ആവേശം വിടാതെ വിപണി; 23,000 ലക്ഷ്യമിട്ട് നിഫ്റ്റി; തിരുത്തൽ കഴിഞ്ഞെന്നു ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; രൂപക്ക് നേട്ടം; ക്രിപ്‌റ്റോ ഇടിവ് തുടരുന്നു
TCM, Morning Business News
Morning business newscanva
Published on

വിപണി ആവേശത്തോടെ മുന്നേറുകയാണ്. ഇന്ത്യൻ വിപണിയുടെ തിരുത്തലിൻ്റെ ഘട്ടം കഴിഞ്ഞെന്ന ബുള്ളുകളുടെ ധാരണയാണ് ഇതിനു പ്രേരകം. എന്നാൽ തിരുത്തൽ കഴിഞ്ഞതായി എല്ലാവരും വിശ്വസിക്കുന്നില്ല. ആഗോള അനിശ്ചിതത്വങ്ങൾ ഇനിയും വിപണിയെ ഉലയ്ക്കും എന്ന് പലരും കരുതുന്നു. ഏതായാലും 23,000 നു മുകളിലേക്ക് ആവേശത്തോടെ കടക്കാനാണ് ഇന്ന് നിഫ്റ്റി ഒരുങ്ങുന്നത്. ക്രൂഡ് ഓയിൽ വില വീണ്ടും 70 ഡോളറിനടുത്തായത് ആശ്വാസകരമാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 22,930.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,987-ലേക്കു കയറിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെയും നേട്ടത്തിൽ അവസാനിച്ചു. ജർമൻ പാർലമെൻ്റ് പൊതുകടം വർധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി. 

യുക്രെയ്നിൽ ഭാഗിക വെടി നിർത്തലിനു ഡോണൾഡ് ട്രംപും വ്ലാദിമിർ പുടിനും ഇന്നലെ ധാരണയിൽ എത്തിയെങ്കിലും യുഎസ് വിപണിയിൽ അതു കാര്യമായ ചലനം ഉണ്ടാക്കിയില്ല. വിപണി കൂടുതൽ ശ്രദ്ധ വച്ചിരിക്കുന്നത് ബുധനാഴ്ച യുഎസ് സമയം രണ്ടു മണിക്കു വരുന്ന ഫെഡറൽ റിസർവ് ബോർഡ് തീരുമാനത്തിലാണ്. ഇന്നു പലിശ നിരക്ക് കുറയ്ക്കുകയില്ലെന്നാണു നിഗമനം. ഏപ്രിലിലും ജൂണിലും കുറയ്ക്കുമോ എന്നാണു വിപണി ഉറ്റു നോക്കുന്നത്.


ചൊവ്വാഴ്ച യുഎസ് വിപണികൾ ഇടിഞ്ഞു. ടെക്നോളജി മേഖലയിലെ ടെസ്‌ല 5.34 ഉം എൻവിഡിയ 3.43 ഉം മെറ്റാ 3.73 ഉം ശതമാനം താഴ്ന്നു.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 260.32 പോയിൻ്റ് (0.62%) താഴ്ന്ന് 41,581.31 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 60.46 പോയിൻ്റ് (1.07%) നഷ്ടത്തോടെ 5614.60 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 304.55 പോയിൻ്റ് (1.71%) ഇടിഞ്ഞ് 17,504.12 ൽ ക്ലോസ് ചെയ്തു. 

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 0.18 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.37 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കെെ അര ശതമാനവും ദക്ഷിണ കൊറിയയിൽ കോസ്പി 0.75  ശതമാനവും കയറി. ഹോങ് കോങ്,  ചൈനീസ് സൂചികകൾ ഇടിവിലാണ്.

ഇന്ത്യൻ വിപണിയിൽ ആവേശക്കുതിപ്പ്

ചൊവ്വാഴ്ച ഇന്ത്യൻ വിപണി ആവേശപൂർവം കുതിച്ചു കയറി.മുഖ്യ സൂചികൾ ഒന്നര ശതമാനം ഉയർന്നു. മിഡ് ക്യാപ്പുകൾ 2.2 ഉം സ്മാേൾ ക്യാപ്പുകൾ 2.7 ഉം ശതമാനം കയറി.  വിദേശ നിക്ഷേപകർ ചെറിയ തോതിലാണെങ്കിലും വാങ്ങലുകാരായി. 

ഇന്ത്യൻ വിപണിയുടെ തിരുത്തൽ കഴിഞ്ഞെന്നും അടിത്തട്ടിൽ എത്തിയ വിപണിയിൽ വീണ്ടും വാങ്ങാൻ സമയമായി എന്നും പലരും അവകാശപ്പെടുന്നുണ്ട്. ആഗാേള തലത്തിലെ അനിശ്ചിതത്വങ്ങൾ തുടരുന്നതിനാൽ വിപണി തിരിച്ചു കയറ്റത്തിൽ ആയി എന്നു കരുതുന്നതിൽ യുക്തി ഇല്ലെന്നു മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നു. യുഎസ് വിപണി ഇന്നലെ താഴുകയും ചെയ്തു. വ്യാപാരയുദ്ധം മൂലം യുഎസ് ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന് കൂടുതൽ നിരീക്ഷകരും ഏജൻസികളും വിലയിരുത്തുന്നുണ്ട്. യുഎസ് മാന്ദ്യം മറ്റു രാജ്യങ്ങളിലെ വളർച്ച കുറയാൻ ഇടയാക്കും വ്യാപാരയുദ്ധം ആഗോള കയറ്റുമതിയും കുറയ്ക്കും. ഇതെല്ലാം അടുത്ത കുറച്ചു പാദങ്ങളിലെ ഇന്ത്യൻ വളർച്ച കുറയും എന്നു സൂചിപ്പിക്കുന്നു.

സമീപ ആഴ്ചകളിലെ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണിയിൽ ഇന്നലെ എല്ലാ വ്യവസായ മേഖലകളും നേട്ടം ഉണ്ടാക്കി. റിയൽറ്റി, മീഡിയ, എഫ്എംസിജി, പൊതുമേഖലാ ബാങ്കുകൾ,  ഐടി, ഓട്ടോ, മെറ്റൽ, ഹെൽത്ത് കെയർ, ഫാർമ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ -ഗ്യാസ്  മേഖലകൾ ഗണ്യമായ നേട്ടത്തിൽ അവസാനിച്ചു.

ചൊവ്വാഴ്ച നിഫ്റ്റി 325.55 പോയിൻ്റ് (1.45%) ഉയർന്ന് 22,834.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1131.31 പോയിൻ്റ് (1.53%) കയറി 75,301.26 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 960.35 പോയിൻ്റ് (1.99%) കുതിച്ച് 49,314.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.18 ശതമാനം (1055.10 പോയിൻ്റ്) കയറി  49,516.90 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 2.71 ശതമാനം (406.30 പോയിൻ്റ്) കുതിച്ച് 15,374.70 ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 694.57 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2534.75 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി മാറി.  ബിഎസ്ഇയിൽ 2766 ഓഹരികൾ ഉയർന്നപ്പോൾ 1276 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2288 എണ്ണം ഉയർന്നു, താഴ്ന്നത് 646 എണ്ണം. 

വിപണി മനോഭാവം ബുള്ളിഷ് ആണ്. രണ്ടു ദിവസം കൊണ്ട് രണ്ടു ശതമാനം കയറിയ നിഫ്റ്റി ഇനി 23,000 - 23,400 മേഖലയിലേക്കു കടക്കുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ  പറയുന്നു. ഇന്നു നിഫ്റ്റിക്ക് 22,670 ലും 22,600 ലും പിന്തുണ പ്രതീക്ഷിക്കാം. 22,865 ലും 23,020 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ബജാജ് ഗ്രൂപ്പുമായുളള സഖ്യം അവസാനിപ്പിക്കുന്ന ഫ്രഞ്ച് ഇൻഷ്വറൻസ് ഗ്രൂപ്പ് റിലയൻസിൻ്റെ ജിയോ ഫിനാൻസുമായി സഖ്യം ഉണ്ടാക്കും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാസങ്ങളായി ഇതിനു ചർച്ച നടന്നു വരികയാണ്. ബാളുമായുളള 24 വർഷത്തെ സഖ്യമാണ് അലയൻസ് ഉപേക്ഷിച്ചത്. 

എൽഐസി ഒരു ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയിൽ ഗണ്യമായ ഓഹരി എടുക്കും എന്ന് എൽഐസി സിഇഒ സിദ്ധാർഥ മൊഹന്തി പ്രസ്താവിച്ചു. ഈ മാസം തന്നെ ഇതിൻെറ പ്രഖ്യാപനം ഉണ്ടാ

കുതിപ്പ് തുടർന്നു സ്വർണം

ഔൺസിന് 3000 ഡോളറിനു മുകളിൽ എത്തിയ സ്വർണം വീണ്ടും കയറി റെക്കോർഡ് കുറിച്ചു. ഇന്നലെ ന്യൂയോർക്ക് വിപണിയിൽ ഔൺസിന് 3035.40 ഡോളറിൽ ക്ലോസ് ചെയ്തു.ഇന്നു രാവിലെ വില ഔൺസിന് 3029 ഡോളറിലേക്കു താഴ്ന്നു. സാമ്പത്തിക -വ്യാപാര അനിശ്ചിതത്വങ്ങൾ  തുടരുന്നതിനാൽ വില ഇനിയും കയറും എന്നാണു സംസാരം. 

കേരളത്തിൽ ചൊവ്വാഴ്ച ആഭരണസ്വർണം പവന് 320 രൂപ കയറി 66,000 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഡോളർ നിരക്ക് താഴ്ന്നതാണു വിലവർധന കുറയാൻ സഹായിച്ചത്. ഇന്നും വില ഗണ്യമായി വർധിക്കും.

വെള്ളിവില ഔൺസിന് 33.98 ഡോളറിൽ എത്തി.

ഡോളർ സൂചിക വീണ്ടും താഴ്ന്നു 103.24 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.34 ലാണ് സൂചിക.രൂപ ചൊവ്വാഴ്ചയും നല്ല നേട്ടം ഉണ്ടാക്കി. ഡോളർ 23 പൈസ താഴ്ന്ന് 86.57 രൂപയിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് രൂപ ഉയർന്നത്.  ചെെനയുടെ യുവാൻ ഡോളറിന് 7.23 യുവാൻ എന്ന നിരക്കിലേക്കു കയറി. യുഎസ് കടപ്പത്രവില അൽപം കയറി, അവയിലെ നിക്ഷേപനേട്ടം താഴ്ന്നു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.285 ശതമാനമായി. 

ക്രൂഡ് ഓയിൽ താഴ്ന്നു

യുക്രെയ്നിൽ ഭാഗിക വെടിനിർത്തലിനു സാധ്യത കണ്ടതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 71.07 ഡോളറിൽ നിന്ന് 70.42 ഡോളറിൽ എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ70.37 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 66.69 ഉം  യുഎഇയുടെ മർബൻ ക്രൂഡ് 71.71 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾക്ക് ഇടിവ്

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 82,750 ഡോളറിലേക്കു താണു. 1950 വരെ കയറിയ ഈഥർ 1930 ഡോളറിനു സമീപമായി. 

ചെമ്പും ലെഡും ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും ചൊവ്വാഴ്ച താഴ്ന്നു. ചെമ്പ് 0.55 ശതമാനം കയറി ടണ്ണിന് 9852.83 ഡോളറിലെത്തി. അലൂമിനിയം 1.31 ശതമാനം ഇടിഞ്ഞ് 2658.03 ഡോളർ ആയി. നിക്കൽ 1.57 ഉം സിങ്ക് 1.22 ഉം ടിൻ 0.04 ഉം ശതമാനം താഴ്ന്നു. ലെഡ് 0.54 ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2025 മാർച്ച് 18, ചൊവ്വ)

സെൻസെക്സ് 30       75,301.26      +1.53%
നിഫ്റ്റി50      22,834.30        +1.45%
ബാങ്ക് നിഫ്റ്റി    49,314.50    +1.99%

മിഡ് ക്യാപ്100  49,516.90    +2.18%
സ്മോൾ ക്യാപ് 100  15,374.70   +2.71%

ഡൗ ജോൺസ്  41,581.31   -0.62%

എസ് ആൻഡ് പി 5614.60   -1.07%

നാസ്ഡാക്     17,504.12    -1.71%

ഡോളർ($)         ₹86.57       -₹0.23
സ്വർണം (ഔൺസ്)   $3035.40   +$33.60

സ്വർണം(പവൻ) ₹66,000      +₹320     

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $70.42 -$00.65

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com