിയ സ്വർണം ഇന്നു രാവിലെ മുന്നേറ്റ സൂചന നൽകി. ഇന്നലെ സ്വർണം ട്രോയ് ഔൺസിന് (31.1 ഗ്രാം) 5007.00 ഡോളറിൽ അവസാനിച്ചു. നേരത്തേ 4974 ഡോളർ വരെ എത്തിയിരുന്നു. ഇന്നു രാവിലെ വില 5014 ഡോളർ വരെ കയറിയിട്ട് 5000 ലേക്കു താഴ്ന്നു. യുദ്ധം ആറ് ആഴ്ചയിലധികം നീണ്ടു നിന്നാൽ സ്വർണം ഔൺസിന് 4200 ഡോളർ വരെ താഴാം എന്ന് ആർജെഒ ഫ്യൂച്ചേഴ്‌സിലെ അനാലിസ്റ്റ് ഡാനിയേൽ പവിലോണിസ് വിലയിരുത്തി.

വെള്ളിയും ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച 78.17-82.68 ഡോളറിൽ കയറിയിറങ്ങിയ വെള്ളി ഔൺസിന് 79.41 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.79 വരെ കയറി. പ്ലാറ്റിനം 2133 ഡോളർ, പല്ലാഡിയം 1588 ഡോളർ, റോഡിയം 10,95 ഡോളർ എന്നിങ്ങനെ നിൽക്കുന്നു..

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ കൂടി 1,15,920 രൂപയിൽ എത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,56,100 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,53,470 രൂപയിൽ അവസാനിച്ചു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും പലവഴി നീങ്ങി. ചെമ്പ് 0.65 ശതമാനം താഴ്ന്നു ടണ്ണിന് 12,676.65 ഡോളറിൽ എത്തി. അലൂമിനിയം 0.52 ശതമാനം കുറഞ്ഞ് 3380.77 ഡോളർ ആയി. നിക്കലും ലെഡും ഉയർന്നു. ടിനും സിങ്കും താഴ്‌ന്നു.

റബർ ഉയർന്നു

റബർ രാജ്യാന്തര വിപണിയിൽ ചൊവ്വാഴ്ച 0.41 ശതമാനം ഉയർന്നു കിലോഗ്രാമിന് 195.80 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.11 ശതമാനം ഉയർന്ന് ടണ്ണിന് 15,875.00 യുവാൻ ആയി. കൊക്കോ വില 2.72 ശതമാനം താഴ്ന ടണ്ണിന് 3325.00 ഡോളറിൽ എത്തി. തേയിലവില മാറ്റമില്ലാതെ തടരുന്നു. കാപ്പി 0.68 ശതമാനം കയറി. പാം ഓയിൽ വില ടണ്ണിനു 4568 മലേഷ്യൻ റിംഗിറ്റിലേക്കു താഴ്ന്നു.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 2.22 ശതമാനം വരെ കയറി. യൂറിയ ടണ്ണിന് 601.00 ഡോളറിൽ തുടരുന്നു.

ഡോളർ സൂചിക താഴ്ന്നു

ഡോളർ സൂചിക ഇന്നലെയും താഴ്ന്ന് 99.58 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.53 ലേക്കു നീങ്ങി. യൂറോ 1.1537 ഡോളറിലേക്കും പൗണ്ട് 1.3354 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 158.91 യെൻ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാൻ ഡോളറിന് 6.89 യുവാൻ എന്ന നിരക്കിലേക്ക് ഉയർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.204 ശതമാനമായി താഴ്ന്നു. ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തില്ല എന്നാണു വിപണിയുടെ നിഗമനം.

രൂപ നേട്ടത്തിൽ

ഡോളർ ദുർബലമായപ്പോൾ ചൊവ്വാഴ്ചയും രൂപ ഉയർന്നു. ഡോളർ അഞ്ചു പൈസ താഴ്ന്ന് 92.37 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിൽക്കുന്നുണ്ട്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി 92.39 രൂപയിൽ എത്തി. ചൈനീസ് യുവാൻ 13.42 രൂപയിലേക്കും യൂറോ 106.62 രൂപയിലേക്കും കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

ചൊവ്വാഴ്ചയും എണ്ണവില ചാഞ്ചാടി. ഹോർമുസിലെ തടസം നീക്കാൻ നടപടി ഉണ്ടാകുമെന്നു പ്രസിഡൻ്റ് ട്രംപ് പലവട്ടം പറഞ്ഞെങ്കിലും ഒന്നും ഉണ്ടായില്ല. വില ചെറിയ മേഖലയിൽ കയറിയിറങ്ങി. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 103.42 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.19 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 95.49 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 110.93 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴ്ന്നു

ക്രിപ്റ്റോ കറൻസികൾ ഇന്നു താഴ്ചയിലാണ്. ബിറ്റ്കോയിൻ രാവിലെ 73,700 ഡോളറിനു താഴെ എത്തി. ഈഥർ 2320 ഡോളറിനും സൊലാന 95 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മാർച്ച് 17, ചൊവ്വ)

സെൻസെക്സ് 76,070.84 +0.75%

നിഫ്റ്റി50 23,581.15 +0.74%

ബാങ്ക് നിഫ്റ്റി 54,876.00 +0.85%

മിഡ്ക്യാപ്100 55,174.40 +1.02%

സ്മോൾക്യാപ്100 15,912.90 +0.65%

ഡൗ ജോൺസ് 46,993.26 +0.10%

എസ് ആൻഡ് പി 6716.09 +0.25%

നാസ്ഡാക് 22,479.53 +0.47%

ഡോളർ ₹92.37 -₹0.05

സ്വർണം(ഔൺസ്) $5000.30 -6.90

സ്വർണം (പവൻ) ₹1,15,920 +₹480

ബ്രെൻ്റ് ക്രൂഡ് ഓയിൽ $103.42 +$3.21

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com