ചൈന അപൂർവ ധാതുക്കളും രാസവളവും നൽകും; വിദേശ സൂചനകൾ നെഗറ്റീവ്; ഏഷ്യൻ വിപണികൾ ഇടിവിൽ; 400 ലേറെ ഇനങ്ങൾക്ക് അമേരിക്ക ചുങ്കം കൂട്ടി

ക്രൂഡ് വില താഴ്ന്നു; സ്വര്‍ണം ഇടിവില്‍; ഡോളര്‍ കയറി
Morning business news
Morning business newsCanva
Published on

നാലു ദിവസം തുടർച്ചയായി ഉയർന്ന ഇന്ത്യൻ വിപണി ഇന്നു ദിശമാറ്റിയാൽ അത്ഭുതമില്ല. പ്രതീക്ഷിക്കുന്ന നല്ല വാർത്തകൾ വരുന്നില്ല. അമേരിക്കയിലെ ടെക്നോളജി ഓഹരികൾ നാലുമാസം കൊണ്ടു 40 ശതമാനം ഉയർന്ന് "കുമിളപ്പരുവം '' ആയി എന്നു പലരും വിലയിരുത്തുന്നുണ്ട്. നിർമിത ബുദ്ധിയിലെ അമിതാവേശം അപകടമാണെന്ന് അവർ പറയുന്നു.

യുക്രെയ്ൻ സമാധാനസാധ്യത വർധിച്ചിട്ടുണ്ട്. എന്നാൽ പലിശ കുറയ്ക്കൽ പ്രതീക്ഷകളെ സാധൂകരിക്കുന്ന പുതിയ കാര്യങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. 

സ്റ്റീലും അലൂമിനിയവും ചേർന്നതോ അവ ഉപയോഗിച്ചു പായ്ക്ക് ചെയ്യുന്നതോ ആയ 400-ലേറെ ഉൽപന്നങ്ങൾക്ക് അമേരിക്ക ഇന്നലെ 50 ശതമാനം ചുങ്കം ചുമത്തി. വാഹന- കൺസ്യൂമർ ഉൽപന്ന ഘടകങ്ങൾ അടക്കം ഈ പട്ടികയിൽ വരും. 800 ഡോളറിൽ കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങൾ ഡ്യൂട്ടി ഇല്ലാതെ പാഴ്സലായി അയയ്ക്കാനുള്ള സൗകര്യവും അമേരിക്ക റദ്ദാക്കി. രണ്ടും കയറ്റുമതി മേഖലയ്ക്കു ദോഷകരമാണ്. ഇതും വിപണിയെ താഴ്ത്തും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,010.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  24,960 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയർന്നു, യുഎസ് താഴ്ന്നു

യുക്രെയ്ൻ സമാധാന പ്രതീക്ഷയിൽ യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച  ഉയർന്നു. ഫ്രഞ്ച് സൂചിക 1.21 ശതമാനം കയറി. യൂറോപ്യൻ പ്രതിരോധ ഓഹരികൾ താഴ്ന്നു.

 യുക്രെയ്ൻ സമാധാനസാധ്യത അമേരിക്കൻ ഓഹരികളെ കാര്യമായി സഹായിച്ചില്ല. ടെക്നോളജി ഓഹരികൾ നാസ്ഡാകിനെയും എസ് ആൻഡ് പിയെയും താഴ്ത്തി. എൻവിഡിയ 3.5 ശതമാനം ഇടിഞ്ഞപ്പോൾ എഎംഡി 5.4 ഉം ബ്രോഡ്കോം 3.6 ഉം ശതമാനം താഴ്ന്നു.  സോഫ്റ്റ് വേർ ഓഹരി പലാൻ്റിർ ഒൻപതു ശതമാനം ഇടിഞ്ഞു.

നിർമിത ബുദ്ധിയുടെ ആവേശത്തിൽ നാസ്ഡാക് കോംപസിറ്റ് സൂചിക ഏപ്രിലിലെ താഴ്ചയിൽ നിന്ന് 40 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഈ മുന്നേറ്റം തകർച്ചയിൽ അവസാനിക്കും എന്നു പ നിക്ഷേപവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കമ്പനിയിൽ 200 കോടി ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചത് ഇൻ്റൽ ഓഹരിയെ ഏഴു ശതമാനം ഉയർത്തി. യുഎസ് സർക്കാരും നിക്ഷേപം നടത്തും.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച  10.45 പോയിൻ്റ് (0.02%) ഉയർന്ന് 44,922.27 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 37.78 പോയിൻ്റ് (0.59%) നഷ്ടത്തോടെ 6411.37 ൽ  അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 344.82 പോയിൻ്റ് (1.46%) ഇടിഞ്ഞ് 21,314.95 ൽ ക്ലോസ് ചെയ്തു. 

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു താഴ്ചയിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.17 ഉം  നാസ്ഡാക് 0.33 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലായി. ജൂലൈയിലെ കയറ്റുമതി 2.6 ശതമാനം ഇടിഞ്ഞത്  നിക്കെെ സൂചികയെ രാവിലെ 1.5 ശതമാനം താഴ്ത്തി. ദക്ഷിണ കൊറിയൻ  സൂചികകളും 1.5 ശതമാന താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി. ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.

ഇന്ത്യൻ വിപണി കയറ്റം തുടരുന്നു

ജിഎസ്ടി നിരക്കുകൾ ഗണ്യമായി കുറയ്ക്കുന്ന നികുതി പരിഷ്കാരവും ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തലും നൽകിയ ആവേശം ചൊവ്വാഴ്ചയും ഇന്ത്യൻ വിപണിയെ ഉയർത്തി. തലേന്നു വ്യാപാരത്തിനിടെ എത്തിയ ഉയർന്ന നിലയ്ക്കു താഴെയേ ഇന്നലെ മുഖ്യസൂചികകൾ എത്തിയുള്ളൂ. 25,000 നു മുകളിൽ നിൽക്കാൻ നിഫ്റ്റി 50 ക്കു കഴിഞ്ഞില്ല. ലാഭത്തിൽ വിറ്റു മാറുന്നവരുടെ വിൽപന സമ്മർദവും തുടർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിൽ താഴെ ഉയർന്നു ക്ലോസ് ചെയ്തു. 

ഓയിൽ - ഗ്യാസ്, വാഹന, എഫ്എംസിജി മേഖലകളാണ് കയറ്റത്തിനു മുന്നിൽ നിന്നത്. 

റിലയൻസ് ഇൻഡസ്ട്രീസ് 2.84 ശതമാനം കുതിച്ച് 1421 രൂപയിൽ എത്തി. ഒരു വർഷത്തിനകം റിലയൻസിൻ്റെ റേറ്റിംഗ് ഉയർത്താൻ സാധ്യത ഉണ്ടെന്ന് സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് അറിയിച്ചു. ഡാറ്റാ നിരക്കുകൾ കൂട്ടുന്നത് റിലയൻസ് ജിയോയുടെ ലാഭമാർജിൻ വർധിപ്പിക്കും എന്നും ഏജൻസി വിലയിരുത്തി.

ടെക്സ്റ്റെെൽ കമ്പനികൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. അമേരിക്ക പിഴച്ചുങ്കം ചുമത്തുകയില്ല എന്ന സൂചനയാണു പ്രധാന കാരണം. കോട്ടൺ ഇറക്കുമതിച്ചുങ്കം സെപ്റ്റംബർ 30 വരെ ഒഴിവാക്കിയതും ഓഹരികളെ സഹായിച്ചു. വർധമാൻ, വെൽസ്പൺ, ട്രൈഡെൻ്റ്, ഗോകൽദാസ്, അരവിന്ദ്, ലക്സ്, റെയ്മണ്ട് ലിമിറ്റഡ്, റെയ്മണ്ട് ലൈഫ് സ്റ്റൈൽ തുടങ്ങിയവ നല്ല കുതിപ്പ് നടത്തി. കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം ഉയർന്നതോടെ ഒരാഴ്ചത്തെ നേട്ടം 12 ശതമാനത്തിലധികമായി.

ഓൺലൈൻ ഗെയിമിംഗ് നിയന്ത്രണ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത് ഡെൽറ്റാ കോർപ്പ് ഓഹരിയെ 12 ശതമാനം ഉയർത്തി. പിന്നീട് 7.77 ശരമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഓൺ മൊബൈൽ നാലു ശതമാനം ഉയർന്നു. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതാണു ബിൽ.

ടാറ്റാ മോട്ടോഴ്സ് ഓഹരി ഇന്നലെയും കയറ്റം തുടർന്നു. അഞ്ചു ദിവസം കൊണ്ട് എട്ടു ശതമാനം കയറി. കമ്പനി വാണിജ്യ വാഹന ബിസിനസും യാത്രാവാഹന ബിസിനസും വ്യത്യസ്ത കമ്പനികളിലാക്കി മാറ്റുന്നതിലെ ആവേശം ഓഹരിയുടെ കയറ്റത്തിനു പ്രേരണയാണ്.

ഇന്ത്യൻ കമ്പനികൾക്ക് അപൂർവ ധാതുക്കൾ നൽകുന്നതു പുനരാരംഭിക്കാം എന്ന് ചൈന വാഗ്ദാനം ചെയ്തത് വാഹന ഓഹരികൾക്കു നേട്ടമാകും. യൂറിയ അടക്കം രാസവള കയറ്റുമതി പുനരാരംഭിക്കാനും ചൈന സമ്മതം അറിയിച്ചു. രാസവള കമ്പനികൾ ഇന്നലെ ഉയർന്നു.

കല്യാൺ ജ്വല്ലേഴ്സ് ഇന്നലെയും താഴ്ന്നു. ജനുവരി ഒന്നു മുതൽ ഇതുവരെ 34 ശതമാനം ഇടിവാണു കല്യാണിന് ഉള്ളത്.

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ നിന്ന് 97 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 62,000 കോടി രൂപയുടേതാണു കരാർ. ഏതാനും വർഷം മുമ്പ് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോർവിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. മിഗ് 21 വിമാനങ്ങൾ അടുത്ത ആഴ്ചകളിൽ സർവീസിൽ നിന്നു പിൻവലിക്കും. പകരം തേജസ് വിമാനങ്ങളുടെ സ്ക്വാഡ്രണുകൾ ആണ് ഉപയോഗിക്കുക. നേരത്തേ നൽകിയവയിലേക്കാൾ നവീനമായ റഡാറുകളും ഏവിയോണിക്സും (ഇലക്ട്രോണിക് സംവിധാനം) ആണ് ഇനി നൽകുന്ന തേജസ് എംകെ 1എ വിമാനങ്ങൾക്ക് ഉണ്ടാവുക. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിൻ്റെ എംകെ 1എ എൻജിനാണ് ഇവയിൽ ഉപയോഗിക്കുന്നത്.

നിഫ്റ്റി ഇന്നലെ 103.70 പോയിൻ്റ് (0.42%) ഉയർന്ന് 24,980.65 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 370.64 പോയിൻ്റ് (0.46%) കയറി 81,644.39 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 130.25 പോയിൻ്റ് (0.23%) നേട്ടത്തോടെ 55,865.15 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 551.50 പോയിൻ്റ് (0.97%) ഉയർന്ന് 57,664.65 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 123.30 പോയിൻ്റ് (0.70%) കയറി 17,914.30 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2580 ഓഹരികൾ ഉയർന്നപ്പോൾ 1502 ഓഹരികൾ ഇടിഞ്ഞു.  എൻഎസ്ഇയിൽ ഉയർന്നത് 2049 എണ്ണം. താഴ്ന്നത് 938 ഓഹരികൾ.

എൻഎസ്ഇയിൽ 96 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 46 എണ്ണമാണ്. 118 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 54 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 634.26 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2261.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റി 25,000 നു മുകളിൽ ക്ലോസ് ചെയ്താലേ മുന്നേറ്റം തുടരാനാകൂ. 24,800 - 24,850 പിന്തുണയായി തുടരും. നിഫ്റ്റിക്ക് ഇന്ന് 24,900 വും 24,820 ഉം പിന്തുണയാകും. 25, 010 ലും 25,095 ലും തടസം ഉണ്ടാകാം.

സ്വർണം ഇടിവിൽ

യുക്രെയ്ൻ വിഷയത്തിലെ പുരോഗതി സ്വർണവിപണിയെ താഴ്ത്തുന്നു. ഫെഡറൽ റിസർവ് പലിശഗതിയെ പറ്റി പറയുന്ന കാര്യങ്ങളാകും ഇനി സ്വർണത്തെ നയിക്കുക. ഇന്നലെ സ്വർണം ഔൺസിന് 17 ഡോളർ കുറഞ്ഞ് 3316.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 

കേരളത്തിൽ ഇന്നലെ പവൻവില 380 രൂപ കുറഞ്ഞ് 73,880 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 37.31 ഡോളറിലാണ്.

ലെഡും ടിന്നും ഒഴികെ വ്യാവസായിക ലോഹങ്ങൾ മിക്കതും ചൊവ്വാഴ്ച താഴ്ന്നു. ചെമ്പ് 0.05 ശതമാനം കുറഞ്ഞ് ടണ്ണിന് 9621.40 ഡോളറിൽ എത്തി. അലൂമിനിയം 0.78 ശതമാനം ഇടിഞ്ഞ് 2567.44 ഡോളർ ആയി. സിങ്കും നിക്കലും താഴ്ന്നു. 

രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.58 ശതമാനം താഴ്ന് 170.30 സെൻ്റിൽ എത്തി. കൊക്കോ 0.49 ശതമാനം താഴ്ന്നു ടണ്ണിന് 8007.44 ഡോളർ ആയി. കാപ്പി 2.06 ശതമാനം താഴ്ന്നു. തേയില വില സ്റ്റെഡി ആയിരുന്നു. പാം ഓയിൽ വില 0.88 ശതമാനം താഴ്ന്നു.

ഡോളർ കയറി

ചൊവ്വാഴ്ച ഡോളർ സൂചിക അൽപം ഉയർന്ന് 98.27 ൽ  ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.35 ലേക്കു കയറി.

കറൻസി വിപണിയിൽ ഡോളർ ഉയർന്നു. യൂറോ 1.1644 ഡോളറിലേക്കും പൗണ്ട്  1.3486 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.68 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില കയറി. അവയിലെ നിക്ഷേപനേട്ടം 4.31 ശതമാനമായി താഴ്ന്നു. 

ചൊവ്വാഴ്ച രൂപ മികച്ച കയറ്റം നടത്തി. അമേരിക്ക ഇന്ത്യയെ പിഴച്ചുങ്കത്തിൽ നിന്ന് ഒഴിവാക്കും എന്ന പ്രതീക്ഷയാണ് കാരണം. ഡോളർ 39 പൈസ നഷ്ടത്തോടെ 86.96 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു. 

ക്രൂഡ് ഓയിൽ താഴ്ന്നു

ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച 1.22 ശതമാനം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 65.79 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ കയറി 66.01 ഡോളറിൽ എത്തി.  ഡബ്ള്യുടിഐ 62.72 ഡോളറിലും മർബൻ ക്രൂഡ് 68.82 ഡോളറിലും ആണ്.  പ്രകൃതിവാതക വില 0.55 ശതമാനം താഴ്ന്നു. 

ക്രിപ്റ്റോ കറൻസികൾ ഇടിയുകയാണ്. ബിറ്റ് കോയിൻ 1,13,000 ഡോളറിനു  താഴെ എത്തി. ഈഥർ 4120 ഡോളറിനു താഴേക്കു വീണു. 

വിപണിസൂചനകൾ

(2025 ഓഗസ്റ്റ് 19, ചൊവ്വ)

സെൻസെക്സ്30 81,644.39    +0.46%

നിഫ്റ്റി50       24,980.65         +0.42%

ബാങ്ക് നിഫ്റ്റി   55,865.15     +0.23%

മിഡ് ക്യാപ്100  57,664.65    +0.97%

സ്മോൾക്യാപ്100 17,914.30   +0.70%

ഡൗജോൺസ്  44,922.27    +0.02%

എസ്ആൻഡ്പി  6411. 37    -0.59%

നാസ്ഡാക്      21,314.95     -1.46%

ഡോളർ($)     ₹86.96       -₹0.39

സ്വർണം(ഔൺസ്) $3316.10    -$17.00

സ്വർണം(പവൻ)   ₹73,880    -₹320                  

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.79    -$0.81'

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Stock Market Pre-opening Analysis
Stock Market Pre-opening Analysis
Stock Market Pre-opening Analysis
Stock Market Pre-opening Analysis
```html ```
logo
DhanamOnline
dhanamonline.com