ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു; ഡോളറിൻ്റെ വീഴ്ച ആശങ്ക വളർത്തുന്നു; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; സ്വർണം പറക്കുന്നു

പ്രമുഖ കമ്പനികളുടെ നാലം പാദ റിസൽട്ടുകള്‍ ഇന്ന്; ക്രൂഡ് ഓയിൽ താഴുന്നു; ക്രിപ്‌റ്റോകള്‍ക്ക് ചാഞ്ചാട്ടം
TCM, Morning Business News
Morning business newscanva
Published on

വിപണികൾ വലിയ ചാഞ്ചാട്ടവും കോളിളക്കവും ഉള്ള ദിവസങ്ങളിലേക്കാണു കടക്കുന്നത്. കഴിഞ്ഞയാഴ്ച ബുള്ളിഷ് സൂചനകളോടെ അവസാനിച്ച ഇന്ത്യൻ വിപണി ഇന്നു തുടങ്ങുന്നതു ദൗർബല്യത്തോടെ ആകും. ഡോളർ കുത്തനേ ഇടിയുന്നതും യൂറോ അടക്കമുള്ളവ ഉയരുന്നതും യുഎസ് ഭരണകൂടത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്. അതിൻ്റെ അസ്വസ്ഥത യുഎസ് ഫ്യൂച്ചേഴ്സിൽ ഇന്നു കാണാം. ഡോളറിൻ്റെ താഴ്ചയിൽ ഉയരുന്ന കറൻസികളുടെ രാജ്യങ്ങൾ മത്സരിച്ചു പലിശ കുറച്ച് കറൻസികളെ താഴ്ത്താൻ ശ്രമിച്ചെന്നു വരാം. അതു വീണ്ടും വളർച്ചയെയും വ്യാപാരത്തെയും ബാധിക്കാം.

ഡോളറിൻ്റെ വീഴ്ച ഇന്ത്യൻ വ്യവസായങ്ങൾക്കു തീരുവയ്ക്കു പുറമേ വരുന്ന അപ്രതീക്ഷിത ആഘാതമാണ്. ഡോളർ വീഴ്ച തുടർന്നാൽ കയറ്റുമതി കമ്പനികൾ ബുദ്ധിമുട്ടിലാകും. റിസർവ് ബാങ്ക് വേഗം പലിശ കുറയ്ക്കും എന്ന ആശ്വാസപ്രതീക്ഷ ഇതു വഴി ഉണ്ടായിട്ടുണ്ട്.

ഈയാഴ്ച കമ്പനി റിസൽട്ടുകളും ഡോളർ ഗതിയും തീരുവ ചർച്ചകളും ആണു വിപണിഗതിയെ നിയന്ത്രിക്കുക.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,900 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,791 വരെ താഴ്ന്നിട്ട് തിരികെ 23,815ലെത്തി. നിഫ്റ്റി ഇന്നു രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഈയാഴ്ച അന്താരാഷ്ട്ര നാണ്യനിധി  (ഐഎംഎഫ്) യുടെയും ജി20 ധനമന്ത്രിമാരുടെയും യോഗങ്ങൾ വാഷിംഗ്ടണിൽ നടക്കുന്നുണ്ട്. ആഗോള വളർച്ച സംബന്ധിച്ച ഐഎംഎഫിൻ്റെ പുതിയ നിഗമനം ചൊവ്വാഴ്ച പുറത്തുവിടും. ട്രംപിൻ്റെ തീരുവയുദ്ധത്തിൻ്റെ വിശ്വരൂപം വന്ന ശേഷമുള്ള ആദ്യ സാമ്പത്തിക പ്രവചനമാകും അത്. ആഗോള മാന്ദ്യം പ്രവചിക്കുന്നതാവില്ല ആ റിപ്പോർട്ട്. എങ്കിലും വളർച്ചയിൽ ഗണ്യമായ ഇടിവ് കാണിക്കുന്നതാകും എന്ന് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞിട്ടുണ്ട്. ജി20 മന്ത്രിതല സമ്മേളനം തീരുവകളെപ്പറ്റി വിവിധ രാജ്യങ്ങൾക്കു യുഎസിനോടു പല കാര്യങ്ങളും തുറന്നു പറയാനുള്ള അവസരമാകും.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കാര്യമായ നഷ്ടമില്ലാതെ അവസാനിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) പലിശ കാൽ ശതമാനം (25 ബേസിസ് പോയിൻ്റ്) കുറച്ചു. ഈ വർഷം മൂന്നാം തവണയാണ് ഇസിബി നിരക്ക് കുറയ്ക്കുന്നത്. വരുമാനപ്രതീക്ഷ ഉയർത്തിയ സീമെൻസ് എനർജിയുടെ ഓഹരി 10 ശതമാനം കുതിച്ചു.

യുഎസ് വിപണി വ്യാഴാഴ്ച ഭിന്ന ദിശകളിലായി. തീരുവയുദ്ധം മൂലം വളർച്ച കുറയും എന്ന് ഉറപ്പായ നിലയ്ക്ക് പലിശ കുറയ്ക്കണമെന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പലവട്ടം ആവശ്യപ്പെട്ടിട്ടും യുഎസ് ഫെഡ് വഴങ്ങിയിട്ടില്ല. എങ്കിൽ ഫെഡ്  ചെയർമാൻ ജെറോം പവലിനെ നീക്കം ചെയ്യും എന്നു ട്രംപ് ഭീഷണിപ്പെടുത്തി. ഓഹരിവിപണി തൽക്കാലം അതിനോടു പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 527.16 പോയിൻ്റ് (1.33%) താഴ്ന്ന് 39,142.23 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക ഏഴു പോയിൻ്റ് (0.13%) കയറി 5282.70 ൽ അവസാനിച്ചു. നാസ്ഡാക് 20.71 പോയിൻ്റ് (0.13%) നഷ്ടത്തോടെ 16,286.45 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വല്യ താഴ്ചയിലാണ്. ഡൗ 0.71 ഉം എസ് ആൻഡ് പി 0.65 ഉം നാസ്ഡാക് 0.54 ഉം ശതമാനം ഇടിഞ്ഞു നിൽക്കുന്നു.  

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ ഒരു ശതമാനം താഴ്ന്നു. കൊറിയൻ വിപണി നാമമാത്രമായി ഉയർന്നു. ചൈനീസ് കേന്ദ്രബാങ്ക് പലിശനിരക്ക് മാറ്റാത്തതിനെ തുടർന്നു ഷാങ്ഹായ് സൂചിക അൽപം താഴ്ന്നു.

ഇന്ത്യൻ വിപണി പറന്നു

വ്യാഴാഴ്ചയും ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കുതിച്ചു കയറി വൻ നേട്ടത്തിൽ അവസാനിച്ചു. വിദേശ നിക്ഷേപകർ വിപണിയിലേക്കു തിരിച്ചു വന്നതാണു കയറ്റത്തിനു പിന്നിൽ. വിപണിയുടെ താഴ്ച അവസാനിച്ചെന്നും ബുൾ മുന്നേറ്റം തുടരുമെന്നും പല നിക്ഷേപ വിദഗ്ധരും ഉപദേശിക്കുന്നുണ്ട്. എന്നാൽ രാജ്യാന്തര ആശങ്കകളും അനിശ്ചിതത്വങ്ങളും അവസാനിച്ചിട്ടില്ല. ഫെഡ് മേധാവിയെ മാറ്റാൻ ട്രംപ് ശ്രമിക്കുന്നതടക്കമുള്ള സാഹസ നടപടികൾ വിപണിയെ വല്ലാത്ത തകർച്ചയിലേക്കു നയിക്കും. അത്തരം ദുരന്ത സാധ്യതകൾ നീങ്ങിയ ശേഷമേ വിപണിയുടെ ശരിയായ മുന്നേറ്റം പ്രതീക്ഷിക്കാനാവൂ.

വ്യാഴാഴ്ച നിഫ്റ്റി 414.45 പോയിൻ്റ് (1.77%) കയറി 23,851.65 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1508.91 പോയിൻ്റ് (1.96%) ഉയർന്ന് 78,553.20 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1172.45 പോയിൻ്റ് (2.21%) കയറി 54,290.20 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.60 ശതമാനം (312.25 പോയിൻ്റ്) നേട്ടത്തോടെ 52,657.80 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം കയറി 16,410.20 ൽ ക്ലോസ് ചെയ്തു.

സ്വകാര്യ ബാങ്ക്, പിഎസ് യു ബാങ്ക്,  ഓയിൽ - ഗ്യാസ്, ഓട്ടോ, ഫിനാൻസ്, ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. ഐടി, എഫ്എംസിജി, മെറ്റൽ, മീഡിയ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്  ഓഹരികൾ ചെറിയ തോതിൽ ഉയർന്നു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2396 ഓഹരികൾ  ഉയർന്നപ്പോൾ 1563 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1763 എണ്ണം. താഴ്ന്നത് 1013 ഓഹരികൾ.

എൻഎസ്ഇയിൽ 63 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 16 എണ്ണമാണ്. നാല് ഓഹരികൾ അപ്പർ സർക്യൂട്ടിൽ എത്തിയപ്പോൾ അഞ്ച് എണ്ണം ലോവർ സർക്യൂട്ടിൽ എത്തി.

വിദേശനിക്ഷേപകർ വ്യാഴാഴ്ചയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 4667.94 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2006.15 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ വിദേശികൾ 8472 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഏപ്രിൽ പകുതിക്കു മുൻപു വിദേശികൾ വലിയ വിൽപന നടത്തി. അവ കണക്കാക്കിയാൽ ഏപ്രിലിൽ വിദേശികൾ 23,103 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ കണക്കെടുത്താൽ 1.4 ലക്ഷം കോടി രൂപയുടെ പിന്മാറ്റമാണ് അവർ നടത്തിയത്.

വിപണി ബുള്ളിഷ് ആവേശത്തിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 24,000 - 24,200 മേഖലയിലേക്ക് കടക്കും എന്നാണു ബുള്ളുകൾ പ്രതീക്ഷിക്കുന്നത്. ഇന്നു നിഫ്റ്റിക്ക് 23,650ഉം 23,555 ഉം പിന്തുണയാകും. 23,895 ലും 24,025 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഇൻഫോസിസ് നാലാം പാദ ഫലങ്ങൾ പ്രതീക്ഷയിലും മോശമായി. ഡോളർ വരുമാനം 4.2 ശതമാനം കുറഞ്ഞു. 1.4% കുറവായിരുന്നു നിഗമനം. 2026 ധനകാര്യ വർഷത്തെ വരുമാന പ്രതീക്ഷ 0% മുതൽ 3% വരെ വളർച്ചയാണ്. ഇതും മുൻനിഗമനങ്ങളേക്കാൾ കുറവായി. 2025 ധനകാര്യ വർഷ വളർച്ച കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വളർച്ചയാണ്. വ്യാഴാഴ്ച രാത്രി ന്യൂയോർക്കിൽ കമ്പനി എഡിആർ നാലര ശതമാനം വരെ താഴ്ന്നിട്ടു രണ്ടര ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇന്ത്യൻ വിപണിയിൽ ഇൻഫോസിസ് ഓഹരി 2025-ൽ 34 ശതമാനം വരെ ഇടിഞ്ഞിട്ട് ഇപ്പോൾ 25 ശതമാനം നഷ്ടത്തിൽ നിൽക്കുകയാണ്.

ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും വാരാന്ത്യത്തിൽ മികച്ച നാലാം പാദ റിസൽട്ടുകൾ പുറത്തുവിട്ടു. രണ്ടു ബാങ്ക് ഓഹരികളും കഴിഞ്ഞയാഴ്ച നല്ല നേട്ടം ഉണ്ടാക്കിയിരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് അറ്റ പലിശവരുമാനം 10.3 ശതമാനം വർധിച്ച് 32,070 കോടി രൂപയായി. അറ്റാദായം 6.7% കൂടി 17,616 കോടി രൂപയിൽ എത്തി. അറ്റനിഷ്ക്രിയ ആസ്തി 0.43%വും മൊത്തം എൻപിഎ 1.33%വും ആണ്. മൂലധന പര്യാപ്തത അനുപാതം 19.6 ശതമാനമാണ്. ഐസിഐസിഐ ബാങ്ക് അറ്റ പലിശ വരുമാനം 11 ശതമാനം കൂടി 21,193 കോടി രൂപയായി. അറ്റാദായം 18% വർധിച്ച് 12,630 കോടി രൂപയിൽ എത്തി. അറ്റ നിഷ്ക്രിയ ആസ്തി 0.39%വും മൊത്തം എൻപിഎ 1.67% വും ആണ്. മൂലധന പര്യാപ്തത അനുപാതം 16.55 ശതമാനമാണ്.

രണ്ടു ബാങ്കുകളും വ്യാഴാഴ്ച നല്ല നേട്ടത്തിലാണു ക്ലോസ് ചെയ്തത്.എഡിആർ വിപണിയിൽ രണ്ട് ഓഹരികളും നാലു ശതമാനം വീതം കയറി. രണ്ടു ബാങ്കുകളും ദീർഘകാല പോർട്ട് ഫോളിയോയിലേക്ക് അനാലിസ്റ്റുകൾ ശിപാർശ ചെയ്തിട്ടുണ്ട്.

യെസ് ബാങ്ക് നാലാം പാദത്തിൽ അറ്റാദായം 63.3 ശതമാനം വർധിപ്പിച്ച് 738.1 കോടി രൂപയിൽ എത്തിച്ചു. അറ്റ പലിശ വരുമാനം 5.7% കൂടി 2276.3 കോടി രൂപയായി. അറ്റനിഷ്ക്രിയ ആസ്തി 0.3% ആയി കുറഞ്ഞു. മൊത്ത എൻപിഎ 1.6 ശതമാനമായി തുടർന്നു. ബാങ്കിൻ്റെ പ്രവർത്തന മികവ് വിവിധ മേഖലകൾ ലാഭപാതയിലേക്ക് തിരിയാൻ കാരണമായി എന്നാണു വിലയിരുത്തൽ. ഓഹരി ഒരു വർഷം കൊണ്ട് 51 ശതമാനം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച 18.07 രൂപയിൽ ക്ലോസ് ചെയ്തു.

റിസൽട്ടുകൾ

ഇന്ന് ടാറ്റാ ഇൻവെസ്റ്റ്മെൻ്റ്, ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽസ്, അലോക് ഇൻഡസ്ട്രീസ്, അനന്ത് രാജ് ലിമിറ്റഡ്, പിറ്റി എൻജിനിയറിംഗ്, മഹീന്ദ്ര ലോജിസ്റ്റിക്സ് തുടങ്ങിയ കമ്പനികളുടെ നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.

ലാഭമെടുപ്പിൽ താഴ്ന്ന സ്വർണം തിരിച്ചു കയറുന്നു

വ്യാഴാഴ്ച ഔൺസിനു 3359.90 ഡോളർ വരെ എത്തിയ ശേഷം സ്വർണവില ഗണ്യമായി താഴ്ന്നു. റെക്കോർഡ് നിലവാരത്തിൽ ലാഭമെടുക്കൽ ആയിരുന്നു കാരണം. വാരാന്ത്യത്തിൽ താഴ്ന്നു നിന്ന വില തിങ്കളാഴ്ച കുതിച്ചു കയറി. അവധി വില ഒന്നേമുക്കാൽ ശതമാനം കയറി 3389.30 ഡോളറിൽ എത്തി.

ഡോളർ സൂചിക താഴുന്നതും തീരുവയുദ്ധം വഷളാകുന്നതും സ്വർണത്തെ ഇനിയും കയറ്റും എന്നാണു വിപണി കരുതുന്നത്. ആഗോള വളർച്ച ഈ വർഷം നേരത്തേ കണക്കാക്കിയതിലും ഗണ്യമായി കുറവാകുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയാനിടയുണ്ട്. അതു വീണ്ടും സ്വർണവിലയെ ഉയർത്താം. ഔൺസിനു 4000 ഡോളറിലേക്ക് ഇക്കൊല്ലം തന്നെ സ്വർണം എത്തും എന്നാണു സ്വർണ ബുള്ളുകളുടെ പ്രതീക്ഷ.

വ്യാഴാഴ്ച ഔൺസിന് 17.60  ഡോളർ താഴ്ന്നു 3329.00 ഡോളറിലാണു സ്വർണവില ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില റെക്കോർഡ് തിരുത്തി 3378.30 ഡോളർ വരെ എത്തി. പിന്നീട് അൽപം താഴ്ന്നു.

കേരളത്തിൽ പവൻ വില വ്യാഴാഴ്ച 840 രൂപ വർധിച്ച് 71,360 രൂപയായി. വെള്ളിയാഴ്ച വില 200 രൂപ കൂടി 71,560 രൂപയിൽ എത്തി. ഇന്നും വില വലിയ കയറ്റം കുറിക്കും.

വെള്ളിവില വാരാന്ത്യത്തിൽ 32.54 ഡോളറിലേക്ക് താഴ്ന്നിട്ട് ഇന്നു രാവിലെ 32.62 ലേക്കു കയറി.

ചെമ്പുവില വ്യാഴാഴ്ച താഴ്ന്നു ടണ്ണിന് 9104 ഡോളർ ആയി. അലൂമിനിയം 0.23 ശതമാനം താണ് ടണ്ണിന് 2383.2 ഡോളറിൽ എത്തി.

രാജ്യാന്തര വിപണിയിൽ റബർ 1.45 ശതമാനം ഉയർന്ന് കിലോഗ്രാമിന് 167.40 സെൻ്റ് ആയി. കൊക്കോ 0.21 ശതമാനം താഴ്ന്ന് 8339.42 ഡോളറിൽ നിൽക്കുന്നു. കാപ്പി 0.14 ശതമാനം കയറി. പാമോയിൽ വില 0.92 ശതമാനം താഴ്ന്നു.  

ഡോളർ താഴ്ന്നു, രൂപ കയറി

ഡോളർ സൂചിക വീണ്ടും താഴ്ന്നു. വ്യാഴാഴ്ച സൂചിക 99.23 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.54 ലേക്ക് ഇടിഞ്ഞു. 

യൂറോ ഇന്നു രാവിലെ ഉയർന്ന് 1.1468 ഡോളറിൽ എത്തി. പൗണ്ട് 1.335 ഡോളറിലേക്കു കയറി. ജാപ്പനീസ് യെൻ ഡോളറിന് 141.11 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.

യുഎസ് കടപ്പത്രവില ഇന്നും താഴ്ന്നു, നിക്ഷേപനേട്ടം 4.342 ശതമാനത്തിലേക്കു കയറി. 

 രൂപ വ്യാഴാഴ്ച ഗണ്യമായി ഉയർന്നു. ഡോളർ 32 പൈസ കുറഞ്ഞ് 85.36 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ 85 രൂപയുടെ താഴേക്കു നീങ്ങും എന്നു പല നിരീക്ഷകരും കരുതുന്നു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.30 യുവാൻ എന്ന നിരക്കിലേക്കു കയറി. നേരത്തേ ഡോളറിന് 7.35 യുവാൻ ആയിരുന്നു.

ക്രൂഡ്  ഓയിൽ കുതിച്ചു, താണു

വ്യാഴാഴ്ചയും ക്രൂഡ് ഓയിൽ ഉയർന്നു. ഇറാൻ്റെ എണ്ണ വിൽപനയ്ക്കു യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തിയതാണു കാരണം. ചില ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറചിട്ടുമുണ്ട്. എന്നാൽ തിങ്കളാഴ്ച രാവിലെ വില താഴ്ന്നു.

വ്യാഴാഴ്ച ബ്രെൻ്റ് ഇനം 3.2 ശതമാനം കയറി 67.96 ഡോളറിൽ ക്ലോസ് ചെയ്തു.. ഇന്നു രാവിലെ 66.79 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 63.49 ഉം യുഎഇയുടെ മർബൻ ക്രൂഡ് 68.25 ഉം ഡോളറിലേക്ക് താണു. 

ക്രിപ്റ്റോകൾ ചാഞ്ചാടി

ക്രിപ്റ്റോ കറൻസികൾ വീണ്ടും ചാഞ്ചാടി. വാരാന്ത്യത്തിൽ 84,000 ഡോളറിലേക്കു താഴ്ന്ന ബിറ്റ്കോയിൻ ഇന്നു രാവിലെ  87,300 ഡോളറിനു മുകളിൽ എത്തി. ഈഥർ 1620 ഡോളറിലായി.

വിപണിസൂചനകൾ

(2025 ഏപ്രിൽ 17, വ്യാഴം)

സെൻസെക്സ്30    78,553.20     +1.96%

നിഫ്റ്റി50       23,851.65         +1.77%

ബാങ്ക് നിഫ്റ്റി      54,2690.20      +2.21%

മിഡ് ക്യാപ്100    52,657.80       +0.60%

സ്മോൾക്യാപ്100  16,410.20    +0.37 '%

ഡൗജോൺസ്     39,142.23      -1.33%

എസ് ആൻഡ് പി    5282.70     +0.13%

നാസ്ഡാക്      16,286.45     -0.13%

ഡോളർ($)     ₹85.36      -₹0.32

സ്വർണം(ഔൺസ്) $3329.00   -₹17.60

സ്വർണം(പവൻ) ₹71,360       +₹840.00

ഏപ്രിൽ 18 വെള്ളി  ₹71,560  + 200.00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.96   +$2.11

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com