ആവേശവും ആശങ്കയും പകർന്ന് ട്രംപ്; വിപണികളില്‍ അനിശ്ചിതത്വം; ചാഞ്ചാട്ടം തുടരും; മൂന്നാം പാദ റിസൽട്ടുകൾ കാണിക്കുന്നത് ദൗർബല്യം

ഡോളറും ക്രൂഡ് ഓയിലും സ്വർണവും ക്രിപ്റ്റോകറൻസികളും ചാഞ്ചാട്ടത്തില്‍
stock market morning
image credit : canva
Published on

ഡൊണാൾഡ് ട്രംപ് ഇന്നു രാത്രി അമേരിക്കയുടെ 47-ാമത്തെ പ്രസിഡൻ്റായി സ്ഥാനമേൽക്കും. അദ്ദേഹം പറഞ്ഞതു പോലെ ഇറക്കുമതിക്കു ചുങ്കം കൂട്ടുന്നതിനും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനും ഒക്കെ ഇന്നു തന്നെ ഉത്തരവുകൾ ഇറക്കുമോ എന്നാണു ലോകം വീർപ്പടക്കി ശ്രദ്ധിക്കുന്നത്. വിപണികൾ 'ട്രംപ് ആവേശ'വും 'ട്രംപ് ആശങ്ക'യും മാറിമാറി പ്രകടിപ്പിക്കുന്നു. ഈ അനിശ്ചിതത്വം ഇന്നത്തെ വിപണി നീക്കങ്ങളിൽ ഉണ്ടാകും.

ഓഹരികൾ മാത്രമല്ല ഡോളറും ക്രൂഡ് ഓയിലും സ്വർണവും ക്രിപ്റ്റോകറൻസികളും കടപ്പത്ര വിലകളും ഒക്കെ അനിശ്ചിതത്വം മൂലം ചാഞ്ചാട്ടത്തിലാണ്.

ഇതുവരെ വന്ന മൂന്നാം പാദ ഫലങ്ങൾ ഒട്ടും ആവേശം നൽകുന്നില്ല. റിലയൻസിൻ്റെ റിസൽട്ട് ലാഭം വർധിപ്പിച്ചതുമൂലം ആദ്യ ഫലങ്ങൾ തൃപ്തികരമായി തോന്നുന്നു. കൂടുതൽ ഫലങ്ങൾ വരുന്നതോടെ റിലയൻസ് ഇഫക്ട് മായും എന്നാണു കരുതുന്നത്. ബാങ്ക്, എൻബിഎഫ്സി, ഐടി മേഖലകളിൽ ദൗർബല്യം പ്രതീക്ഷിക്കുന്നുണ്ട്. വിദേശികളുടെ വിൽപനയിൽ ശമനം കാണുന്നില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,293 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,237 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഗണ്യമായി ഉയർന്നു. ഖനന കമ്പനി ഗ്ലെൻകോർ റിയോ ടിൻ്റോയുമായി ലയനചർച്ച ആരംഭിച്ചെന്നു ബ്ലംബെർഗ് റിപ്പോർട്ട് ചെയ്തത് വിപണിയിൽ ചലനം ഉണ്ടാക്കി.

യുഎസ് വിപണി വെള്ളിയാഴ്ച കുതിച്ചു. ഡൗ ജോൺസും എസ് ആൻഡ് പിയും നാസ്ഡാകും ഗണ്യമായി ഉയർന്നു. എൻവിഡിയയും ടെസ്‌ലയും മൂന്നു ശതമാനം വീതം കയറി. ഡൗ 3.7ഉം എസ് ആൻഡ് പി 2.9ഉം നാസ്ഡാക് 2.5ഉം ശതമാനം പ്രതിവാര നേട്ടം ഉണ്ടാക്കി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 334.70 പോയിൻ്റ് (0.78%) കയറി 43,487.83 ലും എസ് ആൻഡ് പി 500 സൂചിക 59.32 പോയിൻ്റ് (1.00%) ഉയർന്ന് 5996.66 ലും നാസ്ഡാക് സൂചിക 291.91 പോയിൻ്റ് (1.51%) കുതിച്ച് 19,630.20 ലും അവസാനിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.22 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.623 ശതമാനം ആയി. വിലക്കയറ്റ ഭീഷണി ഒഴിഞ്ഞെന്ന നിഗമനത്തിലാണു വിപണി.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കൈ ഒരു ശതമാനം കയറി. ചൈനീസ് വിപണികളും ഉയർന്നു.

ഇന്ത്യൻ വിപണിക്ക് ക്ഷീണം

ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ചയിലായി. വിദേശനിക്ഷേപകർ ഉയർന്ന തോതിൽ വിൽപന തുടരുകയാണ്. കഴിഞ്ഞ ആഴ്ച സെൻസെക്സും നിഫ്റ്റിയും ഓരോ ശതമാനം നഷ്ടം കുറിച്ചു. ബാങ്ക് നിഫ്റ്റി 0.4 ശതമാനം താഴ്ന്നു. ഐടി സൂചിക അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.

വെള്ളിയാഴ്ച നിഫ്റ്റി 108.60 പോയിൻ്റ് (0.47%) താഴ്ന്ന് 23,203.20 ൽ അവസാനിച്ചു. സെൻസെക്സ് 423.49 പോയിൻ്റ് (0.55%) നഷ്ടപ്പെടുത്തി 76,619. 33 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 738.10 പോയിൻ്റ് (1.50%) ഇടിഞ്ഞ് 48,540.60 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.23 ശതമാനം കയറി 54,607.65 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.16 ശതമാനം ഉയർന്ന് 17,672.05 ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 3318.06 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2572.88 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 46,576.06 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം നേരിയ തോതിൽ കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1991 ഓഹരികൾ ഉയർന്നപ്പോൾ 1955 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1472 എണ്ണം ഉയർന്നു, താഴ്ന്നത് 1338 എണ്ണം.

നിഫ്റ്റി കഴിഞ്ഞ ദിവസം 23,200-ലെ പിന്തുണ നിലനിർത്തി. എങ്കിലും വിപണിമനോഭാവം ബെയറിഷ് ആയി തുടരുന്നു. മുന്നേറ്റത്തിന് സൂചിക 23,400 നു മുകളിലേക്ക് കരുത്തോടെ കയറണം. നിഫ്റ്റിക്ക് ഇന്ന് 23,120 ലും 23,005 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,275 ഉം 23,390 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ

പേടിഎം, സൊമാറ്റോ, ഒബറോയ് റിയൽറ്റി, സൺടെക് റിയൽറ്റി, എപിഎൽ അപ്പോളോ ട്യൂബ്സ്, ഡിക്സൺ ടെക്നോളജീസ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഐആർഎഫ്സി, ന്യൂജെൻ സോഫ്റ്റ് വേർ തുടങ്ങിയവ ഇന്നു മൂന്നാം പാദ ഫലങ്ങൾ പ്രസിദ്ധീകരിക്കും.

വിപ്രോയുടെ മൂന്നാം പാദ വരുമാനം 0.4 ശതമാനം വർധിച്ചു. പ്രവർത്തന ലാഭം 4.5 ശതമാനം കൂടി. വരുമാന വളർച്ച പ്രതീക്ഷ ഒരു ശതമാനം മാത്രം. വെള്ളിയാഴ്ച യുഎസ് എഡിആർ വിപണിയിൽ വിപ്രോ 2.6 ശതമാനം താഴ്ന്നു. ഇൻഫി എഡിആർ തുടർച്ചയായ രണ്ടാം ദിവസവും താഴ്ചയിലായി.

ടെക് മഹീന്ദ്ര മൂന്നാം പാദ വരുമാനം നാമമാത്രമായി കുറഞ്ഞു. അറ്റാദായം 21 ശതമാനം ഇടിഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്കിന് അറ്റ പലിശ വരുമാനം 9.8 ശതമാനം കൂടിയപ്പോൾ അറ്റാദായം 10 ശതമാനം വർധിച്ചു. വകയിരുത്തലുകൾ 37.1 ശതമാനം കൂടി..

ആർബിഎൽ ബാങ്കിന് അറ്റ പലിശ വരുമാനം മൂന്നു ശതമാനം കൂടിയപ്പോൾ അറ്റാദായം 86 ശതമാനം ഇടിഞ്ഞു. വകയിരുത്തലുകൾ 160 ശതമാനം വർധിച്ചു.

ജിയോ ഫിനാൻഷ്യലിന് വരുമാനം ആറു ശതമാനം വർധിച്ചപ്പോൾ അറ്റാദായം 0.3 ശതമാനമേ കൂടിയുള്ളൂ.

ശേഷസായി പേപ്പറിന് മൂന്നാം പാദത്തിൽ വരുമാനം 8.9 ശതമാനവും അറ്റാദായം 75.9 ശതമാനവും ഇടിഞ്ഞു.

18.3 ശതമാനം വരുമാനം വർധിച്ച സുപ്രീം പെട്രോകെമിന് അറ്റാദായം 5.4 ശതമാനമേ വളർന്നുള്ളൂ.

ഇന്ത്യൻ ഹോട്ടൽസ് വരുമാനം 29 ശതമാനം കൂടിയപ്പോൾ അറ്റാദായം 32.6 ശതമാനം വർധിച്ചു.

കമ്പനികൾ, വാർത്തകൾ

കാംലിൻ ഫൈൻ സയൻസസിൻ്റെ ഭറൂച് യൂണിറ്റ് പൂട്ടാൻ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഉത്തരവ്. മലിനീകരണ നിബന്ധനകൾ പാലിക്കാത്തതാണു കാരണം.

ഇലക്ട്രിക് ത്രീ വീലുകളും മൈക്രോ ഫോർ വീലറുകളും നിർമിക്കാനായി ടിവിഎസ് മോട്ടോറുമായി സഹകരിക്കാൻ ഹ്യൂണ്ടായ് മോട്ടോർ പ്രാരംഭ ചർച്ചകൾ നടത്തി. ഹ്യൂണ്ടായിയുടെ ഡിസൈനും ടെക്നോളജിയും ഉപയോഗിച്ച് ടിവിഎസ് വാഹനങ്ങൾ നിർമിച്ചു വിൽക്കാനാണ് പദ്ധതി.

സ്വർണം താഴ്ചയിൽ

ഡോണൾഡ് ട്രംപ് പറഞ്ഞ കാര്യങ്ങൾ ഇന്നു ചെയ്തു തുടങ്ങിയാൽ ദിവസങ്ങൾക്കകം സ്വർണം റെക്കോർഡ് നിലയിലേക്കു കയറുമെന്നു രാജ്യാന്തര വിപണികൾ കരുതുന്നു. സ്വർണത്തിനു 3200ഉം വെള്ളിക്ക് 38ഉം ഡോളറാണ് പുതിയ ലക്ഷ്യവിലകൾ. എങ്കിലും നയപരമായ അവ്യക്തത തുടരുന്നതിനാൽ വിപണി താഴുകയാണ്. വെള്ളിയാഴ്ച ഔൺസിന് 12.60 ഡോളർ താഴ്ന്ന് 2703.00 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഡോളർ സൂചിക കുതിച്ചതും താഴ്ചയ്ക്കു കാരണമായി. ഇന്നു രാവിലെ വില 2697 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 480 രൂപ കൂടി 59,600 രൂപയിൽ എത്തി. ശനിയാഴ്ച 120 രൂപ കുറഞ്ഞ് വില 59,480 രൂപയായി.

വെള്ളിവില ഔൺസിന് 30.27 ഡോളറിലേക്ക് താഴ്ന്നു.

ഡോളർ സൂചിക കയറി

ഡോളർ വെള്ളിയാഴ്ച നല്ല കുതിപ്പ് നടത്തി. ഡോളർ സൂചിക 109.35 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 109.27 വരെ താഴ്ന്നു.

രൂപ വെള്ളിയാഴ്ചയും താഴ്ചയിലായി. ഡോളർ 86.61 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നും ഡോളർ കയറും എന്നാണു സൂചന.

ക്രൂഡ് ഓയിൽ ഉയർന്നു തന്നെ

ക്രൂഡ് ഓയിൽ വില അൽപം കൂടി താഴ്ന്നു. വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 80.79 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 81.22 ഡോളർ വരെ കയറിയിട്ട് 80.93 ലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 78.00 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 83.75 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴ്ന്നു

ക്രിപ്റ്റോ കറൻസികൾ ഉയരത്തിൽ തുടർന്നു. ബിറ്റ് കോയിൻ 1,05,700 നു മുകളിൽ എത്തിയിട്ട് താഴ്ന്നു. ഇന്നു രാവിലെ 101,000 നു സമീപമാണ്.

ഈഥർ വില 3200 ഡോളറിലേക്കു താഴ്ന്നു. എങ്കിലും ക്രിപ്റ്റോകൾ ഈയാഴ്ച വീണ്ടും കയറും എന്നാണു നിഗമനം. ക്രിപ്റ്റോകൾക്കു നിയമസാധുത നൽകാൻ ട്രംപ് നടപടി എടുത്തേക്കും എന്നു ക്രിപ്റ്റോ ബുള്ളുകൾ കരുതുന്നു.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിലായിരുന്നു. ചെമ്പ് 0.45 ശതമാനം താഴ്ന്ന് ടണ്ണിന് 9081.72 ഡോളറിലെത്തി. അലൂമിനിയം 1.79 ശതമാനം കുതിച്ച് 2684.30 ഡോളർ ആയി. ടിൻ 0.43 ശതമാനം താഴ്ന്നു. സിങ്ക് 2.09 ഉം ലെഡ് 0.71 ഉം നിക്കൽ 1.13 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ജനുവരി 17, വെള്ളി)

സെൻസെക്സ് 30 76,619.33 -0.55%

നിഫ്റ്റി50 23,203.20 -0.47%

ബാങ്ക് നിഫ്റ്റി 48,540.60 -1.50%

മിഡ് ക്യാപ് 100 54,607.65 +0.23%

സ്മോൾ ക്യാപ് 100 17,672.05 +0.16%

ഡൗ ജോൺസ് 43,487.83 +0.78%

എസ് ആൻഡ് പി 5996.32 +1.00%

നാസ്ഡാക് 19,630.20 +1.51%

ഡോളർ($) ₹86.61 +₹0.06

ഡോളർ സൂചിക 109.35 +0.39

സ്വർണം (ഔൺസ്) $2703.00 -$12.60

സ്വർണം(പവൻ) ₹59,600 +₹480.00

(ശനി ₹59,480 -₹ 120.00)

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $80.79 -$00.56

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com