

പശ്ചിമേഷ്യൻ സമാധാനമുന്നേറ്റം എണ്ണവില കുറയ്ക്കുകയും ഡോളറിനു കരുത്തു കൂട്ടുകയും ചെയ്തു. ഇന്നലെ ഉയർന്ന ക്രൂഡ് ഓയിൽ വില ഇന്നു താഴ്ന്ന് 79 ഡോളറിലായി. സ്വർണവില ഔൺസിനു 4200 ഡോളറിനു താഴെ എത്തി.
യുഎസ് വിപണികൾ ഇന്നലെ ഉയർന്നു. ഏഷ്യയിൽ ജപ്പാനും ദക്ഷിണ കൊറിയയും നേട്ടത്തിലാണ്.
പശ്ചാത്യകമ്പനികൾ ഐടി സേവന കരാറുകൾ കുറയ്ക്കുന്നതായി ആക്സഞ്ചർ നൽകിയ മുന്നറിയിപ്പ് ന്യൂയോർക്കിൽ ഇൻഫോസിസ് എഡിആർ വില പത്തു ശതമാനം ഇടിയാൻ കാരണമായി. വിപ്രോയും ഇടിഞ്ഞു. ഇന്ന് ഇന്ത്യൻ ഐടി സേവന കമ്പനികളുടെ ഓഹരികളിൽ ഇതിൻ്റെ പ്രതികരണം ഉണ്ടാകും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,970.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,028 വരെ കയറിയിട്ട് താഴ്ന്നു. ഇന്നു വിപണി വലിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഇന്നു നടക്കുന്ന വാർഷിക പൊതുയോഗത്തിൽ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്നു നിക്ഷേപകർ ശ്രദ്ധിക്കും.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ആക്ടിംഗ് ചെയർമാൻ കേകി മിസ്ത്രിക്കു സെപ്റ്റംബർ 18 വരെ കാലാവധി നീട്ടി. പുതിയ ചെയർമാനെ കണ്ടെത്താൻ വൈകുന്നതു മൂലമാണ് ഈ നടപടി.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 18 ദിവസം കൊണ്ടു 40 ശതമാനം കുറവായെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ 67 ശതമാനം സ്ഥലത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. ഈ നില തുടർന്നാൽ മാസാവസാനത്തോടെ മഴക്കുറവ് 50 ശതമാനത്തിലധികം ആകും. പ്രധാന കാർഷിക മേഖലകളിൽ 27 മുതൽ 84 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. മഴ ഉടനേ മെച്ചപ്പെടുന്ന സൂചനയും ഇല്ല. ശക്തമായ എൽ നിനോ പ്രതിഭാസം മൂലം മഴക്കുറവ് പ്രതീക്ഷയേക്കാൾ വളരെക്കൂടുതൽ ആയി. രാജ്യത്തെ കാർഷിക ഉൽപാദനത്തിൽ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും. ജിഡിപി വളർച്ചയെ ബാധിക്കുന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്.
ജൂണിലെ ഒന്നാം ഗഡു മുൻകൂർ നികുതി പിരിവ് 15.3 ശതമാനം വർധിച്ചു. കമ്പനി നികുതി 16 ശതമാനം കൂടിയപ്പോൾ വ്യക്തിഗത നികുതി 12.7 ശതമാനം വർധനയേ കാണിച്ചുള്ളൂ.
യുഎസ് ഫെഡിൻ്റെ തീരുമാനത്തെ തുടർന്നു താഴ്‌ന്ന യുഎസ് വിപണികൾ ഇന്നലെ തിരിച്ചുകയറി. ചിപ്പ് കമ്പനികൾ വീണ്ടും മുന്നേറ്റത്തിൽ ആയതോടെ നാസ്ഡാക് സൂചിക രണ്ടു ശതമാനത്തോളം കുതിച്ചു. ചിപ്പ് ഡിസൈനിംഗിൽ ആപ്പിളുമായി സഹകരണം പ്രഖ്യാപിച്ച ഇൻ്റൽ 10.6 ശതമാനം ഉയർന്നു. മൈക്രോൺ ഒൻപതും എൻവിഡിയ മൂന്നും ശതമാനം കയറി. എന്നാൽ ബിസിനസ് വളർച്ച കുറയുന്നതായി മുന്നറിയിപ്പ് നൽകിയ ആക്സഞ്ചറിൻ്റെ ഓഹരി 17 ശതമാനം താഴ്ന്നു.
സ്പേസ് എക്സ് ഓഹരി രണ്ടാം ദിവസവും ഇടിഞ്ഞു. 172 ഡോളർ വരെ താഴ്ന്ന ഓഹരി 3.56 ശതമാനം നഷ്ടത്തോടെ 185 ഡോളറിൽ ക്ലോസ് ചെയ്തു.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 72.15 പോയിൻ്റ് (0.14%) ഉയർന് 51,564.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 80.48 പോയിൻ്റ് (1.08%) നേട്ടത്തോടെ 7500.58 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 496.28 പോയിൻ്റ് (1.91%) കുതിച്ച 26,517.93 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 55 പോയിൻ്റും (0.11%) എസ് ആൻഡ് പി 17 പോയിൻ്റും (0.22%) നാസ്ഡാക് 93 പോയിൻ്റും (0.30%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ചയ എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 1.21 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.16 ശതമാനം കയറി 25.10 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണിസമയത്ത് 0.18 ശതമാനം ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 27.94 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 9.66 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 1.51 ശതമാനം ഉയർന്ന് 10.73 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 3.63 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.39 ഡോളറിൽ ക്ലോസ് ചെയ്തു. ഐടി സേവന ബിസിനസ് സാധ്യത കുറയുന്നതായി ആക്സഞ്ചർ മുന്നറിയിപ്പ് നൽകിയതാണ് ഐടി എഡിആറുകളെ താഴ്‌ത്തിയത്. ആക്സഞ്ചർ ഓഹരി ന്യൂയോർക്കിൽ ഇന്നലെ 17 ശതമാനം ഇടിഞ്ഞു.
യൂറോപ്യൻ ഓഹരികൾ വ്യാഴാഴ്ച പലവഴിക്കു നീങ്ങി. ജർമൻ, ഫ്രഞ്ച് സൂചികകൾ ഉയർന്നു. യൂറോപ്യൻ സ്റ്റോക്‌സും യുകെയിലെ എഫ്ടിഎസ്ഇയും നഷ്‌ടത്തിലായി.
ഏഷ്യൻ വിപണികൾ ഇന്നു വ്യത്യസ്ത ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.75 ശതമാനം ഉയർന്ന് 71,900 നു മുകളിലെത്തി റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി രണ്ടു ശതമാനം കയറി 9000 കടന്നു റെക്കോർഡ് തിരുത്തി. ഇന്നലെ ഹോങ് കോങ് 1.6 ശതമാനം താഴ്‌ന്നപ്പോൾ ഷാങ്ഹായ് 0.45 ശതമാനം താഴ്ന്നു. ഇന്നു ചൈനീസ് വിപണികൾ അവധിയിലാണ്.
തിളക്കം കുറഞ്ഞ ദിവസമായിരുന്നെങ്കിലും ഇന്ത്യൻ വിപണി ഇന്നലെ നേട്ടം തുടർന്നു. ഐടി മേഖല ദുർബലമായി എന്നാൽ ബാങ്ക്, ധനകാര്യ മേഖലകൾ ഉയർന്നു.
എൻഎസ്ഇയുടെ മെഗാ ഐപിഒ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഐഎഫ്സിഐ, എൽഐസി, ജിഐസി, നാഷണൽ അഷ്വറൻസ്, നാഷണൽ ഇൻഷ്വറൻസ്, യുനൈറ്റഡ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കു വലിയ നിക്ഷേപ നേട്ടം ഉണ്ടാക്കും.
വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വില്പനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1025.20 കോടി രൂപയുടെ അറ്റവില്പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3516.81 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
വ്യാഴാഴ്ച സെൻസെക്‌സ് 254.36 പോയിൻ്റ് (0.33%) ഉയർന്ന് 77,409.98 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82.30 പോയിൻ്റ് (0.37%) കയറി 24,168.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 378.75 പോയിൻ്റ് (0.66%) നേട്ടത്തോടെ 57,963.80 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 255.90 പോയിൻ്റ് (0.41%) ഉയർന്ന് 62,379.25 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 82.40 പോയിൻ്റ് (0.44%) കയറി 18,705.60 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2337 ഓഹരികൾ കയറി, 1905 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1884 എണ്ണം ഉയർന്നപ്പോൾ 1376 എണ്ണം താഴ്ന്നു.
ഫെഡറൽ ബാങ്ക് 324.00 രൂപ എന്ന റെക്കോർഡ് കുറിച്ച ശേഷം 0.43 ശതമാനം നഷ്ടത്തോടെ 321.30 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 49.90 രൂപയിൽ റെക്കോർഡ് കുറിച്ച ശേഷം 0.19% കയറി 48.54 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങി ഏഴു ദിവസം തുടർച്ചയായി ഇടിഞ്ഞ രാജേഷ് എക്സ്പോർട്സ് നാലാം ദിവസവും അഞ്ചു ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തി.
പലിശനിരക്ക് കയറും എന്ന ധാരണ പ്രബലമാകുകയും ഡോളറിൽ കരുത്തു കൂടുകയും ചെയ്തത് സ്വർണത്തെ വലിച്ചു താഴ്ത്തുകയാണ്. യുഎസ് ഫെഡിൻ്റെയും ചെയർമാൻ കെവിൻ വാർഷിൻ്റെയും സമീപനം സ്വർണത്തെ 4000 ഡോളറിലേക്ക് എത്തിക്കും എന്നാണ് വിപണി ഇപ്പോൾ കണക്കാക്കുന്നത്.
ഇന്നലെ 4331 ഡോളറിൽ നിന്ന് 4183 വരെ ഇടിഞ്ഞ സ്വർണം ഔൺസിന് 4210.40 ഡോളറിൽ ക്ലോസ് ചെയ്തു. നഷ്‌ടം 47.50 ഡോളർ. ഇന്നു രാവിലെ വീണ്ടും താഴ്‌ന്ന് 4185 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ 1160 രൂപ കുറഞ്ഞ് 1,09,640 രൂപ ആയി.
വെള്ളിവില ഇടിഞ്ഞ് ഔൺസിന് 65.45 ഡോളറിൽ എത്തി.
പ്ലാറ്റിനം 1675 ഡോളർ, പല്ലാഡിയം 1250 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
പലിശ കൂടുമെന്ന ഭീതിയും ഡോളറിൻ്റെ കരുത്തും വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങളെ താഴ്‌ത്തി. ചെമ്പ് 0.90 ശതമാനം കുറഞ്ഞ് ടണ്ണിനു 13,612.00 ഡോളർ ആയി. അലൂമിനിയം 0.28 ശതമാനം താഴ്‌ന്ന് 3409.59 ൽ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ടിന്നും താഴ്ന്നു.
വിദേശത്ത് റബർ വില വീണ്ടും താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 322.40 ഡോളറിലും ആർഎസ്എസ് മൂന്ന് 318.90 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,600 രൂപ എന്ന റെക്കോർഡിൽ തുടരുന്നു.
കൊക്കോ വില 0.40 ശതമാനം കൂടി ടണ്ണിന് 4254 ഡോളറിൽ എത്തി. ഫ്യൂച്ചേഴ്സ് 4400 ഡോളർ കടന്നു.
ഫെഡ് തീരുമാനത്തെ തുടർന്നു കയറ്റം തുടങ്ങിയ യുഎസ് ഡോളർ വീണ്ടും നേട്ടത്തിലായി. ഡോളർ സൂചിക വ്യാഴാഴ്ച 100.85 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 100.80 ലേക്കു താഴ്ന്നു.
യൂറോ 1.1461 ഡോളറിലേക്കും പൗണ്ട് 1.3205 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 161.14 യെൻ എന്ന നില വരെ ഇടിഞ്ഞു. ചൈനീസ് യുവാൻ ഡോളറിന് 6.76 യുവാൻ എന്ന നിലയിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.455 ശതമാനമായി താഴ്ന്നു.
വ്യാഴാഴ്ച ഇന്ത്യൻ രൂപ ഗണ്യമായ നേട്ടം ഉണ്ടാക്കി. ഡോളർ 20 പൈസ നഷ്ടത്തോടെ 94.33 രൂപയിൽ അവസാനിച്ചു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.43 രൂപയിൽ നിന്നു 94.30 രൂപയായി താണു. ചൈനീസ് യുവാൻ 13.94 രൂപയിലേക്കു താഴ്ന്നു. യൂറോ 108.14 രൂപയായി ഇടിഞ്ഞു.
വ്യാഴാഴ്ച ഉയർന്ന ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ചയിലായി. ഇന്നലെ 79.85 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ ഒരു ശതമാനം താഴ്ന്നു വീപ്പയ്ക്ക് 78.96 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 75.14 ഡോളറിലേക്കു നീങ്ങി.
ഡോളറിൻ്റെ കരുത്തും പലിശ ഭീഷണിയും ക്രിപ്റ്റോ കറൻസികളെ താഴ്‌ത്തി. ബിറ്റ് കോയിൻ 63,000 ഡോളറിനു താഴെ എത്തി. ഈഥർ 1710 ഡോളറിനും സൊലാന 70 ഡോളറിനും താഴെയാണ്.
(2026 ജൂൺ 18, വ്യാഴം)
സെൻസെക്സ് 77,409.98 +0.33%
നിഫ്റ്റി50 24,168.00 +0.37%
ബാങ്ക് നിഫ്റ്റി 57,963.80 +0.66%
മിഡ്ക്യാപ്100 62,379.25 +0.41%
സ്മോൾക്യാപ്100 18,705.60 +0.44%
ഡൗജോൺസ് 51,564.70 +0.14%
എസ്ആൻഡ്പി 7500.58 +1.08%
നാസ്ഡാക് 26,517.93 +1.91%
ഡോളർ ₹94.33 -₹0.20
സ്വർണം(ഔൺസ്)$4210.40 -$47.50
സ്വർണം(പവൻ) ₹1,09,640 -₹1160
ക്രൂഡ്ഓയിൽബ്രെൻ്റ്$79.85 +$0.30
Read DhanamOnline in English
Subscribe to Dhanam Magazine