വിപണികളിൽ അനിശ്ചിതത്വം; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; കാതൽ മേഖല കുറഞ്ഞ വളർച്ചയിൽ; ക്രൂഡ് ഓയിൽ വില ഉയരുന്നു

നിഫ്റ്റി 25,000 നു മുകളിൽ; സ്വർണത്തിന് ചാഞ്ചാട്ടം, ഡോളർ ദുർബലമായി; ക്രിപ്റ്റോകൾക്ക് നേട്ടം
Morning business news
Morning business newsCanva
Published on

വിപണി ഇന്നലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ഉയർന്ന് അവസാനിച്ചു. ആഗോള വിപണികൾ അനിശ്ചിതത്വം കാണിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. 

യുക്രെയ്ൻ സമാധാന നീക്കങ്ങൾ സാവധാനമാണു പുരോഗമിക്കുന്നത്. യുഎസ് പലിശ ഗതിയെപ്പറ്റി അറിയാൻ നാളെ രാത്രി ഫെഡ് ചെയർമാൻ പ്രസംഗിക്കുന്നതു വരെ കാത്തിരിക്കണം. ക്രൂഡ് ഓയിൽ വില ഉയർന്ന് ബ്രെൻ്റ് ഇനം ബാരലിന് 67 ഡോളറിനു മുകളിലായി.

ജൂലൈയിൽ ഇന്ത്യയുടെ കാതൽ മേഖലയിലെ വ്യവസായങ്ങൾ രണ്ടു ശതമാനം വളർച്ച മാത്രമേ കാണിച്ചുള്ളൂ. ഒന്നാം പാദത്തിൽ കണ്ട തളർച്ച രണ്ടാം പാദത്തിലും കാണുന്നു എന്നാണു നിരീക്ഷകർ പറയുന്നത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,085.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  25,070 വരെ താഴ്ന്നിട്ടു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ മാറ്റത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഭിന്നദിശകളിൽ, യുഎസ് താഴ്ന്നു

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്ന ദിശകളിലായി. യുകെയിലെ എഫ്ടിഎസ്ഇ രണ്ടാം ദിവസവും ഉയർന്നപ്പോൾ ഫ്രഞ്ച്, ജർമൻ സൂചികകൾ താഴ്ന്നു. യുക്രെയ്ൻ സമാധാന പ്രതീക്ഷയിൽ പ്രതിരോധ കമ്പനികൾ വീണ്ടും താഴ്ചയിലായി.

ടെക്നോളജി ഓഹരികളിലെ ഇടിവും റീട്ടെയിൽ കമ്പനികളുടെ സമ്മിശ്ര ഫലവും യുഎസ് വിപണിയുടെ വിശാല സൂചികയായ എസ് ആൻഡ് പി 500 നെ നാലാം ദിവസവും താഴ്ത്തി. നാസ്ഡാക് കൂടുതൽ ഇടിഞ്ഞപ്പോൾ ഡൗ ജോൺസ് നാമമാത്ര ഉയർച്ച കാണിച്ചു.

മൂലധന നിക്ഷേപം ഉണ്ടാകുമെന്ന പ്രഖ്യാപനത്തിനു ശേഷവും ഇൻ്റൽ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. യുഎസ് ഗവണ്മെൻ്റും ജപ്പാനിലെ സോഫ്റ്റ് ബാങ്കും ഇൻ്റലിൽ വലിയ നിക്ഷേപത്തിന് തയാറായിട്ടുണ്ട്.

റീട്ടെയിൽ ശൃംഖല ടാർഗറ്റ് വരുമാനം വീണ്ടും കുറഞ്ഞതായ റിസൽട്ട് പ്രസിദ്ധീകരിച്ചു. കമ്പനിയുടെ സിഇഒ രാജിവയ്ക്കുമെന്നും പുതിയ സിഇഒ ഫെബ്രുവരിയിൽ സ്ഥാനമേൽക്കും എന്നും കമ്പനി അറിയിച്ചു. ഓഹരി ആറു ശതമാനം ഇടിഞ്ഞു. മറ്റൊരു റീട്ടെയിൽ ശൃംഖലയായ ലോവ്സ് പ്രതീക്ഷയിഴം മികച്ച റിസൽട്ട് പുറത്തുവിട്ടു.

വാക്സിൻ നിർമാതാക്കളായ നോവാവാക്സിൻ്റെ ബിസിനസ് വളർച്ചയിൽ അനാലിസ്റ്റുകൾ സംശയം പ്രകടിപ്പിച്ചത് ഓഹരിയെ 7.5 ശതമാനം ഇടിച്ചു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച  16.04 പോയിൻ്റ് (0.04%) ഉയർന്ന് 44,938.31 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 15.59 പോയിൻ്റ് (0.24%) നഷ്ടത്തോടെ 6395.78 ൽ  അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 142.10

പോയിൻ്റ് (0.67%) താഴ്ന്ന് 21,172.85 ൽ ക്ലോസ് ചെയ്തു. 

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു താഴ്ചയിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.14 ഉം  നാസ്ഡാക് 0.15 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്.. ജപ്പാനിലെ നിക്കെെ സൂചിക രാവിലെ 0.65 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ ഉയർന്നു.   

25,000 നു മുകളിൽ നിഫ്റ്റി

വിദേശികളും സ്വദേശികളും വിൽപന സമ്മർദം തുടർന്നെങ്കിലും ഇന്ത്യൻ വിപണി തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം ഉണ്ടാക്കി. നിഫ്റ്റി 25,000 നു മുകളിൽ ക്ലോസ് ചെയ്തത് മുന്നേറ്റം തുടരാനുള്ള സാഹചര്യം ഒരുക്കുന്നതായി നിക്ഷേപവിദഗ്ധർ കരുതുന്നു.

ഐടി മേഖലയുടെ കുതിപ്പാണ് ഇന്നലെ വിപണിക്കു കരുത്തായത്. ഇൻഫോസിസ് 3.83 ഉ ടിസിഎസ് 2.61 ഉം ശതമാനം കുതിച്ചു. എംഫസിസ്, കോഫോർജ്, ടെക് മഹീന്ദ്ര, വിപ്രോ, പെർസിസ്റ്റൻ്റ് തുടങ്ങിയവയും മുന്നേറി.

എഫ്എംസിജിയും റിയൽറ്റിയും മികച്ച പ്രകടനം നടത്തി. ഹിന്ദുസ്ഥാൻ യൂണിലീവർ, ഡാബർ, നെസ്‌ലെ, കോൾഗേറ്റ്, എമാമി തുടങ്ങിയവ എഫ്എംസിജിയിലെ കയറ്റത്തിനു മുന്നിൽ നിന്നു.

ബാങ്ക്, ധനകാര്യ, മീഡിയ, ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ ഇടിവിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു.

നിഫ്റ്റി ഇന്നലെ 69.90 പോയിൻ്റ് (0.28%) ഉയർന്ന് 25,050.55 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 213.45 പോയിൻ്റ് (0.26%) കയറി 81,857.84 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 166.65 പോയിൻ്റ് (0.30%) നഷ്ടത്തോടെ 55,698.50 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 265.85 പോയിൻ്റ് (0.46%) ഉയർന്ന് 57,930.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 54.10 പോയിൻ്റ് (0.30%) കയറി 17,968.40 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2270 ഓഹരികൾ ഉയർന്നപ്പോൾ 1815 ഓഹരികൾ ഇടിഞ്ഞു.  എൻഎസ്ഇയിൽ ഉയർന്നത് 1711 എണ്ണം. താഴ്ന്നത് 1263 ഓഹരികൾ.

എൻഎസ്ഇയിൽ 105 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 29 എണ്ണമാണ്. 123 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 43 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1100.09 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1806. 34 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

25,000 നു മുകളിൽ ക്ലോസ് ചെയ്ത നിഫ്റ്റി അതു നിലനിർത്തുമോ എന്നാണു വിപണി ഇന്ന് ഉറ്റുനോക്കുന്നത്. 24,965 ഉം 24,865 നിഫ്റ്റിക്ക് ഇന്ന് പിന്തുണയാകും. 25,085 ലും 25,185 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഇന്ത്യാ സിമൻ്റ്സിലെ 2.01 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിൽ വിൽക്കും.

വൈൻ നിർമാതാക്കളായ സുല വിന്യാഡ്‌സ് വിസ്കി, വോഡ്ക, സ്കോച്ച് വിസ്കി തുടങ്ങിയവ നിർമിച്ചു വിൽക്കാനും ഉദ്ദേശിക്കുന്നു. രണ്ടോ മൂന്നോ ചെറു കമ്പനികളെ ഇതിനായി വാങ്ങും.

അജന്ത ഫാർമയുടെ ഓഫീസിൽ ആദായനികുതി പരിശോധന നടക്കുന്നതായി കമ്പനി അറിയിച്ചു.

വേദാന്ത ലിമിറ്റഡ് ഡയറക്ടർ ബോർഡ് ഇന്ന് രണ്ടാം ഇടക്കാല ലാഭവീതം നൽകൽ തീരുമാനിക്കും. നേരത്തേ ഏഴു രൂപ ലാഭവീതമായി നൽകിയിരുന്നു. കമ്പനിയുടെ വിഭന്ന നീക്കത്തെ കേന്ദ്രസർക്കാർ കമ്പനി ട്രൈബ്യൂണലിൽ എതിർത്തെങ്കിലും വിഭജനം നടത്താനാകുമെന്നു കമ്പനി വക്താക്കൾ പറഞ്ഞു.

സ്വർണം ചാഞ്ചാടുന്നു

ഫെഡറൽ റിസർവ് പലിശ താഴ്ത്തലിനു തക്ക അന്തരീക്ഷം കാണുന്നില്ലെന്ന് കഴിഞ്ഞ യോഗത്തിൻ്റെ മിനിറ്റ്സ് കാണിച്ചു. മിനിറ്റ്സ് വന്ന ശേഷം പലിശ കുറയ്ക്കൽ സാധ്യതയിൽ ചെറിയ കുറവ് വന്നു. സ്വർണം കയറി. ഡോളർ ദുർബലമായി. എന്നാൽ 3350 ഡോളറിൻ്റെ പ്രതിരോധം ഇന്നലെ കടക്കാനായില്ല. ഇന്നു രാവിലെ വീണ്ടും താഴ്ചയിലായി. ഇന്നലെ സ്വർണം ഔൺസിന് 32.80 ഡോളർ ഉയർന്ന് 3348.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3342 ഡോളറിനു താഴെയായി.

കേരളത്തിൽ ഇന്നലെ പവൻവില 440 രൂപ കുറഞ്ഞ് 73,440 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 37.79 ഡോളറിലാണ്.

അലൂമിനിയവും സിങ്കും ഒഴികെ വ്യാവസായിക ലോഹങ്ങൾ മിക്കതും ബുധനാഴ്ച താഴ്ന്നു. ചെമ്പ് 0.47 ശതമാനം കുറഞ്ഞ് ടണ്ണിന് 9576.25 ഡോളറിൽ എത്തി. അലൂമിനിയം 0.4 ശതമാനം ഉയർന്ന് 2570.91 ഡോളർ ആയി. ലെഡും ടിന്നും നിക്കലും താഴ്ന്നു. 

രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.35 ശതമാനം ഉയർന്ന് 170.90 സെൻ്റിൽ എത്തി. കൊക്കോ 3.23 ശതമാനം താഴ്ന്നു ടണ്ണിന് 7753 ഡോളർ ആയി. കാപ്പി 0.88 ശതമാനം കയറി. തേയില വില 2.06 ശതമാനം താഴ്ന്നു. പാം ഓയിൽ വില 0.51 ശതമാനം താഴ്ന്നു.

ഡോളർ താഴ്ന്നു

ബുധനാഴ്ചഡോളർ സൂചിക അൽപം താഴ്ന്നു 98.22 ൽ  ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.26 ലേക്കു കയറി.

കറൻസി വിപണിയിൽ ഡോളർ താഴ്ന്നു. യൂറോ 1.1646 ഡോളറിലേക്കും പൗണ്ട്  1.345 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.38 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില കയറി. അവയിലെ നിക്ഷേപനേട്ടം 4.29 ശതമാനമായി താഴ്ന്നു. 

ബുധനാഴ്ച രൂപ അൽപം ദുർബലമായി. ഡോളർ 12 പൈസ കയറി 87.07 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു. 

ക്രൂഡ് ഓയിൽ ഉയരുന്നു

ക്രൂഡ് ഓയിൽ വില ബുധനാഴ്ച 1.60 ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 66.84 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കയറി 67.02 ഡോളറിൽ എത്തി.  ഡബ്ള്യുടിഐ 63.22 ഡോളറിലും മർബൻ ക്രൂഡ് 70.03 ഡോളറിലും ആണ്. ഇന്ത്യ  യുഎഇയിൽ നിന്നു വാങ്ങൽ തുടരുന്നതാണ് മർബൻ ഇനം കൂടുതൽ ഉയരാൻ കാരണം. പ്രകൃതിവാതക വില 0.05 ശതമാനം കയറി. 

ക്രിപ്റ്റോ കറൻസികൾ അൽപം ഉയർന്നു. ബിറ്റ് കോയിൻ 1,14,150 ഡോളറിനു സമീപം എത്തി. ഈഥർ 4310 ഡോളറിനു മുകളിൽ നിൽക്കുന്നു. 

വിപണിസൂചനകൾ

(2025 ഓഗസ്റ്റ് 20, ബുധൻ)

സെൻസെക്സ്30 81,857.84    +0.26%

നിഫ്റ്റി50       25,050.55         +0.28%

ബാങ്ക് നിഫ്റ്റി   55,698.50     -0.30%

മിഡ് ക്യാപ്100  57,930.50    +0.46%

സ്മോൾക്യാപ്100 17,968.40   +0.30%

ഡൗജോൺസ്  44,938.31    +0.04%

എസ്ആൻഡ്പി  6395.78    -0.24%

നാസ്ഡാക്      21,172.85     -0.67%

ഡോളർ($)     ₹81.07       +₹0.12

സ്വർണം(ഔൺസ്) $3348.90    +$32.80

സ്വർണം(പവൻ)   ₹73,440    -₹440

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.84    +$1.05

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com