

ജിഎസ്ടി കുറയ്ക്കലിൻ്റെ ആവേശം തിങ്കളാഴ്ച തന്നെ നഷ്ടപ്പെടുത്തിയാണ് ഇന്ത്യൻ വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഇനി കുതിപ്പിനു പുതിയ കാരണങ്ങൾ കണ്ടെത്തണം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത അൽപം കൂടി ഉയർന്നിട്ടുണ്ട്. വാഷിംഗ്ടണിൽ ട്രംപും സെലൻസ്കിയും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള ചർച്ചകൾ രാത്രി വൈകിയും തുടരുകയാണ്. ട്രംപ് - സെലൻസ്കി - പുടിൻ ചർച്ച നടക്കാൻ വഴി തെളിയുന്നു എന്നാണു സൂചന. പക്ഷേ ഔപചാരികമായ പ്രഖ്യാപനങ്ങൾ വരുന്നതുവരെ വിപണികൾ പ്രതികരിക്കാനിടയില്ല.
ഏഷ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചേഴ്സും ഇന്നു രാവിലെ താഴ്ചയിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,012.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,015 വരെ കയറിയിട്ട് 24,986 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഭിന്നദിശകളിൽ അവസാനിച്ചു. യുക്രെയ്ൻ വിഷയത്തിലെ അനിശ്ചിതത്വം ഫ്രഞ്ച്, ജർമൻ സൂചികകളെ താഴ്ത്തി. തടി കുറയ്ക്കാൻ സഹായിക്കുന്ന വിഗാേവി കരളിൻ്റെ ഒരു രോഗത്തിനു കൂടി ഉപയോഗിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുവദിച്ചത് നോവോ നോർഡിസ്ക് കമ്പനിയെ 6.6 ശതമാനം ഉയർത്തി. കാറ്റാടി ഊർജ ഉൽപാദന കമ്പനിയായ വെസ്റ്റാസ് വിൻഡ്, അമേരിക്കയിലെ നികുതി സൗജന്യ വ്യവസ്ഥ ഉദാരമാക്കിയതിനെ തുടർന്നു 14.2 ശതമാനം കുതിച്ചു.
യുക്രെയ്ൻ സമാധാന ചർച്ചയിലേക്കു കണ്ണു നട്ടിരിക്കുന്ന യുഎസ് വിപണി ഇന്നലെ നാമമാത്ര കയറ്റവും ഇറക്കവുമായി നീങ്ങി. വെള്ളിയാഴ്ച ജാക്സൺ ഹോൾ സമ്മേളനത്തിൽ യുഎസ് ഫെഡ് ചെയർമാൻ പലിശ കാര്യത്തെപ്പറ്റി എന്തു പറയും എന്ന ആകാംക്ഷയും വിപണിയിൽ ഉണ്ട്. കഴിഞ്ഞ ഫെഡ് കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സ് നാളെ പുറത്തുവരും. അതിലെ സൂചനകളും വിപണി തേടും. വോൾമാർട്ട്, ടാർഗറ്റ്, ഹോം ഡിപ്പാേ, ലോവ്സ് തുടങ്ങിയ റീട്ടെയിൽ ശൃംഖലകളുടെ രണ്ടാം പാദ റിസൽട്ടും ഈയാഴ്ച വരുന്നുണ്ട്.
ഇൻ്റലിൽ അമേരിക്കൻ സർക്കാർ ഓഹരി എടുക്കാൻ ചർച്ച നടക്കുന്നതിനിടെ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് കമ്പനിയിൽ 200 കോടി ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചു. വ്യാപാര സമയം കഴിഞ്ഞുള്ള അനൗപചാരിക വ്യാപാരത്തിൽ ഇൻ്റൽ ആറു ശതമാനം ഉയർന്നു.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 34.30 പോയിൻ്റ് (0.08%) താഴ്ന് 44,911.82 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 0.65 പോയിൻ്റ് (0.01%) കുറഞ്ഞ് 6449.15 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 6.79 പോയിൻ്റ് (0.03%) കയറി 21,629.77 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.02 ശതമാനം കയറി. എസ് ആൻഡ് പി 0.02 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. തിങ്കളാഴ്ച റെക്കോർഡ് കുറിച്ച ജപ്പാനിലെ നിക്കെെ സൂചിക രാവിലെ 0.55 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.
ജിഎസ്ടി നിരക്കുകൾ ഗണ്യമായി കുറയ്ക്കുന്ന നികുതി പരിഷ്കാരവും ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തലും തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ കുത്തനേ ഉയർത്തി. രാവിലെ മുഖ്യസൂചികകൾ ഒന്നര ശതമാനം വരെ ഉയർന്നെങ്കിലും ലാഭത്തിൽ വിറ്റു മാറുന്നവരുടെ വിൽപന സമ്മർദത്തിൽ സൂചികകൾ താഴ്ന്നാണ് അവസാനിച്ചത്. നിഫ്റ്റി 25,022 ഉം സെൻസെക്സ് 81,765 ഉം വരെ ഉയർന്നതാണ്.
ബാങ്ക് നിഫ്റ്റിയും വ്യാപാരത്തിനിടയിലെ ഉയരത്തിൽ നിന്നു താഴ്ന്നു. എന്നാൽ ധനകാര്യ കമ്പനികൾ ഉയർന്ന നിലയിൽ അവസാനിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു ക്ലോസ് ചെയ്തു.
ജിഎസ്ടി കുറയ്ക്കുന്നതു വിൽപനയെ സഹായിക്കും എന്നത് വാഹന കമ്പനികളെ ഉയർത്തി. എൻഎസ്ഇയിലെ ഓട്ടോ സൂചിക 4.18 ശതമാനം ഉയർന്നാണ് അവസാനിച്ചത്. മാരുതി സുന്നുകി ഓഹരി 8.9 ശതമാനം കുതിച്ചു 14,000 രൂപയ്ക്കു മുകളിൽ എത്തി. ഹ്യുണ്ടായ് മോട്ടോർ 9.16 ഉം അശോക് ലെയ്ലൻഡ് 8.2 ഉം ടിവിഎസ് മോട്ടോർ 6.39 ഉം ഹീറോ മോട്ടോകോർപ് 5.99 ഉം ശതമാനം ഉയർന്നു. അപ്പോളാേ ടയേഴ്സിൻ്റെ നേതൃത്വത്തിൽ ടയർ കമ്പനികൾ മൂന്നു മുതൽ ആറുവരെ ശതമാനം കയറി.
കൺസ്യൂമർ ഡ്യൂറബിൾസും വലിയ നേട്ടത്തിലായി. വോൾട്ടാസ്, ബ്ലൂസ്റ്റാർ, പിജി ഇലക്ട്രോപ്ലാസ്റ്റ്, അംബർ, ഗോദ്‌റെജ്, ഹാവൽസ് തുടങ്ങിയവ അഞ്ചു മുതൽ ഒൻപതു വരെ ശതമാനം കയറി.
ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സിനു വില കുറയുകയും വിൽപന കൂടുകയും ചെയ്യും എന്ന പ്രതീക്ഷയിൽ എച്ച് യു എൽ, ബ്രിട്ടാനിയ, നെസ്‌ലെ, ഡാബർ തുടങ്ങിയവ ഗണ്യമായി ഉയർന്നു.
പിവിസി റെസിൻ ഇറക്കുമതിക്ക് ആൻ്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തുന്നതിൻ്റെ പേരിൽ ഡിസിഡബ്ല്യു, കെംപ്ലാസ്റ്റ് സന്മാർ, അസ്ട്രോൾ, സുപ്രീം ഓഹരികൾ കുതിച്ചു. റേറ്റിംഗ് ഉയർത്തിയതിൻ്റെ പേരിൽ ബജാജ് ഫിനാൻസും എൽ ആൻഡ് ടി ഫിനാൻസും ഉയർന്നു. ഐടിയും ഫാർമയും ഹെൽത്ത് കെയറും ഇന്നലെ താഴ്ന്നു.
നിഫ്റ്റി 245.65 പോയിൻ്റ് (1.00%) കുതിച്ച് 24,876.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 676.09 പോയിൻ്റ് (0.84%) കയറി 81,273.75 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 393.05 പോയിൻ്റ് (0.71%) നേട്ടത്തോടെ 55,734.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 608.90 പോയിൻ്റ് (1.08%) ഉയർന്ന് 57,113.15 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 242.95 പോയിൻ്റ് (1.38%) കുതിച്ച് 17,790.40 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2499 ഓഹരികൾ ഉയർന്നപ്പോൾ 196 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2012 എണ്ണം. താഴ്ന്നത് 1047 ഓഹരികൾ.
എൻഎസ്ഇയിൽ 104 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 79 എണ്ണമാണ്. 125 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 83 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 550.85 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 4103.81 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നു നിഫ്റ്റിക്ക് 24,815 ഉം 24,750 ഉം പിന്തുണയാകും. 24,980 ലും 25,085 ലും തടസം ഉണ്ടാകാം.
യുക്രെയ്ൻ വിഷയത്തിലെ ചർച്ചകളിലും യുഎസ് ഫെഡ് നയത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങളിലും നീങ്ങുന്ന ഒരാഴ്ചയ്ക്കാണു സ്വർണവിപണി തുടക്കമിട്ടത്. വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ നടന്ന യുക്രെയ്ൻ ചർച്ച ചെറിയ പുരോഗതി കാണിച്ചു. എങ്കിലും സ്വർണവില കാര്യമായി മാറിയില്ല. ഇന്നലെ സ്വർണം ഔൺസിന് 2.80 ഡോളർ കുറഞ്ഞ് 3333.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3332 ഡോളറിലേക്കു താഴ്ന്നിട്ട് 3336 ഡോളർ വരെ കയറി. പിന്നീടു താണു.
കേരളത്തിൽ ഇന്നലെ പവൻവില മാറ്റമില്ലാതെ 74,200 രൂപയിൽ തുടർന്നു.
വെള്ളിവില ഔൺസിന് 37. 98 ഡോളറിലാണ്.
ചെമ്പും ടിന്നും ഒഴികെ വ്യാവസായിക ലോഹങ്ങൾ മിക്കതും തിങ്കളാഴ്ച താഴ്ന്നു. ചെമ്പ് 0.06 ശതമാനം കയറി ടണ്ണിന് 9626.40 ഡോളറിൽ എത്തി. അലൂമിനിയം 1.24 ശതമാനം ഇടിഞ്ഞ് 2587.55 ഡോളർ ആയി. ലെഡും സിങ്കും നിക്കലും താഴ്ന്നു. ടിൻ ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 1.84 ശതമാനം ഉയർന്ന് 171.30 സെൻ്റിൽ എത്തി. കൊക്കോ 1.88 ശതമാനം താഴ്ന്നു ടണ്ണിന് 8079.86 ഡോളർ ആയി. കാപ്പി 0.88 ശതമാനം കയറി. തേയില വില 2.06 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.95 ശതമാനം കയറി.
തിങ്കളാഴ്ച നേരിയ തോതിൽ ഉയർന്ന ഡോളർ സൂചിക 98.17 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.19 ലാണ്. യൂറോ 1.1663 ഡോളറിലേക്കും പൗണ്ട് 1.3502 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.97 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.335 ശതമാനമായി ഉയർന്നു.
തിങ്കളാഴ്ച രൂപ മികച്ച നേട്ടം കുറിച്ചു. രാജ്യത്തിൻ്റെ റേറ്റിംഗ് ഉയർത്തിയതു തന്നെ പ്രധാന കാരണം. ഡോളർ 20 പൈസ നഷ്ടത്തോടെ 87.35 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച ഒരു ശതമാനത്തിലധികം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 66.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.49 ഡോളറിലാണ്. ഡബ്ള്യുടിഐ 63.32 ഡോളറിലും മർബൻ ക്രൂഡ് 69.13 ഡോളറിലും ആണ്. പ്രകൃതിവാതക വില നാലു ശതമാനം താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ വലിയ ചാഞ്ചാട്ടത്തിലാണ്. ബിറ്റ് കോയിൻ ഇന്നലെ 1,15,000 ഡോളറിലേക്കു താഴ്ന്നിട്ട് 1,16,400 ഡോളറിനു മുകളിൽ എത്തി. ഈഥർ 4330 ഡോളറിനു താഴേക്കു വീണു.
(2025 ഓഗസ്റ്റ് 18, തിങ്കൾ)
സെൻസെക്സ്30 81,273.75 +0.84%
നിഫ്റ്റി50 24,876.95 +1.00%
ബാങ്ക് നിഫ്റ്റി 55,734.90 +0.71%
മിഡ് ക്യാപ്100 57,113.15 +1.08%
സ്മോൾക്യാപ്100 17,790.40 +1.38%
ഡൗജോൺസ് 44,911.82 -0.08%
എസ്ആൻഡ്പി 6449.15 -0.01%
നാസ്ഡാക് 21,629.77 +0.03%
ഡോളർ($) ₹87.35 -₹0.20
സ്വർണം(ഔൺസ്) $3333.10 -$02.80
സ്വർണം(പവൻ) ₹74,200 ₹00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.60 +$0.75
Read DhanamOnline in English
Subscribe to Dhanam Magazine