വളർച്ച കുറയുമെന്ന് ആശങ്ക; വോൾമാർട്ട് വരുമാന നിഗമനം കുറച്ചത് യുഎസ് വിപണിയെ താഴ്ത്തി; ഏഷ്യൻ സൂചനകൾ നെഗറ്റീവ്; ഡോളർ താഴുന്നു

റെക്കോർഡ് കടക്കാൻ സ്വർണം; ക്രൂഡ് ഓയിൽ താഴാേട്ട്; ക്രിപ്റ്റോകൾ ഉയർന്നു
TCM, Morning Business News
Morning business newscanva
Published on

വളർച്ചയെപ്പറ്റിയുള്ള ആശങ്ക അമേരിക്കൻ വിപണിയിൽ ചോരപ്പുഴ ഒഴുക്കി. ജപ്പാനിലടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണി താഴ്ചയിലാണ്. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുടെ ജിഡിപി വളർച്ച ട്രംപിൻ്റെ ചുങ്കം മൂലം കുറയുമെന്ന മൂഡീസ് അനലിറ്റിക്സിൻ്റെ വിലയിരുത്തൽ ഇന്നു വിപണിയെ ദുർബലമാക്കാം. എസ്ബിഐ റിസർച്ചും ഇന്ത്യൻ വളർച്ച കുറയുമെന്നു വിലയിരുത്തി. ജാപ്പനീസ് ബ്രോക്കറേജ് നൊമുറ ഇന്ത്യ ഇക്കൊല്ലം ആറും അടുത്ത വർഷം 5.9 ഉം ശതമാനമേ വളരൂ എന്നു കണക്കാക്കി.

ഡോണൾഡ് ട്രംപിൻ്റെ ചുങ്കം ചുമത്തൽ ആഗോള വാണിജ്യവളർച്ച കുറയ്ക്കുകയും അതു ജിഡിപി വളർച്ചയെ വലിച്ചു താഴ്ത്തും എന്നുമാണ് വിവിധ ഏജൻസികൾ കണക്കാക്കുന്നത്. ഇതുളവാക്കുന്ന അനിശ്ചിതത്വം പെട്ടെന്നു മാറുകയില്ല. അതാണു വിപണികളെ താഴ്ത്തുന്നത്.

ട്രംപിൻ്റെ വിജയത്തിനു ശേഷം കുതിച്ചു കയറിയ ഡോളർ സാവധാനം താഴുകയാണ്. രൂപ ഇന്നും കയറാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 21,906.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,850 ആയി. ഇന്ത്യൻ വിപണി ഇന്നും  നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിൽ അവസാനിച്ചു. ഫ്രഞ്ച് സൂചിക മാത്രം ഉയർന്നു. കമ്പനി ഫലങ്ങൾ ദുർബലമായതാണു കാരണം. മെഴ്സിഡീസ് ബെൻസിൻ്റെ പ്രവർത്തന ലാഭം 30.8 ശതമാനം കുറഞ്ഞു. എന്നാൽ ഫ്രഞ്ച് കമ്പനി റെനോ പ്രതീക്ഷയേക്കാൾ കൂടിയ വിറ്റുവരവും ലാഭവും ഉണ്ടാക്കി. നിസാനിലെ ഓഹരികൾ നഷ്ടത്തിൽ വിറ്റതു വഴി കമ്പനിക്ക് അറ്റാദായം മൂന്നിലൊന്നായി കുറഞ്ഞു. വരുമാനം വർധിച്ചെങ്കിലും എയർബസിൻ്റെ ലാഭം കുറഞ്ഞു. യൂറാേപ്യൻ രാജ്യങ്ങൾ പ്രതിരോധച്ചെലവ് ഗണ്യമായി വർധിപ്പിക്കാൻ ആലോചന തുടങ്ങി.

 റീട്ടെയിൽ ഭീമൻ വാേൾമാർട്ട് വരും കാല വരുമാന വളർച്ച കുറവാകും എന്നു നൽകിയ മുന്നറിയിപ്പ് യുഎസ് വിപണിയെ ഇന്നലെ ചോരപ്പുഴയിലാക്കി. യുഎസ് സമ്പദ്ഘടനയുടെ വളർച്ച കുറയും എന്ന വ്യാഖ്യാനമാണു വോൾമാർട്ടിൻ്റെ പ്രസ്താവനയ്ക്കു വിപണി നൽകിയത്. ഡൗ ജോൺസ് ഒരവസരത്തിൽ 650 പോയിൻ്റ് വരെ ഇടിഞ്ഞു. ഒടുവിൽ ഡൗ ഒരു ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. വോൾമാർട്ട് 6.5 ശതമാനം താഴ്ന്നു. ടാർഗറ്റ്, കോസ്റ്റ്കോ തുടങ്ങിയ റീട്ടെയിൽ ഓഹരികളും താഴ്ചയിലായി. കാർ റീട്ടെയിലർ കർവാന 12 ശതമാനം ഇടിഞ്ഞു.

2024 ൻ്റെ നാലാം പാദത്തിൽ ആമസാേൺ ആദ്യമായി വോൾമാർട്ടിനേക്കാൾ വിറ്റുവരവ് കാണിച്ചു. ആമസോണിന് 18,780 കോടി ഡോളർ, വോൾമാർട്ടിന് 18,050 കോടി ഡോളർ. വാർഷിക വിറ്റുവരവിലെ അന്തരം ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ ആമസോണിനു കഴിഞ്ഞു.

 കോൺഫറൻസ് ബോർഡിൻ്റെ ലീഡിംഗ് ഇക്കണോമിക് ഇൻഡെക്സ് ജനുവരിയിൽ അപ്രതീക്ഷിതമായി ഇടിഞ്ഞതും സർക്കാരിൻ്റെ ചെലവുചുരുക്കലും വളർച്ചയെപ്പറ്റി ആശങ്ക വർധിപ്പിച്ചു. ഗോൾഡ്മാൻ സാക്സ് തുടങ്ങിയ വലിയ ബാങ്ക് ഓഹരികളും നഷ്ടത്തിലായി. റോയൽ കരീബിയൻ അടക്കം ഉല്ലാസ യാത്രക്കപ്പൽ കമ്പനികൾ 10 ശതമാനം ഇടിഞ്ഞു.

ഡൗ ജോൺസ് സൂചിക ഇന്നലെ 450.94 പോയിൻ്റ് (1.01%) താഴ്ന്ന് 44,176.40 ലും എസ് ആൻഡ് പി 500 സൂചിക 26.63 പോയിൻ്റ് (0.43%) നഷ്ടത്തോടെ 6117.52 ലും നാസ്ഡാക് കോംപസിറ്റ് സൂചിക 93.89 പോയിൻ്റ് (0.47%) താഴ്ന്ന് 19,962.40 ലും ക്ലാേസ് ചെയ്തു. 

ഇന്നു രാവിലെ ഫ്യൂച്ചേഴ്സിൽ സൂചികകൾ നേരിയ കയറ്റത്തിലാണ്.. ഡൗജോൺസ് 0.05 ഉം എസ് ആൻഡ് പി 500 സൂചിക 0.04 ഉം നാസ്ഡാക്  0.12 ഉം ശതമാനം കയറി. 

ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം താഴ്ന്നു. ജാപ്പനീസ് ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിലേക്കു കുതിച്ചത് പലിശ കുറയ്ക്കൽ പ്രതീക്ഷ വളർത്തി.  ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും വിപണികൾ താഴ്ന്നു. ഹോങ് കോങ്, ചെെനീസ് വിപണികൾ ഉയർന്നു. 

മൂന്നാം ദിവസവും താഴ്ന്നു 

മുഖ്യ സൂചികകൾ

ഇന്ത്യൻ വിപണിക്കു ചാഞ്ചാട്ടത്തിൽ നിന്നു മാറാൻ കഴിയുന്നില്ല. മുഖ്യ സൂചികകൾ ഇന്നലെ വലിയ താഴ്ചയിലേക്കു പോയിട്ട് തിരിച്ചു കയറി നാമമാത്ര നഷ്ടത്തിൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ ഒന്നേകാൽ ശതമാനത്തിലധികം കുതിപ്പും നടത്തി. വിപണി മനാേഭാവം ബുള്ളുകൾക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്.

വ്യാഴാഴ്ച നിഫ്റ്റി 19.75 പോയിൻ്റ് (0.09%) താഴ്ന്ന് 22,913.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 203.22 പോയിൻ്റ് (0.27%) നഷ്ടത്തോടെ 75,735.96 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 235.55 പോയിൻ്റ് (0.48%) ഇടിവിൽ 49,334.55 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.26 ശതമാനം (636.55 പോയിൻ്റ്) ഉയർന്ന് 51,163.80 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.43 ശതമാനം (221.80) പോയിൻ്റ്) കുതിച്ച് 15,747.70 ൽ ക്ലോസ് ചെയ്തു.

മെറ്റൽ, ഓട്ടോ, പൊതുമേഖലാ ബാങ്ക്, മീഡിയ, റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ ഇന്നലെ ഗണ്യമായ നേട്ടം കുറിച്ചു. ധനകാര്യ സേവന, സ്വകാര്യ ബാങ്ക്, ഐടി, ഫാർമ മേഖലകൾ നഷ്ടത്തിലായി.

വ്യാഴാഴ്ചയും വിദേശനിക്ഷേപകർ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 3311.55 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3907.64 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2616 ഓഹരികൾ ഉയർന്നപ്പോൾ 1347 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1995 എണ്ണം ഉയർന്നു, താഴ്ന്നത് 831 എണ്ണം. ഇന്നലെയും നിഫ്റ്റി 23,000 കടന്നിട്ട് അവിടെ നിൽക്കാനായില്ല. 22,800 ലെ പിന്തുണനില നഷ്ടപ്പെടുത്തിയുമില്ല. ഒടുവിൽ നഷ്ടങ്ങൾ മിക്കവാറും ഇല്ലാതാക്കി ക്ലോസ് ചെയ്തു. ഇന്ന് 23,000 നു മുകളിൽ കരുത്തോടെ കയറാനായാൽ 23,200 - 23,500 മേഖലയിലേക്ക് നീങ്ങാൻ നിഫ്റ്റിക്കു കഴിഞ്ഞേക്കും. 22,800 ലെ പിന്തുണയിൽ നിന്നു വീണാൽ 22,600 - 22,500 വരെ ആകാം പതനം. ഇന്ന് 22,840 ഉം 22,770 ഉം നിഫ്റ്റിക്കു പിന്തുണയാകാം. 22,930 ലും 22,990 ലും നിഫ്റ്റിക്കു തടസം നേരിടാം. 


വളർച്ച കുറയുമെന്ന് മൂഡീസ്

അമേരിക്കയുടെ ചുങ്കം ചുമത്തലും പൊതുവായ ഡിമാൻഡ് കുറവും ഏഷ്യ - പസഫിക് രാജ്യങ്ങളുടെ കയറ്റുമതിയും വളർച്ചയും കുറയ്ക്കുമെന്നു റേറ്റിംഗ് ഏജൻസി മൂഡീസ് വിലയിരുത്തി. 2024-ലെ 6.6 ശതമാനത്തിൽ നിന്ന് 2025-ൽ 6.4 ശതമാനമായി ഇന്ത്യയുടെ വളർച്ച നിരക്ക് താഴും. 2026-ലും വളർച്ച 6.4 ശതമാനമായിരിക്കും. 

ചൈനീസ് വളർച്ച 2024-ലെ അഞ്ച് ശതമാനത്തിൽ നിന്ന് 2025-ൽ 4.2 ഉം 2026-ൽ 3.9 ഉം ശതമാനമായി കുറയും എന്നാണു മൂഡീസ് പറയുന്നത്.

എസ്ബിഐ റിസർച്ച് കണക്കാക്കുന്നത് 2024-25 ലെ ഇന്ത്യൻ ജിഡിപി വളർച്ച 6.3 ശതമാനം ആകുമെന്നാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 6.4 ശതമാനം ആണു കണക്കാക്കിയത്.

ഡിസംബറിൽ അവസാനിച്ച മൂന്നു മാസം വളർച്ച 6.2% നും 6.3% നും ഇടയിലായിരിക്കും എന്നും എസ്ബിഐ റിസർച്ച് വിലയിരുത്തി

റെക്കോർഡ് കടക്കാൻ സ്വർണം

വ്യാഴാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണം 2944 ഡോളറിലെ റെക്കോർഡ് മറികടക്കും എന്നു തോന്നിച്ചെങ്കിലും പിന്നോട്ടു മാറി. യുഎസ് ഫാക്ടറി ഉൽപാദന സൂചിക ജനുവരിയെ അപേക്ഷിച്ചു ഗണ്യമായി കുറഞ്ഞതും യുക്രെയ്ൻ സമാധാന നീക്കത്തിൽ തുടർ പുരോഗതി കാണാത്തതും ആണു കാരണം. ഇന്നലെ സ്വർണം ഔൺസിന് 6.10 ഡോളർ കയറി 2940.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2943.30 ഡോളറിലേക്കു കയറി.

കേരളത്തിൽ വ്യാഴാഴ്ച പവന് 280 രൂപ കൂടി 64,560 രൂപ എന്ന റെക്കോർഡിൽ എത്തി. 

വെള്ളിവില ഔൺസിന് 32.85 ഡോളറിൽ ആണ്.

വ്യാഴാഴ്ച ഡോളർ സൂചിക താഴ്ന്ന് 106.38 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106.52 വരെ കയറി.യുഎസ് കടപ്പത്രങ്ങളുടെ വില അൽപം കൂടി, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.505  ശതമാനത്തിലേക്കു താഴ്ന്നു. 

ക്രൂഡ് ഓയിൽ താഴാേട്ട്

ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ മുതൽ താഴ്ന്നിട്ടു തിരിച്ചു കയറി.  ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.66 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.62 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 72.57 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 78.90 ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ ഉയർന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ 98,500 ഡോളറിലേക്ക് ഉയർന്നു. ഈഥർ വില 2750 ഡോളറിന് മുകളിലായി. 

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ചയും നേട്ടത്തിലായി. ചെമ്പ് 1.13 ശതമാനം കുതിച്ച് ടണ്ണിന് 9532.10 ഡോളറിലെത്തി. അലൂമിനിയം 0.99 ശതമാനം ഉയർന്ന് 2727. 50 ഡോളർ ആയി. ലെഡ് 0.53 ഉം നിക്കൽ 1.98 ഉം  സിങ്ക് 1.11 ഉം ടിൻ 1.38 ഉം ശതമാനം കയറി. 

വിപണിസൂചനകൾ

(2024 ഫെബ്രുവരി 20, വ്യാഴം)

സെൻസെക്സ് 30       75,735.96      -0.21%
നിഫ്റ്റി50      22,913.15          -0.09%
ബാങ്ക് നിഫ്റ്റി    49,334.55     -0.48%

മിഡ് ക്യാപ് 100    51,163.80   +1.26%
സ്മോൾ ക്യാപ് 100    15,747.70   +1.43%

ഡൗ ജോൺസ്    44,176.10       -1.01%

എസ് ആൻഡ് പി    6117.52     -0.43%

നാസ്ഡാക്     19,962.40      -0.47%

ഡോളർ($)         ₹86.66       -₹0.29
ഡോളർ സൂചിക   106.38     -0.79
സ്വർണം (ഔൺസ്)   $2940.00   +$06.10

സ്വർണം(പവൻ) ₹64,560      +₹280     

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $76.66  +$00.54 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com