

ആവേശത്തോടെ സെപ്റ്റംബറിലെ വ്യാപാരത്തിന് തുടക്കമിട്ട ഇന്ത്യൻ വിപണി ഇന്ന് ചെറിയ മുന്നേറ്റം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. വിപണിക്കു പുതിയ ഉത്തേജക ഘടകങ്ങൾ ഒന്നും കിട്ടിയിട്ടില്ല. ആഗോള വിപണികളുടെ സൂചനയും മികച്ചതല്ല.
നാളെ ആരംഭിക്കുന്ന ജിഎസ്ടി കൗൺസിൽ നികുതി കുറയ്ക്കും എന്നു വിപണിക്ക് ഉറപ്പുണ്ട്. എന്നാൽ 40 ശതമാനം നികുതിയിലേക്കു മാറുന്ന ഉൽപന്നങ്ങൾ സംബന്ധിച്ച അവ്യക്തത നിലനിൽക്കുകയാണ്. സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താൻ ഏതേത് ഉൽപന്നങ്ങളിലും സേവനങ്ങളിലും സെസ് ചുമത്തും എന്നതും ആശങ്കയായി നിൽക്കുന്നു. ബുധനാഴ്ച വെെകുന്നേരം തീരുമാനങ്ങൾ അറിയാം.
ഓഗസ്റ്റിലെ ജിഎസ്ടി പിരിവിലെ വർധന 6.5 ശതമാനമായി കുറഞ്ഞു. റീഫണ്ടുകൾ 21 ശതമാനം കുറഞ്ഞത് അറ്റ നികുതി വരുമാനം 10.7 ശതമാനം കൂടാൻ സഹായിച്ചു.
ഓഗസ്റ്റിൽ ഫാക്ടറി ഉൽപാദനത്തിൻ്റെ പിഎംഐ 18 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയിലായി. 59.3 ആണു സൂചിക. ജൂലൈയിൽ 59.1 ആയിരുന്നു.
ജിഎസ്ടി കുറയ്ക്കും എന്ന പ്രതീക്ഷ ഓഗസ്റ്റിലെ കാർവിൽപന ഏഴു ശതമാനം കുറച്ചു.
ജൂൺ പാദത്തിൽ രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ട് കമ്മിയായി. തലേ പാദത്തിൽ 1350 കോടി ഡോളർ മിച്ചമുണ്ടായിരുന്നത് 860 കോടി ഡോളർ കമ്മിയായി മാറി. ഉൽപന്ന കയറ്റുമതി കുറഞ്ഞതു മൂലം വ്യാപാര കമ്മി വർധിച്ചതാണു കാരണം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,745.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,760 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഉയർന്നു. രാഷ്ട്രീയ അസ്ഥിരത ഫ്രാൻസിലെ സൂചികയെ നാമമാത്ര ഉയർച്ചയിൽ ഒതുക്കി. ബ്രിട്ടനിൽ നിന്ന് 1350 കോടി ഡോളറിനു യുദ്ധക്കപ്പൽ വാങ്ങാൻ നോർവേ കരാറിൽ ഏർപ്പെട്ടത് പ്രതിരോധ ഓഹരികളെ കയറ്റി. വിഗാേവി എന്ന ഔഷധം ഹൃദ്രോഗ ചികിത്സയിൽ എതിർ കമ്പനി ഉൽപന്നങ്ങളേക്കാൾ മികച്ചു നിന്നു എന്ന പരീക്ഷണഫലം ഡാനിഷ് ഔഷധ കമ്പനി നോവോ നോർഡിസ്കിനെ ഉയർത്തി. ഭാരം കുറയ്ക്കാനും ഉപയോഗിക്കുന്നതാണ് വിഗോവി.
കീഴ്ജീവനക്കാരിയുമായി അനുചിത ബന്ധം പുലർത്തിയതിനു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ലോറൻ ഫെലിക്സിനെ നെസ്‌ലെ കമ്പനി ഡിസ്മിസ് ചെയ്തു. ഫിലിപ്പ് നവ്റാറ്റിലിനെ പുതിയ സിഇഒ ആയി നിയമിച്ചു.
തൊഴിലാളിദിനം പ്രമാണിച്ചു തിങ്കളാഴ്ച യുഎസ് വിപണി അവധിയിലായിരുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു രാവിലെ നാമമാത്രമായി ഉയർന്നു. ഫ്യൂച്ചേഴ്സിൽ ഡൗ 0.02 ഉം എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.07 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്. അടിയന്തരാധികാരം ഉപയോഗിച്ചു ചുമത്തിയ അധിക തീരുവകൾ അസാധുവാണെന്ന അപ്പീൽ കോടതി വിധി വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ കയറ്റത്തിലാണ്. ജപ്പാനിലെ നിക്കെെ സൂചിക 0.40 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ സൂചികയും കയറി. ഓസ്ട്രേലിയൻ വിപണി താഴ്ന്നു.
ജിഡിപിയിലെ അപ്രതീക്ഷിത വളർച്ചയും ഷാങ്ഹായ് സഹകരണ സംഘടനയിൽ ഇന്ത്യക്കുണ്ടായ നയതന്ത്ര വിജയവും ഇന്ത്യ - ചൈന ചർച്ചയിലെ പുരോഗതിയും തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ മികച്ച നേട്ടത്തിലാക്കി. മുഖ്യ സൂചികകൾ 0.80 ശതമാനം ഉയർന്നപ്പോൾ മിഡ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിനടുത്തു നേട്ടം ഉണ്ടാക്കി. വിദേശനിക്ഷേപകർ വിൽപന തുടർന്നെങ്കിലും മുൻ ദിവസത്തെ അപേക്ഷിച്ചു കുറവായിരുന്നു വിൽപന.
മീഡിയയും ഫാർമയും ഒഴികെ എല്ലാ മേഖലകളും തിങ്കളാഴ്ച ഉയർന്നു. ജിഎസ്ടി കുറയ്ക്കൽ വാഹന വിൽപനയിൽ വലിയ നേട്ടം വരുത്തും എന്ന പ്രതീക്ഷയിൽ നിഫ്റ്റി ഓട്ടോ സൂചിക 2.80 ശതമാനം കുതിച്ചു. മെറ്റൽ, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ -ഗ്യാസ്, റിയൽറ്റി മേഖലകളും നല്ല മുന്നേറ്റം നടത്തി.
ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ നടത്തുമെന്ന പ്രഖ്യാപനത്തെ തുടർന്നു പല ബ്രോക്കറേജുകളും റിലയൻസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകുകയും ലക്ഷ്യവില കൂട്ടുകയും ചെയ്തെങ്കിലും ഓഹരി താഴ്ന്നു. റിലയൻസ് ഓഹരി ഉടമകൾക്കു ജിയാേ ഓഹരി നേരിട്ടു ലഭിക്കില്ല എന്നതാണു കാരണം. ഐപിഒയിൽ അപേക്ഷിച്ചു മാത്രമേ ഓഹരി കിട്ടൂ.
ഒല ഇലക്ട്രിക് ഓഹരി ഇന്നലെ 15.6 ശതമാനം കുതിച്ച് 62.48 രൂപയിൽ എത്തി. അഞ്ചു ദിവസം കൊണ്ട് ഓഹരി 29 ശതമാനം കയറി. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് കിട്ടുന്നതും ജിഎസ്ടി കുറയുമ്പോൾ ഇലക്ട്രിക് വാഹന വിൽപനയിൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതുമാണു കാരണം.
യുകെയിലെ വിറ്റാമിൻ, മിനറൽസ് സപ്ലിമെൻ്റ് കമ്പനി കംഫർട്ട് ക്ലിക്കിനെ വാങ്ങിയതിൻ്റെ വെളിച്ചത്തിൽ
സൈഡസ് വെൽനെസ് ഓഹരി 10.7 ശതമാനം കുതിച്ചു. പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച ആഥർ എനർജി 8.7 ശതമാനം ഉയർന്നു. ചൈനയിൽ നിന്ന് വീണ്ടും അപൂർവധാതുക്കൾ കിട്ടുമെന്നു വന്നതും കമ്പനികളുടെ നേട്ടത്തിനു കാരണമായി.
നിഫ്റ്റി തിങ്കളാഴ്ച 198.20 പോയിൻ്റ് (0.81%) കുതിച്ച് 24,625.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 554.84 പോയിൻ്റ് (0.70%) നേട്ടത്തോടെ 80,364.49 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 346.80 പോയിൻ്റ് (0.65%) കയറി 54,002.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 1098.10 പോയിൻ്റ് (1.97%) കുതിച്ച് 56,825.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 271.10 പോയിൻ്റ് (1.57%) കയറി 17,498.10 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2705 ഓഹരികൾ ഉയർന്നപ്പോൾ 1495 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2128 എണ്ണം. താഴ്ന്നത് 935 ഓഹരികൾ.
എൻഎസ്ഇയിൽ 113 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 83 എണ്ണമാണ്. 115 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 75 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1703.73 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4316.07 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 100 ദിന എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജ് ആയ 24,630 നു തൊട്ടടുത്തു ക്ലോസ് ചെയ്തതു പ്രതീക്ഷ നൽകുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്ന് അതിനു മുകളിൽ നിന്നാൽ 25,000 ലേക്കു മുന്നേറ്റം തുടരാൻ സാധിക്കും. മറിച്ചായാൽ ഓഗസ്റ്റിലെ താഴ്ന്ന നില വീണ്ടും സന്ദർശിച്ചെന്നു വരാം. നിഫ്റ്റിക്ക് ഇന്ന് 24,490 ഉം 24,365 ഉം പിന്തുണയാകാം. 24,645 ലും 24,695 ലും തടസം ഉണ്ടാകാം.
സ്വർണക്കുതിപ്പ് തുടരുകയാണ്. ഔൺസിനു 3500 ഡോളറിൽ എത്താനാകുമോ എന്നാണു വിപണി ഇന്നു നോക്കുക. അവിടെ സാങ്കേതിക തടസ്സം പ്രതീക്ഷിക്കാം. എങ്കിലും കുതിപ്പു തുടരും എന്നു ബുള്ളുകൾ കരുതുന്നു. ഫ്യൂച്ചേഴ്സിലെ വില 3553 കടന്നത് അതാണു സൂചിപ്പിക്കുന്നത്.
സ്പോട്ട് വിപണിയിൽ സ്വർണം 27.60 ഡോളർ കയറി ഔൺസിന് 3476.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3484 ഡോളറിലേക്ക് കയറി.
കേരളത്തിൽ 22 കാരറ്റ് പവൻവില തിങ്കളാഴ്ച 680 രൂപ കൂടി 77,640 രൂപയിൽ എത്തി. ഇന്നും വില ഗണ്യമായി ഉയരും എന്നാണ് രാജ്യാന്തര വില സൂചിപ്പിക്കുന്നത്.
വെള്ളി പറക്കുന്നു
വെള്ളിവില തിങ്കളാഴ്ച ഔൺസിന് 41 ഡോളറിലേക്കു കയറിയിട്ട് താഴ്ന്നു 40.49 ൽ ക്ലാേസ് ചെയ്തു. ഇന്നു മാനിലെ 40.68 ലേക്കു കയറി. 14 വർഷത്തിനുളളിലെ ഏറ്റവും ഉയർന്ന നിലയിലാണു വെള്ളി.
വെള്ളി ലഭ്യത തുടർച്ചയായ അഞ്ചാം വർഷവും കമ്മിയായതാണ് കുതിപ്പിനു കാരണം.
തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് കാര്യമായ വിലമാറ്റം ഇല്ലാതെ ടണ്ണിന് 9804.40 ഡോളറിൽ തുടർന്നു. അലൂമിനിയം 0.38 ശതമാനം താഴ്ന്ന് 2605.15 ഡോളറിൽ എത്തി. സിങ്കും നിക്കലും ലെഡും ഉയർന്നപ്പോൾ ടിൻ ഒരു ശതമാനത്തിലധികം താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 0.20 ശതമാനം ഉയർന്ന് കിലോഗ്രാമിന് 173.60 സെൻ്റ് ആയി. കൊക്കോ ടണ്ണിന് 7635.00 ഡോളറിൽ എത്തി. കാപ്പി 0.31 ശതമാനം ഉയർന്നപ്പോൾ തേയില അൽപം ഇടിഞ്ഞു പാം ഓയിൽ വില മാറ്റമില്ലാതെ തുടർന്നു.
പലിശ കുറയൽ സാധ്യതയിൽ ഡോളർ സൂചിക ഇന്നു രാവിലെ 97.73 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1705 ഡോളറിലേക്കും പൗണ്ട് 1.3535 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.28 യെൻ എന്ന നിരക്കിൽ തുടരുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.259 ശതമാനമായി.
തിങ്കളാഴ്ച രൂപ ചാഞ്ചാട്ടങ്ങൾക്കു ശേഷം നിരക്കുമാറ്റമില്ലാതെ അവസാനിച്ചു. ഡോളർ 88.20 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 88.33 വരെ താഴ്ന്നു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.13 യുവാൻ എന്ന നിലയിൽ തുടർന്നു. യുവാൻ കുറച്ചു കൂടി ശക്തമാകും എന്നാണു വിപണിയിലെ സംസാരം. യുവാനെ ഉയർത്തി നിർത്താൻ ചൈന ഉദ്ദേശിക്കുന്നുണ്ട്. തിങ്കളാഴ്ച ചൈനീസ് കേന്ദ്ര ബാങ്ക് ഡോളറിന് 7.10 യുവാൻ ആണു മധ്യവില ആയി നിശ്ചയിച്ചത്.
ക്രൂഡ് ഓയിൽ വില വീണ്ടും കയറുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 68.33 ഡോളറിലേക്ക് ഉയർന്നു. ഡബ്ള്യുടിഐ 64.80 ഡോളറിലും മർബൻ ക്രൂഡ് 71.30 ഡോളറിലും ആണ്. പ്രകൃതിവാതക വില നേരിയ താഴ്ചയിലായി.
ക്രിപ്റ്റോ കറൻസികൾ താഴ്ന്ന മേഖലയിലാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,09,000 ഡോളറിലേക്കു കയറി. ഈഥർ 4300 ഡോളറിനു താഴെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തി 220 ഡോളറിനടുത്ത് എത്തിയ സൊലാനോ197 ലേക്കു താഴ്ന്നു.
(2025 സെപ്റ്റംബർ 01, തിങ്കൾ)
സെൻസെക്സ്30 80,364.49 +0.70%
നിഫ്റ്റി50 24,625.05 +0.81%
ബാങ്ക് നിഫ്റ്റി 54,002.45 +0.65%
മിഡ് ക്യാപ്100 56,825.50 +1.97%
സ്മോൾക്യാപ്100 17,498.10 +1.57%
ഡൗജോൺസ് 45,544.88 00%
എസ്ആൻഡ്പി 6460.26 00%
നാസ്ഡാക് 21,455.55 00%
ഡോളർ($) ₹88.20 +₹0.00
സ്വർണം(ഔൺസ്) $3476.30 +$27.6 0
സ്വർണം(പവൻ) ₹77,640 +₹68
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.30 +$0.77
Read DhanamOnline in English
Subscribe to Dhanam Magazine