വിപണികളിൽ യുദ്ധഭീതി തുടരുന്നു; ക്രൂഡ് ഓയിൽ 72 ഡോളർ കടന്നു; ഡോളർ ഉയരുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഇന്നു രാവിലെ 25,366-25,435 പരിധിയിൽ കയറിയിറങ്ങിയിട്ട് 25,420 നടുത്തു നീങ്ങുന്നു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
stock market updates
Published on

യുദ്ധഭീതിയിൽ ഓഹരികൾ താഴുകയും ക്രൂഡ് ഓയിൽ ഉയരുകയും ചെയ്യുന്നു. അമേരിക്ക ഇറാനെ ഏതു സമയവും ആക്രമിക്കാം എന്നാണു വാഷിംഗ്ടണിലും ജൂസലമിലും നിന്നുള്ള റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വില ബാരലിന് 72 ഡോളർ വരെ എത്തി. ഇതിനിടെ വിദേശനാണയ വിനിമയവിപണിയിൽ ഡോളർ 91 രൂപ കടന്നത് ആശങ്ക വളർത്തുന്നുണ്ട്. രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് പണിപ്പെടേണ്ടി വരും.

ഇന്നലെ യുഎസ്, യൂറോപ്യൻ വിപണികൾ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ചയിലാണ്. യുഎസ് ഫ്യൂച്ചേഴ്‌സ് നാമമാത്ര നേട്ടത്തിലായി. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്‌ച രാത്രി 25,400.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,366-25,435 പരിധിയിൽ കയറിയിറങ്ങിയിട്ട് 25,420 നടുത്തു നീങ്ങുന്നു. ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് ഇന്നലെ 3.32 ശതമാനം ഇടിഞ്ഞു. തുടർവ്യാപാരത്തിൽ 0.14 ശതമാനം കയറി. വിപ്രോ 2.61 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ 0.45 ശതമാനം നേട്ടം ഉണ്ടാക്കി.

യുഎസ് വിപണി താഴ്ന്നു

അമേരിക്കൻ വിപണി വ്യാഴാഴ്ച തുടക്കത്തിൽ ഒരു ശതമാനത്തോളം ഇടിഞ്ഞിട്ട് നഷ്‌ടം അൽപം കുറച്ച് ക്ലോസ് ചെയ്തു. ഇറാൻ വിഷയം യുദ്ധത്തിലേക്കു നീങ്ങുന്നു എന്ന ആശങ്കയാണ് വിപണിയെ ദുർബലമാക്കിയത്. ഫെബ്രുവരി 14 ലെ പ്രാരംഭ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം പ്രതീക്ഷയിലും കുറവായി. ഡിസംബറിൽ അമേരിക്കൻ വിദേശവ്യാപാര കമ്മി പ്രതീക്ഷയിലും വലുതായി. ഫാക്ടറി ഉൽപാദന സൂചികയും പ്രതീക്ഷയേക്കാൾ ഗണ്യമായി കൂടി. ഇതെല്ലാം പലിശ കുറയ്ക്കൽ സാധ്യത കുറയ്ക്കുന്നതായി. അതും വിപണിയെ താഴ്‌ത്തി.

ഡൗ ജോൺസ് 267.50 പോയിൻ്റ് (0.54%) താഴ്‌ന്ന് 49,395.16ലും എസ് ആൻഡ് പി 19.42 പോയിൻ്റ് (0.28%) കുറഞ്ഞ് 6861.89ലും നാസ്ഡാക് കോംപസിറ്റ് 70.91 പോയിൻ്റ് (0.31%) നഷ്ടത്തോടെ 22,682.73 ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 0.10 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.22 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലായി. 2026 ലെ വിമാനവിൽപന അൽപം കുറവാകുമെന്ന അറിയിപ്പ് എയർബസ് ഓഹരിയെ ഏഴു ശതമാനം ഇടിച്ചു. വാർഷിക വിറ്റുവരവ് നാമമാത്രമായി കൂടിയെങ്കിലും അറ്റ നഷ്ടത്തിലേക്കു കമ്പനി മാറിയതിനെ തുടർന്നു ഫ്രഞ്ച് കാർ കമ്പനി റെനോ മൂന്നു ശതമാനം താഴ്‌ന്നു. വിറ്റുവരവും ലാഭവും ഗണ്യമായടി കുറഞ്ഞ നെസ്‌ലെ 3.5 ശതമാനം ഇടിവിലായി.

ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.30 ശതമാനം താഴ്‌ന്നു. ജപ്പാനിലെ ചില്ലറ വിലക്കയറ്റം 1.5 ശതമാനമായി കുറഞ്ഞു. തുടർച്ചയായ 45 മാസം രണ്ടു ശതമാനത്തിനു മുകളിലായിരുന്നു വിലക്കയറ്റം. കാതൽ വിലക്കയറ്റം 2.9 ൽ നിന്നു 2.6 ശതമാനമായി താണു. ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക ഒരു ശതമാനം കുതിച്ചു റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ വിപണി നാമമാത്രമായി താഴ്‌ന്നു. പുതുവർഷം പ്രമാണിച്ച് ചൈനീസ് വിപണി 23 വരെ അവധിയാണ്. ഹോങ് കോങ് വിപണി 0.55 ശതമാനം താഴെയാണ്.

ഇന്ത്യൻ വിപണി ഇടിഞ്ഞു

ഇറാനിൽ അമേരിക്കൻ ആക്രമണം ആസന്നം എന്ന ഭീതി ഇന്നലെ ഇന്ത്യൻ വിപണിയെ ഇടിച്ചതാഴ്ത്തി. സെൻസെക്സ് 1700 ലേറെ പോയിൻ്റ് കയറിയിറങ്ങിയ ഇന്നലെ ബിഎസ്ഇയിലെ കമ്പനികളുടെ വിപണിമൂല്യത്തിൽ ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം വന്നു. നിഫ്റ്റി 50 ദിന മൂവിംഗ് ശരാശരിക്കു താഴെ പോയി. 200 ദിന മൂവിംഗ് ശരാശരി 25,310 ലാണ്. ഇതിനു താഴെ പോയാൽ വിപണി വലിയ തകർച്ചയിലാകും എന്നു നാങ്കേതിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യൻ വിപണിയിൽ ഇന്നലെ രാവിലെ മികച്ച മുന്നേറ്റം നടത്തിയ ഐടി മേഖല ഉച്ചയ്ക്കു ശേഷം വലിയ ഇടിവിലായി. എല്ലാ മേഖലകളും നഷ്‌ടം കുറിച്ച ഇന്നലെ റിയൽറ്റിയും വാഹനങ്ങളും കൺസ്യൂമർ ഡ്യുറബിൾസും നഷ്ടത്തിനു മുന്നിൽ നിന്നു. ക്രൂഡ് ഓയിൽ വില കുതിച്ചതിനെ തുടർന്ന ഓയിൽ ഇന്ത്യ 5 .2 ഉം ഒഎൻജിസി 3.65 ഉം ശതമാനം ഉയർന്നു.

സെൻസെക്സ് 1236.11 പോയിൻ്റ് (1.48%) ഇടിഞ്ഞ് 82,498.14 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 365 പോയിൻ്റ് (1.41%) നഷ്ടത്തോടെ 25,454.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 811.25 പോയിൻ്റ് (1.32%) താഴ്‌ന്ന് 60,739.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 955.55 പോയിൻ്റ് (1.59%) ഇടിഞ്ഞ് 59,227.65 ലും സ്മോൾ ക്യാപ് 100 സൂചിക 218.90 പോയിൻ്റ് (1.27%) താഴ്‌ന്ന് 17,020.35 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1209 ഓഹരികൾ കയറിയപ്പോൾ 3011 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 825 എണ്ണം ഉയർന്നു, 2304 എണ്ണം ഇടിഞ്ഞു. എൻഎസ്ഇയിൽ 75 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 122 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. ഒൻപതെണ്ണം അപ്പർ സർകീട്ടിലും ഒരെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകരും സ്വദേശ നിക്ഷേപകരും വ്യാഴാഴ്ച അറ്റവിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 880.49 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 596.28 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി.

നിഫ്റ്റി ക്ലോസിംഗ് നിലയായ 25,400 നു താഴേക്ക് ഇന്നുപോയാൽ 25,200-25,100 മേഖലയിലാകും എത്തുക. 25,400 നു മുകളിൽ നിന്നാൽ വരും ദിവസങ്ങളിൽ 25,500-25,600 മേഖലയിലേക്കു കയറും. 25,385 ഉം 25,280 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,765 ലും 25,885 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

വാരീ എനർജീസ് ബാറ്ററി ഉൽപാദന യൂണിറ്റ് തുടങ്ങാൻ ആന്ധ്ര പ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നു. 8000 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. എബിബി ഇന്ത്യയുടെ ഡിസംബർ പാദ വിറ്റുവരവ് പ്രതീക്ഷയിലും കൂടുതൽ ഉണ്ടായെങ്കിലും അറ്റാദായം 18 ശതമാനം ഇടിഞ്ഞു.

ഫെഡറൽ ബാങ്കിന് 686 കോടി രൂപയുടെ നികുതി റീഫണ്ട് ആദായനികുതി വകുപ്പ് അനുവദിച്ചു. 2011-12, 2012 -13, 2013-14 വർഷങ്ങളിലേതാണ് ഇത്. ടെക്‌സമാകോ റെയിൽ ആൻഡ് എൻജിനിയറിംഗും റെയിൽ വികാസ് നിഗമും സംയുക്തസംരംഭം തുടങ്ങാനുള്ള ഓഹരി ഉടമകളുടെ കരാർ ഒപ്പുവച്ചു. റെയിൽ നിർമാണ ശേഷി ശക്തിപ്പെടുത്താനും ആഗോള തലത്തിലേക്കു വളരാനും സംയുക്തസംരംഭം സഹായിക്കും.

റെയിൽവേ കോച്ചുകളിൽ വീഡിയോ നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ റെയിൽടെൽ കോർപറേഷനിൽ നിന്ന് 89 കോടി രൂപയുടെ കരാർ പേസ് ഡിജിടെക്കിനു ലഭിച്ചു. സിഐഇ . ഓട്ടോമോട്ടീവ് ഇന്ത്യയുടെ മൂന്നാം പാദ വരുമാനം 11 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 10.4 ശതമാനം കൂടി.

സ്വർണം കയറിയിറങ്ങി

ഇറാൻ യുദ്ധഭീതി ഇന്നലെ സ്വർണം, വെള്ളി വിലകളെ ഉയർത്തി. എന്നാൽ ഇന്നു രാവിലെ വില അൽപം താഴ്‌ന്നു. സ്വർണം ഔൺസിന് 5023.20 ഡോളർ വരെ കയറിയ ശേഷം ഇന്നലെ 0.4 ശതമാനം നേട്ടത്തോടെ 4997.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4990-5010 മേഖലയിൽ കയറിയിറങ്ങിയിട്ട് 5000 ൽ നിൽക്കുന്നു.

വെള്ളി ഇന്നലെ ഔൺസിന് 79.60 ഡോളർ വരെ കയറിയിട്ട് 78.68 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.56 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം ഇന്നലെ പവന് 2240 രൂപ കൂടി 1,15,320 രൂപയിൽ എത്തി.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,57,185 രൂപ വരെ കയറിയിട്ട് 1,54,700 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,48,596 രൂപ വരെ കയറിയ ശേഷം 2,41,400 രൂപയിൽ അവസാനിച്ചു. പ്ലാറ്റിനം 2067 ഉം പല്ലാഡിയം 1668 ഉം റോഡിയം 10,725 ഉം ഡോളറിലാണ്.

ലോഹങ്ങൾ ഉയർന്നു

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഉയർന്നു. ചെമ്പ് 0.18 ശതമാനം കയറി ടണ്ണിനു 12,625.85 ഡോളറിൽ എത്തി. അലൂമിനിയം 0.56 ശതമാനം നേട്ടത്തോടെ ടണ്ണിന് 3075.82 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും ലെഡും കയറി.

റബർ രാജ്യാന്തര വിപണിയിൽ മാറ്റമില്ലാതെ കിലോഗ്രാമിന് 192.50 സെൻ്റിൽ തുടർന്നു.

കൊക്കോ 7.09 ശതമാനം കൂടി ഇടിഞ്ഞു ടണ്ണിനു 3079 ഡോളറിൽ എത്തി. . 2023 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന വിലയാണിത്. പിന്നീടു 2024 -ൽ ടണ്ണിനു 12,000 ഡോളറിനു മുകളിൽ എത്തിയതാണു കൊക്കോ. ഘാനയിലും ഐവറി കോസ്റ്റിലും ഗോഡൗണുകളിൽ കൊക്കോ സ്റ്റോക്ക് റെക്കോർഡ് നിലയിലാണ്. ലണ്ടനിലെ ഐസ് എക്സ്ചേഞ്ചിൽ സറ്റോക്ക് 19.42 ലക്ഷം ചാക്ക് ആയി. പടിഞ്ഞാറൻ ആഫ്രിക്കയിൽ കാലാവസ്ഥ അനുകൂലമായത് ഉൽപാദനം ഉയർന്ന നിലയിൽ തുടരാൻ സഹായിക്കുന്നു. ലാറ്റിൻ അമേരിക്കയിലും ഉൽപാദനം വർധിച്ചിട്ടുണ്ട്.

കാപ്പി 0.25 ശതമാനം കയറി. തേയില വില മാറ്റമില്ല. പാം ഓയിൽ ടണ്ണിനു 4001 മലേഷ്യൻ റിംഗിറ്റിൽ തുടർന്നു.

ഡോളർ സൂചിക നേട്ടത്തിൽ

ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 97.93 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.90 വരെ താഴ്ന്നു. യൂറോ 1.1767 ഡോളറിലേക്കും പൗണ്ട് 1.3456 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.05 യെൻ എന്ന നിലയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.067 ശതമാനമായി താഴ്‌ന്നു.

രൂപയ്ക്കു ദൗർബല്യം

വ്യാഴാഴ്ച ഇന്ത്യയിൽ വിദേശനാണയ വിനിമയ വിപണി പ്രവർത്തിച്ചില്ല. എന്നാൽ വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ രൂപ ഇടിഞ്ഞു. ഡോളർ ഇന്നു രാവിലെ 91.04 രൂപയിലാണ്. ചൈനീസ് യുവാൻ 13.18 രൂപയിലേക്കു കയറി. ഇന്ന് ഇന്ത്യയിലെ വ്യാപാരത്തിൽ ഇതിൻ്റെ സ്വാധീനം പ്രകടമാകും. റിസർവ് ബാങ്ക് കാരുമായ ഇടപെടലിനു തയാറാകും എന്നാണു പ്രതീക്ഷ.

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു

ഇറാനിൽ യുഎസ് ആക്രമണം ഉണ്ടാകാം എന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച ബാരലിന് 72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 71.72 ഡോളർ വരെ താണിട്ട് 71.84 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 66.62 ഉം യുഎഇയുടെ മർബൻ 72. 08 ഉം ഡോളറിലാണ്. പ്രകൃതിവാതകവില കയറി 2.979 ഡോളറിലേക്കു താഴ്ന്നു.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്കോയിൻ ഇന്നലെ 65,600 ഡോളർ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 67,225 ഡോളറിനു മുകളിൽ എത്തി. ഈഥർ 1960 ഡോളറിനും സൊലാന 83 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ഫെബ്രുവരി 19, വ്യാഴം)

സെൻസെക്സ് 82,498.14 -1.48%

നിഫ്റ്റി50 25,454.35 -1.41%

ബാങ്ക് നിഫ്റ്റി 60,739.55 -1.32%

മിഡ്ക്യാപ്100 59,227.65 -1.59%

സ്മോൾക്യാപ്100 17,020.35 -1.27%

ഡൗ ജോൺസ് 49,395.16 -0.54%

എസ് ആൻഡ് പി 6861.89 -0.28%

നാസ്ഡാക് 22,682.73 -0.31%

ഡോളർ ₹90.67 +₹0.00

സ്വർണം (ഔൺസ്) $4997.20 +$19.20

സ്വർണം (പവൻ) ₹1,15,320 +₹2240

ക്രൂഡ്ഓയിൽബ്രെൻ്റ് $72.00 +$1.70

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com