

വ്യാഴാഴ്ച വലിയ തകർച്ച കണ്ട ഇന്ത്യൻ വിപണി ഇന്നു തിരിച്ചു കയറാനുള്ള ആശ്വാസറാലി പ്രതീക്ഷിക്കുന്നു. എണ്ണവില ഇടിഞ്ഞു 105 ഡോളറിലേക്ക് എത്തിയതും എച്ച്ഡിഎഫ്സി ബാങ്കിൻ്റെ വിഷയം ഗുരുതരമല്ല എന്ന സൂചനയും വിപണിക്ക് കരുത്തു പകരുന്നു.
ഗൾഫിൽ എണ്ണ, പ്രകൃതി വാതക പാടങ്ങളും സംവിധാനങ്ങളും ആക്രമിച്ചതിനെ തുടർന്നു കുതിച്ചു കയറിയ എണ്ണവില താഴ്ന്നു. ബ്രെൻ്റ് ഇനം തലേന്നത്തെ ക്ലോസിംഗ് വിലയുടെ താഴെ എത്തി. ഇറാൻ്റെ എണ്ണ, വാതക സംവിധാനങ്ങൾ ആക്രമിക്കില്ല എന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവനയെ തുടർന്നാണു വില താഴ്ന്നത്. ഇറാൻ്റെ എണ്ണയ്ക്കുള്ള വ്യാപാര വിലക്ക് നീക്കുമെന്നും അമേരിക്ക സൂചിപ്പിച്ചു.
എന്നാൽ യുഎഇയുടെ മർബൻ ക്രൂഡ് 125 ഡോളറിനു മുകളിലാണ്. ഇന്ത്യയുടെ ക്രൂഡ് ബാസ്കറ്റ് വില 146.39 ഡോളറിലേക്കു കയറി. ഫെബ്രുവരി 27 ലെ 70 ഡോളറിൻ്റെ ഇരട്ടിയിലധികമാണിത്. നേരത്തേ ബ്രെൻ്റ് ക്രൂഡിൽ നിന്നു 12 ഡോളർ വരെ താഴ്ന്നു ലഭിച്ചിരുന്ന റഷ്യൻ യൂറാൾസ് ഗ്രേഡ് ക്രൂഡ് വീപ്പയ്ക്ക് അഞ്ചു ഡോളർ അധികം നൽകണം.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,109.50 ൽ അവസാനിച്ചു. ഇന്നു രാവിലെ 23,260 വരെ കയറി. നിഫ്റ്റി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവിനു പിന്നാലെ ബാങ്ക് ഓഫ് ജപ്പാനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ കേന്ദ്ര ബാങ്കും നിരക്കുകൾ മാറ്റാതെ പണനയം പ്രഖ്യാപിച്ചു.
പാർട്ട് ടൈം ചെയർമാൻ ചില അവ്യക്ത ആരോപണങ്ങൾ ഉന്നയിച്ചു രാജിവച്ചതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഇന്നലെ 5.11 ശതമാനം ഇടിഞ്ഞു. ബാങ്കിൽ പ്രശ്നങ്ങൾ ഇല്ലെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ന്യൂയോർക്കിൽ 1.8 ശതമാനം കൂടി താഴ്ന്നു. പിന്നീടു തുടർവ്യാപാരത്തിൽ 0.80 ശതമാനം കയറി. ഐസിഐസിഐ ബാങ്ക് ഓഹരി നിശ്ചിത സമയത്ത് 1.17 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.89 ശതമാനം കൂടി കയറി.
യുഎസ് വിപണികൾ വ്യാഴാഴ്ച വലിയ താഴ്ചയിലായ ശേഷം നഷ്ടം ഗണ്യമായി കുറച്ച് വ്യാപാരം അവസാനിപ്പിച്ചു. എണ്ണവില താഴ്ന്നതാണു വിപണിയെ വലിച്ചു സഹായിച്ചത്. ഡൗ ജോൺസ് 203.72 പോയിൻ്റ് (0.44%) താഴ്ന്ന് 46,021.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.21 പോയിൻ്റ് (0.27%) നഷ്ടത്തോടെ 6606.49 ൽ അവസാനിച്ചു. നാസ്ഡാക് 61.73 പോയിൻ്റ് (0.28%) താഴ്ചയോടെ 22,090.70 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്. ഡൗ ജോൺസ് 115 പോയിൻ്റും (0.25%) എസ് ആൻഡ് പി 15 പോയിൻ്റും (0.22%) നാസ്ഡാക് 25 പോയിൻ്റും (0.10%) ഉയർന്നു നീങ്ങുന്നു. വിലക്കയറ്റ ഭീതി മൂലം യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച 2.5 ശതമാനം നഷ്ടത്തിൽ അവസാനിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ വിപണി അവധിയിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി രാവിലെ ഒരു ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 0.65 ശതമാനം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.
ക്രൂഡ് ഓയിൽ വില 118 ഡോളർ വരെ കയറിയതും എച്ച്ഡിഎഫ്സി ബാങ്കിലെ അപ്രതീക്ഷിത രാജിയും ഇന്നലെ ഇന്ത്യൻ വിപണിയെ 22 മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിലാക്കി. എല്ലാ മേഖലകളും ഇടിഞ്ഞു. പ്രധാനസൂചികകൾ മൂന്നു ശതമാനത്തിലധികം താഴ്ന്നു.
സെൻസെക്‌സ് വ്യാഴാഴ്ച 2496.89 പോയിൻ്റ് (3.26%) ഇടിഞ്ഞ് 74,207.24 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 775.65 പോയിൻ്റ് (3.26%) താഴ്ന്ന് 23,002.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1875.05 പോയിൻ്റ് (3.39%) നഷ്ടത്തോടെ 53,451.00 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1797.55 പോയിൻ്റ് (3.19%) ഇടിഞ്ഞ് 54,492.30 ലും സ്മോൾ ക്യാപ് 100 സൂചിക 474.90 പോയിൻ്റ് (2.94%) നഷ്ടത്തോടെ 15,704.25 ലും അവസാനിച്ചു.
വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. ബിഎസ്ഇയിൽ 913 ഓഹരികൾ ഉയർന്നപ്പോൾ 3359 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 528 എണ്ണം ഉയർന്നപ്പോൾ 2670 എണ്ണം ഇടിഞ്ഞു. വിദേശനിക്ഷേപകർ വ്യാഴാഴ്ചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 7558.19 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3863.96 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
വലിയ വിലക്കയറ്റം പലിശ കൂട്ടാൻ കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കും എന്ന ഭീതിയിൽ സ്വർണവും വെള്ളിയും ഇന്നലെ വലിയ താഴ്ചയിലായി. സ്വർണം 6.5 ശതമാനം താഴ്ന്ന് ഔൺസിന് 4502 ഡോളറിൽ എത്തി. വെള്ളി 13 ശതമാനം ഇടിഞ്ഞ് 65.45 ഡോളർ കുറിച്ചു. പിന്നീട് അമേരിക്കയിൽ പുതിയ പാർപ്പിട വിൽപന 17.3 ശതമാനം ഇടിഞ്ഞതായ റിപ്പോർട്ട് ആണു വിശിഷ്ട ലോഹങ്ങളെ അൽപം തിരിച്ചു കയറ്റിയത്. സ്വർണം ഔൺസിന് 169 ഡോളർ കുറഞ്ഞ് 4650.70 ഡോളറിൽ ക്ലോസ് ചെയ്തു. മൂന്നു ശതമാനത്തിലധികം ഇടിവ്. ഇന്നു രാവിലെ വില 4678 ഡോളർ വരെ കയറി.
വെള്ളി ഔൺസിന് 72.94 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.27 വരെ കയറി. പ്ലാറ്റിനം 2003 ഡോളർ, പല്ലാഡിയം 1453 ഡോളർ, റോഡിയം 10,650 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 5240 രൂപ ഇടിഞ്ഞ് 1,10,200 രൂപയിൽ എത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,45,119 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,31,589 രൂപയിൽ അവസാനിച്ചു.
ലോഹങ്ങൾ തകർച്ചയിൽ
എണ്ണവിലക്കയറ്റം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും എന്ന ഭീതി ഇന്നലെ വ്യാവസായിക ലോഹങ്ങളെ വലിയ തകർച്ചയിലാക്കി. ചെമ്പ് 5.42 ശതമാനം ഇടിഞ്ഞു ടണ്ണിന് 11,825.35 ഡോളറിൽ എത്തി. അലൂമിനിയം 4.58 ശതമാനം താഴ്ന്ന് 3228.08 ഡോളർ ആയി. ടിൻ 10 ശതമാനം ഇടിഞ്ഞു. നിക്കലും ലെഡും സിങ്കും താഴ്ന്നു.
വ്യാഴാഴ്ച രാജ്യാന്തര വിപണിയിൽ റബർ 1.74 ശതമാനം താഴ്ന്നു കിലോഗ്രാമിന് 192.20 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.31 ശതമാനം താഴ്ന്നു ടണ്ണിന് 15,833.33 യുവാൻ ആയി. കൊക്കോ വില 2.67 ശതമാനം ഉയർന് ടണ്ണിന് 3347.00 ഡോളറിൽ എത്തി. തേയിലവില മാറ്റമില്ലാതെ തടരുന്നു. കാപ്പി 3.18 ശതമാനം കയറി. പാം ഓയിൽ വില ടണ്ണിനു 4564 മലേഷ്യൻ റിംഗിറ്റിലേക്ക് ഉയർന്നു.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.80 ശതമാനം വരെ താഴ്ന്നു. യൂറിയ ടണ്ണിന് 616.50 ഡോളറിലേക്കു കയറി.
ഡോളർ സൂചിക ഇന്നലെ ഇടിഞ്ഞ് 99.23 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.32 ലേക്കു കയറി. മാന്ദ്യഭീതിയാണ് ഡോളറിനെ താഴ്ത്തിയത്. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.251 ശതമാനമായി താഴ്ന്നു. യൂറോ 1.1571 ഡോളറിലേക്കും പൗണ്ട് 1.3419 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 157.90 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.90 യുവാൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
ഡോളർ കരുത്തു കാണിച്ചതോടെ ബുധനാഴ്ച രൂപ ദുർബലമായാണ് അവസാനിച്ചത്. ഡോളർ 26 പൈസ വർധിച്ച് 92.63 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നലെ വിപണിക്ക് അവധിയായിരുന്നു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി അൽപം താഴ്ന്നു 93.08 രൂപയിൽ നിന്നു. ചൈനീസ് യുവാൻ 13.47 രൂപയിലേക്കു താഴ്ന്നപ്പോൾ യൂറോ 107.53 രൂപയിലേക്കു കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
യുദ്ധം മൂലം കുതിച്ച എണ്ണവില താഴ്ന്നു. 119 ഡോളർ വരെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 108.65 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.72 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 92.94 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 124.1 ഡോളറിലും നിൽക്കുന്നു.
ക്രിപ്റ്റോകൾ താഴ്ചയിൽ
ക്രിപ്റ്റോ കറൻസികൾ ഇന്നലെ വലിയ താഴ്ചയിലായിട്ടു തിരിച്ചു കയറി എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു താഴ്ചയിലാണ്. ബിറ്റ്കോയിൻ രാവിലെ 70,350 ഡോളറിനു താഴെ നിൽക്കുന്നു. ഈഥർ 2150 ഡോളറിനും സൊലാന 90 ഡോളറിനും താഴെയാണ്.
(2026 മാർച്ച് 19, വ്യാഴം)
സെൻസെക്സ് 72,207.24 -3.26%
നിഫ്റ്റി50 23,002.15 -3.26%
ബാങ്ക് നിഫ്റ്റി 53,451.00 -3.39%
മിഡ്ക്യാപ്100 54,492.30 -3.19%
സ്മോൾക്യാപ്100 15,704.25 -2.94%
ഡൗ ജോൺസ് 46,021. 40 -0.44%
എസ് ആൻഡ് പി 6606.49 -0.27%
നാസ്ഡാക് 22,090.70 -0.28%
ഡോളർ ₹92.63 +₹0.26
സ്വർണം(ഔൺസ്) $4650.70 -169.00
സ്വർണം (പവൻ) ₹1,10,200 -₹5240
ക്രൂഡ് ഓയിൽ ബ്രെൻ്റ് $108.65 +$1.25
Read DhanamOnline in English
Subscribe to Dhanam Magazine